മരണം മുഖാമുഖം മുന്നിലുള്ളപ്പോൾ... ജീവൻ തുലാസിലാകുമ്പോൾ മാലാഖമാരെ പോലെ നമുക്ക് മുന്നിലെത്തുന്ന ചിലരുണ്ട്. ദൈവത്തിന്റെ കൈവിരൽ സ്പർശമുള്ളവർ... ഉണ്ണാതെയും ഉറങ്ങാതെയും നമ്മുടെ ജീവന് കാവലിരിക്കുന്ന അവരെ നാം ഡോക്ടറെന്നു വിളിക്കും. മരണത്തിന്റെ തുഞ്ചത്തിരിക്കുന്ന ജീവനെ പൊന്നുപോലെ പൊതിഞ്ഞുപിടിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്ന ഡോക്ടർമാരുടെ സ്നേഹഗാഥകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. മരണത്തിന്റെ തുലാസിലാടിയ രണ്ടു ജീവനുകളെ ജീവിതത്തിന്റെ തീരത്തേക്ക് കൈപിടിച്ചു നടത്തിയ ആ മാലാഖമാരുടെ പ്രതിനിധിയാണ് ഡോ. ശരണ്യ സുജിത്ത്. ഡോക്ടറെന്ന നിലയിൽ ജീവിതത്തിൽ അവർ നേരിട്ട ഒരു വലിയ റിസ്കിന്റെ കഥയാണ് ഇവിടെ പറയുന്നത്. 140കിലോ ഭാരമുള്ള ഒരു അമ്മ... അവരുടെ മാതൃത്വത്തിന്റെ ചെപ്പിൽ നിന്നും ഏതു നിമിഷവും പുറത്തു വരാൻ വെമ്പി നിന്ന പൈതൽ. അവര്‍ ഇരുവർക്കും ഇടയിലൂടെ മരണത്തിന്റെ ഗന്ധം ഉറഞ്ഞു കിടന്ന ടെൻഷന്റെ മണിക്കൂറുകൾ...
ആ കഥ ശരണ്യ പറയുന്നത് ഗുജറാത്തിലെ അഹമ്മദാബാദിലിരുന്നു കൊണ്ടാണ്. ഒമ്പതു മാസത്തിന്റെ നിറവയറുമായി ശരണ്യ ജോലി നോക്കുന്ന ഷിഫ ആശുപത്രിയുടെ വാതിലിൽ മുട്ടി ആ അമ്മ. ഹൈ റിസ്ക് കേസെന്ന് അടിവരയിടാന്‍ പാകത്തിലുള്ള അവരുടെ അമിതഭാരം ആ ആശുപത്രി വരാന്തയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടു. എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ. ഒരേ സമയം കുഞ്ഞിന്റെയും അമ്മയുടേയും ജീവൻ തുലാസിൽ... പിന്നെ എന്ത് സംഭവിച്ചുവെന്ന് ഡോ. ശരണ്യ തന്നെ പറയുന്നു, വനിത ഓൺലൈൻ വായനക്കാരോട്.
ആ അമ്മയുടെ പേരു വെളിപ്പെടുത്താൻ നിർവാഹമില്ല. അവർ നേരിട്ട വേദനയും ഞങ്ങൾ നേരിട്ട റിസ്കും സമാനതകളില്ലാത്തത് എന്നു പറയാനേ നിവൃത്തിയുള്ളൂ. ഗൈനക്കോളജിസ്റ്റായ ഞാൻ അറ്റൻഡ് ചെയ്ത കേസ് അല്ലായിരിന്നിട്ടു കൂടി അവസാന നിമിഷം അവർ എന്നെ തേടിയെത്തി. എന്റെ ആശുപത്രിയെ തേടിയെത്തി. ഞങ്ങൾ ഡോക്ടർമാരുടെ ജീവിതത്തിലെ ഏറ്റവും വലിയ നാടകീയതയും ഇത്തരം അപ്രതീക്ഷിത മൊമന്റുകളാണ്.– ഡോ. ശരണ്യ പറഞ്ഞു തുടങ്ങുകയാണ്.
ഒമ്പതു മാസം ഗർഭിണിയായിരുന്നു അവർ. പ്രസവവേദന മൂർച്ഛിച്ചപ്പോഴാണ് അവർ ആശുപത്രിയിലേക്ക് പോയത്. അവർ സ്ഥിരം കൺസൾട്ട് ചെയ്തിരുന്ന ആശുപത്രിയെയോ ഡോക്ടർമാരെയോ കണ്ടിട്ടുണ്ടാകുമോ എന്നെനിക്കറിയില്ല. പക്ഷേ അവർ പോയ നാല് ആശുപത്രികളും അവരുടെ അവസ്ഥ കണ്ട് കയ്യൊഴിഞ്ഞു. അങ്ങനെ സംഭവിച്ചതിലും അദ്ഭുതമില്ല. ഒമ്പതാം മാസം... പോരാത്തതിന് 140 കിലോ ഭാരം. ഇത്രയും തടിയുള്ള വ്യക്തിയുടെ ഡെലിവറി സംഭവിക്കുമ്പോൾ അമിത രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ട്. അത് ഹൈ റിസ്ക് ആണെന്നു മാത്രമല്ല, കുഞ്ഞിന്റെയും ജീവൻ അപകടത്തിലാകാനും സാധ്യതയേറെ.
കരഞ്ഞും നിലവിളിച്ചും ഞങ്ങളുടെ ആശുപത്രിയുടെ എമർജൻസി കെയറിന്റെ വാതിലിൽ മുട്ടിയപ്പോഴും ഇതൊക്കെ തന്നെയായിരുന്നു സ്ഥിതി. പക്ഷേ കയ്യൊഴിയാൻ മനസു വന്നില്ല. ശരിക്കും അവർ കരഞ്ഞു കാലുപിടിക്കുകയായിരുന്നു. കൈവെടിയരുതെന്ന് അപേക്ഷിക്കുകയായിരുന്നു.
ഗൈനക്കോളജിസ്റ്റ് എന്ന നിലയിൽ ഞാൻ പരിശോധിക്കുമ്പോൾ അവരുടെ ദേഹം മുഴുവന്‍ നീരു വന്നു വീർത്തിരിക്കുന്നു. അമിതഭാരമെന്നു പറഞ്ഞാൽ ഏത് ഏറെയാകില്ല. കസേരയിൽ പോലും ഇരിക്കില്ല, അത്രഭാരം. രണ്ട് ടേബിളുകള്‍ നിരത്തിയിട്ടാണ് അവരെ കിടത്തിയതു തന്നെ. ബിപി ചെക്ക് ചെയ്തപ്പോഴാണ് ശരിക്കും ഭയന്നത്. 180/110 എന്ന അപകടകരമായ നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. അങ്ങനെ ബിപി ഏറി നിന്നാല്‍ മറ്റൊരു അപകടം കൂടി സംഭവിക്കും. അമ്മയ്ക്ക് ഫിക്സ് വരാനും കുഞ്ഞിന്റെ ജീവൻ അപകടത്തിലാകാനും സാധ്യതയുണ്ട്. ഉടൻ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന അനസ്തേഷ്യ സ്പെഷ്യലിസ്റ്റിനെ കൂടി വിളിച്ച് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. ബിപി സാധാരണ ഗതിയിലാക്കാനും ഫിക്സ് നിയന്ത്രിക്കാനുമുള്ള മെഡിസിൻ കൊടുത്തു. അതിൽ വിജയിച്ചു. രണ്ടാമതൊരു വട്ടം കൂടി ബിപിക്കുള്ള മരുന്നു നൽകി. നോർമലായ ശേഷം പിന്നെ അണുവിട വൈകിയില്ല. കുട്ടിയെ പുറത്തെടുക്കാനുള്ള തയ്യാറെടുപ്പുകളായി മുന്നോട്ടുപോയി. ഓപ്പറേഷൻ നടക്കുമ്പോൾ അനസ്തേഷ്യ സ്പെഷ്യലിസ്റ്റും ശിശുരോഗ വിദഗ്ധയുമൊക്കെ അടുത്തു തന്നെ ഉണ്ടായിരുന്നു. ആശങ്കയുടെ കുറേ മിനിറ്റുകൾ കടന്നുപോയി. ഒടുവിൽ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കുഞ്ഞിനെ ഞങ്ങൾ സിസേറിയനിലൂടെ പുറത്തെടുത്തു. 2.200 കിലോ ഭാരമുണ്ടായിരുന്നു കുഞ്ഞിന്. അമ്മയ്ക്ക് ബിപി ഉണ്ടെങ്കിലാണ് കുഞ്ഞിന് ഇത്രയും ഭാരം കുറയുന്നത്. പക്ഷേ, കുഞ്ഞും അമ്മയും ആരോഗ്യത്തോടെയാണ് ഇരിക്കുന്നതെന്ന് പറഞ്ഞതോടെ എല്ലാവരും ഹാപ്പിയായി.
കൃത്യമായ ചെക്കപ്പോ, കൺസൾട്ടിങ്ങോ നടത്താത്തതാണ് ഇങ്ങനെയൊരു ഹൈ റിസ്കിലേക്ക് അവരെ എത്തിച്ചതെന്ന് പിന്നീട് മനസിലാക്കി. പ്രസവ ശുശ്രൂഷയുടെ നാളുകളിൽ അവരുടെ ഭാരം കയ്യിൽ നിൽക്കാതെ ഉയർന്നത് കൃത്യമായ ചെക്കപ്പിന്റെ അഭാവം കൊണ്ടാണ്. ശരിക്കും 90 കിലോയിൽ താഴെ ഭാരമുണ്ടായിരുന്ന അവർക്ക് പ്രസവകാലത്താണ് 40 കിലോയോളം ഏറിയത്. അതുമാത്രമല്ല, ബിപിയിലുണ്ടായ ഏറ്റക്കുറച്ചിലുകൾക്ക് കൃത്യമായ കരുതലുകൾ എടുത്തിരുന്നുമില്ല. എല്ലാത്തിനും ഒടുവിൽ കുറേപേരുടെ കാത്തിരിപ്പിനും പ്രാർഥനകൾക്കും നടുവിലേക്ക് അവർക്കൊരു പെൺകുഞ്ഞ് പിറന്നു. അവർക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറമായിരുന്നു. ഡോക്ടറെന്ന നിലയിൽ ഏറെ ചാരിതാർത്ഥ്യം നിറഞ്ഞ നിമിഷം.– ഡോക്ടർ പറഞ്ഞു നിർത്തി.
പന്തളം സ്വദേശിയായ ഡോ. ശരണ്യ സുജിത്ത് ജനിച്ചതും വളർന്നതും ഗുജറാത്തിലാണ്. ഭർത്താവ് സുജിത്ത് എഞ്ചിനീയറിംഗ് മേഖലയിൽ ജോലി ചെയ്യുന്നു.