Tuesday 28 April 2020 12:29 PM IST

രൂപ സൂപ്പറാണ്, സൂപ്പർ വുമണാണ്! ബിസിനസിൽ നിന്ന് സാമൂഹ്യ പ്രവർത്തകയായ കഥ ഇങ്ങനെ

Nithin Joseph

Sub Editor

Untitled-1

"ജീവിതം ഒന്നേയുള്ളൂ. നിങ്ങൾ മറ്റുള്ളവർക്ക് എത്രത്തോളം കൊടുക്കുന്നുവോ, അത്രത്തോളം സന്തോഷം നിങ്ങൾക്ക് തിരികെ ലഭിക്കും. അത്രത്തോളം വളർച്ച നിങ്ങൾക്കും ഉണ്ടാവും." - രൂപ ജോർജ് എന്ന സൂപ്പർവുമണിന്റേതാണ് വാക്കുകൾ. സംരംഭക, നർത്തകി, സന്നദ്ധപ്രവർത്തക, പരിസ്ഥിതിസ്നേഹി, ടെലിവിഷൻ ആങ്കർ എന്നിങ്ങനെ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച രൂപ പുതിയ കാലത്തെ കരുത്തുറ്റ പെണ്ണിന്റെ പ്രതീകമാണ്.

ചെറുപ്പം മുതൽക്കേ രൂപയ്ക്ക് പരിചിതമായ ലോകമാണ് ബിസിനസ്. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ബസ് സർവീസ് ശൃഖലയായ മയിൽവാഹനം ട്രാവൽസിന്റെ ഉടമയായ ഷൊർണ്ണൂർ സ്വദേശി സി.എ അബ്രഹാമിന്റെ മകളാണ്. വിവാഹശേഷം എത്തിയതും മറ്റൊരു ബിസിനസ് കുടുംബത്തിലേക്ക്‌. ബേബി മറൈൻ ഇന്റർനാഷനൽ എന്ന കമ്പനിയുടെ മാനേജിങ് പാട്ണറായ ജോർജ് കെ. നൈനാനാണ് രൂപയുടെ ഭർത്താവ്. ഫോർട്ട് കൊച്ചിയിൽ ഏഷ്യൻ കിച്ചൻ എന്ന റെസ്റ്ററന്റിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് രൂപ.

ഒരേ സമയം ഒരുപാട് കാര്യങ്ങൾ ചെയ്യുമ്പോഴും ജീവിതത്തിൽ ഏറ്റവുമധികം സന്തോഷം നൽകുന്നത് എന്താണെന്ന് ചോദിച്ചാൽ രൂപയുടെ മറുപടി ഇങ്ങനെ. "നമ്മുടെ സന്തോഷത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ ചുറ്റുമുള്ളവരുടെ സന്തോഷങ്ങൾക്കു കാരണമായി മാറാനും നമുക്ക് സാധിക്കണം. അതിന് എന്നാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന ആഗ്രഹം എപ്പോഴും മനസിലുണ്ട്. അങ്ങനെ ആരംഭിച്ചതാണ് "ബിൻ ഇറ്റ് ഇന്ത്യ ക്യാംപെയിൻ" (Bin It India Campaign). കേരളത്തിലെ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കികൊടുക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം. വനനശീകരണം തടയാൻ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ കുട്ടികളെ പ്രേരിപ്പിച്ചതും ഒരു ചലഞ്ചിലൂടെയാണ്. കുട്ടികൾ അവരുടെ ഓരോ പിറന്നാളിനും മരങ്ങൾ വച്ചുപിടിപ്പിക്കണം. എത്രാമത്തെ പിറന്നാളാണോ ആഘോഷിക്കുന്നത്, അത്രയും മരങ്ങൾ നടണം. ഇതോടൊപ്പം, പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസ്സുകളും നൽകുന്നു.

2

എറണാകുളത്തും പരിസരങ്ങളിലുമുള്ള ചില സ്‌കൂളുകളെ അഡോപ്റ്റ് ചെയ്താണ് ഇത്തരം ക്യാമ്പയിനുകൾ നടത്തുന്നത്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്കായി കൈൻഡ്നെസ് ഡയറി (kindness diary) എന്നൊരു ക്യാമ്പയിനും ആരംഭിച്ചു. ഓരോ ദിവസവും ചെയ്യുന്ന നന്മകളെക്കുറിച്ച് കുട്ടികൾ അവരവരുടെ ഡയറിയിൽ എഴുതണം. കുഞ്ഞുങ്ങളിൽ മാനുഷികമൂല്യങ്ങൾ വളർത്തുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിൽ. നല്ല കാര്യങ്ങൾ ചെയ്യാനും മറ്റുള്ളവരുടെ നന്മകൾ തിരിച്ചറിയാനും അവരെ അഭിനന്ദിക്കാനും കുട്ടികളെ പ്രാപ്തരാക്കാൻ ഇതുവഴി സാധിക്കും."

ഇതൊന്നും തന്റെ മാത്രം കഴിവുകൊണ്ട് സാധിക്കുന്ന കാര്യങ്ങളല്ല എന്നാണ് രൂപയുടെ പക്ഷം. "ഈ കാര്യങ്ങളൊന്നും ഞാൻ തനിച്ചല്ല ചെയ്യുന്നത്. സമാനമനസ്കരായ ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നുണ്ട്. ഒരു വാട്‌സ്ആപ്പ് മെസേജിന്റെ അകലത്തിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ട്. ചില സ്‌കൂളുകളിലെ കുട്ടികൾ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അവർക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കാൻ തയാറായി എന്റെ സുഹൃത്തുക്കളായ ചാന്ദിനിയും രൂപ ജേക്കബും മുന്നോട്ട് വന്നു. നാൽപ്പതോളം സ്കൂളുകളിലെ കുട്ടികൾക്ക് ഇവർ സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. റോട്ടറി ക്ലബ്, വൈ.ഡബ്ള്യൂ. സി.എ, എന്നിങ്ങനെ നിരവധി സംഘടനകളുടെ പിന്തുണയോടെയും സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നു."

ബിസിനസ്, കുടുംബം, സാമൂഹ്യസേവനം, ഇവയെല്ലാം ഒരുമിച്ച് വിജയകരമായി കൊണ്ടുപോകുന്നതിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ അതിനും രൂപയ്ക്ക് വ്യക്തമായ മറുപടിയുണ്ട്. "ദൈവം നമുക്ക് തരുന്ന അനുഗ്രഹങ്ങളുടെ അതേ അളവിൽ മറ്റുള്ളവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ നമുക്ക് സാധിക്കണം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ, എല്ലാത്തിന്റെയും അടിസ്ഥാനം കുടുംബമാണ്. സ്വന്തം കുടുംബം നന്നായി നോക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തൊക്കെ ചെയ്താലും യാതൊരു പ്രയോജനവും ഇല്ല. കുടുംബങ്ങൾ നന്നാകുമ്പോൾ സമൂഹവും നന്നാകും. മക്കളായ നൈനാനും എബ്രഹാമും എനിക്കൊപ്പം ഉണ്ടാകാറുണ്ട്. അവരുടെ പിറന്നാളുകളും വീട്ടിലെ മറ്റ് ആഘോഷങ്ങളും ഞങ്ങൾ ചെലവഴിക്കുന്നത് സ്‌കൂളുകളിലും കെയർ ഹോമുകളിലുമാണ്. അവിടുത്തെ കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചുകൊടുക്കാനൊക്കെ മക്കൾ മുന്നിൽതന്നെ ഉണ്ട്. സ്വയം ഊർജസ്വല ആയിരിക്കാനും സമ്മർദം അകറ്റാനും ആശ്രയിക്കുന്നത് കലയെയാണ്. ചെറുപ്പം മുതൽക്കേ ഭരതനാട്യം അഭ്യസിക്കുന്നുണ്ട്. ഇപ്പോഴും പല വേദികളിൽ നൃത്തം ചെയ്യുന്നു. അതോടൊപ്പം വീണയും പഠിച്ചിട്ടുണ്ട്. ഇവ രണ്ടുമാണ് എന്റെ എനർജി ബൂസ്റ്ററുകൾ."