Monday 03 October 2022 04:16 PM IST

സമ്പന്ന കുടുംബം, പപ്പയെ സുഹൃത്തുക്കൾ വഞ്ചിച്ചു... ഒടുവിൽ ലോട്ടറി വിൽപ്പനയ്ക്കിറങ്ങി പൂജ: ആ കഥ

Chaithra Lakshmi

Sub Editor

pooja-lottery

ഈ ജോലി പെൺകുട്ടികൾക്ക് പറ്റിയതാണോ? കുടുംബത്തിന് താങ്ങാകാനും സ്വന്തം കാലി ൽ നിൽക്കാനും പഠനത്തിനൊപ്പം ജോലിചെയ്യാൻ തീരുമാനിച്ച ഈ പെൺകുട്ടിയും കേൾക്കേണ്ടി വന്ന ചോദ്യമാണിത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്തും അധ്വാനിക്കാനുമുള്ള മനസ്സും കൊണ്ട് മറ്റുള്ളവർക്ക് മാതൃകയായ മിടുക്കി. പൂജ സി രാജൻ  തന്റെ ജീവിതകഥ...

–––

ദിവസങ്ങൾ നീണ്ട അവധിക്ക് ശേഷം ക്ലാസ്സിലെത്തുന്ന പൂജയെ കാണുമ്പോൾ കൂട്ടുകാർ ചോദിക്കും. ‘ആകെ കരുവാളിച്ചിരിക്കുന്നല്ലോ? നിസാ രമായാകും പൂജയുടെ മറുപടി ‘ഓ. അതോ. കടൽക്കാറ്റേറ്റത് കൊണ്ടാകും.’ അടുത്തിടെ ആലപ്പുഴയിൽ േലാട്ടറി വിൽക്കുന്ന ബിഎഡ് വിദ്യാർഥിയായ െപൺകുട്ടിയെക്കുറിച്ചു വിഡിയോ കണ്ടപ്പോൾ കൂട്ടുകാരും അധ്യാപകരും അമ്പരന്നു. പഠനചെലവിനുള്ള പണം കണ്ടെത്താനായി ലോട്ടറി വിൽക്കാനാണ് പൂജ ക്ലാസ്സിൽ നിന്ന് മുങ്ങിയതെന്ന് അടുത്ത സുഹൃത്തുക്കൾ പോലും അപ്പോഴാണറിഞ്ഞത്. ക്ലാസ് മുടക്കിയെങ്കിലും ബിഎഡ് പരീക്ഷയുടെ ഫലം വന്നപ്പോൾ 85 ശതമാനം മാർക്കോടെ പൂജ വിജയിച്ചു.

പട്ടിണിയുടെ കയ്പ്

മലപ്പുറം അരീക്കോട് സ്വാമി മന്ദിരത്തിൽ സി. രാജന്റെയും കെ. സിന്ധുവിന്റെയും ഇളയ മകളാണ് പൂജ. ‘‘നാലു വർഷമായി ഞാൻ ലോട്ടറി വിൽക്കാൻ തുടങ്ങിയിട്ട്.’’ പൂജ പ റയുന്നു. ‘‘ആലപ്പുഴയിലെ ഹരിപ്പാടുള്ള സമ്പന്ന കുടുംബത്തിലെ അംഗമായിരുന്ന പപ്പയ്ക്ക് വണ്ടിയുടെ ബിസിനസായിരുന്നു. സുഹൃത്തുക്കൾ വഞ്ചിച്ചതോടെ ആ ബിസിനസ് തകർന്നു. പിന്നീട് മലപ്പുറത്തേക്ക് താമസം മാറി. പപ്പയ്ക്ക് എപ്പോഴെങ്കിലുമൊക്കെയേ പണി കാണൂ. ഏക ആശ്രയം റേഷൻ കടയിൽ നിന്ന് ആഴ്ച തോറും കിട്ടുന്ന അരിയായിരുന്നു. ഒത്തിരി പട്ടിണി കിടന്നിട്ടുണ്ട്. കുട്ടിക്കാലം മുതൽ അടുത്തുള്ള വീട്ടിൽ കാർ കഴുകാനും അടിച്ചു വാരാനും പോയിരുന്നു ഞാൻ. മേസ്തിരിപ്പണിക്ക് സഹായിയായും പോയിട്ടുണ്ട്.

എട്ടു വർഷം മുൻപ് പപ്പ വീട് നിർമിച്ച് വിൽക്കുന്ന ബിസിനസ് തുടങ്ങി. പക്ഷേ, അതും പരാജയപ്പെട്ടു. കടത്തിന്മേൽ കടമായി. പൈസ ചോദിച്ച് ആളുകൾ വീട്ടിൽ വന്നു ബഹളമായി. ആ സമയത്ത് പപ്പ ആലപ്പുഴയിലെ കുടുംബവീട്ടിലേക്ക് താമസം മാറി.

പ്ലസ്ടു കഴിഞ്ഞതോടെ ഞാൻ പഠനം നിർത്തി ഒരു ഷോപ്പിൽ ജോലിക്ക് കയറി. രാവിലെ ഏഴര മുതൽ വൈകിട്ട് അഞ്ച് മണി വരെ നിന്നാൽ ഇരുന്നൂറ് രൂപയാണ് കിട്ടുക. അതിനിടെ വിദൂരവിദ്യാഭ്യാസം വഴി ബികോമും റെഗുലറായി എംകോമും ചെയ്തു. തുടർന്ന് പഠിക്കണമെന്ന മോഹം മനസ്സിലടക്കി.

പപ്പയ്ക്കൊപ്പം നിൽക്കാൻ നാലു വർഷം മുൻപ് ഞാന്‍ ആലപ്പുഴയിലെത്തിയ സമയത്ത് പപ്പ ലോട്ടറി വിൽക്കാൻ പോകുന്നുണ്ട്. മിക്കവാറും ദിവസങ്ങളിൽ മുഴുവൻ ലോട്ടറിയും വിറ്റു തീരുന്നില്ല. 600 രൂപയ്ക്ക് പണിെയടുത്താലും 2000 രൂപയുടെ കടമാകുന്ന അവസ്ഥ. അങ്ങനെയാണ് ഞാനും കൂടി ലോട്ടറി വിൽക്കാമെന്ന് തീരുമാനിച്ചത്. ആദ്യം പപ്പ സമ്മതിച്ചില്ല. പിന്നെ, എന്റെ നിർബന്ധത്തിന് വഴങ്ങി. ആദ്യദിവസം തന്നെ എല്ലാം വിറ്റുതീർന്നു. വരുമാനം കിട്ടിത്തുടങ്ങിയതോടെ ആഗ്രഹിച്ചത് പോലെ ബിഎഡ് കോഴ്സ് പഠിച്ചു. വായ്പയെടുത്ത് വീടുപണി പൂർത്തിയാക്കി. ചേച്ചി വന്ദനയും േജാലി ചെയ്താണു പഠിച്ചത്.

നല്ല അനുഭവങ്ങളോടൊപ്പം മോശം അനുഭവങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. ഒരാൾ ബൈക്കിൽ വന്നു. ഇഷ്ടമുള്ള നമ്പർ എടുക്കാനുള്ള സൗകര്യത്തിന് മുഴുവൻ ടിക്കറ്റും കയ്യിൽ കൊടുത്തു. അയാൾ വണ്ടി ഓടിച്ചു പോയി. ഞാൻ പുറകെ ഓടിയെങ്കിലും കിട്ടിയില്ല. വണ്ടി നമ്പർ നോക്കാനും കഴിഞ്ഞില്ല. വേറൊരാൾ രണ്ടായിരം രൂപ അടിച്ച ടിക്കറ്റാണെന്നും പറഞ്ഞ് കളർ ഫോട്ടോസ്റ്റാറ്റ് തന്ന് എന്റെ കയ്യിലെ പണവും കുറച്ചു ടിക്കറ്റും തട്ടിയെടുത്തു. പൊലീസിൽ പരാതി നൽകിയിരുന്നു. കളർ ഫോട്ടോസ്‌റ്റാറ്റുമായി വന്നയാളെ വേറൊരിടത്ത് നിന്നു പിടിച്ചു എന്നറിഞ്ഞു.

രാവിലെ ആറിന് വീട്ടിൽ നിന്ന് 120 ലോട്ടറിയുമായി ഇറങ്ങും. രാത്രി ഒൻപതാകും വീടെത്താൻ. നടക്കുന്ന വഴിയി ൽ ഒരു വണ്ടി നിർത്തി. ലോട്ടറി വാങ്ങാനാണെന്ന് കരുതിയത്. ‘പുതിയ ആളാണല്ലേ?’ അതെ എന്ന് ഞാൻ പറഞ്ഞു. ‘റേറ്റ് എത്രയാ?’ അയാളുടെ ഉദ്ദേശം മനസ്സിലായ ഞാൻ തരിച്ചു നിന്നു. ഞാനൊന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോ അ യാൾ വണ്ടിയോടിച്ചു പോയി.

ഒന്നിലും നിരാശപ്പെടാറില്ല ഞാൻ. വരുമാനത്തിന്റെ ഒ രു പങ്ക് അനാഥാലയങ്ങൾക്കും രോഗികൾക്കും നൽകും. ബിരിയാണി വേണമെന്ന് തോന്നിയാൽ അനാഥാലയത്തിലുള്ളവർക്ക് എന്നെപ്പോലെ ജോലിക്ക് പോകാൻ പറ്റില്ലല്ലോ. അധ്യാപികയാകണമെന്ന സ്വപ്നത്തിന് പിന്നാലെയാണ് ഇപ്പോൾ...’’

ചൈത്രാലക്ഷ്മി‌

ഫോട്ടോ: ടിബിൻ അഗസ്റ്റിൻ