Monday 02 March 2020 07:09 PM IST

ഉപദേശം കൊള്ളാം സാറേ... പക്ഷേ! പാമ്പിനെ പിടിക്കാൻ ക്ലാസെടുക്കുന്നവരോട് വാവ സുരേഷിന് പറയാനുള്ളത്; ജീവൻ തിരിച്ചു കിട്ടിയതിനു ശേഷം നൽകിയ പ്രത്യേക അഭിമുഖം

Binsha Muhammed

vava-cover

തൊടിയിലോ വീട്ടുമുറ്റത്തോ പാമ്പിനെ കണ്ട് പേടിച്ചാൽ മനസിൽ തെളിയുന്ന രക്ഷകന്റെ രൂപം. അതാണ് മലയാളികൾക്ക് ‘വാവ സുരേഷ്.’ ഒരൊറ്റ ഫോണ്‍ കോൾ മാത്രം മതി. നേരവും കാലവും നോക്കാതെ കാതങ്ങൾ താണ്ടി ആ മനുഷ്യനെത്തും. നാട്ടാരേയും വീട്ടാരേയും പേടിപ്പിച്ച് പൊത്തിലും നടവഴിയിലും പിന്നാമ്പുറത്തുമിരിക്കുന്ന പാമ്പിനെ പുഷ്പം പോലെ കൈപ്പിടിയിലാക്കും. വച്ചു നീട്ടുന്ന ഉപഹാരങ്ങളോ, കാശിന്റെ വലുപ്പമോ ഒന്നും ആ മനുഷ്യന് ഒരു പ്രശ്നമല്ല. വാവയുടെ ഭാഷയില്‍ പറഞ്ഞാൽ ഒരു അതിഥിയെ കൂടി രക്ഷപ്പെടുത്തി, ക്ഷണിച്ചവരുടെ പക്കല്‍ നിന്നും ഒരു പുഞ്ചിരി മാത്രം കൂലിയായി വാങ്ങി ആ മനുഷ്യൻ നടന്നു പോകും.

വിഷം ചീറ്റുന്ന പാമ്പുകളുമായുള്ള മൽപ്പടിത്തത്തിനിടയിൽ വാവയെ ‘മരണം തീണ്ടാൻ’ ശ്രമിച്ചത് പലവട്ടം. അണലിയുടെ കടിയേറ്റ് മരണത്തിനും ജീവിതത്തിനുമിടയിലൂടെ വാവ കടന്നു പോയതാണ് സമീപകാലത്ത് ഏറ്റവും നെഞ്ചിടിപ്പേറ്റിയത്. ജീവൻമരണ പോരാട്ടത്തിനിടയിൽ വാവയുടെ മരണം പ്രവചിച്ച് ചില ഓൺലൈൻ മാധ്യമങ്ങളും എത്തി. പക്ഷേ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയുടെ കരുത്തിൽ വാവ ജീവിതത്തിലേക്ക് തിരിച്ചെത്തി. പക്ഷേ കഥയവിടെ തീർന്നില്ല. പാമ്പുകളെ പ്രദർശിപ്പിച്ച് കയ്യടി നേടുന്ന വാവയുടെ മണ്ടത്തരം അവസാനിപ്പിക്കണമെന്ന് ഉപദേശിച്ച് ‍ഡോക്ടർമാർ വരെയെത്തി. എല്ലായ്പ്പോഴും വാവയെ മരണം വിട്ടുകളയില്ല എന്ന് ഉപദേശിച്ചവർ വേറെയും. വിമർശനങ്ങളും മുന്നറിയിപ്പുകളും സോഷ്യൽ മീഡിയയിൽ കൊടുമ്പിരി കൊള്ളുമ്പോൾ അതൊന്നും കൂസാതെ വാവ പുതിയ ‘പുതിയ അതിഥിയായ രാജവെമ്പാലയെ തേടി പത്തനംതിട്ടയിലാണ്. വീണുകിട്ടിയ ഇടവേളയിൽ തന്നെ വിമർശിച്ചവർക്കും ഉപദേശിച്ചവർക്കുമുള്ള മറുപടി ‘വനിത ഓൺലൈനിലൂടെ’ വാവ പങ്കുവയ്ക്കുകയാണ്.

vava-1

ഉപദേശം കൊള്ളാം... ചെറിയൊരു പ്രശ്നമുണ്ട്

മരണവുമായി മല്ലിട്ട് തിരിച്ചു വന്ന നാൾ മുതൽ കേൾക്കാൻ തുടങ്ങിയതാണ് വിമർശനങ്ങൾ. ‘വാവ സുരേഷിന്റെ മണ്ടത്തരം അവസാനിപ്പിക്കുക... വാവ സുരേഷ് പാമ്പ് പ്രദർശനം നിർത്തുക... വാവ സുരേഷ് ജീവൻ വച്ച് കളിക്കരുത്’... ഇങ്ങനെ പോകുന്നു ഉപദേശങ്ങൾ. ഞാനിതൊന്നും ചെവിക്കൊള്ളാറില്ല. അവരൊന്നും മറുപടി അർഹിക്കുന്നേയില്ല. ഈ മേഖലയുമായി ബന്ധമില്ലാത്തവർക്ക് എന്നെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ എന്താണ് യോഗ്യത. എന്നെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് അവരുടെ പ്രശസ്തിക്കു വേണ്ടി മാത്രമാണ്. – പതിഞ്ഞ സ്വരത്തിൽ വാവ സംസാരിച്ചു തുടങ്ങി.

vava-3

29 വർഷമായി ഞാൻ ഈ മേഖലയിൽ എത്തിയിട്ട്. ചെയ്യുന്ന ജോലിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. എന്താണ് ചെയ്യരുതാത്തത് എന്നും അറിയാം. അപകടങ്ങൾ അശ്രദ്ധ കൊണ്ടോ ചിലർ പറയുന്ന രീതിയില്‍ അശാസ്ത്രീയത കൊണ്ടോ സംഭവിക്കുന്നതല്ല. എല്ലാം രക്ഷാപ്രവർത്തനത്തിനിടയിൽ സ്വാഭാവികമായി സംഭവിക്കുന്നത്. ഇന്നേ വരെ എനിക്കൊപ്പമുള്ള ഒരാള്‍ക്കു പോലും എന്റെ അശ്രദ്ധ കൊണ്ട് പാമ്പു കടിയേറ്റിട്ടില്ല. പിന്നെ ഞാൻ പാമ്പുകളെ പ്രദർശിപ്പിക്കുന്നു...കയ്യടി വാങ്ങുന്നു എന്നൊക്കെ പറയുന്നവർ എന്തറിഞ്ഞിട്ടാണ്.

vava-4

എന്നെ വിമർശിക്കുന്നവരിൽ പ്രമുഖ ഡോക്ടർമാർ വരെയുണ്ട്. ഒരു സുപ്രഭാതത്തിൽ പാമ്പ് പിടിക്കാൻ ഇറങ്ങിയവനല്ല ഞാൻ. എന്റെ സുരക്ഷ ഞാൻ കൃത്യമായി പാലിക്കുന്നുണ്ട്. അനസ്തേഷ്യ നൽകുമ്പോഴും ഓപ്പറേഷന്‍ നടത്തുമ്പോഴും രോഗിയുടെ ജീവന് ഗ്യാരണ്ടിയില്ല എന്ന് ബന്ധുക്കളിൽ നിന്നും എഴുതി വാങ്ങുന്ന ഡോക്ടർമാരാണ് എന്നെ വിമർശിക്കുന്നത്. ഏകദേശം 190 പാമ്പ് പിടുത്തക്കാർ ഇന്ന് ഈ മേഖലയിലുണ്ട്. ഭൂരിഭാഗം പേരും ചെയ്യുന്ന ജോലിക്ക് പ്രതിഫലവും വാങ്ങും. പ്രതിഫലം വാങ്ങാതെയാണ് ഞാൻ ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഫോൺ വിളി എത്തുന്ന മുറയ്ക്ക് എവിടെയാണെങ്കിലും ഓടിയെത്തുകയാണ് പതിവ്. എന്നിട്ടും എന്നെ തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.

vava-1

കണ്ണിൽ കാണുന്ന പാമ്പുകളെ തല്ലിക്കൊല്ലുന്നതായിരുന്നു ഇവിടുത്തെ രീതി. അതിൽ നിന്നെല്ലാം മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പാമ്പുകളെ രക്ഷിക്കാനും സംരക്ഷിക്കാനും ഈ സമൂഹത്തെ പഠിപ്പിച്ചതിൽ എനിക്കും പങ്കുണ്ട്. പാമ്പുകളെ പിടിച്ച ശേഷം അവയെ പ്രദർശിപ്പിക്കുന്നത് ജനങ്ങൾക്ക് അവയോടുള്ള ഭയം മാറുന്നതിനാണ്. അല്ലാതെ എനിക്ക് താരമാകാനല്ല. കണ്ടാലുടൻ തല്ലിക്കൊല്ലേണ്ട ഇനമല്ല പാമ്പുകൾ എന്ന സന്ദേശം നൽകുന്നതിനാണ്. ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ് പ്രകാരം പെരുമ്പാമ്പിനെ കൊന്നാല്‍ എട്ടു വർഷത്തെ തടവ് ശിക്ഷയാണ്. അത്തരം കുറ്റങ്ങൾ ചെയ്യുന്ന എത്ര പേർക്കെതിരെ ഇവിടെ കേസ് എടുത്തിട്ടുണ്ട്. അതിനെ കുറിച്ചൊന്നും ചർച്ച ചെയ്യാതെ എനിക്കെതിരെ ആക്രമണം അഴിച്ചു വിടുന്നത് സങ്കടകരമാണ്. – വാവയുടെ വാക്കുകളിൽ നിരാശ.

Tags:
  • Social Media Viral