Monday 04 April 2022 04:50 PM IST

‘ഈ അസുഖമുള്ളവർക്ക് സെക്സ് പറ്റുമോ’: ബോഡിഷെയ്മിങ്ങിന് ജീവിതം കൊണ്ട് മറുപടി: സന്ധ്യ രാധാകൃഷ്ണൻ പറയുന്നു

Rakhy Raz

Sub Editor

sandhya

തമ്പാനൂർ ഭാഗത്ത് ഈയിടെയായി കൊതുകു ശല്യം കൂടുതലാണല്ലോ’ എന്നൊരു ഫെയ്സ് ബുക് പോസ്റ്റ് കാണുന്നു. ‘ശരിയാണ് കൊ തുകു ശല്യം കാരണം തമ്പാനൂർ വഴി ബസിൽ യാത്ര ചെയ്യുക പോലും പ്രയാസമാണ്’ എന്ന് സന്ധ്യ കമന്റിടുന്നു. സന്ധ്യയുടെ വാക്കുകൾക്കു കിട്ടിയ മറുകമന്റ് ഇങ്ങനെയായിരുന്നു.

‘ചേച്ചിയെ എങ്ങനെ കൊതുകു കടിക്കാനാണ്. കുത്തിയാൽ കൊതുകിന് കിട്ടാൻ എന്തെങ്കിലും വേണ്ടേ...’

സോഷ്യൽ മീഡിയയിൽ തനിക്കുണ്ടായ ദുരനുഭവമാണ് സന്ധ്യ തുറന്നു പറയുന്നത്. ശരീര സൗന്ദര്യത്തെക്കുറിച്ചു സമൂഹം നിശ്ചയിക്കുന്ന അളവുകളെ മറികടന്ന് മോഡലിങ് രംഗത്തു സ്ഥാനമുറപ്പിച്ച ആളാണ് സന്ധ്യ.

‘‘ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ഉണ്ടായ അപമാനം എന്നെ വല്ലാതെ വിഷമിപ്പിച്ചു. കമന്റിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ഇത് ബോഡി ഷെയ്മിങ് ആണ് എന്ന കുറിപ്പ് ഫെയ്സ്ബുക്കിൽ ഞാൻ പോസ്റ്റ് ചെയ്തു. തമാശരൂപത്തിൽ പറഞ്ഞാലും ബോഡി ഷെയ്മിങ് അല്ലാതാകുന്നില്ല എന്ന് ഞാൻ വ്യക്തമാക്കി. അതിനെ ഭൂരിഭാഗം പേരും എതിർക്കുകയാണ് അന്ന് ചെയ്തത്. ‘തമാശയായി എടുക്കണം’ എന്നായിരുന്നു പലരും പറഞ്ഞത്. ഒരുപാടുപേർ ഫെയ്സ്‌ബുക്കിൽ അൺഫോളോ ചെയ്തു പോയി.’’ ഇന്ന് കാര്യങ്ങൾ ഏറെ മാറി. എന്നാലും ബോഡി ഷെയ്മിങ് തനിക്ക് തുടർക്കഥയാണെന്ന് സന്ധ്യ പറയുന്നു.

‘‘ഞാൻ മെലിഞ്ഞിരിക്കുന്നത് അൾസറേറ്റീവ് കൊളൈറ്റിസ് എന്ന അസുഖം മൂലമാണ്. അതിനെക്കുറിച്ച് വിശദീകരിക്കെ ഒരാൾ ചോദിച്ചത് ‘ഈ അസുഖമുള്ളവർക്ക് സെക്സ് പറ്റുമോ’ എന്നായിരുന്നു, ‘ചികിത്സയുണ്ടോ, അസുഖത്തിന് കുറവുണ്ടോ’ എന്നൊന്നും അറിയേണ്ട. ‘മോഡലിങ്ങിന് അവസരം തരാം, അഡ്ജസ്റ്റ് ചെയ്യുമോ’ എന്ന് ചോദിച്ചയാൾക്കെതിരേ ഞാൻ കേസ് കൊടുത്തു. ഇതറിഞ്ഞ് മറ്റൊരാൾ പറഞ്ഞത് ‘നിന്നെപ്പോലുള്ളവരോടും ഇതൊക്കെ ചോദിക്കാൻ ആളുണ്ടോ’ എന്നായിരുന്നു.

ഒരു വ്യക്തിയെ കാണുമ്പോൾ മെലിഞ്ഞു പോയല്ലോ, തടിവച്ചല്ലോ എന്നൊക്കെ പറയുന്നതിന് പകരം. എന്തൊക്കെയുണ്ട് വിശേഷം, സുഖമല്ലേ എന്നൊക്കെ ചോദിക്കാൻ നമ്മളിനി എന്നാണ് പഠിക്കുക ?’’ സന്ധ്യ ചോദിക്കുന്നു.

ഏതു തരം ശരീരപ്രകൃതമുള്ളവരായാലും നമുക്ക് വിജ യിക്കാനും സന്തോഷിക്കാനും കഴിയും. ആത്മവിശ്വാസവും ജീവിക്കാനുള്ള വാശിയും കൈമുതലായുണ്ടെങ്കിൽ എന്നാണ് താൻ വിശ്വസിക്കുന്നതെന്ന് സന്ധ്യ പറയുന്നു.

കുറവു മറയ്ക്കാൻ ഫാഷനബിൾ ആയി

‘‘ചെറുതായിരിക്കുമ്പോൾ മുതൽ ഞാൻ നന്നേ മെലിഞ്ഞ പ്രകൃതക്കാരിയായിരുന്നു. ചേച്ചി സിന്ധുവും അനിയൻ സ ന്ദീപും സാധാരണ ശരീരപ്രകൃതമുള്ളവർ. അച്ഛൻ രാധാകൃഷ്ണനും അമ്മ ജെസ്സിക്കുമൊപ്പം പല തവണ ഡോക്ടറെ കണ്ടെങ്കിലും ‘നന്നായി ഭക്ഷണം കഴിച്ചാൽ മതി’ എ ന്ന ഉപദേശമാണ് കിട്ടിയത്.

കോളജ് കാലത്താണല്ലോ ശരീര പ്രകൃതത്തെക്കുറിച്ച് ഏറെ ശ്രദ്ധാലുവാകുന്നത്. വിശപ്പില്ലെങ്കിലും വണ്ണം വയ്ക്കണം എന്നു വിചാരിച്ച് രണ്ടു മൂന്നും ഗ്ലാസ് പാലൊക്കെ കു ടിക്കുമായിരുന്നു. ലേഹ്യങ്ങൾ കഴിക്കുകയും ജിമ്മിൽ പോകുകയും ചെയ്തു. എന്നിട്ടും ഭാരം കൂടിയില്ല. കോളജിൽ പ ലരും സഹതാപത്തോടെ നോക്കുന്നത് സഹിക്കാനാകില്ലായിരുന്നു. അതുകൊണ്ട് പ്രകൃതത്തെ മറയ്ക്കുന്ന, ഫാഷനബിൾ ആയ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിച്ചു.

തിരുവനന്തപുരം വിമൻസ് കോളജിൽ ബിഎസ്‌സി ബോട്ടണി പഠനം കഴിഞ്ഞയുടൻ ടെക്നോപാർക്കിൽ യുഎസ്ടി ഗ്ലോബൽ എന്ന സ്ഥാപനത്തിൽ ജോലി കിട്ടി. ഡാറ്റാ എൻട്രിയിൽ നിന്ന് മൂന്നു മാസത്തിനുള്ളിൽ എച്ച് ആർ അഡ്മിനിസ്ട്രേറ്ററായി. പിന്നീട് ഡിസ്റ്റൻഡ് എഡ്യൂക്കേഷൻ വഴി എംബിഎ നേടി. ആ സമയത്താണ് കൂടെ ജോലി ചെയ്യുന്ന ആൾ വിവാഹം ആലോചിക്കുന്നത്. കല്യാണത്തോട് അടുത്തപ്പോൾ, മെലിഞ്ഞിരിക്കുന്ന കുട്ടിയെ വേണ്ട എന്നായി വീട്ടുകാർ.

കല്യാണം മുടങ്ങിയത് എന്നെ വിഷാദത്തിലേക്ക് തള്ളിവിട്ടു. മെലിഞ്ഞിരിക്കുന്നതിന്റെ കാരണം കണ്ടുപിടിക്കാനായി പല ആശുപത്രികളിലും പോയി. ഫലമുണ്ടായില്ല. മനസിലെ വിഷാദം മറ്റുള്ളവരുമായി തർക്കങ്ങൾക്കും അകൽച്ചയ്ക്കും വഴി വച്ചു. വീട്ടുകാരോട് പോലും അകന്നു.

സന്മനസ്സുള്ള സുമൻ

ഈ സമയത്ത് പൊക്കവും വണ്ണവും പ്രശ്നമല്ലാത്ത വരനെ വേണമെന്ന് ആവശ്യപ്പെട്ട് ഞാൻ വിവാഹ സൈറ്റിൽ റജിസ്റ്റർ ചെയ്തു. സുമനെ പരിചയപ്പെടുന്നത് അങ്ങനെയാണ്. പരിചയം ഫെയ്സ്ബുക്ക് സൗഹൃദമായിരിക്കുമ്പോൾ എനിക്ക് വയറ്റിൽ നിന്ന് രക്തസ്രാവമുണ്ടായി. കാൻസറായിരിക്കുമോ എന്നായിരുന്നു ചിന്ത. പരിശോധനയുടെ റിസൽറ്റ് വന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിച്ചാൽ മതിയെന്നു സുമനോട് പറഞ്ഞു. ‘ആശുപത്രിയിൽ പോയി പരിശോധിക്കൂ’ എന്നു മാത്രമാണ് സുമൻ പറഞ്ഞത്.

കുടലിന്റെ മൂന്നു പാളികളിൽ ഒരു പാളിയെ ബാധിക്കുന്ന അൾസറൈറ്റീവ് കൊളൈറ്റിസ് എന്ന രോഗമാണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടക്കത്തിലൊന്നും രോഗം സൂചനകൾ തരില്ല. രോഗം കൂടുതൽ ഭാഗത്തേക്ക് പടരാതെ ആജീവനാന്തം മരുന്നുകൾ കഴിച്ചുകൊണ്ടിരിക്കുകയാണ് ഏക പോംവഴി. മെലിഞ്ഞിരിക്കുന്നതിനും കാരണം ഇ താണ് എന്നു മനസ്സിലായി.

വിവാഹത്തിൽ നിന്നു പിന്മാറും എന്നു കരുതിയെങ്കിലും സുമന്റെ തീരുമാനത്തിന് മാറ്റമുണ്ടായില്ല. വിവാഹശേഷം തിരുവനന്തപുരത്തു നിന്ന് കൊടുങ്ങല്ലൂരെത്തി. സുമൻ ഏറെ ശ്രദ്ധയോടെയാണ് എന്റെ കാര്യങ്ങൾ നോക്കുന്നത്. സ്നേഹമുള്ള ഒരാളെ കൂട്ടു കിട്ടിയതാണ് എന്റെ രോഗത്തെ കുറച്ചതും വിജയത്തിലേക്ക് നയിച്ചതും.

രാഖി റാസ്