Monday 30 March 2020 04:25 PM IST

ഈ വെളുത്ത സുന്ദരക്കുട്ടന്‍ ആള് വിദേശിയോ? ലോക ഇഡ്ഡലി ദിനത്തിൽ അറിയാൻ ചില രുചിയുള്ള വിശേഷങ്ങൾ

V N Rakhi

Sub Editor

IDALLIDAY

കൊറോണക്കാലത്തും കൂടെ നിര്‍ത്തിക്കോളൂ നമ്മുടെ സ്വന്തം ഇഡ്ഡലിയെ ഇന്ന് ലോകഇഡ്ഡലി ദിനം അരിയും ഉഴുന്നും... അനുപാതം കൃത്യമാണെങ്കില്‍ നല്ല പഞ്ഞിപോലിരിക്കും. ഒരു കഷണമെടുത്ത് സാമ്പാറിലോ ഉള്ളി ചട്ണിയിലോ തേങ്ങാ ചമ്മന്തിയിലോ മുക്കിയൊന്നു വായിലിട്ടാല്‍ മേഘത്തുണ്ട്, പാര്‍ക്കിലെ സ്ലൈഡില്‍ ഉരസിയിറങ്ങുന്ന പോലെ അങ്ങ് ഇറങ്ങിപ്പോകുന്നത് അറിയുക പോലുമില്ല. വയറ്റിലെത്തിയാലും വലിയ ബഹളമൊന്നുമില്ലാതെ, ശല്യമുണ്ടാക്കാതെയങ്ങ് ദഹിച്ചു പൊയ്‌ക്കോളും. അനുപാതത്തില്‍ ചെറിയൊരു പിഴവ് വന്നാലോ... പിന്നെയീ പറഞ്ഞ സുഖമൊന്നും അനുഭവിക്കാനാകില്ല.

അതേന്നേയ്... നമ്മുടെ ഇഡ്ഡലിയുടെ കാര്യം തന്നെ. ഓ, ഇതൊക്കെ എന്ത് എന്ന് പുച്ഛിക്കാന്‍ വരട്ടെ. വിചാരിക്കുന്നത്ര ഈസിയല്ല നല്ല പതുപതുത്ത ഇഡ്ഡലിയുണ്ടാക്കാന്‍ എന്ന് അനുഭവജ്ഞാനമുള്ളവര്‍ പറയും. ഇഡ്ഡലി പ്രേമികള്‍ കാത്തിരുന്ന ആ ദിനമാണിന്ന്. ലോക ഇഡ്ഡലി ദിനം. 2015ല്‍ ചെന്നൈയിലെ ഇഡ്ഡലി കേറ്ററര്‍ ആയ ഇനിയവന്‍ തുടങ്ങി വച്ചതാണ് മാര്‍ച്ച് 30ലെ ഇഡ്ഡലി ദിനാഘോഷം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ജനിച്ച് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാരുടെ പ്രിയവിഭവമായി ഇന്നും മാറ്റമില്ലാതെ തുടരുന്ന വണ്‍ ആന്‍ഡ് ഓണ്‍ലി ഇഡ്ഡലി.

പരമ്പരാഗതമായി ഫെര്‍മെന്റഡ് ഫൂഡ് ഉപയോഗിച്ചു വരുന്ന ഇന്തൊനീഷ്യയാണ് ഇഡ്ഡലിയുടെ ജന്‍മരാജ്യം എന്നാണ് ചില ഫൂഡ് ഹിസ്റ്റോറിയന്‍മാര്‍ പറയുന്നത്. പല പുരാതന കന്നഡ, സംസ്‌കൃത ഭാഷാഗ്രന്ഥങ്ങളില്‍ ഇഡ്ഡലിഗേ, ഇഡ്ഡരിക തുടങ്ങി പല പേരുകളില്‍ ഇഡ്ഡലിയുമായി സാമ്യമുള്ള വിഭവങ്ങളെപ്പറ്റി പറയുന്നുണ്ടത്രേ. എന്തൊക്കെയായാലും, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ,ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും ദേശീയവിഭവപ്പട്ടികയില്‍ ഇടംനേടിയിട്ടുണ്ട് ഇഡ്ഡലി. എന്തൊക്കെ ചെയ്തിട്ടും ഈ ഇഡ്ഡലിയെന്താ കല്ലുപോലെ എന്നു ഇഡ്ഡലിയോടു ചൂടാകും മുമ്പ് മൂന്നു കാര്യങ്ങള്‍ ശ്രദ്ധിക്കണം.

1അരിയുടെയും ഉഴുന്നിന്റെയും അനുപാതം നാല് ഭാഗം അരിക്ക് ഒരു ഭാഗം ഉഴുന്ന് എന്നതാണു കണക്ക്. ഒന്നോ രണ്ടോ നുള്ള് ഉലുവയും ഇടാം. നാലു മുതല്‍ ആറു മണിക്കൂര്‍ വരെ അല്ലെങ്കില്‍ രാത്രി മുഴുവന്‍ പ്രത്യേകം പാത്രങ്ങളില്‍ കുതിര്‍ക്കാനിടണം.

2 മാവ് പുളിക്കാനെടുക്കുന്ന സമയം അരച്ചെടുത്ത അരിയും ഉഴുന്നും നല്ലപോലെ കലര്‍ത്തി പുളിക്കാന്‍ വയ്ക്കാം. പുളിച്ച് ഇരട്ടിയോളം പൊങ്ങി വന്നിട്ടുണ്ടെങ്കില്‍ പഞ്ഞിപോലുള്ള ഇഡ്ഡലി ഉറപ്പ്.

3 എത്ര നേരം ആവിയില്‍ വയ്ക്കുന്നു ഇഡ്ഡലിയുടെ വലിപ്പമനുസരിച്ച് 10 മുതല്‍ 25 മിനിറ്റ് വരെ വയ്ക്കാം. ധാന്യവും പയര്‍വര്‍ഗവും വേണ്ട അനുപാതത്തില്‍ ചേര്‍ത്ത ഇഡ്ഡലിയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രൊട്ടീന്‍, സോഡിയം, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

30 ഗ്രാം ഇഡ്ഡലിയില്‍ നിന്ന് 40 കാലറി ഊര്‍ജം കിട്ടും ശരീരത്തിന്. ഇഡ്ഡലി പോലെ കൊഴുക്കട്ട, അട തുടങ്ങി ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ ദഹിക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ദഹനക്കേട് വരാതെ പോഷണലഭ്യത ഉറപ്പാക്കുന്ന ഇത്തരം പലഹാരങ്ങള്‍ ഈ സമയത്ത് ബുദ്ധിപൂര്‍വം കഴിക്കൂ. ആരോഗ്യത്തോടെ നേരിടാം കൊറോണയെ...