Saturday 28 January 2023 11:16 AM IST : By സ്വന്തം ലേഖകൻ

ഗുരുവായൂരിൽ ആധുനിക സൗകര്യങ്ങളുള്ള മികച്ച ആശുപത്രി: വേണ്ടത് ചെയ്യാം, സമ്മതമറിയിച്ച് അനന്ത് അംബാനി

thrissur-guruvayur-anant-ambani.jpg.image.845.440

ഗുരുവായൂർ ക്ഷേത്രനഗരിയിൽ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാൻ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനി സമ്മതം അറിയിച്ചു. ക്ഷേത്ര ദർശനത്തിന് ശേഷം ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയനോടാണ് ഇക്കാര്യം സൂചിപ്പിച്ചത്. സെപ്റ്റംബറിൽ മുകേഷ് അംബാനി ദർശനത്തിന് വന്നപ്പോൾ ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി നിർമിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അഭ്യർഥിച്ചിരുന്നു.

വിശദമായ പദ്ധതിരേഖ തയാറാക്കാൻ അദ്ദേഹം നിർദേശിച്ചിരുന്നു. ഇതനുസരിച്ച് 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആർ) ദേവസ്വം തയാറാക്കി. പ്ലാൻ ജില്ല ടൗൺ പ്ലാനർക്ക് സമർപ്പിച്ചു. അനന്ത് അംബാനിയോട് ഇക്കാര്യം ചെയർമാൻ പറഞ്ഞതോടെ ദേവസ്വം മെഡിക്കൽ സെന്ററിന്റെ കാര്യം തങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാം എന്നും അറിയിച്ചു. ചെയർമാൻ കൈമാറിയ ഡിപിആർ സ്വീകരിച്ച അനന്ത് തുടർനടപടികൾക്ക് റിലയൻസ് ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് അറിയിച്ചു.

പ്രതിശ്രുത വധു രാധിക മർച്ചന്റും ബോളിവുഡ് നടി ജാൻവി കപൂർ ഉൾപ്പെടെയുള്ള സുഹൃത്തുക്കളും അനന്തിന് ഒപ്പം ഉണ്ടായിരുന്നു. ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ 2 ഹെലികോപ്റ്ററുകളിൽ ഇറങ്ങിയ സംഘം 1.30 യോടെ ദേവസ്വത്തിന്റെ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ എത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ സ്വീകരിച്ചു. ക്ഷേത്രദർശനത്തിനു ശേഷം ആനത്താവളമായ പുന്നത്തൂർ കോട്ടയും സന്ദർശിച്ചു. 

Tags:
  • Spotlight