'സമയത്തെ പറ്റിയൊന്നും ചിന്തിച്ച് പേടിക്കരുത്, നമ്മളു വിചാരിച്ചാൽ എല്ലാറ്റിനും സമയമുണ്ട്’. ഈ ഫിലോസഫി പറയുന്നയാൾ നമ്മുടെ ഫേവറിറ്റ് ആങ്കർ പേളി മാണി. അഭിനയത്തിനും ആങ്കറിങ്ങിലുമായി ഒതുങ്ങാതെ ഓടി നടക്കുന്ന പേളി മാണി ഒരു മോട്ടിവേഷനൽ സ്പീക്കറാണ്. ഞെട്ടേണ്ട, മോട്ടിവേഷനൽ ക്ലാസ്സുകളെടുക്കാനായി അച്ഛൻ പോളുമായി ചേർന്ന് ‘പോൾ ആൻഡ് പേളി’ എന്ന പേരിൽ സ്ഥാപനവും തുടങ്ങിയിട്ടുണ്ട്.

‘ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നാണ് മീഡിയ ആൻഡ് സൈക്കോളജി ബിരുദമെടുത്തത്. നമ്മൾ പറയുന്നത് കുറച്ചാളുകൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന ആഗ്രഹമായിരുന്നു മീഡിയയെ പറ്റി പഠിക്കാൻ എന്നെ നിർബന്ധിച്ചത്. എനിക്ക് പണ്ടു മുതലേ കുറച്ചൊക്കെ അടിപൊളിയായി നടക്കുന്നത് ഇഷ്ടമായിരുന്നു, ബൈക്ക് റൈഡിങ് പ്രത്യേകിച്ച്. ഇവിടെ കൊച്ചിയിലൂടെ  ഞാൻ ബൈക്കിൽ കറങ്ങി നടക്കുന്നത് അറിയുന്ന എന്റെയൊരു ഫ്രണ്ടാണ് ‘ടേസ്റ്റ് ഓഫ് കേരള’ എന്ന പരിപാടിയിലേക്ക് എന്നെ നിർദേശിച്ചത്. അതിന് ശേഷം ദുൽഖറിന്റെ ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമയിൽ ചാൻസ് കിട്ടാൻ കാരണവും റൈഡിങ് തന്നെ.

വെറുതേ ഇരിക്കാൻ പണ്ടേ ഇഷ്ടമല്ല. ടോട്ടൽ ഓളമായി അങ്ങ് പോകുന്നതിനിടെയാണ് എന്റെ മനസ്സിൽ കയറിയൊരു ഇഷ്ടം വീണ്ടും ഓർമ വന്നത്, ‘മോട്ടിവേഷനൽ ’ ക്ലാസ്സുകൾ. മണിക്കൂറുകളോളം ക്ലാസെടുത്ത് വരുന്ന പപ്പയുടെ മനസ്സിലെ സന്തോഷം നിറഞ്ഞ ചിരിയെന്നെ  ചെറുപ്പത്തിലെ ഒരുപാട് അദ്ഭുതപ്പെടുത്തിയിരുന്നു. എല്ലാ മക്കളുടെയും സൂപ്പർഹീറോ അച്ഛൻമാരാണല്ലോ, അതുകൊണ്ട് അച്ഛനെപ്പോലെ ഒരു മോട്ടിവേഷനൽ സ്പീക്കറാവാൻ ഞാനും തീരുമാനിച്ചു. 20 വർഷം എക്സ്പീരിയൻസുള്ള  അച്ഛനൊപ്പം ക്ലാസ്സ് എടുക്കാൻ ആദ്യം പേടിയുണ്ടായിരുന്നു.

പരീക്ഷണത്തിന്റെ വിജയം

അപ്പോഴാണ് അമ്മ മോളിയെയും അനിയത്തി റേച്ചലിനെയും എന്റെ മോട്ടിവേഷൻ ക്ലാസിന്റെ ആദ്യ ഇരകളായി വീണുകിട്ടിയത്. എന്തായാലും ആ ഒരു കോൺഫിഡൻസും ഡാഡിയുടെ സപ്പോർട്ടും വച്ചാണ് ഞാൻ ക്ലാസ്സുകൾ തുടങ്ങാൻ തീരുമാനിച്ചത്. ചെറിയ ക്ലാസ്സുകൾ എടുത്താണ് ഞാൻ ഇതിലേക്ക് എത്തിയത്.  

ഒരു ജോലിയായല്ല ഞാൻ മോട്ടിവേഷനൽ ക്ലാസിനെ കണ്ടിട്ടുള്ളത്, അതുകൊണ്ടു തന്നെ ഒരോ അനുഭവവും ഓർമകളായി മനസ്സിലുണ്ട്. സിനിമയിലെ രംഗങ്ങൾ കണ്ട് ഫ്ലൈറ്റിൽ കയറാൻ പേടിച്ചൊരു ചെറുപ്പക്കാരൻ ഒരിക്കൽ മോട്ടിവേഷനൽ ക്ലാസ്സിലെത്തി. ഒരു മണിക്കൂർ ക്ലാസുകൊണ്ട് അയാളുടെ ഫ്ലൈറ്റിലെ പേടിയെ വിശദീകരിച്ച് കൊടുത്ത് മനസ്സിനെ ഫ്രീയാക്കിയെടുക്കാൻ എനിക്ക് കഴിഞ്ഞു. ക്ലാസ് അവസാനിച്ചപ്പോൾ തിരിച്ച് നാട്ടിലേക്ക് മടങ്ങി പോകാനായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ അയാൾ കാണിച്ച ആവേശം എന്റെ മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല.

രണ്ടു ജോലി ചെയ്യുന്നുവെന്നൊരു ടെൻഷൻ വന്നാൽ തന്നെ മുഴുവനും കൈയീന്ന് പോകും. ഫോക്കസാണ് പ്രധാനമായും വേണ്ടത്. നമ്മൾ സന്തോഷമായിരിക്കാൻ എന്തുവേണം എന്ന് ചിന്തിച്ചാൽ കിട്ടുന്ന ഉത്തരങ്ങളാണ് സന്തോഷത്തിലേക്കുള്ള വഴികൾ.
pearly-maani097