ഡിജിറ്റിൽ എഴുത്ത് ആവിഷ്കാരത്തിന്റെ പുത്തൻ സാധ്യതകളെ പരിചയപ്പെടുത്തിത്തുടങ്ങിയ കാലത്ത്, മലയാളികളുടെ സൈബർ വായനയിൽ വലിയ സ്വാധീനം ചെലുത്തിയ ബ്ലോഗ് ആണ് ‘ബെർളിത്തരങ്ങൾ’. പത്രപ്രവർത്തകനായ ബെർളി തോമസിന്റെ ‘ബെർളിത്തരങ്ങൾ’ ഒരു കാലത്ത് എത്രത്തോളം ജനപ്രിയമായിരുന്നുവെന്നത് ബ്ലോഗെഴുത്തിന്റെ ആരംഭദശയിൽ അതിനൊപ്പം സഞ്ചരിച്ച എഴുത്തുകാരും വായനക്കാരും സാക്ഷ്യം പറയും. തിരഞ്ഞെടുത്ത കുറിപ്പുകൾ സമാഹരിച്ച് ‘ബെർളിത്തരങ്ങൾ’ എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. പോകെപ്പോകെ ‘ബെർളിത്തരങ്ങൾ’ സജീവമല്ലാതായി. ബ്ലോഗെഴുത്തിന്റെ സാധ്യതകളെ പുത്തൻ സോഷ്യൽ മീഡിയ സാധ്യതകൾ വഴിതിരിച്ചു വിട്ടു. അങ്ങനെയിരിക്കെ നോവലുകളുമായി ബെർളി വീണ്ടും വായനക്കാരെ തേടിയെത്തി. മലയാള മനോരമ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ബെർളിയുടെ ‘പ്ലാപ്പറമ്പിൽ പ്ലാന്റേഷൻസ്’ മലയാളത്തിലെ ജനപ്രിയ നോവൽ എഴുത്തിന്റെ പുതിയ സാധ്യതകളാണ് തെളിച്ചെടുത്തത്.
ഇപ്പോഴിതാ, തന്റെ പുതിയ നോവല്‍ ‘റീൽസ്’ ലൂടെ മാറിയ കാലത്തിന്റെ, മനുഷ്യരുടെ ജീവിതമാണ് ബെർളി അവതരിപ്പിക്കുന്നത്. എക്കാലവും പ്രസക്തമായ ഒന്നിലേറെ പ്രമേയങ്ങളിൽ ഊന്നി വികസിക്കുന്ന, സൗഹൃദവും, പ്രണയവും, കുടുംബബന്ധങ്ങളിലെ സങ്കീർണതകളും, ലൈംഗിക ചൂഷണത്തിന്റെ നടുക്കുന്ന സാഹചര്യങ്ങളുമൊക്കെയായി മുന്നോട്ടു നീങ്ങുന്ന ആഖ്യാനം. പക്ഷേ, ഒരു വരിയിൽ പോലും മുഷിപ്പിക്കാതെ, വായക്കാരെ നോവലിനൊപ്പം കൊണ്ടു പോകുന്നു ബെർളി.
സൂക്ഷ്മ തലത്തിൽ ‘റീൽസ്’ ഒരു സ്ത്രീപക്ഷ രചനയാണ്. പ്രിയങ്കയെന്ന പെൺകുട്ടിയുടെ, അവളുടെ മോഹങ്ങളുടെ, നേരിടുന്ന പ്രതിസന്ധികളുടെ, പ്രണയത്തിന്റെ, എല്ലാവരുമുള്ളപ്പോഴും ആരുമില്ലായെന്ന തോന്നൽ സൃഷ്ടിക്കുന്നതിന്റെ കഥ. സിനിമ നടിയാകണമെന്ന ആഗ്രഹത്തിനു പിന്നാലെ മനസ്സുറപ്പിച്ചു സഞ്ചരിക്കുന്നു പ്രിയങ്ക. പക്ഷേ, സംരക്ഷിക്കേണ്ടവർ അവളുടെ ശരീരത്തെ ആർത്തിയോടെ സമീപിക്കുമ്പോൾ, അതറിഞ്ഞിട്ടും ചുറ്റുമുള്ളവരുടെ നിസ്സംഗത ചുട്ടുപൊള്ളിക്കുമ്പോൾ, ആ പെൺമനസ്സ് നുറുങ്ങുന്നു. അതിന്റെ വേവുകൾക്കിടയിൽ ഒരു ഇളം തെന്നൽ പോലെ വിക്ടറിന്റെ പ്രണയം ഹൃദയം നനയ്ക്കുന്നുവെങ്കിലും ഒരു ഘട്ടത്തിൽ അവൻ പോലും അവളെ മനസ്സിലാക്കുന്നില്ലെന്ന തോന്നൽ... പക്ഷേ, അവളപ്പോഴൊക്കെ തന്റെ ലക്ഷ്യത്തെ ഉള്ളിൽ ചേർത്തു വച്ച് മുന്നോട്ടോടുന്നു...പോരാടുന്നു, വിജയിക്കുന്നു...
മനോഹരവും ലാളിത്യമുള്ള ഒരു നോവൽ, അതാണ് ‘റീൽസ്’. അത്തരം കൃതികൾ വായിക്കാനാഗ്രഹിക്കുന്നവരെ തീർച്ചയായും തൃപ്തിപ്പെടുത്തുന്ന ഒന്ന്! മലയാള മനോരമ ബുക്സ് ഹോർത്തൂസ് സ്പെഷ്യൽ എഡിഷൻ ആയാണ് നോവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.