Monday 30 March 2020 04:25 PM IST

കളിയുടെയും കരുതലിന്റെയും കോ വീട്! 21 ദിവസത്തിന് അപ്പുറം നാടിന് തുണയാകാൻ ചേക്കുട്ടിയുടെ കൂട്ടുകാരി

Rakhy Raz

Sub Editor

Coveedu-11

കോവിഡ് എന്ന ഭയം പുരണ്ട വാക്കിന് കരുതലിന്റെ മുഖം നൽകുകയാണ് യുവ സംരംഭകയായ ലക്ഷ്മി മേനോൻ. പ്രളയത്തിൽ ചേക്കുട്ടിയെ അവതരിപ്പിച്ച അതേ നന്മ മനസ്സോടെ. "സാമ്പത്തിക സുരക്ഷിതത്വം ഉള്ളവർക്ക് തൽക്കാലം രോഗത്തെ പിടിച്ചാൽ മതി. പക്ഷെ ദിവസക്കൂലിക്കാരുടെയും തൊഴിൽ നഷ്ടപ്പെടാൻ ഇടയുള്ളവരുടെയും നെഞ്ചിലെ തീ ഇതിനുമാപ്പുറമാണ്. 21 ദിവസം കഴിഞ്ഞു നമ്മൾ അതിജീവിച്ചാലും ജീവിതത്തെ ഭീതിയോടെ നോക്കി കാണേണ്ടി വന്നേക്കാം അവർക്ക്.

അവർക്ക് ഒരു കരുതൽ ആണ്

'Coveed to combat Covid ' എന്ന പദ്ധതി."

വീട്ടിൽ ഇരിക്കുന്നവരെ സർഗാത്മക പ്രവർത്തനത്തിൽ ഭാഗമാക്കിക്കൊണ്ട് കരുതലിന്റെ വഴിയിലേക്ക് നയിക്കുന്നതോടൊപ്പം ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈ സഹായം ആണ് ലക്ഷ്യം.

COveedu-12

കാർഡ് ബോർഡ് കൊണ്ട് ഒരു കുഞ്ഞു വീടുണ്ടാക്കി നിറം കൊടുത്തു ഭംഗിയാക്കുക. ഓരോ കുഞ്ഞ്‌ കോ വീടിലും, നമുക്ക് ഉള്ളതിന്റെ ഒരു ചെറിയ ഭാഗം ഭക്ഷ്യ വസ്തുക്കൾ പകുത്ത്‌ വെയ്ക്കാം. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി. കേടാകാത്ത പോഷക പ്രധാനമായ ഭക്ഷ്യ വസ്തുക്കൾ ആകണം നിറയ്ക്കേണ്ടത്. ഓർക്കുക ഇത് സംഭാവന അല്ല കാരുണ്യം നിറച്ച സമ്മാന പെട്ടികൾ ആണ്.

ലക്ഷ്മിയും കൂട്ടുകാരും അടങ്ങുന്ന പത്തുപേർ കോ വീട് പണി തുടങ്ങിക്കഴിഞ്ഞു.

ഏഴ് വിഭവങ്ങൾ ആണ് ലക്ഷ്മിയും കൂട്ടരും തിരഞ്ഞെടുത്തിരിക്കുന്നത്. (ചെറുപയർ, മലർ, അവൽ, കടല, പരിപ്പ്‌,ചായപ്പൊടി,നുറുക്ക്‌ ഗോതമ്പ്‌.)

അതു 3 പ്രാവശ്യമായി കോ വീടിൽ നിറയ്ക്കും.

COveedu-12

ലോക്ക് ഡൗണ് കാലം കഴിഞ്ഞാൽ ഈ കരുണ്യപ്പെട്ടികൾ അയൽപക്കത്തുള്ള അർഹരായവരെ കണ്ടെത്തി എത്തിച്ചു കൊടുക്കുവാനാണ് ഉദ്ദേശിക്കുന്നത്.

"ഒരു വീട്ടിൽ നിന്ന് വളരെ ചെറിയ അളവ് ആണെങ്കിലും പല തുള്ളി പെരുവെള്ളം ആണല്ലോ.

റെസിഡൻസ് അസോസിയേഷനുകൾ, സ്കൂൾ / കോളേജ് കുട്ടികൾ, കമ്പനി ഉദ്യോഗസ്ഥർ ഒക്കെ കൂട്ടായി ഇത് ഏറ്റെടുത്താൽ നമ്മുടെ സഹജീവികളെ ആരും പട്ടിണി കിടക്കേണ്ടി വരില്ല എന്നുറപ്പ് "

ലക്ഷ്മി പറയുന്നു

www.coveed.in എന്ന വെബ്സൈറ്റിൽ നിന്ന് കോ വീട് നിർമിക്കാനുള്ള മാതൃക പ്രിന്റ് ചെയ്തെടുക്കാം. നിശ്ചിത സ്ഥലങ്ങൾ മടക്കുന്നതിലൂടെ കേക്ക്- മധുര പലഹാര പെട്ടികൾ പോലെ ഭദ്രമായി അടയ്ക്കാൻ കഴിയുന്നതാണ് കോ വീടുകൾ.