പഴയിടം സംസാരിക്കുമ്പോൾ തീയും പുകയും ഉണ്ടാകാറില്ല. വാക്കുകൾക്ക് എരിവും പുളിയും ഉണ്ടാകാറില്ല. ഇപ്പോഴും അങ്ങനെ തന്നെ. എങ്കിലും ചിരി കൊണ്ടു മൂടിയിട്ടും ഇടയ്ക്കിടെ വേദനയുടെ കനലുകൾ വാക്കിന്റെ തുമ്പിൽ തിളങ്ങി.
‘‘എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. നോക്കൂ, ഗേറ്റു പോലുമില്ലാത്ത ഒരു വീട്ടിലാണു ഞാൻ താമസിക്കുന്നത്.’’ പഴയിടം ചിരിച്ചു. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ കുറിച്ചിത്താനത്താണു പഴയിടം മന. കുറിച്ചിത്താനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ പാചകസഹായി ആ യി തുടങ്ങിയതാണു പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചി വിപ്ലവം.
‘‘ഇരുപത്തിമൂന്നു വർഷമായി ഈ രംഗത്തു നി ൽക്കുന്നു. ഏകദേശം രണ്ടുകോടിയോളം പേർക്ക് ഇതുവരെ ആഹാരം വിളമ്പിയിട്ടുണ്ട്. പഴയിടത്തിന്റെ ആഹാരം കഴിച്ചതുകൊണ്ട് അസുഖം വന്നു എന്ന് ഇന്നേവരെ ആരും പരാതി പറഞ്ഞിട്ടില്ല. ആ സത്പേരാണു സമ്പാദ്യം. ആ സമ്പാദ്യം ഇല്ലാതാകരുത് എന്നാണാഗ്രഹം.’’ പഴയിടം സംസാരിക്കുന്നു. കടന്നുവന്ന വഴികളെക്കുറിച്ചും സമീപകാലത്ത് ഉണ്ടായ വിവാദങ്ങളെക്കുറിച്ചും.
ദേവനു വിഭവമൊരുക്കി തുടങ്ങിയ ആളാണ്. പാ ചകം ചെയ്യുമ്പോൾ മനസ്സിലെന്താണ്?
നല്ല മനസ്സോടെ പാചകം ചെയ്താൽ നോ ൺവെജ് ആണെങ്കിൽപോലും അത് പ്രസാദമാണ്. കാരണം അന്നം ബ്രഹ്മമാണ് എ ന്നാണു വിശ്വാസം. ആധുനിക വൈദ്യശാസ്ത്രം പറയുന്നത് ആഹാരമാണ് ആരോഗ്യം എന്നാണ്. മതഗ്രന്ഥങ്ങൾ ആഹാരത്തെ പവിത്രമായി കാണുന്നു. ദൈവികത ന ഷ്ടമാകുമ്പോഴാണു ദുരന്തങ്ങൾ ഉണ്ടാകുന്നത്. കേരളത്തിലിപ്പോൾ നടക്കുന്നതും അതാണ്.
വിവാദം വല്ലാതെ വേദനിപ്പിച്ചോ?
തീർച്ചയായും. നഷ്ടം സഹിച്ചായാലും നമ്മൾ ഇതിനു നിൽക്കുന്നതു കുഞ്ഞുങ്ങൾ ആഹാരം കഴിക്കുന്നതു കാണുമ്പോഴുള്ള സന്തോഷത്തിനായാണ്. ഇതൊരു സേവനമാണ് എന്നൊന്നും ഞാൻ പറയില്ല. പക്ഷേ, ഇതെന്റെ കൂടി സന്തോഷമാണ്. കഴിഞ്ഞ 16 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിനു ഭക്ഷണം വിളമ്പുന്നു.
ഏറ്റവും കുറഞ്ഞ തുകയ്ക്കുള്ള ടെൻഡർ കൊ ടുക്കുന്നതു ഞാനാണ്. അതുകൊണ്ടാണു കരാർ കിട്ടുന്നത്. അല്ലാതെ എന്നെ വിളിച്ചു കരാർ ഏൽപ്പിക്കുന്നതല്ല. ചിലർ വാക്കുകൾ കൊണ്ടു ആഹാരത്തിൽ വിഷം കലർത്തി. ഇനി ചിലപ്പോൾ അടുക്കളയിൽ വന്നു വിഷം ചേർത്താലോ? അതുകൊണ്ടു കലോത്സവങ്ങളിലേക്ക് ഇനി ഇല്ലെന്നാണു തീരുമാനം. പേടിയോടെ ഒരു ജോലിയും ചെയ്യാൻ കഴിയില്ല. പ്രത്യേകിച്ചും പാചകം. എവിടെയായാലും കടുക്കനിട്ടവൻ പോയാൽ കമ്മലിട്ടവൻ വരും. അതാണു ലോകനീതി. ഞാനില്ലെങ്കിൽ വേറൊരാൾ വരും.

വെജ് ആണോ നോൺവെജ് ആണോ നല്ല ഭക്ഷണം?
കഴിക്കുന്നവരുടെ താൽപര്യം അനുസരിച്ചിരിക്കും എന്നേ പറയാൻ കഴിയൂ. സദ്യയുടെ പ്രത്യേകത പറയാം. അത് ആറു രസങ്ങളെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണ്. മധുരം, പുളി, എരിവ്, കയ്പ്പ്, ഉപ്പ്, ചവർപ്പ് തുടങ്ങിയ രസങ്ങളാണ് അടിസ്ഥാനം.
ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. യാതൊരു വികാരവുമില്ലാത്ത കറിയല്ലേ ഒാലനെന്ന് ചോദിക്കുന്നവരുണ്ട്. സദ്യയിലെ റഫറിയാണ് ഓലൻ. ഏതെങ്കിലും രസം മുന്നോട്ടു തള്ളിക്കയറി വന്നാൽ ഒാലൻ വിസിലൂതും. ഉദാഹരണത്തിന് കാളന്റെ പുളി ഏറിയെന്നു തോന്നിയാൽ ഓലന്‍ രുചിക്കാം. നാവിലെ രുചി നോർമലാക്കി ഊണു തുടരാം.
പരിപ്പു ചിലർക്കു വായുക്ഷോഭം ഉണ്ടാക്കും. അൽപം നെയ് കൂട്ടി കഴിച്ചാൽ ഒരുപരിധി വരെ വായുകോപം അകന്നു നിൽക്കും. സദ്യയ്ക്കു മുൻപ് അൽപം പുളിയിഞ്ചി കഴിക്കുന്നതു നമ്മുടെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കും. പായസത്തിന്റെ മധുരം ചിലരിൽ ആലസ്യമുണ്ടാക്കും. അൽപം നാരങ്ങ തൊട്ടു കൂട്ടാം. അതിലെ സിട്രിക് ആസിഡ് ആ മയക്കവും മധുരത്തിരയും ഒന്നടക്കും.
സദ്യയുടെ അവസാനം കഴിക്കേണ്ടതു രസവും മോരുമാണ്. രണ്ടിലും ദഹനത്തിനു സഹായിക്കുന്ന ഘടകങ്ങൾ ഉണ്ട്. സദ്യ നൂറ്റാണ്ടുകളായി വിളമ്പുന്നതും ശാസ്ത്രീയമായി തയാറാക്കിയതുമാണ്. അത് സാത്വിക ഭക്ഷണമാണ്. ഇനി അങ്ങനെ പറയാമോ എന്നറിഞ്ഞുകൂടാ.
നോൺവെജ്, തെറ്റായ ഭക്ഷണമെന്ന ധാരണയുണ്ടോ?
അതൊക്കെ വ്യക്തിപരമല്ലേ? എന്തു കഴിക്കണം? എന്തു കഴിക്കരുത് എന്നൊക്കെ തീരുമാനിക്കേണ്ടത് അവരവർ ത ന്നെയാണ്. നോൺവെജ് പാചകം ചെയ്യുന്നതും കഴിക്കുന്നതും മോശമാണെന്ന അഭിപ്രായം എനിക്കില്ല.
അങ്ങനെയെങ്കിൽ കലോത്സവവേദികളിലും വിളമ്പിക്കൂടെ എന്നു ചിലര്‍ ചോദിക്കും. അതിന്റെ പ്രശ്നം പ്രായോഗികതയാണ്. അഞ്ചു ദിവസത്തെ കാര്യമാണ് കലോത്സവം. അതിൽ തന്നെ സ്ഥിരമായി കലോത്സവവേദികളി ൽ നിൽക്കുന്നവർ കുറവല്ലേ? പച്ചക്കറി മാത്രം ഉപയോഗിക്കുമ്പോൾ പോലും നല്ല ജാഗ്രതയില്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകാം. അങ്ങനെയാണെങ്കിൽ ആ സ്ഥലത്തു നോൺവെജ് പാചകം ചെയ്താൽ എന്താവും അവസ്ഥ.
ഇതേ സ്ഥലത്ത് ആയിരക്കണക്കിന് ആൾക്കാർക്കു നോ ൺവെജ് ആഹാരം കൊടുത്തു. ഒരു പ്രശ്നവും ഉണ്ടായില്ലെന്നു പറയുന്നവരും ഉണ്ട്?
ഈ ആയിരക്കണക്കിന് ആൾക്കാരിൽ എത്ര കുട്ടികൾ ഉണ്ടായിരുന്നു? ചിലരാകട്ടെ വീട്ടിൽ സ്വന്തം മക്കൾക്ക് നോൺവെജ് കൊടുക്കാറില്ല. അത് അത്ര നന്നല്ല എന്നാണ് അവരുടെ തോന്നൽ. പക്ഷേ, മറ്റുള്ളവരുടെ മക്കൾക്കു നോൺവെജ് കൊടുക്കാത്തതിൽ സങ്കടപ്പെടുന്നു. ഇത് ഏ തു നവോത്ഥാനത്തിന്റെ ഭാഗമാണെന്ന് അറിയില്ല.
സ്കൂൾ കലോത്സവത്തിനു കോഴിയിറച്ചിയും പന്നിയിറച്ചിയും ഒക്കെ സൗജന്യമായി എത്തിക്കാമെന്നു ചിലർ വാഗ്ദാനം ചെയ്തെന്നൊക്കെ കേട്ടു. കലോത്സവവേദികൾ മാംസത്തിന്‍റെ േപരില്‍ േപാരാട്ട വേദികളാകാതിരിക്കാൻ നമുക്ക് പ്രാർഥിക്കാം. കുഞ്ഞുങ്ങളെ ദൈവം രക്ഷിക്കട്ടെ.
അതിനിടയില്‍ ബ്രാഹ്മണ ഹെജിമണി എന്നൊരു വാദവും േകട്ടു. പണ്ട് ഞാൻ മലബാറിലെ ഒരു മുസ്‌ലിം തറവാട്ടിൽ ചെന്നു. അവിടെ ഉമ്മറത്തു കിണ്ടിയിൽ വെള്ളം വ ച്ചിരിക്കുന്നു. കാലു കഴുകാൻ. അവർ പറഞ്ഞത് അവിടുത്തെ രീതിയാണെന്നാണ്. പുറത്തു നിന്നു വരുന്നവർ കാലുകഴുകിയതിനുശേഷമാണ് വീട്ടിനകത്തേക്കു കയറുന്നത്. ഇത്തരം ചിട്ടകളൊക്കെ പൂര്‍വികള്‍ നല്ല ഉദ്ദേശത്തോെട രൂപപ്പെടുത്തിയതാണ്. അതൊക്കെ ബ്രാഹ്മണിക്കൽ ഹെജിമണിയാണോ എന്നറിഞ്ഞുകൂടാ.
വി. ആർ. ജ്യോതിഷ്
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ