"അപ്പ... മൈ ലവ് " കുഞ്ഞു ഇസു വാക്കുകൾ ചേർത്ത് ചൊല്ലി. ഇസുവിന്റെ വാക്കുകൾ അമ്മ മനോഹരമായ ഒരു ഗോൾഡ് കോയിനിൽ എഴുതി ചേർത്തു. ഒപ്പം ഇസുവിന്റെയും അപ്പയുടെയും ജീവൻ തുടിക്കുന്ന ചിത്രവും. മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ 44 ആം പിറന്നാളിലാണ് ഭാര്യ പ്രിയയും മകൻ ഇസ്ഹാക്കും ചേർന്ന് സർപ്രൈസ് സമ്മാനം ഒരുക്കിയത്.
ചാക്കോച്ഛനു ലൈഫ് ടൈം ചെറിഷ് ചെയ്യുന്ന ഒരു സമ്മാനം വേണം എന്നായിരുന്നു പ്രിയയുടെ ആഗ്രഹം. അതിനായി ചെന്നെത്തിയത് പനമ്പള്ളി നഗറിലെ എം ഒ ഡി സിംഗ്നേചർ ജ്വല്ലറിയിൽ.

"പ്രിയ ചേച്ചി പറഞ്ഞ ഐഡിയ അതേ പോലെ പകർത്തുകയായിരുന്നു. ഒരാഴ്ച സമയം ഉണ്ടായിരുന്നു. ഇസ്ഹാഖിന്റെയും ചാക്കോച്ഛന്റെയും മനോഹരമായ ഒരു ചിത്രവും അയച്ചു തന്നു. കോയിന്റെ ഒരു വശത്തു ചിത്രം കൊത്തിയെടുത്തു. മറുവശം അപ്പ മൈ ലവ് എന്ന് എഴുതി ചേർത്തു. ഒപ്പം ഒരു ബോക്സും കസ്റ്റമൈസ് ചെയ്തു. അതിലും ഇസുവിന്റെ വാക്കുകൾ എഴുതി ചേർത്തു."- എംഒഡിയുടെ ഓണർ അക്ഷയ് സെബാസ്റ്റ്യൻ മറ്റത്തിൽ വനിത ഓൺലൈനോട് പറഞ്ഞു.
ചാക്കോച്ഛന്റെ ഓരോ പിറന്നാളിനും നിരവധി സർപ്രൈസുകൾ ഒരുക്കുന്ന പ്രിയ ഇത്തവണ കണ്ടെത്തിയ സമ്മാനം ആരാധകർക്കും ഏറെ പ്രിയപ്പെട്ടതായി മാറി. അപ്പയുടെയും മകന്റെയും സ്നേഹം പറയുന്ന ഒരു ക്യൂട്ട് സമ്മാനം ഒരുക്കാൻ പറ്റിയതിന്റെ സന്തോഷത്തിലാണ് എംഒഡിയുടെ അണിയറ പ്രവർത്തകരും.