എത്രയോ മഞ്ഞകറുപ്പനും ഓലഞ്ഞാലിയുമൊക്കെ വീട്ടുമുറ്റത്തൂടെ നടന്നിരിക്കുന്നു... അതൊന്നും നമ്മുടെ കണ്ണില്‍പെട്ടിട്ടേയില്ല. സമയമില്ലായിരുന്നു... അങ്ങനെ പറയുന്നതാകും ശരി. എന്തുചെയ്യുമെന്നറിയാതെ, ലോക്ഡൗണിലൂടെ കുറേ സമയം നീണ്ടു നിവര്‍ന്നങ്ങനെ കിടന്നപ്പോള്‍ കുറച്ചു പേരൊക്കെ മുറ്റത്തേക്കിറങ്ങി കാഴ്ചകള്‍ ആസ്വദിച്ചു. ചിലര്‍ ഒന്നുവിടാതെ അവയെല്ലാം കാമറയിലുമാക്കി. പിന്നീടെപ്പോഴും ലോക്ഡൗണിനെക്കുറിച്ചു പറയാന്‍ രസമുള്ള ഓര്‍മകളായി. അങ്കമാലി ഡി പോള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഫോട്ടോഗ്രഫി വിഭാഗം അസിസ്റ്റന്റ് പ്രഫസറും ഫോട്ടോഗ്രഫറുമായ അഭിലാഷ് ഓങ്ങല്ലൂരിനു പറയാനുണ്ട് അത്തരം ചില ഫ്രെയിമുകളെക്കുറിച്ച്.

രണ്ടര മാസം വീടിനു ചുറ്റും നടന്നപ്പോള്‍ കണ്ണിലുടക്കിയ, മനുഷ്യന്‍ ഒഴികെയുള്ള ജീവജാലങ്ങളെല്ലാം ഫോട്ടോയ്ക്ക് വിഷയമായിട്ടുണ്ട്. പക്ഷികളും പൂവുകളും എന്നു വേണ്ട ഉറുമ്പുകളും എട്ടുകാലിയും തേനീച്ചയും വരെ. ദിവസേന ഒരു ചിത്രം എന്ന കണക്ക് തെറ്റിച്ചില്ല. ' ലോക്ഡൗണിലെ ഓരോ ദിവസവും വ്യത്യസ്തമായ ഓരോ ഫോട്ടോയിലൂടെ വീടിനു ചുറ്റുമുള്ള പ്രകൃതിയെ കൂടുതല്‍ അടുത്തറിയുകയായിരുന്നു. വീട്ടിലിരുന്നുകൊണ്ട് പ്രകൃതിയിലേക്ക് കാമറക്കണ്ണുകള്‍ തിരിച്ചുവച്ച് മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തി. ചെറുതും വലുതുമായ കാഴ്ചകളും ചിന്തകളും പങ്കിടുന്ന എഴുപതിലേറെ ഫോട്ടോകളായി. ആ ഫോട്ടോകളെല്ലാം ചേര്‍ത്ത് ലോക്ഡൗണിലെ നേട്ടമായി ഫെയ്‌സ്ബുക്കില്‍ പുതിയൊരു പേജ് തുടങ്ങി.പ്രകൃതിയോടും പച്ചപ്പിനോടും പണ്ടേ വലിയ താല്‍പര്യമായിരുന്നു. അധ്യാപനത്തിനിടയിലെ ഒഴിവുസമയങ്ങളേ അപ്പോള്‍ കിട്ടിയിരുന്നുള്ളൂ. ലോക്ഡൗണില്‍ മറ്റു ജോലികളൊന്നുമില്ലാത്തതുകൊണ്ട് രാവിലെത്തന്നെ എന്റെ ഫ്യൂജി ഫിലിം XT3 കാമറയുമായി പുറത്തിറങ്ങി. ഓരോ ദിവസവും ഓരോന്നിനു പുറകെ പോയി. മയിലും കുറിക്കണ്ണന്‍ കാട്ടുപുള്ളും നീലപ്പൊന്‍മാനും അങ്ങനെ രസമുള്ള കുറച്ച് കാഴ്ചകള്‍. വീട്ടിലെ പൂവും ചെടിയുമൊന്നും കഴിഞ്ഞില്ലേ എന്നു ചിലര്‍ കളിയാക്കി. എന്നാലും ലോക്ഡൗണിലെ ഓരോ ദിവസവും പൊസിറ്റിവ് ആക്കാന്‍ ആ ഒരു ക്ലിക്കിന് കഴിഞ്ഞു. ഫോട്ടോകള്‍ക്ക് നല്ല കാപ്ഷനും നല്‍കാന്‍ കഴിഞ്ഞാലേ നല്ല ഫോട്ടോഗ്രഫര്‍ ആകൂ എന്നു വിശ്വസിക്കുന്നതുകൊണ്ട് എല്ലാത്തിനും ഓരോ കാപ്ഷനും നല്‍കി. ചിലത് ഫ്‌ളോപ്പ് ആയി. എന്നാലും സാരമില്ല. എന്തോ ചെയ്തു എന്നൊരു തോന്നല്‍ നല്‍കുന്ന സന്തോഷം ചെറുതല്ലല്ലോ. കോവിഡ് ഒന്നടങ്ങിയാല്‍ ഹിമാലയം അടക്കം ഇന്ത്യയാകെ ഒന്നു കറങ്ങി കുറേ ഫോട്ടോകള്‍ എടുക്കണം. എല്ലാം ചേര്‍ത്ത് 'നമ്മുടെ നാട്' എന്നു പേരിട്ട് ഇന്ത്യയെ മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു ശ്രമം.അതാണ് ഭാവി പ്ലാന്‍.' അഭിലാഷ് പറയുന്നു.ലോക്ഡൗണില്‍ കിക്ക് അടിച്ചു തുടങ്ങിയ ഫോട്ടോഗ്രഫി ക്രെയ്‌സ് വിടാതെ പിന്തുടരാനും തീരുമാനിച്ചിട്ടുണ്ട്.