പത്മരാജനെക്കുറിച്ചു പറയുമ്പോൾ സിനിമാ പ്രേമികളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പേരാണ് തൂവാനത്തുമ്പികൾ എന്ന ചിത്രം. എന്നാൽ സമാനതകളില്ലാത്ത സംവിധായകന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇതായിരുന്നില്ല. പറയുന്നത് മകൻ അനന്തപത്മനാഭനാണ്. ‘വനിത’യ്ക്കു നൽകി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. അനന്തന്റെ വാക്കുകളിലേക്ക്...
"തൂവാനത്തുമ്പികളുടെ മുപ്പതാം വാർഷികമാണിത്. അച്ഛന്റെ ഏറ്റവും മികച്ച സൃഷ്ടിയായി എല്ലാവരും കൊട്ടിഘോഷിക്കുന്നൊരു സിനിമയാണത്. പക്ഷേ, അച്ഛനെ ഒട്ടും എക്സൈറ്റ് ചെയ്യിച്ച സിനിമയായിരുന്നില്ലത്. എന്നെ സംബന്ധിച്ചും അങ്ങനെ തന്നെ. ക്ലാര ഒരു നല്ല ക്യാരക്ടറാണ്. അച്ഛനൊക്കെ പരിചയമുള്ള എന്നാൽ ആരോടും പറയാത്തൊരു യഥാർഥ കഥാപാത്രം തന്നെയാണ് ക്ലാരയെന്ന് ഞാനും വിശ്വസിക്കുന്നുണ്ട്. കാരണം ആ കഥയിലെ മറ്റെല്ലാ കഥാപാത്രങ്ങളും തൃശൂരിൽ അച്ഛന് പരിചയമുള്ളവരാണ്. ‘തങ്ങൾ’ എന്ന കഥാപാത്രം ആ സമയത്ത് തൃശൂർ സ്വപ്ന ലോഡജിലുണ്ടായിരുന്ന ഒരു തങ്ങൾ തന്നെയാണ്. അയാൾ മുണ്ട് മടക്കി കുത്തുന്നതും വെള്ളയും വെള്ളയും വസ്ത്രം ധരിക്കുന്നതുമെല്ലാം അച്ഛൻ അതേപോലെ പകർത്തിയിരുന്നു എന്നും കേട്ടിട്ടുണ്ട്.
‘തൂവാനത്തുമ്പികൾ’ സിനിമയുടെ ഷൂട്ടിങ്ങിന് മാത്രമാണ് ഞാൻ അച്ഛനോടൊപ്പം പോയിട്ടുള്ളത്. ഷൂട്ടിന് ഇറങ്ങുന്നതിന് മുൻപ് അമ്മയുടെ കാൽതൊട്ട് വന്ദിക്കാൻ പറഞ്ഞിരുന്നു അച്ഛൻ. അവിടെ ഉഴപ്പി നടന്നിരുന്ന എന്നോട് സിനിമയുടെ ബ്രേക് ഡൗൺ (ഷൂട്ടിങ് സ്ക്രിപ്റ്റ് ഇൻ സീൻ ഓർഡർ) എഴുതാൻ പറഞ്ഞു. അച്ഛൻ എഴുതിയ ആ സിനിമയുടെ സ്ക്രിപ്റ്റ് എന്റെ കൈയിലുണ്ട്. അതിൽ അച്ഛന്റെയൊരു ഡീറ്റെയിലിങ്ങുണ്ട് ‘ജയകൃഷ്ണനും ക്ലാരയും താമസിക്കുന്ന ബീച്ച് റിസോർട്ട്. അവിടെ നിന്നു നോക്കിയാൽ കടലു കാണാം. കടലിൽ നിന്നു പെയ്തു വരുന്ന മഴ, ആ മഴ പെയ്തു പെയ്തു വന്ന് രണ്ടാളുടേയും മുഖത്തേക്ക് എറിച്ചിലടിക്കുന്നു’’. അതൊന്നും സിനിമയിൽ കാണാൻ പറ്റാതിരുന്നതും തൂവാനത്തുമ്പികളോടുള്ള ഇഷ്ടക്കേട് കൂട്ടിയിട്ടുണ്ട്. അച്ഛന്റെ ഏറ്റവും മികച്ച സിനിമയെന്ന് ഞാൻ വിശ്വസിക്കുന്നത് ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിലാണ്’. ആ സിനിമയെ ഇപ്പോഴും ആരും മനസ്സിലാക്കിയിട്ടില്ല."- അനന്തപത്മനാഭൻ പറയുന്നു.
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ ലോഗിൻ ചെയ്യുക