Wednesday 26 February 2020 05:36 PM IST

ജെസിബി ഡ്രൈവർ ടു പിന്നണി ഗായകൻ! അക്ബർ ഖാന്റെ ജീവിതകഥ നിറയെ ട്വിസ്റ്റോടു ട്വിസ്റ്റാണ്

Binsha Muhammed

akbar-khan

മാപ്പിളപ്പാട്ടു മാത്രമേ വഴങ്ങൂ എന്നു പറഞ്ഞ് എല്ലാവരും മാറ്റിനിർത്തിയ ചെറുപ്പക്കാരൻ. പ്രാരാബ്ദങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞപ്പോൾ ശ്രുതിയും സ്വരവും ഇടറിപ്പോയ ജീവിതത്തിന് പാട്ട് ‘സെറ്റാവില്ലെന്ന്’ ഉറപ്പിച്ച് അവൻ ജെസിബി ഡ്രൈവറായി ജീവിതത്തിന് പുതിയ താളം കണ്ടെത്തി. പക്ഷേ കാലം അവന് കാത്തു വച്ചിരുന്നത് സിനിമാ പിന്നണിഗായകന്റെ കുപ്പായമാണ്. അതെ, അക്ബർ ഖാന്റെ ജീവിതം സംഗീതത്തിന്റെ സ്വരങ്ങൾ പോലെ ആരോഹണങ്ങളും അവരോഹണങ്ങളും നിറഞ്ഞതാണ്. സീ ടിവിയിലെ സരിഗമപായിലൂടെ സിനിമാലോകം നെഞ്ചേറ്റിയ അക്ബറിന്റെ ഓഡിഷൻ മുതലുണ്ട് ട്വിസ്റ്റുകളുടെ പെരുമഴ. ആരുമറിയാതെ പോകുമായിരുന്ന പാട്ടുകാരൻ പിന്നണി ഗായകനായ കഥ വനിത ഓൺലൈനോടു പറയുന്നു.

‘ഇതാണ് ഞാൻ തേടിയ ശബ്ദം...’

സരിഗമപയുടെ ഫൈനൽ ഓഡിഷൻ കഴിഞ്ഞതേയുള്ളൂ. സെലക്ഷനായി എന്നു പ്രഖ്യാപിച്ച ശേഷം അക്ബറിനെ ചേർത്തു നിർത്തി വിധികർത്താക്കളിൽ ഒരാളായ ഗോപി സുന്ദർ പറഞ്ഞതാണ് ഈ വാക്കുകൾ. കാതുകളിൽ നിന്നു മനസുകളിലേക്ക് ഒഴുകിയിറങ്ങുന്ന ആ പാട്ടും പാട്ടുകാരനും നൽകുന്ന ഫീൽ, അതൊന്നു വേറെയാ എന്ന് ആരും സമ്മതിച്ചു പോകും...

രണ്ടാം വയസ്സിൽ അച്ഛൻ മരിച്ചു, വർഷങ്ങൾക്കിപ്പുറം മറ്റൊരാൾ അച്ഛനായി വന്നു ചേർത്തു നിർത്തി! പുണ്യയുടെ ജീവിതത്തിനിപ്പോൾ പുതിയ താളം

akbar-2

ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ നട്ടംതിരിഞ്ഞ ചെക്കൻ റിയാലിറ്റി ഷോയിലൂടെ മലയാളത്തിന്റെ ഹൃദയത്തിലേറിയത് സിനിമയെ വെല്ലുന്ന കഥയാണ്. ലോ പിച്ചിൽ നിന്ന് ഹൈപിച്ചിലേക്ക് ജീവിതം മാറി മറിഞ്ഞ ആ കഥയോർക്കുമ്പോൾ അക്ബറിന്റെ കണ്ണുകളിൽ ആനന്ദാശ്രു പടരും. സങ്കടത്തിന്റെ കാർമേഘങ്ങളെ പുഞ്ചിരി കൊണ്ട് മറച്ച് അക്ബർ എന്ന ഇരുപത്തിയാറുകാരൻ പറഞ്ഞു തുടങ്ങി. ‘‘പ്രാരാബ്ദങ്ങളിൽ നട്ടം തിരിയുന്നവന് പാട്ടും വലിയ വേദിയുമൊക്കെ സ്വപ്നം മാത്രമാണ്. പാടാനറിയുമായിരുന്നിട്ടും ഇതെല്ലാം കെട്ടിപ്പൂട്ടി വച്ച് ജീവിക്കാനിറങ്ങി തിരിച്ച ഒരു കാലമുണ്ട് നിങ്ങളിന്നു കാണുന്ന അക്ബറിന്. ഒന്നും അവകാശപ്പെടാനില്ലാത്ത... ആരാലും തിരിച്ചറിയാത്ത ആ കാലത്ത് നിന്നും തുടങ്ങണം എന്റെ കഥ.

‘മൈലാഞ്ചി’ എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയിലൂടെയാണ് എന്നെ നാലാൾ തിരിച്ചറിയുന്നത്. പാട്ടുകാരനെന്ന നിലയിൽ ഒരുപിടി നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ചാണ് ആ മൈലാഞ്ചിക്കാലം കടന്നു പോയത്. മോശമല്ലാത്ത രീതിയിൽ വേദികളും തേടിയെത്തി. പക്ഷേ ആ സന്തോഷം ജീവിത പ്രാരാബ്ദങ്ങൾക്കു മുന്നിൽ അധിക കാലം നീണ്ടു നിന്നില്ല. പാട്ടുകാരനെന്ന മേൽവിലാസം പാടെ മറക്കാൻ പഠിപ്പിച്ച പ്രാരാബ്ദക്കെട്ടുകൾ എനിക്കു മുന്നിലേക്കെത്തി.

പെങ്ങളുടെ കല്യാണം, ഉപ്പയുടെ കടം, വീടുപണി ഇത്രയും സംഭവങ്ങൾ ഒരു ശരാശരി കുടുംബത്തിന് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് വീട്ടുകാരെ കൊണ്ടെത്തിച്ചത്. അതു വീട്ടാൻ ബാങ്കിൽ നിന്നും 35 ലക്ഷം രൂപയോളം വീട്ടുകാർ കടമെടുത്തു. അത് വലിയ അബദ്ധമായി... അതുവരെ അനുഭവിച്ച ടെൻഷനേക്കാളും വലിയ പൊല്ലാപ്പായി ആ ബാധ്യത മാറി.

akbar-4

മാസം 80,000 രൂപയോളമാണ് അടയ്ക്കേണ്ടത്. ഞാനും ചേട്ടനും കൂടിയാണ് അത് അടച്ചുകൊണ്ടിരുന്നത്. ചേട്ടന്റെ കല്യാണം കഴിഞ്ഞതോടെ ഈ കടം എന്റെ മാത്രം ഉത്തരവാദിത്തമായി. റിയാലിറ്റി ഷോയിലേക്ക് എത്തുമ്പോഴും പിന്നണി ഗായകനായപ്പോഴും ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. കഷ്ടപ്പാടും കടവും കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഡ്രൈവിംഗ് പണിക്കിറങ്ങി. മൈക്ക് പിടിക്കും മുമ്പ് ജെസിബിയുടെ ലിവറുമായിട്ടായിരുന്നു മൽപ്പിടുത്തം എന്ന് പറഞ്ഞാൽ ചിലപ്പോൾ ആരും വിശ്വസിക്കില്ല. ഇടയ്ക്ക് കൊച്ചിയിൽ ഊബർ ഡ്രൈവറായി.

വഴികാട്ടിയായത് പാട്ട്

ജീവിതത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മൈലാഞ്ചി റിയാലിറ്റി ഷോയുടെ പ്രൊഡ്യൂസറായ സെർഗോ വിജയരാജ് ചേട്ടനോടാണ്. ഇടയ്ക്ക് അദ്ദേഹം സീ കേരളത്തിൽ ജോയിൻ ചെയ്തു എന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടു. എന്റെ കൂട്ടുകാരന്റെ ചേച്ചിക്ക് അവിടെ ജോലി വല്ലതും തരപ്പെടുത്താൻ പറ്റുമോ എന്നറിയാനാണ് സെർഗോ ചേട്ടനെ വിളിച്ചത്. അദ്ദേഹം ആദ്യം ചോദിച്ചത് സരിഗമപ ഓഡിഷന് വരുന്നില്ലേ എന്നായിരുന്നു. ഞാനീ പാട്ടും റിയാലിറ്റി ഷോയുമൊക്കെ ഫുൾസ്റ്റോപ്പിട്ട് വച്ചിരിക്കുന്ന സമയമാണ്. മനസു കൊണ്ട് കൊതിച്ചെങ്കിലും പ്രാരാബ്ദം കൊണ്ട് എനിക്കതിന് കഴിയില്ലെന്ന് അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ, അദ്ദേഹം നിർബന്ധിച്ചു. അടുത്ത ദിവസം ഹോട്ടലിൽ ചെല്ലുമ്പോൾ സരിഗമപയുടെ മൂന്നാം ഘട്ട ഓഡിഷൻ നടക്കുന്നു. എന്റെ കൈയിൽ നിന്ന് കൂട്ടുകാരന്റെ ചേച്ചിയുടെ ബയോഡേറ്റ വാങ്ങി വച്ചിട്ട് ചേട്ടൻ പാടാന്‍ പറഞ്ഞു. മത്സരിക്കാനില്ലെന്ന് പിന്നെയും പറഞ്ഞിട്ടും നിർബന്ധിച്ച് മൂന്ന് പാട്ടു പാടിച്ചു. പിന്നെ നടന്നതെല്ലാം പ്രേക്ഷകർക്കറിയാം. വേണ്ടെന്നു വച്ചാലും ചില സൗഭാഗ്യങ്ങൾ പടച്ചോന്‍ നമുക്ക് കൊണ്ട് തരും. അതാണ് എന്റെയീ ജീവിതം.

ഇടറി വീഴാതെ സ്വപ്നങ്ങൾ

akbar-3

സരിഗമപയിലെ ജഡ്ജസായ ഷാനിക്കയും (ഷാൻ റഹ്മാൻ) ഗോപി ചേട്ടനും (ഗോപി സുന്ദർ) അവസരങ്ങൾ തന്നു. ഇതുവരെ 12 സിനിമകളിൽ പാടി. ‘മാർഗംകളി’യിലെ ‘എന്നുയിരേ...’, ‘എടക്കാട് ബറ്റാലിയനി’ലെ ‘മൂകമായ്...’ ഒക്കെ ട്രൈൻഡിങ്ങിൽ വന്നു. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന കന്നട ചിത്രം, ഷെയ്ൻ നിഗം നായകനാകുന്ന ‘ഉല്ലാസം’ എന്നിവ റിലീസാകാനുണ്ട്.

akbar-1

ആരാധിക്കുന്ന ലെജന്റ്സിന്റെ അടുക്കലേക്കുള്ള വഴി തുറന്നിട്ടതും ഈ സ്വപ്ന വേദിയാണ്. സരിഗമപയുടെ ചീഫ് ജഡ്ജായ സുജാത ചേച്ചി എന്റെ പാട്ട് വിദ്യാസാഗർ സാറിന് അയച്ചു കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ മാനേജർ ചെന്നൈയിലേക്ക് വിളിച്ചപ്പോൾ എന്റെ കയ്യിൽ അഞ്ചിന്റെ കാശില്ല. സരിഗമപയിലെ കണ്ടസ്റ്റന്റ് ജാസിമിന്റെ കയ്യിൽ നിന്ന് ആയിരം രൂപ കടം മേടിച്ചാണ് പോയത്. ‘മൈ സാന്റ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. എന്റെ പാട്ട് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെങ്കിലും അതു സിനിമയിൽ വന്നില്ല.

പ്രാരാബ്ധങ്ങളൊക്കെ ഉണ്ടെങ്കിലും ഇന്നെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് സംഗീതമാണ്. ശ്രദ്ധിക്കപ്പെട്ടതോടെ ഒരുപാട് അവസരങ്ങളും കിട്ടുന്നു. സംഗീതം തിരികെ തന്ന ഭാഗ്യത്തിന്റെ കരുത്തിൽ ഞാനിപ്പോൾ ജീവിതം തിരിച്ചു പിടിക്കുകയാണ്. രണ്ടു സ്വപ്നങ്ങൾ മാത്രമാണ് ബാക്കി. ലോകം അറിയുന്ന പാട്ടുകാരനാകണം. കടങ്ങളും ബാധ്യതകളുമില്ലാതെ സ്വസ്ഥമായി ജീവിക്കണം. പാട്ടുപോലെ മനോഹരമാകണം ജീവിതവും..’