Monday 17 October 2022 03:53 PM IST

‘തുഴഞ്ഞുപോകുന്ന വള്ളക്കാർക്കു പശിയടക്കാൻ തുടങ്ങിയ പുട്ട് കട’: പുട്ടുകുറ്റി പോലെ പൊക്കത്തിൽ ആ ചരിത്രം

Rakhy Raz

Sub Editor

story-of-puttu

പണവും പ്രതാപവും നമുക്കെന്തിനാ...

പുട്ടുണ്ടല്ലോ... പുട്ടിൻ പൊടിയുണ്ടല്ലോ...

പ്രിയപ്പെട്ടവരേ... ഈ പാട്ടു കേൾക്കുമ്പോൾ തന്നെ ആവിയിൽ വെന്ത ചൂട് പുട്ടിന്റെ മണം മനസ്സിലേക്ക് ഒാടിക്കയറി വരുന്നില്ലേ. നാവിൽ വെള്ളമൂറുന്നില്ലേ... വയറ് നിറയെ പുട്ടും ഇഷ്ടപ്പെട്ട കറിയും കൂട്ടി അടിക്കുന്നതിനെക്കാൾ സന്തോഷം ഭൂലോകത്ത് മറ്റെന്തെങ്കിലും ഭക്ഷണം തരുമോ?

ഞാൻ, അതായത് നിങ്ങളുടെ സ്വന്തം പുട്ട്, ഇതു പറഞ്ഞാൽ നിങ്ങൾക്ക് തോന്നും തള്ളുകയാണെന്ന്. നിത്യവും എത്രയോ തള്ള് കൊള്ളുന്ന ഞാൻ അൽപം തള്ളുന്നതിൽ തെറ്റുണ്ടോ? കാലാകാലങ്ങളായി നിങ്ങളുടെ വയറും മനസ്സും നിറച്ചെങ്കിലും ആ പാട്ട് വന്നതിൽപ്പിന്നെയാണ് എനിക്ക് സമൂഹത്തിൽ നിലയും വിലയുമൊക്കെയുണ്ടായത്. എന്നാലും ഒരു തിരഞ്ഞെടുപ്പു വച്ചാൽ പൊറോട്ടയ്ക്കേ നിങ്ങൾ വോട്ട് കുത്തൂ എന്ന് എനിക്കറിയാം. നേരം പുലരുമ്പോഴേ എഴുന്നേറ്റ് കോലുകൊണ്ടുള്ള കുത്തുകളേറ്റ് നിങ്ങളുടെ പ്രാതൽ ധന്യമാക്കുന്ന എന്നെ പൊറോട്ടയെ കാണുന്ന മാത്രയിൽ സൗകര്യപൂർവം നിങ്ങളങ്ങു മറക്കും. ഫലമോ? വെള്ളം കുടിച്ച് വയർ നിറയ്ക്കേണ്ടി വരും.

നിത്യവും രാവിലെ പുട്ടും തട്ടിവിട്ടിട്ട് തരം പോലെ കൂറു മാറുമെങ്കിലും മലയാളികളോടുള്ള എന്റെ സ്നേഹത്തിന് ഒരു കുറവും ഇല്ല. കാരണം നല്ല പുട്ട് പുട്ട് പോലുള്ള മനസ്സാണ് എനിക്ക്. ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം. പയറും പപ്പടവും ചേർത്ത് ഉരുട്ടിയ പുട്ടുരുളയുടെ സ്വാദ് ലോകത്ത് ഏതെങ്കിലും ആഹാര സാധനത്തിനുണ്ടോ? ഇതിന് മറുപടി പറയേണ്ടത് സന്തോഷ് ജോർജ് കുളങ്ങര എന്ന ചേട്ടനാണ്. എല്ലാ രാജ്യത്തെയും ഫൂഡ് ശാപ്പിട്ടിട്ടുള്ള അദ്ദേഹത്തോട് ചോദിച്ചു മനസ്സിലാക്കൂ.

പൊറോട്ടയോടാണ് പ്രണയം എന്നൊക്കെ തട്ടിമൂളിച്ചാലും നേരം വെളുക്കുന്ന നേരത്ത് ഞാൻ തന്നെയല്ലേ മിക്ക ദിവസവും നിങ്ങളുടെ വീട്ടിലെ അതിഥി? എത്രയെത്ര വീട്ടമ്മമാരും ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷകേസരികളുമാണ് എന്നെക്കൊണ്ട് നേരമില്ലാത്ത നേരങ്ങളെ നേരിടുന്നത്.

അങ്ങനെയുള്ള എന്നെ ഈയിടയ്ക്ക് ഒരു കൊച്ചു കുട്ടി, എഴുതി കൊച്ചാക്കി കളഞ്ഞു. ‘പുട്ട് ബന്ധങ്ങൾ തകർക്കും എന്നൊക്കെ അവനങ്ങു വച്ചു കാച്ചി. അതും ഇംഗ്ലിഷില്. അവന്റെ ടീച്ചറാണെങ്കിൽ അതിന് ഫുൾ മാർക്കും ഇട്ടു കൊടുത്തു. ഇങ്ങനെയാണ് ടീച്ചർമാരേ നിങ്ങൾ പിള്ളേരെ വഴി തെറ്റിക്കുന്നത്.

ആ കുട്ടിയുടെ ഡിയർ പേരന്റ്സേ, എന്നും ഒരുപോലെ പുട്ടുണ്ടാക്കി കൊടുത്തിട്ടല്ലേ അവനെന്നെ ശത്രുവായി കണ്ടത്. പണ്ടത്തെപോലെയാണോ ഞാൻ. എന്തെല്ലാം വെറൈറ്റികളിലാണ് ഇപ്പോൾ എത്തുന്നത്. ഗോതമ്പു പുട്ട്, റാഗിപ്പുട്ട്, ഓട്സ് പുട്ട്, ചോളപ്പുട്ട്, കപ്പപ്പുട്ട്, ചെറുപയർപൊടി പുട്ട്... ഇതൊന്നും പോരെങ്കിൽ വെജിറ്റബിൾ പുട്ട്, ചിക്കൻ കീമ പുട്ട്, ബീഫ് പുട്ട്, മീൻ പുട്ട്, തുടങ്ങിയ വേഷഭൂഷാദികളിൽ അണിഞ്ഞൊരുങ്ങിയും ഞാൻ വരാറുണ്ട്.

ആ മോന് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം ആവിയിൽ വെന്ത പലഹാരങ്ങളാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത് എന്ന്. ഒറ്റയ്ക്കും കൂട്ടായും ഞാനൊരു സംഭവം ആണെന്ന് പറഞ്ഞാൽ നിങ്ങൾ കരുതും ഞാനൊരു അഹങ്കാരിയാണെന്ന്. ഒട്ടും അല്ല. ഞാൻ ആരോടൊക്കെ കൂട്ടാകുന്നുണ്ടെന്ന് നോക്കിയാൽ നിങ്ങൾക്കു മനസ്സിലാകും ഞാനെത്ര വിനയാന്വിതനും സാധുവുമാണെന്ന്.

വെറും പയറും, പരിപ്പും പോലുള്ള പാവത്തുങ്ങള് കറികളുമായി ഞാൻ ഒരു മടിയും കൂടാതെ സഹകരിക്കും. കൊച്ചു കുട്ടികൾക്കു വേണ്ടി ഞാൻ പാലും പഞ്ചസാരയുമായി തോളിൽ കയ്യിടും. മധുരപ്രേമികൾക്കായി ഞാൻ ചെറുപഴത്തോടും മാമ്പഴത്തോടും ചക്കപ്പഴത്തോടും ചക്ക വരട്ടിയതിനോടും പൈനാപ്പിൾ ജാമിനോടും വരെ ഹലോ പറയും. എന്നെ മധുരം ചേർത്ത തേങ്ങാപ്പാലും കൂട്ടി കഴിക്കുന്നവരെക്കുറിച്ച് ‘റൊമാന്റിക് പീപ്പിൾ’ എന്നല്ലാതെന്തു പറയാൻ.

പനങ്കള്ള് വാറ്റിയുണ്ടാക്കുന്ന പാനിയുമായി ചേർന്നാ ലുണ്ടല്ലോ, ഈ ഞാനൊരു സ്വയമ്പനാകും. പ്രാതലിനാണെങ്കിൽ വൻപയർ, ചെറുപയർ, പരിപ്പ്, ചുവന്ന കടല, വെളുത്ത കടല, പീസ് പരിപ്പ് തുടങ്ങിയ കറീസിനൊപ്പമാണ് ബെസ്റ്റ്.

സിംപിൾ ആക്സസറിസിന്റെ പേര് കേട്ടു ഞാൻ സിംപ്ലനാണെന്ന് കരുതരുത്. ബീഫ് കറി, മീൻ കറി, മട്ടൺ കറി ചിക്കൻ കറി, പെരട്ട്, റോസ്റ്റ്, ഫ്രൈ, വിന്താലു എന്നു വേണ്ട ഏത് കൊമ്പന്മാരെയും ഞാൻ പുഷ്പം പോലെ ഡീൽ ചെയ്യും.

ഒത്തുചേരുമ്പോൾ ഏറ്റവും സൗന്ദര്യം ബീഫിനും പൊറോട്ടയ്ക്കുമാണ് എ ന്നൊക്കെ ചിലർ ഫെയ്സ് ബുക്കിലും മറ്റും എഴുതിപ്പിടിപ്പിക്കും. പുട്ടിന്റെ മുകളിലോട്ട് ചൂടൻ ബീഫ് കറി ഒഴിച്ചു കുഴച്ചു കഴിച്ചു നോക്കട്ടേ അവർ. അടിയറവ് പറയേണ്ടി വരും.

ലിറ്റിൽ ഷെഫ് നിഹാലിനെ അറിയാമോ? അവനെപ്പോലുള്ളവരിലാണ് സൂർത്തുക്കളേ, എന്റെ പ്രതീക്ഷ. അവന്റെ കെ റെയിൽ പുട്ട് കണ്ടാൽ കെ റെയിൽ പോലും പദ്ധതി നിർത്തിവച്ചു നേരേ വന്നിരുന്നു പുട്ടടിക്കും. ‘ലിറ്റിൽ ഷെഫ് നിഹാൽ’ എന്നൊരു പാചക പേജും യുട്യൂബും ചാനലും ഉണ്ട് കക്ഷിക്ക്. രണ്ടാം ക്ലാസ്സിലേ ആയിട്ടുള്ളൂവെങ്കിലും ചുമ്മാ ഫുഡ് ഉണ്ടാക്കി പോസ്റ്റ് ചെയ്യുകയല്ല നിഹാൽ ചെയ്യുക. ഉപ്പയുടെയും ഉമ്മയുടെയും സഹായത്തോടെ രാഷ്ട്രീയ സാഹചര്യങ്ങളെയാക്കെയങ്ങ് ട്രോളിക്കളയും.

സ്വർണക്കടത്ത് വാർത്തയിൽ നിറഞ്ഞു നിന്ന കാലത്ത് ഡിപ്ലോമാറ്റിക് പഴംപൊരിയുണ്ടാക്കി. ബീഫ് പഴംപൊരിയിൽ നിറച്ചു കടത്തുന്നൊരു സംഗതിയായിരുന്നേ അത്. ഇവനെന്താ എന്റെ കാര്യം പരിഗണിക്കാത്തേ എന്നോർത്തിരിക്കുമ്പോൾ ദേ, വരുന്നു കെ റെയിൽ പുട്ട്.

എന്നെ ‘ഡിഫറന്റായി ട്രീറ്റ്’ ചെയ്യുന്ന അപൂർവം ചിലരിൽ ഒരാളാണ് ചെറായിയിലെ മോഹനൻ ചേട്ടൻ എന്ന നായര് ചേട്ടൻ. പറവൂര് ചാത്തനാട് കായലരികത്തെ ബോർഡു പോലുമില്ലാത്ത നായര് ചേട്ടന്റെ പുട്ടു കട വൈകുന്നേരം നാലു മണിക്കാണ് തുറക്കുന്നത്.

നായരുടെ പുട്ടു കടയിലെ പനമ്പ് മുറത്തിൽ നിര നിരയായി ഇരിക്കുന്ന യുവകോമളന്മാരായ പുട്ടു ക ണ്ടാൽ ഏതു ഭക്ഷണവിരോധിയുടെ വായിലും വെള്ളമൂറും. പുട്ടിനൊപ്പം തൊറുതൊറാ കിടക്കുന്ന പരിപ്പും മടക്കിക്കാച്ചിയ പപ്പടവും താറാമുട്ടക്കറിയും ആണ് നായരേട്ടന്റെ സ്പെഷൽ. നായരേട്ടന്റെ ആവി പറക്കുന്ന പുട്ട് കഷണത്തിൽ നിന്നൊരു ഭാഗം തേങ്ങയും ചേർത്ത് ചൂണ്ടാണി വിരൽ കൊണ്ടു വേർപെടുത്തുക. താറാമുട്ടക്കറിയിൽ നിന്നൊരു തോണ്ട് തോണ്ടി പരിപ്പും കൂട്ടി കുഴയ്ക്കുക. ഒറ്റക്കുത്തിന് പപ്പടം പൊട്ടിച്ച് അതിൽ നിന്നൊരു ഭാഗം ചേർത്ത് ഒന്നൂടെ കുഴയ്ക്കുക. ഉരുട്ടി ചുണ്ടോട് ചേർക്കുക. ഇത്രയുമായാൽ ആരും പാടി പോകും. ‘വാ... വാ പുട്ടേ വാ... പുട്ടിന്റെ പൊടിയേ വാ...’

വലിയ പാചക നിപുണരാണ് എന്ന് നടിക്കുന്ന കൂട്ടരെ എനിക്കത്ര പിടുത്തമല്ല. അങ്ങനെയുള്ളവർക്ക് ഞാൻ എളുപ്പത്തിൽ പാകപ്പെട്ടു കൊടുക്കാറില്ല. സ്നേഹവും ശ്രദ്ധയും ഇല്ലാത്തവരെ ‘ക്ഷ ണ്ണ ക്ക ഗ്ഗ ങ്ങ’ വരപ്പിക്കുകയാണ് എന്റെ ഹോബി. കണക്കു തെറ്റിയാൽ പിന്നെ, പൊടിയിടുന്നു വെള്ളമൊഴിക്കുന്നു, വീണ്ടും പൊടിയിടുന്നു വെള്ളമൊഴിക്കുന്നു...

മടിയന്മാരെയും ജാഡക്കാരെയും എങ്ങനെ ഒരു പാഠം പഠിപ്പിക്കാം എന്നാണ് എന്റെ ആലോചനയെങ്കിൽ ഈ ടീംസിനെ എങ്ങനെ പുട്ടുകുറ്റി പോലെ വളർത്താം എന്നാണ് പുട്ട് കമ്പനിക്കാരുടെ ചിന്ത. പച്ച വെള്ളത്തിൽ കുഴയ്ക്കാവുന്ന പൊടി, അര ഗ്ലാസ് വെള്ളത്തിൽ കുഴയ്ക്കാവുന്ന പൊടി, കുഴയ്ക്കുകയേ വേണ്ടാത്ത പൊടി എന്നൊക്കെ എത്ര തരം പുട്ടുകളാണ് അവരുടെ കയ്യിൽ. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്നു പറഞ്ഞതു പോലെ അവരെന്നെ ബിസിയാക്കി എന്നു സമ്മതിക്കാതെ വയ്യ.

എന്നാലും തനി നാടൻ അരിപ്പൊടി പാകത്തിന് ഉപ്പും ചേർത്ത്, വെള്ളം തളിച്ചു തളിച്ചു തിരുമ്മി തേങ്ങാപ്പീരയും ചേർത്ത് തയാറാക്കി, മുളങ്കുറ്റിയിൽ നിറച്ചു ചുടുന്ന ആ നാടൻ പുട്ടുണ്ടല്ലോ, അതിനോളം വരില്ല ന്യൂജെൻ ഈസി പുട്ട്. ആ പൊടി ചിരട്ടയിൽ നിറച്ചു ചുട്ടെടുത്താലോ, ആകാശത്തമ്പിളി പോലെ.

പാരമ്പര്യം പറഞ്ഞതുകൊണ്ട് ഞാനൊരു പിന്തിരിപ്പനാകുന്നില്ല. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ ഞാൻ സ്റ്റാറാണ്. ദാ, ആ ഷെഫ് ചേട്ടൻ പറയുന്നത് കേൾക്കൂ, സ്പിനാച്ച് പുട്ട് ഒക്കെയുണ്ടാക്കി കയ്യടി വാങ്ങിയ ഷെഫ് ചേട്ടാ, ന്നാലും ങ്ങള് നമ്മളെ ശ്രീലങ്കക്കാരൻ ആക്കിയത് ശരിയായില്ല കേട്ടോ. ഈയിടെയായി ഞാൻ സൂപ്പർ കൂൾ ആയതു കൊണ്ടും ചക്കപ്പഴവും കൂട്ടി പുട്ടു കഴിച്ച ചേട്ടന്റെ ആ മനസ്സ് കണ്ടും ഞാൻ ക്ഷമിച്ചിരിക്കുന്നു.

എന്റെ കൂൾ പ്രകൃതം കണ്ടറിഞ്ഞ ഏതോ വിരുതനാണ് ഐസ്ക്രീമിന്റെ സാമ്രാജ്യത്തിലും എനിക്കൊരു വിലാസം ഉണ്ടാക്കി തന്നത്. ഇപ്പൊ പിള്ളേർക്കൊക്കെ ഐസ്ക്രീം എന്നുവച്ചാൽ പുട്ട് ഐസ്ക്രീം മതിയെന്നേ.

ഇനിയും ഇതുപോലുള്ള ‘ഇന്നവേറ്റീവ് ഐഡിയാസ്’ പുട്ടുകുറ്റി പോലെ പൊക്കത്തിൽ ഉണ്ടായിവരണേ എന്നും, എല്ലാവരും, എല്ലാ നേരവും പുട്ടു മാത്രം കഴിക്കാനാഗ്രഹിക്കുന്ന ‘പുട്ട്സ് ഓൺ കൺട്രി ’ആയി കേരളം മാറണേ എ ന്നുമാണെന്റെ പ്രാർത്ഥന.

എന്ന് നിങ്ങളുടെ സ്വന്തം

പുട്ട്

അൻപതായി നായരേട്ടന്റെ പുട്ട് കടയ്ക്ക്

‘‘തുഴഞ്ഞുപോകുന്ന വള്ളക്കാർക്കു പശിയടക്കാൻ വേണ്ടിയാണ് എന്റെ ചേട്ടൻ പുട്ടു കട തുടങ്ങുന്നത്. പതിനഞ്ചാം വയസ്സിൽ ഞാനും കൂടെ കൂടി. പിന്നീട് നടത്തിപ്പ് ഞാൻ മാത്രമായി. ഇപ്പോൾ 50 വർഷത്തിനു മേലെയായിട്ടുണ്ടാകും. പുട്ടല്ലാതെ ഒരു വിഭവവും ഉണ്ടാക്കാറില്ല. പുട്ടിനൊപ്പമുള്ള കറികളാണ് ഇവിടത്തെ പുട്ടിനെ സ്പെഷലാക്കുന്നത്.

ചിരട്ടയടുപ്പിലാണ് പരിപ്പു തയാറാക്കുന്നത്. ചിരട്ടക്കനലിൽ കിടന്ന് പാകപ്പെടുന്ന പരിപ്പ് കൃത്യം പാകത്തിന് ഇറക്കിയില്ലെങ്കിൽ രുചി മാറിപ്പോകും. പപ്പടം മടക്കി കാച്ചുന്നത് എന്റെ പപ്പടപ്പാട്ടയിൽ എ ളുപ്പം കയറാനാണ്. കോഴിമുട്ടക്കറിയെക്കാൾ താറാമുട്ടക്കറിയാണ് അസ്സൽ. എല്ലാം തയാ റാക്കുന്നത് ഞാൻ മുന്നിൽ നിന്നാണ്. അതാണ് ഇവിടത്തെ രുചിയുടെ സീക്രട്ട്.’’

തയാറാക്കിയത്: ‌ രാഖി റാസ്