കരിയറിലുടനീളം താരതമ്യങ്ങൾക്കു നിന്നു കൊടുക്കാതെ, വ്യത്യസ്തതകളെ പ്രണയിച്ച്, വിജയങ്ങളെ കൈപ്പിടിയിലൊതുക്കി, ജനപ്രിയ താരമായി മാറിയ നടനാണ് ജയസൂര്യ. തിയറ്ററുകൾ കീഴടക്കി ഷാജി പാപ്പനും കൂട്ടരും മുന്നേറുമ്പോൾ തമാശകളും പൊട്ടിച്ചിരിയുമായി പുതിയ ലക്കം 'വനിത'യ്ക്കൊപ്പം ചേരുകയാണ് ജയസൂര്യ.

"കുറച്ച് കാലം മുൻപ് ഞാനും ചാക്കോച്ചനും കൂടി സംസാരിച്ചിരിക്കുന്നതിനിടയിൽ അവൻ ഫോൺ എന്റെയടുത്ത് വച്ച് മറ്റെന്തോ കാര്യത്തിന് പോയി. കിട്ടിയ സമയം കൊണ്ട് അവന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിൽ കയറി ഞാൻ എന്നെത്തന്നെ പുകഴ്ത്തിയൊരു പോസ്റ്റിട്ടു. കുറച്ച് കഴിഞ്ഞപ്പോൾ ചാക്കോച്ചന്റെ ഫോണിൽ മെസേജിന്റെ പൂരം. മറ്റൊരു നടനെക്കുറിച്ച് നല്ലത് പറയാൻ കാണിച്ച ചാക്കോച്ചന്റെ മനസ്സിനെ എല്ലാവരും അഭിനന്ദിച്ചു. അവൻ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു, ‘കൂട്ടുകാരനെന്ന നിലയിൽ നീ ചെയ്യേണ്ട കടമയാണ് ഞാൻ ചെയ്തത്. ഇതിന്റെ ക്രെഡിറ്റ് നീയെടുത്തോ..’ നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലേ പറ്റൂ.

ഈയടുത്തും അങ്ങനെയൊരു തമാശ നടന്നു. 'ആടി'ന്റെ ഷൂട്ടിന് വേണ്ടി വാഗമണിലേക്കുള്ള യാത്രയിൽ വഴിയിലൊരു ചെറിയ പയ്യൻ. വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ട് ‘ഞാൻ പൃഥ്വിരാജിനെ കൊല്ലാൻ പോകുവാ’ എന്ന് പറഞ്ഞു. അവനങ്ങ് ഞെട്ടിപ്പോയി. വീണ്ടും ഞാൻ ചോദിച്ചു, ‘പൃഥ്വിരാജിനെ കൊല്ലട്ടെ’. അവൻ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ സ്റ്റൈലിൽ പറഞ്ഞു,‘നീ പറഞ്ഞതുകൊണ്ട് കൊല്ലുന്നില്ല’. അവിടുന്ന് കിലോമീറ്ററുകൾ അപ്പുറത്താണ് ഷൂട്ടിങ്. കുറച്ച് കഴിഞ്ഞ് ലൊക്കേഷനിലേക്ക് ഒരു വണ്ടിയിൽ പത്തു പന്ത്രണ്ട് പേർ പാഞ്ഞു വരുന്നു. കൂടെ ആ പയ്യനുമുണ്ട്. സത്യം നേരിട്ടറിയാൻ വേണ്ടിയാണ് നാട്ടുകാരെയെല്ലാം ചേർത്ത് വന്നത്. ഉടനെ തന്നെ ഞാൻ രാജുവിനെ വിളിച്ച് സംഭവം മുഴുവൻ പറഞ്ഞു."

അഭിമുഖത്തിന്റെ പൂർണ്ണരൂപം പതിയ ലക്കം വനിതയിൽ വായിക്കാം 
 

വനിത കവർ ഷൂട്ട് വിഡിയോ കാണാം
;