മഴവില്ലഴകുള്ള മീനും പക്ഷിയുമൊക്കെ ദില്‍ജിത്തിന്റെ ഭാവനയില്‍ വിരിഞ്ഞപ്പോള്‍ അവയ്ക്ക് കൈവന്നത് ആരും ഒറ്റനോട്ടത്തിന് കൊളളാല്ലോ എന്നു പറഞ്ഞു പോകുന്ന റൊമാന്റിക് ഫീല്‍! ലോക്ഡൗണ്‍ തീരാനിനിയുമേറെ ദിവസങ്ങള്‍. അപ്പോഴേക്കും ആര്‍ട്ട് ഡയറക്ടര്‍ ദില്‍ജിത്തിന്റെ വീട്ടിലെ ചുമരുകളില്‍ വിരിയാനിരിക്കുന്നതും ഇതുപോലെ വ്യത്യസ്തമായ ചില വോള്‍പെയിന്റിങ്ങുകള്‍ ആണ. ആലുവ കപ്രശ്ശേരിയിലെ സ്വന്തം വീട്ടിലെ ചുമരില്‍ നിന്നു തുടങ്ങിയ ചിത്രപരീക്ഷണം ഇപ്പോള്‍ എറണാകുളത്തെ വാടകവീട്ടിലും തുടരുകയാണ് ദില്‍ജിത്ത്. വെറുതെ ഒരു രസത്തിന് തുടങ്ങിയതാണ്. ലോക്ഡൗണ്‍ ആയിട്ട് എന്താ പരിപാടി എന്ന സുഹൃത്തുക്കളൊക്കെ ചോദിച്ചപ്പോള്‍ ചിത്രങ്ങളുടെ ഫോട്ടോ എടുത്ത് എഫ് ബിയിലിട്ടു.

എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. മീനിന്റെ പുറത്തൊക്കെ എന്തിനാ ഇത്രയും വരകള്‍ എന്നൊക്കെ ചിലര്‍ സംശയങ്ങള്‍ ചോദിച്ചു. ചില സുഹൃത്തുക്കള്‍ ഇനി അവരുടെ വീട്ടിലും ഇതുപോലെ വരച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാവരോടും ഒകെ പറഞ്ഞു. എന്തായാലും ഇപ്പോള്‍ കമ്മിറ്റ് ചെയ്തിരിക്കുന്ന ആഡ് ഷൂട്ടുകള്‍ ഉടനെയൊന്നും തുടങ്ങാനാകുമെന്നു തോന്നുന്നില്ല. അതുവരെ ഒരു പണിയായല്ലോ. കേരള കഫെയിലെ ബ്രിഡ്ജ്, നീലാകാശം പച്ചക്കടല്‍, ഗപ്പി തുടങ്ങിയ സിനിമകളുടെയും കല്യാണ്‍ സില്‍ക്‌സ്, ഭീമ, ജോയ് ആലുക്കാസ് പോലുള്ള ബ്രാന്‍ഡുകളുടെയും ആര്‍ട് ഡയറക്ടര്‍ ആയ ദില്‍ജിത്ത് സന്തോഷം പങ്കിട്ടു.

ഷൂട്ട് ഒക്കെ നിര്‍ത്തി വീട്ടിലെത്തി ഒന്നു രണ്ടാഴ്ച മടി ആസ്വദിച്ചു. മടി മാറി വന്ന ആദ്യഘട്ടത്തിന്റെ തുടക്കത്തില്‍ വീട്ടിലെ ചെറിയ വാഷ് ഏരിയയിലാണ് പരീക്ഷണ സാധ്യത ആദ്യം കണ്ടെത്തിയത്. ആര്‍ട്ട് വര്‍ക്കുകള്‍ക്കായി വാങ്ങി വച്ച് ഇതുവരെ തുറന്നിട്ടില്ലാത്ത പല നിറക്കുപ്പികളുടെയും മൂടികള്‍ തുറക്കപ്പെട്ടു. കറുപ്പ് പശ്ചാത്തലമാക്കി പ്രകൃതിയുടെ മനോഹരമായൊരു കുഞ്ഞു കഷണം വരച്ചെടുത്തു. പതിനാലിന് ലോക്ഡൗണ്‍ തീരുമ്പോള്‍ അപ്പോള്‍ത്തന്നെ ഫുള്‍ സ്റ്റോപ്പിടാം എന്നായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ ലോക്ഡൗണ്‍ നീണ്ടതോടെ മനസ്സിലെ 'ചിത്രപ്പൂട്ട്' തുറക്കപ്പെട്ടു. ക്യാന്‍വാസ് പോലെയല്ലല്ലോ. ഭിത്തിയങ്ങനെ വിശാലമായിക്കിടക്കുകയല്ലേ? സാധാരണയിലും കൂടുതല്‍ ഡീറ്റെയിലിങ് വേണമെന്നു തോന്നി. അതുകൊണ്ട് കറുത്ത മാര്‍ക്കര്‍ വച്ച് മീനിന്റെയും പക്ഷിയുടെയും ഔട്ട്‌ലൈനും അകത്ത് പാറ്റേണുകളും വരച്ചു.
കൂടുതല്‍ ഭംഗി കിട്ടാനും റിയലിസ്റ്റിക് ആകാതിരിക്കാനും കൂടുതല്‍ നിറങ്ങളും ഉള്‍പ്പെടുത്തി. അക്രിലിക് മുതല്‍ ഭിത്തിയിലടിക്കുന്ന ഇമള്‍ഷന്‍ വരെ ഉപയോഗിച്ചു. കിങ്ഫിഷറും മീനും ഫൈറ്റര്‍ ഫിഷുമൊക്കെ വ്യത്യസ്തമായത് അങ്ങനെ. ഒന്നു രണ്ടു ദിവസമെടുത്ത് സാവധാനത്തിലാണ് ഓരോ ചിത്രവും വരച്ചത്. ആകെ എട്ട് പത്ത് മണിക്കൂറിന്റെ അധ്വാനമേ ഓരോ ചിത്രത്തിനും ഉള്ളൂ. ആദ്യചിത്രങ്ങള്‍ കണ്ടപ്പോള്‍ സഹോദരിയുടെ മകള്‍ ആങ്കി എന്ന സാരംഗിക്കും വേണം സുന്ദരിമീന്‍. ഫൈറ്റര്‍ മീനിനുടമയായ ആങ്കിക്ക് വില്ലന്‍മാരായ രണ്ട് ഫൈറ്ററുകളെ തന്നെ വരച്ചു കൊടുത്തതോടെ ആങ്കിയും ഹാപ്പി.
