Saturday 30 June 2018 12:52 PM IST

ഷോപ്പിങ്ങിന് പോകുകയാണോ? ഇതാ, മികച്ച ഫാഷൻ ഡിസൈനർമാരുടെ നിർദേശങ്ങൾ അടങ്ങിയ പെർഫെക്ട് ഷോപ്പിങ് ഗൈഡ്

Lakshmi Premkumar

Sub Editor

shopping1

ഇഷ്ടപ്പെട്ടെടുത്ത വസ്ത്രമണിഞ്ഞ് ചെല്ലുമ്പോൾ നാലാളുകൾ നല്ല അഭിപ്രായം പറഞ്ഞാൽ ആ ദിവസം ധന്യമാകാൻ മറ്റൊന്നും വേണ്ട. കണ്ണാടിക്കുള്ളിലൂടെ മനസ്സു മയക്കിയ ഒരു വസ്ത്രത്തെ കണ്ണു വച്ച് ഇത് എന്റേതെന്ന് മനസ്സിലുറപ്പിച്ച്, വീടെത്തും വരെ അതിന്റെ നൂലുകൾ കോർത്തിണക്കി സ്വപ്നങ്ങൾ നെയ്ത് നെയ്ത്... പിന്നെ അതണിഞ്ഞ് ഡ്രസ്സിങ് ടേബിളിനു മുന്നിൽ നിൽക്കുമ്പോൾ കിട്ടുന്ന ആ സന്തോഷം. ഏറ്റവും പുതിയ ട്രെൻഡും സ്‌റ്റൈലും കളറും എല്ലാം ഒത്തു കിട്ടിയാൽ മാത്രമേ സന്തോഷം അതിന്റെ പൂർണതയിലെത്തൂ.

വസ്ത്രങ്ങൾ വാങ്ങാൻ ഏറ്റവും ഇണങ്ങിയ സമയമാണിത്. ജൂലൈ മാസത്തിലാണ് വസ്ത്ര വിപണികൾ പുതിയ ട്രെൻഡുകൾ അവതരിപ്പിക്കുന്നത്. വിദേശത്തു നിന്ന് ലീവിനു വന്ന് നാട്ടിൽ ആഘോഷമായി ഷോപ്പിങ് നടത്തുന്ന എൻആർഐ കുടുംബങ്ങൾക്കായും ചിങ്ങത്തിൽ തുടങ്ങുന്ന കല്യാണമേളങ്ങൾക്കായും വസ്ത്ര വിസ്മയത്തിന്റെ പുത്തൻ വാതിലുകൾ തുറന്നിടുന്ന സമയമാണിത്. ഇതാ, വസ്ത്രങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡുകൾ. ഒപ്പം മികച്ച ഫാഷൻ ഡിസൈനർമാരുടെ മാർഗനിർദ്ദേശങ്ങളും.

നോട്ട് ഔട്ട് പട്ടു സാരി

ഒരായിരം സാരി മുന്നിൽ കാണുമ്പോൾ ഇതിലേതാണ് നല്ലത് എന്നതിനേക്കാൾ കൂടുതൽ ടെൻഷൻ, മറ്റുള്ളവരിലും ഒരു പിടി മുന്നിൽ നിൽക്കണമല്ലോ എന്നല്ലേ? അതുകൊണ്ടു തന്നെയാണ് പട്ടു സാരികൾ ഒരിക്കലും നോട്ട് ഔട്ട് ആകാതെ ക്രീസിൽ നിൽക്കുന്നതും. ഏതു മോഡൽ സാരികൾ വിപണിയിലെത്തിയാലും എല്ലാ കാലത്തും ഡിമാൻഡ് നമ്മുടെ പാരമ്പര്യ പട്ടു സാരികൾക്ക് തന്നെ.

പട്ടു സാരിയായാൽ എലഗൻസ് വേണം. എഴുപതു കഴിഞ്ഞ മുത്തശ്ശിക്ക് ബോർഡർ ഉള്ള ഒാഫ് വൈറ്റ് അല്ലെങ്കിൽ ഇളം നിറങ്ങളിലെ സാരികൾ ആയിരുന്നു ഇന്നലെ വരെ. ഇന്നത്തെ ട്രെൻഡ് ക്രീമിലും ഓഫ് വൈറ്റിലും ബെയ്ജിലും, കട്ട് വർക്കും ത്രെഡ് വർക്കും ചെയ്ത സാരികളാണ്. പട്ടിൽ തന്നെ മൾട്ടികളറും ബ്രൊക്കേഡും മുന്നിലുണ്ട്. ഇരുപതുകാരി കൊച്ചുമോൾക്കാണെങ്കിൽ ഫ്യൂഷൻ, നിയോൺ കളർ കോംബിനേഷൻ തിരഞ്ഞെടുക്കാം. രുദ്രാക്ഷ പട്ട് , ഇരുതല പക്ഷി, പീകോക്ക് , എലിഫന്റ് , ജഡായു നഖം, എന്നിങ്ങനെ വ്യത്യസ്ത ഡിസൈനുകൾ പരീക്ഷിച്ച് ഒാരോ പട്ടു സാരിയും മികച്ചതും ട്രെൻഡിയുമായാണ് എത്തുന്നത്.

പെൺകുട്ടികൾ സ്വപ്നം പോലെ തുന്നിയെടുക്കുന്നതാണ് വിവാഹ ദിനം. മാസങ്ങളുടെ തയാറെടുപ്പുകളും, ബഹളങ്ങളും ട്രയലുകളും കളർ കോംബിനേഷനുകളും മിക്സ് മാച്ചിങ്ങും തുടങ്ങി ആ ദിനത്തിനായുള്ള ഒരുക്കങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. കല്യാണനാൾ മനോഹരമാക്കാൻ ഇപ്പോൾ മുന്നിലുള്ളത് ലൈറ്റ് വെയ്റ്റ് സാരികളാണ്. കനം തൂങ്ങിയ പട്ടു സാരിയും താങ്ങി നടക്കാൻ വയ്യെന്നാണ് പെൺകുട്ടികളുടെ പക്ഷം. അപ്പോൾ പിന്നെ ഏറ്റവും കനം കുറഞ്ഞ സാരി ഇറക്കാനുള്ള മത്സരത്തിലാണ് മാർക്കറ്റും.

കനമില്ലാ പട്ട്

ഒരു തൂവലിന്റെ കനമേയുള്ളൂ ഈ സാരിക്ക്. കല്ല്യാൺ സിൽക്സിന്റെ എക്സ്ക്ലൂസീവ് കളക്‌ഷനിൽ നിവർന്ന ലൈറ്റ് വെയ്റ്റ് ബ്രൈഡൽ കളക്‌ഷന്റെ പേര് ‘സൂപ്പർ ഫെദർ ലൈറ്റ്’. ഒറ്റ നോട്ടത്തിൽ ആരുടേയും കണ്ണഞ്ചിപ്പിക്കുന്ന ചുവന്ന സാരി കൈയിലെടുക്കുമ്പോൾ ഒരു പക്ഷിത്തൂവൽ പോലെ മൃദുലവും കനക്കുറവും. കല്ല്യാണ പെണ്ണിന് മാത്രമല്ല, പട്ടു സാരിയെ പ്രണയിക്കുന്നവരുടെയെല്ലാം മോസ്റ്റ് ഫേവറിറ്റ് ആണിത്. ഭാരം കുറയുമ്പോൾ വിലയൽപം കയറുമെങ്കിലും ഇന്നത്തെ ഏറ്റവും ട്രെൻഡി ലൈറ്റ്‌ വെയ്റ്റ് സാരികൾ തന്നെ. ഇനിയുമേറെ വിസ്മയങ്ങൾ പ്രതീക്ഷിക്കാം, സ്വർണ്ണ നൂലുകളും വർണ്ണ നൂലുകളും തറികളിൽ പുതിയ പരീക്ഷണങ്ങൾക്ക് വിധേയപ്പെടുമ്പോൾ.....

ബ്രൊക്കേഡ് ഈസ് ഫേവറിറ്റ്

ബ്ലൗസിൽ മാത്രമായിരുന്നു ഇടക്കാലത്ത് ബ്രൊക്കേഡ് ട്രെൻഡായിരുന്നത്. എന്നാല്‍ ഇപ്പോൾ ഫുൾ ബ്രൊക്കേഡ് സാരി ആളുകൾ സ്നേഹത്തോടെ നെഞ്ചോടു ചേർക്കുന്നു. ബ്രൊക്കേഡ് വർക്കുകളോടു കൂടിയ പട്ടു സാരികളും ഫാൻസി സാരികളും ഏറെ പുതുമയുള്ളതാണ്. ബ്രൊക്കേഡ് വിത്ത് ബോർഡർ സാരികളും സിംപിൾ ബ്രൊക്കേഡ് വർക്കോടു കൂടിയ നെറ്റ് സാരികളും ചന്ദേരി സാരികളുമെല്ലാം ഇപ്പോൾ ഒഴുകിത്തുടങ്ങിയിട്ടുണ്ട്.

ബ്രൊക്കേഡ് സാരിയിലെ സ്‌റ്റോൺ വർക്കുകൾ പാടെ ഔട്ടായി. വിവാഹ മാർക്കറ്റിലായിരുന്നു സ്‌റ്റോൺ വർക്കുകൾ ഏറെ പ്രിയപ്പെട്ടതായിരുന്നത്. എന്നാൽ ഹെവിയായ സ്റ്റോൺ വർക്കുകൾക്ക് ഇപ്പോൾ ആവശ്യക്കാർ കുറവാണ്. ജോർജറ്റ് സാരിയിലെ ബ്രൊക്കേഡ് വർക്കുകളും സ്‌റ്റോൺ വർക്കുകളും ഔട്ട് ഓഫ് ഫാഷൻ തന്നെ.

നിറം മാറണോ ?

പിങ്കും പിങ്കിന്റെ ഷേഡുകളും ചുവപ്പും ചുവപ്പിന്റെ ഷേഡുകളും... കല്യാണങ്ങളിൽ ഇതു വിട്ടൊരു കളിയില്ല മലയാളികൾക്ക്. കല്യാണപ്പെണ്ണിന് മെറൂണും ചുവപ്പുമാണ് ഏറ്റവും പ്രിയം. ചുവപ്പിൽ ഗോൾഡൻ നിറം ചേരുമ്പോൾ ഉണ്ടാകുന്ന ഭംഗിയിൽ നിന്നും മാറി ചിന്തിക്കാൻ തയാറല്ല നമ്മൾ. അതു കൊണ്ട് തന്നെ പട്ടു സാരിയിൽ ഇപ്പോഴും ട്രെൻഡ് ഈ നിറങ്ങൾ തന്നെ.

എന്നാൽ വിവാഹത്തിന് വ്യത്യസ്തത വരുത്താനായി പുതിയ നിറങ്ങൾ പരീക്ഷിക്കാൻ ന്യൂജെൻ മണവാട്ടികൾ തയാറുകുന്നുണ്ടെന്നാണ് ഫാഷൻ സ്പെഷലിസ്റ്റ് ബീനാ കണ്ണന്റെ അഭിപ്രായം. ‘‘ബ്ലൂവിന്റെ ഷെയ്ഡുകൾക്കും നിയോൺ ഗ്രീൻ കളർ കോംബിനേഷനുകൾക്കും ഇപ്പോൾ ഡിമാൻഡുണ്ട്. ത്രീഡി സാരികളാണ് ഈ വർഷം ശീമാട്ടി ഒരുക്കുന്ന ഏറ്റവും പുതിയ ട്രെൻഡ്. പ്ലെയ്ൻ വിത്ത് ബോർഡർ സാരികളിൽ ഹെവി വർക്കോടു കൂടിയ കോൺട്രാസ്റ്റ് ബ്ലൗസുകള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറെയാണ്.’’

shopping3

ഡിസൈനർ വെയർ ഇൻ

‘‘എന്റെ സങ്കൽപങ്ങളെ മറ്റാരെക്കാളും മനസ്സിലാക്കാൻ കഴിയുക ഒരു ഡിസൈനർക്കാണ്.’’ പാർട്ടി വെയറിനായി കടകളായ കടകൾ മുഴുവൻ കയറിയിറങ്ങി തിരിച്ചെത്തിയാൽ പല പെൺകുട്ടികളും ഇങ്ങനെ പറയാറുണ്ട്.

പുതുതലമുറ ഏറ്റവും പുതിയ ട്രെൻഡ് തേടി പോയപ്പോൾ അവരുടെ സ്വപ്നങ്ങളെ ചിറകിലേറ്റാൻ മാത്രമായി ഡിസൈനർ വെയർ എന്ന പുതിയ ഫാഷൻ ലോകം തുറന്നു. ഇപ്പോൾ മണവാട്ടിക്കു മാത്രമല്ല അടുത്ത ബന്ധുക്കൾക്കു പോലുമുള്ള വസ്ത്രങ്ങൾ അവരുടെ ഇഷ്ടത്തിന് ഡിസൈൻ ചെയ്ത് നൽകുകയാണ് ചെയ്യാറ്.

കൊച്ചിയിലെ ഡിസൈനർ ഷോപ്പായ മിലന്റെ ഉടമയും ഡിസൈനറുമായ ഷേർലി റെജിമോൻ പറയുന്നു. ‘‘ക്രിസ്ത്യൻ ബ്രൈഡ്സാണ് കൂടുതലും ഡിസൈനർ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. വെള്ള, ക്രീം, പൗഡർ പിങ്ക്, ഗോൾഡൻ ഇത്രയൊക്കെയേ ക്രിസ്ത്യൻ വധുവിന് നിറങ്ങളുള്ളൂ. അതുകൊണ്ട് അവർ സാരിയിലും ബ്ലൗസിലും ഡിസൈൻ വ്യത്യസ്തതകൾ ആഗ്രഹിക്കും.

പേൾ വർക്കിനാണ് ആവശ്യക്കാർ ഏറെയുള്ളത്. പാർട്ടികൾ, വിവാഹ റിസപ്ഷൻ എന്നിവയ്ക്കായി ഗൗണുകളാണ് ഇപ്പോൾ ട്രെൻഡ്. ഗൗൺ ഇട്ടു കഴിഞ്ഞാൽ സാരിയുടുത്തപോലെ ഉണ്ടാകും, റിസപ്ഷൻ വേദികളിൽ പെൺകുട്ടികൾക്ക് ഏറെ പ്രിയം ഈ ഗൗണിനോടാണ്’’.

ലൈറ്റ് കളറിൽ പേൾ വർക്ക്, ആരി വർക്ക് എന്നിവയ്ക്ക് ഇപ്പോഴും ആവശ്യക്കാരേറെയാണ്. ഗൗണിൽ വിവിധ രീതിയിലെ കട്ടിങ്ങുകളും ട്രെൻഡാണ്. കഴുത്തിലും പുറകിലും സ്ലീവുകളിലും വിവിധ രീതിയിൽ കട്ടിങ് ചെയ്യാം. റോയൽ ബ്ലൂവും നിയോൺ കളേഴ്സും ഇനി കുറച്ച് കാലത്തേക്കു മാറ്റി വയ്ക്കാം. ഫ്ലോറൽ ഡിസൈനും ജ്വല്ലറി ഡിസൈനും പാടെ ഔട്ട് ആയി. ഇനിയിപ്പോ ഷോപ്പിങ്ങിന് പോകുമ്പോള്‍ ഇതു രണ്ടും വാങ്ങി ഔട്ട് ഓഫ് ഫാഷൻ ആകല്ലേ.

ഉടുപ്പു മാത്രം മതിയെനിക്ക്

കുട്ടിയായിരുന്നപ്പോൾ ഉടുപ്പ് വേണ്ട ചുരിദാർ മതിയെന്ന് വാശി പിടിച്ച മകൾക്കിപ്പോൾ കോളജിൽ പോകാൻ ഫ്രോക്ക് മതി. അമ്മക്ക് ഡിമാൻഡ് ഒന്നേയുള്ളൂ, നല്ല നീളമുള്ള ഒരു മാക്സി ഡ്രസ്സ് തനിക്കും വേണം. കാരണം, ഏതു പ്രായക്കാർക്കും അണിയാൻ കഴിയുന്ന നീളമുള്ള മാക്സി ഡ്രസ്സ് ആണ് ഇപ്പോൾ ട്രെൻഡെന്ന് അച്ഛനറിയില്ലല്ലോ.

shopping2

കോട്ടൻ മെറ്റീരിയലിൽ സിംപിൾ വർക്കുകളോടു കൂടിയ ഇൻഡോ വെസ്റ്റേൺ ഡ്രസ്സിനോടാണ് ഇപ്പോൾ യുവത്വത്തിന് പ്രിയം. കാഷ്വലായി അണിയാം, ഒരു ഹെവി ഡിസൈൻ മാലയിട്ടാൽ ഫങ്ഷൻ വെയറായിട്ടും ഉപയോഗിക്കാം എന്ന മൾട്ടി പർപ്പസും ഈ ന്യൂ ജെൻ ഡ്രസ്സിനുണ്ട്.

നീ ലെങ്തിൽ റെഡിമെഡ് വാങ്ങുന്നതിനൊപ്പം തന്നെ ഇഷ്ടപ്പെട്ട മെറ്റീരിയലിൽ തങ്ങളുടെ ഇഷ്ടങ്ങൾ പറഞ്ഞു കൊടുത്ത് ഡിസൈൻ ചെയ്യിക്കുന്നവരുമുണ്ട്. കലംകാരി, ഇക്കത്ത് വർക്കുകളും, പ്ലെയിന്‍ നിറത്തിൽ പല കളറിലുള്ള ടസൽസ് വർക്ക് ചെയ്ത ഡ്രസ്സുകളുമാണ് ഡിമാൻഡിൽ മുന്നിൽ.

എവർ ഫേവറിറ്റ് ജീന്‍സ്

ഡാർക്ക് ബ്ലൂ ജീൻസിന്റെ മുകളറ്റം മുതൽ താഴെ വരെ വരഞ്ഞ് കീറിയപോലെ. ചില കീറലുകൾക്കിടയിലൂടെ ശരീരം അൽപം പുറത്തു കാണാം. ഇതാണ് ഇപ്പോൾ ക്യാംപസിലെ ട്രെൻഡ്. കാഷ്വൽ ഡ്രസ്സിൽ ഒരിക്കലും ഔട്ടാകാത്ത ഫാഷനാണ് ജീൻസും ടോപ്പും. ഷർട്ട്, ടുനീക്സ്, ടീസ് എന്നിവയും ജീൻസിനൊപ്പം അണിയാൻ സുന്ദരിമാരുടെ ഇഷ്ട വേഷങ്ങളാണ്. അലസമായി ഒരു സ്‌റ്റോൾ കൂടെ കഴുത്തിൽ ചുറ്റിയാൽ പെർഫെക്ട്. ഓഫീസ് യൂസിനാണെങ്കിലും ഫോർമൽ മീറ്റിങ്ങിനായാലും ജീൻസ് വിട്ടൊരു കളിയില്ല.

ഡെനിം മെറ്റീരിയലിൽ വരുന്ന ഡെങ്കിരീസും ഇപ്പോൾ യൂത്തിന്റെ ഫേവറിറ്റ് ആണ്. സ്ലീവ്‌ലെസ്സ് ടോപ്പും, ഫുൾ സ്ലീവ് ടോപ്പും, ഇതിനൊപ്പം ഒരുപോലെ ചേരും എന്നതാണു മറ്റൊരു ഹൈലൈറ്റ്.

ലോങ് ലോങ് കുർത്ത

ചെറിയ ടോപ്പും ലോങ് ലെങ്ത് പാട്യാല പാന്റും പെൺകുട്ടികളുടെ പ്രിയ വസ്ത്രമായിരുന്നത് ദാ, ഇന്നലെയായിരുന്നു. ഇന്ന് നേരെ മറിച്ചാണ്. ലോങ് ടോപ്പും ആങ്കിൾ ലെങ്ത് പാന്റ്സുമാണ് ഫാഷൻ ലോകം അടക്കി വാഴുന്നത്. ആങ്കിൾ ലെങ്ത് പാന്റുകൾ ലെഗിങ്സായും കോട്ടൻ ട്രൗസേഴ്സായും പലാസോ പാന്റായും എത്തുന്നുണ്ടെന്നതാണ് പുതിയ വാർത്ത.

കുർത്തകൾ പുതിയ ഫാഷൻ പരീക്ഷിക്കുന്നത് കട്ട് ഔട്ടുകളിലാണ്. ഫ്ലോർ ലെങ്ത് അനാർക്കലികളാണ് കൂടുതലും ആഘോഷങ്ങൾക്കായി തിരഞ്ഞെടുക്കുന്നത്. പാർട്ടി വെയറായി സിംപിൾ കുർത്ത തിരഞ്ഞെടുക്കുന്നവർ വ്യത്യസ്തങ്ങളായ ഇംപോർട്ടഡ് മെറ്റീരിയലിനാണ് പ്രാധാന്യം നൽകുന്നത്.

കുർത്തകളിൽ പുതിയ തരംഗമായിരുന്ന ബോട്ട് നെക്ക് പതിയെ മായുന്നു. പകരം ജ്വൽ നെക്കാണ് വരാൻ പോകുന്ന ട്രെൻഡ്. ബോട്ട് നെക്കിലും അൽപം കൂടി കയറി, ഒരു നെക്ക് പീസ് ഇട്ട ഫീലാണ് ഈ ലുക്ക് നൽകുന്നത്. ഹെവി വർക്കോടു കൂടിയ ലോങ് ജാക്കറ്റുകളുള്ള കുർത്തകളും പാർട്ടിവെയറിൽ ട്രെൻഡാണ്. ട്രഡീഷനൽ പ്രിന്റുകളോടു കൂടിയ ജാക്കറ്റുകള്‍ക്കും ഡിമാൻഡുണ്ട്.

കല്യാണപ്പെണ്ണിന് പരമ്പരാഗത ശൈലി

ട്രഡീഷനൽ പട്ടാണ് ഹിന്ദു വിവാഹത്തിൽ പെൺകുട്ടികൾക്കു പ്രിയപ്പെട്ടത്. ഗോൾഡൻ മിക്സിൽ ചെക്കുകളോടു കൂടിയ ഒറിജിനൽ പട്ടും പ്ലെയ്ൻ വിത്ത് ബോർഡറിനുമാണ് ആവശ്യക്കാരേറെ. ഗോൾഡിനൊപ്പം തന്നെ സിൽവർ കസവും മിക്സ് ചെയ്ത ട്രെൻഡാണ് ജയലക്ഷ്മിയുടെ ബ്രൈഡൽ സ്പെഷൽ. ബനാറസിയും മുഗൾ പട്ടും എന്നും പ്രിയപ്പെട്ട താണ്. സിൽക്ക് സാരിയിൽ വീതി കൂടിയ ബോർഡറുകളാണ് ജയലക്ഷ്മി ഒരുക്കുന്ന വ്യത്യസ്തതകൾ.

ക്രിസ്ത്യൻ ബ്രൈഡ്സ് ഇപ്പോൾ തനത് വെള്ള നിറത്തിൽ നിന്നും അൽപം കൂടി വ്യത്യസ്തമായ കളറുകളാണ് വിവാഹത്തിനായി തിരഞ്ഞെടുക്കുന്നത്. ഷാംപെയിൻ നിറം ഇപ്പോൾ ക്രിസ്ത്യൻ ബ്രൈഡ്സിന്റെ ഫേവറിറ്റാണ്. ഗോൾഡൻ നിറത്തിൽ പേൾ വർക്ക് ചെയ്തതും ലൈറ്റ് ബെയ്ജ് കളറിൽ സ്‌റ്റോണും കട്ട് വർക്കോടു കൂടിയതും ഓഫ് വൈറ്റിൽ ത്രെഡ് വർക്കുമാണ് ഇപ്പോഴത്തെ ട്രെൻഡ്. ഓഫ് ഷോൾഡറും ക്രേപ്‌ലെറ്റും തരംഗമാണ്.

ലോങ് ടോപ്പുകളോടു കൂടിയ ലെഹംഗ. ഹെവി വർക്ക് ലോങ് ഓവർകോട്ടും പ്ലെയ്ൻ സ്കർട്ട് വിത്ത് ടോപ്പുമാണ് മുസ്ലീം ബ്രൈഡ്സിന്റെ ഇഷ്ടവേഷങ്ങൾ. വെൽവെറ്റ് പാറ്റേണിൽ വരുന്ന ലൈറ്റ് വെയ്റ്റ് വെൽവെറ്റിൽ വർക്കുകളോടു കൂടിയ ലോങ് സ്കർട്ടും ക്രോപ്പ് ടോപ്പും ട്രെൻഡിൽ മുന്നിൽ തന്നെയുണ്ട്. എന്നാൽ മൾട്ടി ഫാബ്രിക് ഉപയോഗിച്ചുള്ള ലെഹംഗകളാണ് ജയലക്ഷ്മി ഒരുക്കിയിട്ടുള്ള പുതു ശ്രേണി. ക ടും നിറങ്ങളിൽ ഗോൾഡൻ വർക്കുകളോടു കൂടിയ ഈ പാർട്ടി വെയറാണ് ഇനി വരാൻ പോകുന്ന തരംഗം.

കളർഫുൾ ബ്ലൗസ്

നാട്ടിൽ വന്നു കഴിഞ്ഞാൽ പെട്ടന്നായിരിക്കും വിവാഹങ്ങളും ആഘോഷങ്ങളും വരിക. സാരിയെടുക്കാനും ബ്ലൗസ് തയ്പ്പിക്കാനുമുള്ള സമയവുമില്ല. അപ്പോൾ പിന്നെ ഏക പോംവഴി ഒരു സൂപ്പർ റെഡിമെയ്ഡ് ബ്ലൗസ് വാങ്ങുക മാത്രമാണ്. വിവിധ ഫാഷനിൽ വ്യത്യസ്ത നിറങ്ങളിൽ, അലങ്കാരങ്ങളിൽ, സിംപിളായും ഹെവിയായും ഡിസൈനർ ബ്ലൗസുകൾ നിരവധിയാണ്. സാരി പുതിയതല്ലെങ്കിലും നോ പ്രോബ്ളം, ബ്ലൗസിന്റെ മനോഹാരിതയിൽ അത് അലിഞ്ഞു പോകും.

സ്കർട്ടാണ് താരം

പഴയ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിലെ പാട്ടുകൾ ടിവിയിൽ കണ്ടാൽ ഞെട്ടരുത്. ഏറ്റവും പുതിയ ഡിസൈനർ വെയർ എന്ന് പറഞ്ഞ് കസ്റ്റമൈസ്ഡ് ഡിസൈൻ ചെയ്ത് പൊന്നു പോലെ വാങ്ങിച്ച അതേ സ്കർട്ട് തന്നെയല്ലേ ഇതെന്ന് സംശയം തോന്നാം. ബ്ലൗസിന് മാത്രം അൽപസ്വൽപം മാറ്റം വരുത്തിയിട്ടുണ്ടെന്നു മാത്രം. എഴുപതുകളിലെ മാക്സി പാവാടകളാണ് ഇപ്പോൾ ക്ലാസ്സി എത്‌നിക് സ്കർട്ട്സ് എന്ന പേരിൽ വിലസുന്നത്.

ഫുൾ ലെങ്ത് പാവാടകളായിരുന്നു കുറച്ചു നാൾ മുൻപ് വരെ താരം. പക്ഷേ, കാഷ്വൽ യൂസിന് ഇപ്പോൾ പ്രിയപ്പെട്ടത് ത്രീ ഫോർത് ലെങ്ത് പാവാടകളാണ്. കലംകാരിയും ഇക്കത്തും പ്രിന്റ്ഡ് സിൽക്കും സ്കർട്ട് മെറ്റീരിയലിൽ മുന്നിൽ തന്നെയുണ്ട്. പ്ലെയിൻ ക്രോപ്പ് ടോപ്പാണ് ഇവയ്ക്കു കൂട്ടിനായി എത്തുന്നത്.

ആഘോഷങ്ങൾക്ക് ഇപ്പോഴും ഫുൾ സ്കർട്ടില്ലാതെ പറ്റില്ല. സിൽക്കിലും ക്രേപ്പിലും സിംപിൾ വർക്കുകളോടു കൂടിയ സ്കർട്ടും ക്രോപ്പ് ടോപ്പ് വിത്ത് കോളറും ട്രെൻഡിൽ ഒന്നാം സ്ഥാനത്ത് തന്നെയാണിപ്പോഴും. നിയോൺ കളറിൽ മിക്സ് ആൻഡ് മാച്ച് കോംബിനേഷൻസിനൊപ്പം ലൈറ്റ് ഷെയ്ഡുകൾക്കും പ്രിയമേറെയാണ്.

അൽപം ഡൾ ആയിക്കോട്ടെ

കുറച്ചു നാളായി വസ്ത്രങ്ങളിൽ ഡൾ ഷെയ്ഡുകളാണ് ആളുകൾക്ക് ഇഷ്ടം. ഇംഗ്ലീഷ് ഷെയ്ഡ്സ് എന്നറിയപ്പെടുന്ന ഗ്രേ, ക്യാമൽ കളർ, ലൈറ്റ് പീച്ച്... ഇവയൊക്കെ ഇപ്പോൾ താരമാണ്. റോയൽ ബ്ലൂവിനും ചുവപ്പിന്റെ ഷെയ്ഡുകള്‍ക്കും എല്ലാ കാലത്തും ആവശ്യക്കാരുണ്ട്. ഏറ്റവും കൂടുതൽ ആവശ്യക്കാർ തേടിയെത്തുന്ന നിറമാണ് ഷാംപെയിൻ കളർ. ഇന്റർനാഷനൽ ഫാഷൻ ലോകത്ത് അടുത്ത ഒരു വർഷത്തെ നിറങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത് ലൈറ്റ് പേസ്റ്റൽ നിറങ്ങളാണ്. ലൈറ്റ് മി ന്റ് ഗ്രീൻ, പൗഡർ പിങ്ക്, പൗഡർ പീച്ച്, പൗഡർ ബ്ലൂ എന്നിവയെല്ലാം ഇനിവരുന്ന കളർ ട്രെൻഡുകളാണ്.

വിവരങ്ങൾക്ക് കടപ്പാട് : ശീമാട്ടി കൊച്ചി, മിലൻ കൊച്ചി, കല്യാൺ സിൽക്സ് കൊച്ചി, ജയലക്ഷ്മി കൊച്ചി