Friday 10 January 2020 02:43 PM IST

വീടിനു മുന്നിൽ ഒരു ഫുഡ് ബാങ്ക്, തീരും മുറയ്ക്ക് അടുക്കളയിൽ നിന്ന് പൊതിയെത്തും! നന്മ വിളമ്പി ഖാദർ സാഹിബ്

Binsha Muhammed

abdul-khader

ലോകത്തില്‍ വച്ച് ഏറ്റവും രുചിയുള്ള വിഭവം ‘വിശപ്പാണത്രേ...’ എരിയുന്ന വയറിലേക്ക് പകരുന്നതെന്തിനും വലിയ സ്വദാണ്. അത് അനുഭവിച്ചവനു മാത്രമേ ആ രുചിയുടെ റെസിപ്പി അറിയാൻ കഴിയുകയുള്ളൂ എന്ന് മാത്രം. തൃശൂർ കൊടുങ്ങല്ലൂരിലെ പുല്ലൂറ്റെന്ന കുഞ്ഞു ഗ്രാമത്തിലെ ഞാവേമ്പിൽ പറമ്പിൽ വീടിന്റെ പൂമുഖപ്പടി വിളമ്പുന്നതും അതേ റെസിപ്പിയാണ്. വിശക്കുന്നവനും വയറെരിഞ്ഞവനും ‘സ്വർഗീയ ഭക്ഷണം’ വിളമ്പുന്ന നന്മയുടെ രുചി. നേരം പന്ത്രണ്ടടിക്കുമ്പോൾ ഫുഡ് ബാങ്കെന്ന് വിളിക്കുന്ന ആ നന്മയുടെ അക്ഷയപാത്രം തുറക്കുകയായി. ശേഷം, വിശന്നു വലഞ്ഞെത്തുന്നവനേയും പട്ടിണി കിടക്കുന്നവനേയും പൂമുഖം കയ്യാട്ടി വിളിക്കും. ചോറും സാമ്പാറും തോരനും പരിപ്പും ഒഴിച്ചുകറിയുമൊക്കെയായി ഒന്നാന്തരം ഉച്ചയൂണ്. ഒരാൾക്ക് ഒരുപൊതി വീതം എടുത്ത് വിശപ്പകറ്റാം. ആ കാഴ്ചയെല്ലാം കണ്ട് മനസു നിറഞ്ഞ് ആ വീടിന്റെ ഓരം ചേർന്ന് അയാളുണ്ടാകും. പുല്ലൂറ്റുകാരുടെ പ്രിയപ്പെട്ട ഖാദറിക്ക. അതിരും അളവുമില്ലാതെ നന്മ വിളമ്പുന്ന ഫുഡ്ബാങ്കെന്ന നന്മയുടെ അമരക്കാരൻ ഞാവേലിപ്പറമ്പിൽ അബ്ദുൽ ഖാദര്‍.

ak-1

പട്ടിണിയുടെ ഭൂതകാലവും കടന്ന് പകിട്ടൊത്തൊരു ജീവിതം കൈവന്നപ്പോഴും ഖാദർ സാഹിബ് ഒന്നും മറന്നിട്ടില്ല. പണവും പ്രതാപവും അപരന്റെ കണ്ണീരൊപ്പാൻ കൂടിയാണെന്നുള്ള തിരിച്ചറിവാണ് ഖാദറിനെ ഇന്നീ കാണുന്ന നന്മയുടെ അമരക്കാരനാക്കിയത്. വിശപ്പിന് വിലയിടാനാകില്ലെന്ന വലിയ തിയറി സ്വന്തം ജീവിതത്തിൽ നിന്ന് തന്നെ പഠിച്ചെടുത്ത ഖാദറിന് ഈ ഫുഡ് ബാങ്കെന്നത് ജീവിത സാക്ഷാത്കാരമാണ്. ആ വലിയ ലക്ഷ്യം സാക്ഷാത്കാരത്തിലെത്തിയ കഥ വനിത ഓൺലൈനോട് പറഞ്ഞു തുടങ്ങുമ്പോൾ ആ അറുപത്തിയാറുകാരന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

വിശപ്പിന്റെ വിളിയറിഞ്ഞവൻ

മഹാനന്മയെന്നോ, ഔദാര്യമെന്നോ, വലിയ മനസെന്നോ ഒക്കെയുള്ള ചുരുക്കെഴുത്തുകൾ വേണ്ട. ഈ ഫുഡ് ബാങ്കും അതിലൂടെ ഞാൻ വിളമ്പുന്ന ഭക്ഷണവും എന്റെ സ്വപ്നമാണ്. അതിനേക്കാളേറെ പടച്ചവൻ എനിക്ക് നൽകിയ അനുഗ്രഹത്തിന് ഞാൻ തിരിച്ചു കാട്ടുന്ന നന്ദിയും. എന്തു കൊണ്ട് ഇങ്ങനെയൊരു ഉദ്യമത്തിനിറങ്ങി എന്ന് പലരും ചോദിക്കും. ഞാനും ഒരിക്കൽ വിശപ്പിന്റെ വേദനയറിഞ്ഞിട്ടുണ്ട് എന്നു തന്നെയാണ് ഉത്തരം– അബ്ദുൾ ഖാദർ ഓർമകളിൽ നിന്നാണ് തുടങ്ങിയത്.

ak-4

ഉപ്പ കുഞ്ഞു മുഹമ്മദിനും ഉമ്മ ബീവിക്കും ഞങ്ങൾ 9 മക്കൾ. മൂത്തയാൾ ഞാനാണ്. ഗാന്ധിയനും സാമൂഹ്യപ്രവർത്തകനുമാണ് ഉപ്പ. അദ്ദേഹം സ്വന്തം വീട്ടിലെ അടുപ്പെരിയുന്നുണ്ടോ എന്നു പോലും നോക്കാതെ മറ്റുള്ളവർക്ക് വേണ്ടി അധ്വാന വിഹിതം നീക്കി വയ്ക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് പത്ത് വയസുള്ളപ്പോഴാണ് എന്നാണെന്റെ ഓർമ. ഞാനും ഉപ്പയും കൂടി വല്ല വിധേനയും സ്വരുക്കൂട്ടിയ കാശുമായി റേഷൻ വാങ്ങാൻ പോകുവാണ്. വഴിക്കു വച്ച് ആരോ ഉപ്പയോട് ബുദ്ധിമുട്ട് പറഞ്ഞെത്തി. ഭാര്യക്ക് സുഖമില്ല, ആശുപത്രിയിൽ പോകണം എന്നൊക്കെ. രണ്ടാമതൊന്ന് ആലോചിക്കാതെ ആ മനുഷ്യൻ കയ്യിലിരുന്ന റേഷൻ കാശ് ആ മനുഷ്യന് നൽകി. റേഷനും വാങ്ങി വീട്ടിലെത്തുന്ന എന്നെയും ഉപ്പയേയും കാത്ത് വീട്ടിൽ ആളുണ്ടെന്ന് ഓർക്കണം. പക്ഷേ ആ മനുഷ്യന്‍ ചിന്തിച്ചത് മറിച്ചാണ്. ആ നന്മയും സഹാനുഭൂതിയും കണ്ടാണ് ഞാൻ വളർന്നത്. ഉപ്പ മരിച്ചു പോയി, ഉമ്മ ഇന്നും ജീവിച്ചിരിപ്പുണ്ട്. ഉപ്പ ചെയ്ത നന്മയുടെ തുടർച്ചയ്ക്ക് സാക്ഷിയായിക്കൊണ്ട്. ഈ മഹാനന്മയിൽ പങ്കാളായായിക്കൊണ്ട് ഭാര്യ സുനിതയും എനിക്കൊപ്പമുണ്ട്. ഞങ്ങൾക്ക് രണ്ട് മക്കൾ, കാമിൽ, സനിൽ.

ak-5

നന്മ ആദ്യം വിളമ്പിയത് അറബിനാട്ടിൽ

ഉപജീവനം തേടി ആദ്യം കടലു കടക്കുന്നത് ഒമാനിലേക്കാണ്. ബിസിനസ് ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കുമ്പോഴും മറ്റുള്ളവനെ സഹായിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം. എന്റെ ഉപ്പ പഠിപ്പിച്ച പാഠം. മാസങ്ങളായി ജോലിയില്ലാത്തവരേയും, വരുമാനം നിലച്ചവരേയും കൈമെയ് മറന്ന് സഹായിച്ചു. നിയമക്കുരുക്കുകളിൽ പെട്ട് ജയിലിൽ കിടക്കുന്നവർക്ക് കൈത്താങ്ങായി. ഒട്ടും അതിശയോക്തി ഇല്ലാതെ പറയട്ടെ, ബിസിനസും അതിന്റെ ലാഭവും മാത്രമായിരുന്നു എന്റെ ജീവിത ലക്ഷ്യമെങ്കിൽ ഞാനും കോടീശ്വരനായേനെ. പക്ഷേ എന്റെ വഴി അതല്ലായിരുന്നു, എന്റെ വാപ്പ പഠിപ്പിച്ചതും അതല്ലായിരുന്നു.

ak-2

ഫുഡ്ബാങ്ക് എന്ന നന്മ

സ്വന്തം കാലിൽ നിൽക്കുമ്പോൾ വിശക്കുന്നവന് ഭക്ഷണം നൽകുമെന്ന നന്മ ഞാൻ മറന്നിരുന്നില്ല. ഫു‍ഡ്ബാങ്ക് എന്ന സംരംഭം തുടങ്ങുന്നതും അങ്ങനെയാണ്. വീടിനു മുന്നിൽ ആണ് ഇത് സ്ഥാപിച്ചിട്ടുള്ളത്. വീടിനകത്തു നിന്നും പുറത്തു നിന്നും തുറക്കാവുന്ന കബോർഡ് ആണ് സ്ഥാപിച്ചിട്ടുള്ളത്. ഒരു വാതിലിൽ കൂടി ഭക്ഷണം വയ്ക്കാനും മറുവാതിലിൽ കൂടി ഭക്ഷണം എടുക്കാനുമുള്ള സൗകര്യം. കൃത്യം പന്ത്രണ്ടടിക്കുമ്പോൾ ഭക്ഷണം ആ കബോർഡിൽ ചൂടോടൈ റെഡിയായിരിക്കും. രണ്ട് ബോക്ലുകളിലായിട്ടാണ് ഭക്ഷണം വയ്ക്കുന്നത്. ഒന്നിൽ ചോറ്, അച്ചാർ, തോരൻ എന്നിവയുണ്ടാകും. രണ്ടാമത്തെ ബോക്സുകളിൽ പരിപ്പ്, ഒഴിച്ചുകറി, സാമ്പാർ എന്നിവയാണ്. ഭക്ഷണം തീർന്നു വരുന്നത് സിസിടിവിയിലൂടെ വീടിനകത്ത് കിച്ചണിലുള്ളവർക്ക് കാണാനാകും. അതു കണ്ട് തീരുന്ന മുറയ്ക്ക് അവർ ഭക്ഷണം നിറച്ചു കൊണ്ടേയിരിക്കും. രണ്ടു മണി വരെ എന്തായാലും ഭക്ഷണം ഉറപ്പായും കിട്ടും. അതു കഴിഞ്ഞു വരുന്നവരും വിഷമിക്കേണ്ട, വീടിനകത്ത് അവർക്കുള്ള ഭക്ഷണം റെഡിയായിരിക്കും. ഒരാള്‍ക്ക് ഒരു പൊതി എന്ന രീതിയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഒറ്റ ഡിമാൻഡേയുള്ളൂ ഭക്ഷണം ദുരുപയോഗം ചെയ്യരുത്.

ak3

വിശപ്പിന് വിലയില്ല

2019 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിലാണ് ഫുഡ്ബാങ്കിന് തുടക്കം കുറിക്കുന്നത്. ഈ സംരംഭം തുടങ്ങി അന്നു തൊട്ടിന്നു വരെ കണ്ണീരിന്റെ കഥകൾ മാത്രമേ കേട്ടിട്ടുള്ളൂ. ഇല്ലായ്മ വല്ലായ്മകൾ മാത്രം ബാക്കിയാക്കാനുള്ളവന് ഭക്ഷണം എത്രത്തോളം വിലപ്പെട്ടതാണെന്ന് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. ഒരിക്കൽ ഒരു ആഡംബര കാറിൽ വന്നൊരു മനുഷ്യൻ ഫുഡ് ബാങ്കിൽ നിന്നും ഭക്ഷണം എടുക്കുകയുണ്ടായി. കാറിലുണ്ടായിരുന്ന അയാളുടെ മകൾക്ക് കൊടുക്കാനാണ്. ആ കുഞ്ഞിന്റെ വിശപ്പകറ്റിയ ശേഷം അയാൾ എന്നെ തിരഞ്ഞ് വന്ന് പറഞ്ഞ വാക്കുകൾ ഞാൻ ജീവിതത്തിൽ മറക്കില്ല. അയാളുടെ പോക്കറ്റ് നിറയെ കാശുണ്ട്. പക്ഷേ കുഞ്ഞ് കരഞ്ഞ നേരത്ത് ഭക്ഷണം എത്തിക്കാൻ അയാളെ കൊണ്ടായില്ലത്രേ. സമീപത്താണെങ്കിൽ കടകളൊന്നും ഇല്ല താനും. എത്ര കാശുണ്ടായിട്ടും, അയാളുടെ മകളുടെ വിശപ്പകറ്റാൻ കഴിഞ്ഞില്ലെന്ന ബോധ്യം ആണ് അയാൾ പങ്കുവച്ചത്. കാശും പെരുമയും പത്രാസുമൊക്കെ ഒരു നേരത്തെ ഭക്ഷണത്തിനു മുന്നില്‍ ഒന്നുമല്ലാതായ നിമിഷം.

ഞാനീ ചെയ്യുന്ന നന്മയുടെ വിലയെന്താണെന്ന് മാത്രം ചോദിക്കരുത്. അതിന് വിലയിടിനാകില്ല എന്ന് എന്റെ ജീവിതം കൊണ്ട് തന്നെ മനസിലായില്ലേ. എറണാകുളത്ത് എനിക്കൊരു ഹോട്ടലുണ്ട്. അതിന്റെ ലാഭവിഹിതമാണ് ഈ നന്മയ്ക്കായി മാറ്റി വയ്ക്കുന്നത്. മരിക്കുവോളം ഈ ഉദ്യമവുമായി ഞാൻ മുന്നോട്ടു പോകും. ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടേ– അബ്ദുൾ ഖാദർ പറഞ്ഞു നിർത്തി.

Tags:
  • Inspirational Story