പഹയാ...ജ്ജ്... സുലൈമാനല്ല ഹനുമാനാണ്... അജ്മല്‍ സാബുവെന്ന 24 വയസ്സുകാരന്റെ ഇന്‍ബോക്‌സില്‍ ഇജ്ജാതി അഭിനന്ദനങ്ങള്‍ ഇപ്പോഴും വന്നു നിറയുകയാണ്. ഇന്തോ- യുഎസ് നയതന്ത്ര ബന്ധം മെച്ചപ്പെടുത്തി ഇന്ത്യയിലെത്തിയ ട്രംപിനു പിന്നിലൊരു ട്രോള്‍ തന്ത്രം ഒളിഞ്ഞു കിടപ്പുണ്ടെന്ന് കണ്ടെത്തിയ ചങ്ങനാശേരിക്കാരന്‍ ട്രോളന്‍ അജ്മലിനെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. കോവിഡ് കാലത്ത് സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് ഒരു വകയാക്കിയ ചെക്കനും, ചെക്കന്റെ ട്രോള്‍ കഥയിലെ നായകന്‍ ഡൊണാള്‍ഡ് ട്രംപും വാരമൊന്നു കഴിഞ്ഞിട്ടും സോഷ്യല്‍ മീഡിയയില്‍ ഹിറ്റോടു ഹിറ്റ്.
ഇട്ടാവട്ടത്തെ വിശേഷങ്ങള്‍ മാത്രം പറഞ്ഞിരുന്ന ട്രോള്‍- എഡിറ്റിംഗ് ശിങ്കളുള്ള കാലത്ത് 'നിനക്ക് ഇതിനു മാത്രം ധൈര്യം നിനക്ക് എവിടുന്ന് കിട്ടി കുട്ടീ' എന്ന് ചോദിച്ചാല്‍ തനി ശ്രീനിവാസന്‍ സ്‌റ്റൈലില്‍ അജ്മല്‍ മറുപടി പറയും, 'രസം ഉണ്ടാകുകയല്ലല്ലോ ഉണ്ടാക്കുകയല്ലേ...' ട്രോളന്‍മാരുടെ ഖ്യാതി കടല്‍ കടത്തിയ അജ്മല്‍ ആ കഥ വനിത ഓണ്‍ലൈനുമായി പങ്കുവയ്ക്കുന്നു.
ട്രംപേട്ടന്‍ ഓണ്‍ സ്‌റ്റേജ്
പ്ലാനും ചാര്‍ട്ടും വരച്ച് തലയിലേറ്റി കൊണ്ടു നടക്കുന്നതല്ല ട്രോളുകള്. ദേ പിടിച്ചോ എന്ന മട്ടില്‍ ചിലനിമിഷങ്ങള്‍ നമുക്ക് മുന്നിലേക്ക് വന്നു വീഴും നിമിഷങ്ങള്. ആ നിമിഷത്തില്‍ ട്രോളിനുള്ള ബള്‍ബ് തലയില്‍ മിന്നും. ട്രംപിനേയും അങ്ങനെ കിട്ടിയതാണ്.
എന്റെയൊരു സുഹൃത്ത് അയച്ചു തന്ന വിഡിയോ, അതിലുണ്ടായിരുന്ന പാട്ട്. അതു കേട്ടപ്പോഴാണ് ഇങ്ങനെയൊരെണ്ണം തട്ടിക്കൂട്ടിയാലോ എന്ന് ചിന്തിച്ചത്. ലാല്‍ സാര്‍ കടുകട്ടിയായി പാടിവച്ച ആ മധുരഗാനത്തിന് പറ്റിയ ചുണ്ടുകളെ തേടി കുറേ അലഞ്ഞു. ഒന്നും അങ്ങോട്ട് മാച്ച് ആയില്ല. അങ്ങനെയിരിക്കേയാണ്. ഇന്ത്യയിലെത്തി ഇംഗ്ലീഷില്‍ കടുകുവറുത്ത ട്രംപേട്ടനെ കിട്ടുന്നത്. പുള്ളിയുടെ രൂപഭാവങ്ങളും ലിപ് സിങ്കും ഈ പാട്ടിന് അനുയോജ്യം ആയിരിക്കും എന്ന് തോന്നി. അങ്ങനെയാണ് ആ വൈറല്‍ പാട്ട് ജനിക്കുന്നത്.

വാട്ട് ആന്‍ ഐഡിയ സര്‍ജീ
വ്യക്തി കേന്ദ്രീകൃതം അല്ല എന്റെ ഒരു ട്രോളുകളും. ഒരു സന്ദര്‍ഭത്തില്‍ നിന്നുമാണ് ഓരോ ട്രോളും ജനിക്കുന്നത്. വേറെയാരെയും കിട്ടാഞ്ഞിട്ടാണോ ട്രംപിനെ തേടി പോയത് എന്ന കമന്റും നിരോധിച്ചിരിക്കുന്നു. കറകറക്റ്റ്-കുറുകൃത്യം ലിപ് സിങ്കുമായി ട്രംപ് മുന്നില്‍ വന്നു പെട്ടു അത്രമാത്രം. ഒരു വ്യക്തിയെ, സമൂഹത്തെ, വിശ്വാസത്തെ ഒന്നും വേദനിപ്പിക്കാതെ ഓരോ ട്രോളും ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഇതും അങ്ങനെ തന്നെ. ആരാണ് അടുത്ത 'ട്രോള്‍ നായകന്‍' എന്ന് ചോദിച്ചാലും ഞാന്‍ ബ്ലാങ്ക് ആകും. സമയം വരട്ടേ... അടുത്ത ഐഡിയക്കായി കട്ട വെയ്റ്റിങ.
ചങ്കില്‍ കൊണ്ടത് ലാല്‍സാറിന്റെ കമന്റ്
ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കിയതോടെയാണ് പുതിയൊരു ട്രോള്‍ മേല്‍വിലാസം കൈവരുന്നത്. അതിനു മുമ്പ് മോദിജിയെ വച്ചും ഒരു പരീക്ഷണം നടത്തി. എല്ലാം സോഷ്യല്‍ മീഡിയില്‍ വന്‍ ഹിറ്റായി. അതെല്ലാം കണ്ടിട്ട് ആഷിഖ്അബു, റിമ കല്ലിങ്കല്, ശ്രീനാഥ് ഭാസി എന്നിവരൊക്കെ അഭിനന്ദിച്ചു. ട്രംപിന്റെ വൈറല്‍ വിഡിയോയിലെ ശബ്ദമായ ലാല്‍ സാര്‍ വിഡിയോ ഷെയര്‍ ചെയ്തത് വലിയ അംഗീകാരമായി കാണുന്നു. സംഭവം ട്രെന്‍ഡിങ്ങായതിലും വലിയ സന്തോഷം. അജ്മല്‍ സാബു എന്ന യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. അഭിനനന്ദനം കൊണ്ടു മൂടുന്ന ചങ്കുകളാണ് മറ്റൊരു സന്തോഷം. എല്ലാവരോടും സ്‌നേഹം.
ഒരുനാള്‍ ഞാനും
പ്ലസ്്ടു കഴിഞ്ഞപ്പോഴേ തിരിച്ചറിഞ്ഞു ഇതാണെന്റെ വഴിയെന്ന്. ചെക്കന്‍ പുസ്തക പുഴുവല്ല, 'പോളിടെക്‌നിക്' ആണെന്ന് തിരിച്ചറിഞ്ഞ ഉപ്പ സാബുവും ഉമ്മ സഫീനയും കട്ട സപ്പോര്‍ട്ട്. ഫൊട്ടോഗ്രഫി, എഡിറ്റിങ്, ഡയറക്ഷന്‍ അങ്ങനെ പോയി താത്പര്യങ്ങള്. പ്ലസ്ടു കഴിഞ്ഞ് നേരെ വച്ചു പിടിച്ചത് പൂനെയിലെ മാക് ഇന്‍്സ്റ്റിറ്റിയൂട്ടിലേക്ക്. വിഷ്വല്‍ ഇഫക്റ്റ് കളരിയില്‍ പയറ്റിത്തെളിഞ്ഞു. ക്യാമറയും ഡയറക്ഷനും ഒപ്പം കൂടെപ്പോന്നു.
ആപ് എന്നൊരു മറാത്തി ചിത്രത്തിന്റെ ക്യാമറയും എഡിറ്റിങ്ങും ചെയ്തായിരുന്നു തുടക്കം. സഹീര്‍ അലിയുടെ കാപ്പിരിത്തുരുത്ത് എന്ന ചിത്രമാണ് മലയാളത്തിലേക്കുള്ള വഴി തുറന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണത്തിലും എഡിറ്റിങ്ങിലും സഹകരിച്ചു. പിന്നീട് ലൗ ആക്ഷന്‍ ഡ്രാമയെന്ന ചിത്രത്തില്‍ അസോസിയേറ്റ് ഡയറക്ടറായി. ലൗ ആക്ഷന്‍ ഡ്രാമ, ഗൂഢാലോചന എന്നീ സിനിമകളുടെ ട്രെയിലര്, ബിടെക് സിനിമയിലെ ഒരു പാട്ട് എന്നിവ എഡിറ്റ് ചെയ്തു. ഒരു ഡയക്ടറാകണം എന്നതാണ് വലിയ മോഹം. ആ സ്വപ്‌നത്തിനു പിന്നാലെയാണ് ഞാന്.