Tuesday 19 April 2022 04:50 PM IST

സാധനം വാങ്ങാന്‍ തുണിസഞ്ചിയുമായി പോകും, അടുക്കളയിലും വാഡ്രോബിലും പോലുമുണ്ട് മിനിമലിസം: രാധിക പറയുന്നു

Chaithra Lakshmi

Sub Editor

radhika-padmavathy-new

ഷോപ്പിങ്ങിനിടയിൽ ഇഷ്ടപ്പെട്ട് എ ന്തു കയ്യിലെടുത്താലും മകൻ അതു തിരിച്ചു വയ്പ്പിക്കുകയാണ്. ‘നീയെന്താ ഇങ്ങനെ’ എന്നു ചോദിക്കാതിരിക്കാനായില്ല മകൻ ആദിത്യനോട്. ജോധ്പൂരിലെ നാഷനൽ ലോ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ആദിത്യൻ അവധിക്കാലത്ത് നാട്ടിലെത്തിയതായിരുന്നു. വല്ലപ്പോഴും നാട്ടിലെത്തുന്ന മകന് വേണ്ടി ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങാനുള്ള എന്റെ ആഗ്രഹത്തോട് അവൻ യോജിക്കുന്നേയില്ല.

‘‘മിനിമലിസം എന്ന ജീവിതരീതിയുണ്ട് അമ്മാ... ഏ റ്റവും ചുരുങ്ങിയ ചെലവിൽ വളരെ ലളിതമായി നമുക്ക് ജീവിക്കാമല്ലോ. വലിയ വിലയില്ലാത്ത, തദ്ദേശീയമായി നിർമിക്കപ്പെടുന്ന വളരെ കുറച്ചു സാധനങ്ങൾ മാത്രമേ എനിക്ക് ജീവിക്കാൻ ആവശ്യമുള്ളൂ.’’എന്നാണ് ആദിത്യന്റെ വാദം. അന്നാണ് ഞാൻ മിനിമലിസം എന്ന് ആദ്യമായി കേൾക്കുന്നത്. അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വേണ്ടതും വേണ്ടാത്തതുമായ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം പിന്നീടും ഞാൻ തുടർന്നു.

മനസ്സിനെ തൊട്ടപ്പോൾ

‌ഒന്നര പതിറ്റാണ്ടിലേറെ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്നു ഞാൻ. സെൻസർ ബോർഡ്, ദൂർദർശൻ ഫിലിം പ്രിവ്യൂ കമ്മിറ്റി എന്നിവയിലെ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാക്കാലത്തും രാവേറെ നീളുന്ന ജോലിത്തിരക്കിൽ മുങ്ങിയ ജീവിതം.

2018 ൽ മൈക്കിൾ ജോൺ ആറ്റ്കിൻസ് എന്ന ബ്രിട്ടിഷുകാരൻ ജീവിതപങ്കാളിയായതോടെ ഞാൻ ഇംഗ്ലണ്ടിലെ ഷെഫീൽഡിൽ താമസമാരംഭിച്ചു. ആർട് സൈക്കോതെറപ്പിസ്റ്റായ മൈക്കിൾ ബുദ്ധമത വിശ്വാസിയാണ്. ലളിതമായ ജീവിതം ഇഷ്ടപ്പെടുന്ന വ്യക്തി. മിനിമലിസം എന്ന വാക്ക് മൈക്കിൾ പറഞ്ഞതേയില്ല. പക്ഷേ, മൈക്കിളിന്റെ ജീവിതീരിതിയിലൂടെ ഞാൻ തിരിച്ചറിഞ്ഞു ആദിത്യൻ മുൻപ് പറഞ്ഞ മിനിമലിസം എ ന്ന വാക്കിന്റെ പൊരുൾ.

മൈക്കിളിന്റെ രീതികൾ എനിക്കു പുതിയ അനുഭവമായിരുന്നു. വഴക്കില്ല. ദേഷ്യമില്ല. നിർബന്ധങ്ങളില്ല. ഒഴിവുദിവസങ്ങളിൽ ഞങ്ങൾ മണിക്കൂറുകളോളം നടന്നു. സൈക്കിളിൽ ഒരുപാട് ദൂരങ്ങൾ താണ്ടി.

തുണി പഴയതായാൽ അത് തയ്ച്ചു വേറെന്തെങ്കിലുമാക്കാൻ പറ്റുമോയെന്നാണ് മൈക്കിൾ ചിന്തിക്കുക. അങ്ങനെ വീട്ടിൽ തയ്ച്ച തുണി കൊണ്ടുള്ള ഷോപ്പിങ് ബാഗുമായി ഞങ്ങൾ കടകളിൽ പോയി. ഇതിനിടെ ലണ്ടനിലെ സ്വകാര്യസ്ഥാപനത്തിൽ കോർപറേറ്റ് ലോയർ ആയ ആദിത്യനും ലളിതജീവിതത്തിൽ എനിക്ക് വഴികാട്ടിയായി.

ഒരുപാട് പേർ പിന്തുടരുന്ന ജീവിതശൈലിയാണ് മിനിമലിസം. ‘ലെസ് ഈസ് മോർ’ എന്നതാണ് അടിസ്ഥാന തത്വം. കുറച്ചു വസ്തുക്കൾ െകാണ്ട് കൂടുതൽ സംതൃപ്തിയോടെ ജീവിക്കുക. മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന കാര്യങ്ങൾ നിലനിർത്തി ആവശ്യമില്ലാത്തവ ഒഴിവാക്കുകയാണ് ചെയ്യുക. വീട്ടിൽ, ഓഫിസിൽ, വസ്ത്രധാരണത്തിൽ, ബന്ധങ്ങളിൽ, സൈബർ ഇടങ്ങളിൽപ്പോലും നമുക്ക് മിനിമലിസ്റ്റ് ആകാൻ കഴിയും. മിനിമലിസം ജീവിതത്തിന്റെ ഭാഗമാകുമ്പോൾ ചിന്തകളുടെയും സമ്മർദത്തിന്റെയും ഭാരമില്ലാതെ മനസ്സ് ശാന്തമാകും. ജീവിതം സുന്ദരമാകും.

വീട്ടിൽ നിറയും പോസിറ്റിവിറ്റി

ചെലവ് കുറഞ്ഞ, പ്രകൃതിയോടിണങ്ങുന്നതും ലളിതവുമായ വീടുകളാണ് മിനിമലിസ്റ്റ് ഇഷ്ടപ്പെടുക. പത്ത് സെന്റ് സ്ഥലമുണ്ടെങ്കിൽ എട്ട് െസന്റിൽ നിറഞ്ഞു നിൽക്കുന്ന വലിയ വീട് നിർമിക്കുകയും േശഷിക്കുന്ന രണ്ട് സെന്റ് സ്ഥലത്ത് പേവ്മെന്റ് ടൈൽ പാകി പുല്ലിനുപോലും ഇടകൊടുക്കാതിരിക്കുകയും ചെയ്യുന്ന നമ്മുടെ രീതിയിൽ നിന്ന് വ്യത്യസ്തമാണത്. ഏറ്റവും കുറഞ്ഞ സ്ഥലത്ത് ചെറിയൊരു വീടൊരുക്കുക. ബാക്കി സ്ഥലത്ത് ചെടികളും മരങ്ങളുമെല്ലാം സമൃദ്ധിയായി നടുക. പ്രാദേശികമായി ലഭിക്കുന്ന മണ്ണ്, ഇഷ്ടിക, ഓട്, മുള തുടങ്ങിയ നിർമാണവസ്തുക്കൾ ഉപയോഗിച്ചാവും വീട് നിർമാണം.

കുറച്ചു ഫർണിച്ചർ, ലളിതമായ കർട്ടൻ ഇങ്ങനെ അ ത്യാവശ്യമുള്ള കാര്യങ്ങൾ മാത്രമേ മിനിമലിസ്റ്റ് വീട്ടിൽ കാണൂ. സാധനങ്ങൾ കുറവായത് കൊണ്ട് ദിവസവുമുള്ള വൃത്തിയാക്കലിന് കുറഞ്ഞ സമയമേ വേണ്ടി വരൂ. കുറഞ്ഞ ഫർണിച്ചർ മാത്രമുള്ള, കാറ്റും വെളിച്ചവും നിറഞ്ഞ മുറിയിൽ ഇരിക്കുമ്പോൾ മനസ്സിൽ പോസിറ്റീവ് എനർജി നിറയുന്നത് അറിയാനാകും.

മിനിമലിസത്തിൽ ഓേരാന്നും അതത് സ്ഥാനത്ത് വ യ്ക്കുക പ്രധാനമാണ്. എല്ലാ സാധനങ്ങളും സൂക്ഷിക്കാ ൻ കൃത്യമായ ഇടം കണ്ടെത്തണം. ഊർജം വിനിയോഗിക്കുന്നതിലും മിനിമലിസ്റ്റ് ശ്രദ്ധിക്കും. ഉപയോഗിക്കാത്ത സമയങ്ങളിൽ ഫാൻ, ലൈറ്റ് തുടങ്ങിയവ ഓഫ് ചെയ്യുക, ജലം തുള്ളിപോലും പാഴാക്കാതിരിക്കുക ഇതിനെല്ലാം വലിയ പ്രാധാന്യം നൽകുന്നു.

radhika

വാഡ്രോബിലും മിനിമലിസം

ആറ് മാസം, ഒരു വർഷം.. ഇങ്ങനെ കാലങ്ങളായി ഉപയോഗിക്കാത്ത വസ്ത്രം കയ്യിലെടുത്ത് സ്വയം ചോദിക്കൂ. ‘ഈ വസ്ത്രം മനസ്സിന് സന്തോഷം പകരുന്നുണ്ടോ? ഇത് വാഡ്രോബിൽ സൂക്ഷിക്കേണ്ടതുണ്ടോ?’ ഇല്ലെന്നാണ് ഉത്തരമെങ്കിൽ ആ വസ്ത്രം ആവശ്യമുള്ള മറ്റാർക്കെങ്കിലും നൽകാം. വസ്ത്രങ്ങളുടെ എണ്ണം പരമാവധി കുറച്ച് വാഡ്രോബ് ലളിതമാക്കുക എന്നതാണ് മിനിമലിസ്റ്റ് രീതി.

വസ്ത്രങ്ങൾ തരമനുസരിച്ച് വൃത്തിയായി മടക്കി പല വലുപ്പത്തിലുള്ള സ്‌റ്റോറേജ് േബാക്സുകളിലാക്കി വാഡ്രോബിൽ സൂക്ഷിക്കാം. പഴകിയ വസ്ത്രം ഉപേക്ഷിക്കുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ വസ്ത്രം വാങ്ങാം. ആഭരണങ്ങളും ചെരുപ്പുകളും ആവശ്യത്തിലുമേറെ വാങ്ങി സൂക്ഷിക്കുന്നത് മിനിമലിസമല്ല.

അടുക്കളയും ഭക്ഷണവും

കൃത്യമായി പ്ലാൻ ചെയ്ത് പാചകം ചെയ്യുകയാണ് മിനിമലിസ്റ്റ് രീതി. ഭക്ഷണം അൽപം പോലും പാഴാകുന്നത് ഒഴിവാക്കാനാണിത്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണം നേരത്തെ പ്ലാൻ ചെയ്ത് ആവശ്യമായ സാധനങ്ങൾ വാങ്ങും. ഓരോ നേരത്തേക്കുമുള്ള ലളിതമായ ഭക്ഷണം ഞാനും മൈക്കിളും ഒരുമിച്ചാണ് പാകം ചെയ്യാറ്. അടുക്കളയിൽ പ്രകൃതിയോടിണങ്ങുന്നതും ആരോഗ്യകരവുമായ വളരെ കുറച്ചു പാത്രങ്ങൾ മതി. പ്ലാസ്റ്റിക് ജാറിന് പകരം ഗ്ലാസ്, സ്റ്റീൽ ജാറുകൾ ഉപയോഗിക്കാം. പ്ലാസ്റ്റിക്കിലും പേപ്പറിലും ഉണ്ടാക്കുന്ന ഗ്ലാസ്, പ്ലേറ്റ് തുടങ്ങിയവ ഒഴിവാക്കാം.

പാത്രങ്ങൾ സിങ്കിൽ കൂട്ടിയിടാതെ അപ്പപ്പോൾ കഴുകി വൃത്തിയാക്കി വയ്ക്കുക. വേസ്റ്റ് ബിന്നിലെ അവശിഷ്ടങ്ങൾ നീക്കി ദിവസവും വൃത്തിയാക്കണം. അത്താഴം കഴിഞ്ഞാൽ അടുക്കള വൃത്തിയാക്കും.

ആഴ്ചയിൽ ഒരു ദിവസം കബോർഡുകളും ഫ്രിജും വൃത്തിയാക്കണം. ഭക്ഷണസാധനങ്ങളും പച്ചക്കറികളും പാഴാകുന്നത് തടയാനാണിത്. മിനിമലിസ്റ്റ് ആഹാരരീതി പിന്തുടരുന്നവർ ഉരുളക്കിഴങ്ങ്, കാരറ്റ്, ഇഞ്ചി ഇവയുടെയെല്ലാം തൊലി പോലും പാഴാക്കി കളയാറില്ല. പകരം ഇവ വൃത്തിയായി കഴുകി ഉപയോഗിക്കുകയാണ് ചെയ്യുക.

പ്രകൃതിയോടിണങ്ങി ജീവിക്കുന്നത് കൊണ്ട് മിനിമലിസം രീതിയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കഴിവതും ഒഴിവാക്കാറുണ്ട്. പുറത്തു പോകുമ്പോൾ മിനറൽ വാട്ടർ വാങ്ങുന്നതിന് പകരം ഒന്ന് രണ്ട് കുപ്പികളിലായി തിളപ്പിച്ചാറിയ വെള്ളം കൂടെ കരുതും. സാധനങ്ങൾ വാങ്ങുന്നതിന് തുണിസഞ്ചിയുമായി പോകും പോലെ കാപ്പി കുടിക്കാൻ പോ കുമ്പോൾ കയ്യിൽ കപ്പ് കരുതുന്നവരുമുണ്ട്.

radhika-1

കുറച്ചു മെല്ലെ പോകാം

‘രാധികയുടെ സ്പീഡ് പ്രശസ്തമാണല്ലോ ’എന്ന് അടുപ്പമുള്ളവർ എന്നെ കളിയാക്കാറുണ്ടായിരുന്നു. പലപല തിരക്കുകൾക്കിടയിൽ ശാന്തമായി ഇരിക്കാൻ പോലും മെനക്കെട്ടിരുന്നില്ല മുൻപ് ഞാൻ. ഇംഗ്ലണ്ടിലെത്തി ‘സ്ലോ ലിവിങ്’ മനസ്സിലാക്കിയതോടെ ഞാൻ തിരക്കിട്ടുള്ള ഓട്ടം നിർത്തി ശാന്തമായ ജീവിതരീതി പിന്തുടരാൻ തുടങ്ങി. കാനഡ സ്വദേശിയായ ബ്രൂക് മക്ലറേയുടെ ‘സ്ലോ’ എന്ന പുസ്തകമാണ് സഹായിച്ചത്.

മിനിമലിസത്തോട് ചേർന്ന ജീവിതരീതിയാണ് സ്ലോ ലിവിങ്. തിരക്കിട്ട് പായുന്ന ജീവിതശൈലി തങ്ങളുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെയും ബാധിച്ചു എന്ന് തിരിച്ചറിഞ്ഞ ആളുകളിലൂടെയാണ് സ്ലോ ലിവിങ് എ ന്ന ആശയം പ്രചാരം നേടിയത്.

ആവശ്യമായത് മാത്രം കയ്യിൽ സൂക്ഷിക്കുക എന്ന രീതിയാണ് സ്ലോ ലിവിങ്ങിലും പിന്തുടരുന്നത്. വീട്ടിൽ സാധനങ്ങൾ കുന്നുകൂടിക്കിടക്കുന്നത് ശാന്തമായ ജീവിതത്തിന് തടസ്സമാണ് എന്ന തിരിച്ചറിവോടെ വീട് അടുക്കിപ്പെറുക്കാം. കൂടുതൽ വലുത് വാങ്ങുക. ആർഭാടം കാണിക്കുക ഇതൊന്നും ഇല്ലാത്തതുകൊണ്ട് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല.

സ്ലോ ലിവിങ് യാത്രക്കാർക്ക് സന്തോഷിക്കാൻ കാരണങ്ങൾ തേടി നടക്കേണ്ടി വരാറില്ല. ലഭിച്ച നന്മകളിൽ നന്ദി പറഞ്ഞാകും ഓരോ ദിവസത്തിന്റെയും തുടക്കം. മുന്നിലുള്ള നിമിഷം മാത്രമേ നമുക്ക് സ്വന്തമായുള്ളൂ. ഈ നിമിഷത്തെ പൂർണമായി അറിഞ്ഞ് ജീവിക്കാം എന്നതാണ് സ്ലോ ലിവിങ് പ്രചരിപ്പിക്കുന്നത്.

ഒരു കപ്പ് കാപ്പി കുടിക്കുമ്പോൾ ആദ്യം അതിന്റെ ഗന്ധം ആസ്വദിക്കാം. സ്വാദറിഞ്ഞ് മെല്ലേ കുടിക്കാം. ഭക്ഷണം ഇ തേ പോലെ മനസ്സറിഞ്ഞ് കഴിക്കണം. ‘മൈൻഡ്ഫുൾ ഈ റ്റിങ്’ എന്ന ഈ രീതി ആരോഗ്യം മെച്ചപ്പെടുത്തും.

യോഗ, ധ്യാനം ഇവ ശീലിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുമ്പോൾ കുഴഞ്ഞു മറിഞ്ഞ ചിന്തകളും അസംതൃപ്തിയും മാറി മാനസികാരോഗ്യം മെച്ചപ്പെടും. ഓേരാ നിമിഷത്തിലും പൂർണതയോടെ ജീവിക്കുമ്പോൾ ഉള്ളം നിറയെ ആനന്ദം പെയ്യുന്നത് അനുഭവിച്ചറിയാം.

ഈ ആനന്ദമാണ് ആകാശത്തോളം ഉയരത്തിൽ പറക്കാൻ എനിക്ക് ചിറകുകൾ തുന്നുന്നത്.

ചൈത്രാലക്ഷ്മി

ഫോട്ടോ: അരുൺ പയ്യടിമീത്തൽ