Saturday 11 April 2020 10:49 AM IST

‘ആരുമായും ഹസ്തദാനം ചെയ്യരുത്. ഒരാളിൽ രോഗമില്ലെന്ന് അറിയാൻ എളുപ്പമല്ല’ ; ലോക്ഡൗൺ കഴിഞ്ഞും ശ്രദ്ധിക്കണം ഈ 15 കാര്യങ്ങൾ

Rakhy Raz

Sub Editor

79525493

ലോക്ക്ഡൗൺ തീരാൻ കാത്തിരിക്കുകയാണ് നമ്മൾ. എന്നാൽ ഇതുവരെ എടുത്തതിനെക്കാൾ ജാഗ്രത വേണം ഇപ്പോൾ. ഇല്ലെങ്കിൽ നേടിയെടുത്ത ഗുണം കൈവിട്ടുപോകാം. ലോക്ക് ഡൗണ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ കോവിഡ് വരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചു ഡോ. രാജീവ് ജയദേവൻ, പ്രസിഡന്റ്, ഐഎംഎ.

1. ജോലിസ്ഥലത്ത് എത്തിക്കഴിഞ്ഞാൽ ചുറ്റും ഉള്ള എല്ലാവർക്കും കോവിഡ് ഉണ്ട് എന്ന് സങ്കല്പിക്കുക, അതനുസരിച്ച് മുൻകരുതലുകൾ എടുക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ ഇതാണ് വേണ്ടത്.

2. കോവിഡ് ബാധ ഉള്ളവർ എല്ലാവർക്കും പനിയും ചുമയും കാണണമെന്നില്ല. നല്ല ഒരു പങ്ക് കോവിഡ് രോഗികൾക്കും ലക്ഷണങ്ങൾ തുടക്കത്തിൽ ഒന്നും തന്നെ ഉണ്ടാവില്ല. അതു കൊണ്ട് ആളെ കണ്ടാൽ കുഴപ്പമില്ല എന്നു തോന്നിയാലും മുൻകരുതലുകൾ കുറയ്ക്കരുത്.

3.  ആരുമായും ഹസ്തദാനം ചെയ്യരുത്. കാരണം, ഒരാളിൽ രോഗമില്ല എന്ന് അറിയാൻ എളുപ്പമല്ല. അതു കൊണ്ട് സഹപ്രവർത്തകരായാലും സോഷ്യൽ ഡിസ്റ്റൻസിങ് നില നിർത്തുക. അത്‌ അവരിൽ നിന്നും നമ്മളെയും, നമ്മളിൽ നിന്ന് അവരെയും സംരക്ഷിക്കും.

4. സ്വന്തം കൈവിരലുകൾ മുഖത്തിനടുത്തേക്കു പോലും എത്താതിരിക്കാൻ ശ്രദ്ധിക്കുക, സഹപ്രവർത്തകർ ഇങ്ങനെ  ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടാൽ സ്നേഹത്തോടെ പറഞ്ഞു മനസിലാക്കുക.

5. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പ് ഇട്ട് 20 സെക്കൻഡ്‌ നേരം കഴുകുക. വിരൽത്തുമ്പുകൾ പരമാവധി ശുചിയായി സൂക്ഷിക്കുക.

6. SARS Cov 2 വൈറസ് സോപ്പ് ഇട്ടു പതപ്പിച്ചാൽ തൽക്ഷണം നശിച്ചു പോകും എന്നത് വളരെ പ്രധാനപ്പെട്ട അറിവാണ്. ആൽക്കഹോൾ ബേസ്ഡ് സാനിറ്റൈസർ ഇല്ലാതെ തന്നെ എളുപ്പത്തിൽ ഇതിനെ നശിപ്പിക്കാൻ സാധിക്കും.

7. ആൾക്കാർ തിങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ ഈ വൈറസ് അതിവേഗം പടർന്നു പിടിക്കും. അതിനാൽ ആൾക്കൂട്ടത്തിൽ പെടാതെ ശ്രദ്ധിക്കുക. ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലും ഇതു തന്നെയാണ്.അമേരിക്കയിലെ വാഷിംഗ്‌ടൺ സ്റ്റേറ്റിലെ ഒരു പള്ളിയിൽ കൊയർ പാടാൻ പോയ നല്ല ആരോഗ്യമുള്ള 60 പേരിൽ 45 പേർക്ക് മൂന്നാഴ്ചയ്ക്കകം കോവിഡ് ബാധയുണ്ടായത് ഈ വൈറസിന്റെ അപാരമായ വ്യാപന ശേഷിയുടെ നിഷേധിക്കാനാവാത്ത തെളിവാണ് .

8. ലിഫ്റ്റ് പരമാവധി ഒഴിവാക്കുക, പ്രത്യേകിച്ചും തിരക്കുള്ളപ്പോൾ. അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്ന ശ്രവങ്ങൾ ( droplets) ശ്വസിക്കാൻ സാധ്യത ഏറെയാണ്. ലിഫ്‌റ്റിന്റെ ബട്ടണുകളിൽ പലരും വിരൽ അമർത്തിയതു മൂലമുള്ള മാലിന്യവും രോഗാണുക്കളും ഉണ്ടാവാം.

9.അവരവർക്ക് പനി, ചുമ, ജലദോഷം ഇവയുണ്ടെങ്കിൽ  ജോലിക്കു പോകാതെ വീട്ടിലിരിക്കുക. മറ്റുള്ളവർക്ക് രോഗം വരാതിരിക്കാനാണിത്‌.

10. വ്യക്തികൾ യാത്രാ വിവരം മറച്ചു വയ്ക്കുന്നത് പതിവാണ്, അതിനാൽ എല്ലാവർക്കും രോഗ സാധ്യത ഉണ്ട് എന്ന ഊഹത്തിൽ വേണം ഇടപെടാൻ. അല്ലാതെ ഇറ്റലിയിൽ നിന്നും, അല്ലെങ്കിൽ ചൈനയിൽ നിന്നും ഉള്ള ആരുമായും സമ്പർക്കമില്ല എന്നും മറ്റും  പറയുന്നതിന് യാതൊരു വിലയും ഇപ്പോഴില്ല. അവനവൻ സൂക്ഷിച്ചാൽ അവനവനും കുടുംബത്തിനും നല്ലത്.

11. മാസ്‌ക് ഇടേണ്ട സാഹചര്യമുണ്ടായാൽ അതുപയോഗിക്കേണ്ട കൃത്യമായ വിധം അറിഞ്ഞിരികുക. മൂക്കും വായയും എപ്പോഴും മൂടിയിരിക്കണം. മാസക് അണിഞ്ഞതിനുശേഷം അതിന്റെ പുറം ഭാഗം കൈ കൊണ്ടു തൊടാതിരിക്കുക.

12. യാത്രയ്ക്കിടക്ക് കൈ അഴുക്കായാൽ കഴുകാൻ സൗകര്യമില്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്.

13. മൊബൈൽ ഫോൺ രോഗാണുക്കളുടെ കലവറ ആകാറുണ്ട്, അതിനാൽ ദിവസത്തിൽ ഒരിക്കലെങ്കിലും സാനിറ്റിസറോ, അല്പം സോപ്പ് മയമുള്ള, വളരെ നേരിയ നനവുള്ള തുണിയോ റ്റിഷ്യൂവോ വച്ച് തുടയ്ക്കുക.

14. വീട്ടിൽ എത്തിയാൽ ഉടൻ തന്നെ ആദ്യം കൈ സോപ്പിട്ടു കഴുകുകയും, കുളിക്കുകയും വേണം.  കുളിക്കുമ്പോൾ തലമുടിയിൽ അല്പം ഷാംപൂവോ സോപ്പോ ഇട്ടു കഴുകുന്നത് മുടിയിൽ പറ്റിയിരിക്കുന്ന ശ്രവങ്ങൾ ആദ്യം തന്നെ ഒലിച്ചു പോകാൻ ഉപകരിക്കും.

15. വീട്ടിൽ ഉള്ള മറ്റുള്ളവർക്ക് കോവിഡ് വരുമോ എന്ന് ആശങ്കയുണ്ടെങ്കിൽ അവരെ സാവകാശം പറഞ്ഞു മനസിലാക്കുക. കൃത്യമായ നിർദേശങ്ങൾ പാലിച്ചാൽ കോവിഡ് പകരുകയില്ല എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

കേട്ടാൽ സിമ്പിളാണെന്ന് തൊന്നുമെങ്കിലും വളരെ പവർഫുൾ ആണ് മേൽപ്പറഞ്ഞ മുൻകരുതലുകൾ എന്ന് തിരിച്ചറിയുക, മറ്റുള്ളവർക്ക് നിർബന്ധമായും ഈ അറിവുകൾ പകർന്നു കൊടുക്കുക.

Tags:
  • Spotlight