പൊതുപരിപാടിയിൽ പങ്കെടുക്കാൻ കുഞ്ഞുമായി വേദിയിലെത്തിയത്തനംതിട്ട കലക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ക്കെതിരെ ഒരുവിഭാഗം വിമര്‍ശനവുമായി എത്തുകയാണ്. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കലക്ടര്‍ കുഞ്ഞുമായി എത്തിയത്. കലക്ടര്‍ പരിപാടിയെ തമശയായി കണ്ടെന്നും ഈ രീതി അനുകരണീയം അല്ലെന്നുമൊക്കെയാണ് വിമര്‍ശനം. എന്നാൽ ദിവ്യയിലെ അമ്മയേയും അവരുടെ ഉത്തരവാദിത്തങ്ങളേയും തിരിച്ചറിയുന്ന ഒരു വിഭാഗം ശക്തമായി പിന്തുണയുമായി എത്തുകയാണ്. സമത്വംഎന്നാൽ കുഞ്ഞുങ്ങളെ അമ്മമാരുടെ ശരീരത്തിന്റെ ഭാഗമായി അംഗീകരിക്കൽകൂടെ ആണെന്ന് ഡോ. അപർണ സൗപർണിക കുറിക്കുന്നു. 3-4 വയസ്സ് വരെ എങ്കിലും പാൽ കുടിക്കാൻ അല്ലെങ്കിൽ പോലും അമ്മയുടെ ചൂടും മണവും അവർ ആവശ്യപ്പെട്ടുകൊണ്ടേ ഇരിക്കുമെന്നും അപർണ വിമർശകരെ ഓർമിപ്പിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
"ഭാഭി അകത്തുണ്ടോ? തലകറങ്ങുന്നുണ്ട്. BP നോക്കിയിട്ടു വിളിക്കാൻ പറഞ്ഞു ഗൈനക്കോളജിസ്റ്"
അയൽക്കാരിയും കൂട്ടുകാരിയുമായ മാർവാടിപെണ്ണ് ക്ഷീണിച്ച ശബ്ദത്തിൽ എന്നെ അന്വേഷിക്കുമ്പോൾ ഞാൻ മകന് മുലകൊടുക്കുകയായിരുന്നു.
അവളെ അകത്തേക്ക് വിളിച്ചു BP നോക്കുമ്പോൾ പാല് കുടിച്ചുകൊണ്ടിരിക്കുന്ന എന്റെ എട്ടുമാസക്കാരൻ അടുത്തിരിക്കുന്ന അവളുടെ നിറവയറിൽ ചവിട്ടാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
ഇവൻ എന്ത് വികൃതി ആണ്..... അവന്റെ കുഞ്ഞിക്കാല് പിടിച്ചുകൊണ്ട് അവൾ പറഞ്ഞു.
ഞാൻ അവളുടെ കുമ്പയിൽ കൈവച്ചു അനക്കങ്ങൾ അറിയാൻ കഴിയുമോ എന്ന് നോക്കിക്കൊണ്ടിരുന്നു. പാല് കുടിക്കുന്നതിനിടയിൽ അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞിന്റെ വായിൽനിന്നു പാലൊഴുകി ഞാൻ കുറേശ്ശേ നനയുന്നുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായി അതിനെ ഞാൻ ഇപ്പോളും രേഖപ്പെടുത്തി വച്ചിട്ടുണ്ട്.
ബാലാരിഷ്ടതകൾ കാരണം ഒക്കത്തുനിന്നു ഇറങ്ങാൻ സമ്മതിക്കാത്ത കുഞ്ഞിനേയും കൊണ്ട് ഒപിയിൽ ഇരിക്കുമ്പോൾ അവനു ഒരു വയസ്സായിരുന്നു. നെഞ്ചത്ത് ഒട്ടിച്ചുവച്ചു പ്രീസ്ക്രിപ്ഷൻ എഴുതുമ്പോൾ എന്റെ ശരീരത്തിലെ മറ്റൊരവയവം എന്നെ എനിക്ക് തോന്നിയുള്ളൂ.
പറഞ്ഞു വരുന്നത് പ്രൊഫഷണൽആയ അമ്മമാരേ കുറിച്ചാണ്.
കുഞ്ഞിനെക്കൊണ്ട് ജോലിക്കു പോകുന്നതും പോകാതിരിക്കുന്നതും പോവേണ്ടിവരുന്നതും ഒക്കെ അമ്മമാർക്കാണ്. മുലപ്പാൽ എന്ന വലിയ ബന്ധമുള്ളതിനാൽ മറ്റൊരിടത്തും കുഞ്ഞുങ്ങൾ പലപ്പോളും ഇരിക്കാൻ സമ്മതിക്കില്ല.3-4 വയസ്സ് വരെ എങ്കിലും പാൽ കുടിക്കാൻ അല്ലെങ്കിൽ പോലും അമ്മയുടെ ചൂടും മണവും അവർ ആവശ്യപ്പെട്ടുകൊണ്ടേ ഇരിക്കും.
സമത്വംഎന്നാൽ കുഞ്ഞുങ്ങളെ അമ്മമാരുടെ ശരീരത്തിന്റെ ഭാഗമായി അംഗീകരിക്കൽകൂടെ ആണ്, ജോലിസ്ഥലത് കുഞ്ഞുങ്ങളെ കൊണ്ടുവരേണ്ടിവരുന്നവരെ സ്വീകരിക്കൽകൂടെ ആണ്. അത് ക്ലാസ് വ്യത്യാസമില്ലാതെ എല്ലാ അമ്മമാർക്കും ലഭിക്കേണ്ട സൗകര്യമാണ്! അങ്ങനെ അല്ലെ ഒരു നല്ല സമൂഹം അമ്മയോടും കുഞ്ഞിനോടും ചെയ്യേണ്ടത്!!!