ചലച്ചിത്ര നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ ആയിരത്തിലേറെ വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര ദുബായിൽ അരങ്ങേറുന്നു. ക്രിസ്റ്റൽ ടോപ് ഇവന്റ്സ്, കനോപി സെക്യുരിറ്റി സർവീസസ് എന്നിവ അവതരിപ്പിക്കുന്ന പൂരം ദുബായ് 2017നോടനുബന്ധിച്ച് ഇത്തിസാലാത്ത് അക്കാദമിയിൽ ഒക്ടോബർ 27ന് വൈകിട്ട് ആറിനാണ് പരിപാടി.

ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം പേർ പങ്കെടുക്കുന്ന നൃത്ത രൂപം എന്ന നിലയിൽ മെഗാ തിരുവാതിര ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർ‍ഡ്സിൽ ഇടം പിടിക്കാൻ സാധ്യതയുണ്ടെന്ന് സംഘാടകർ പറഞ്ഞു. ഉച്ചയ്ക്ക് രണ്ട് മുതല്‍ കേളികൊട്ടോടെ പൂരം ദുബായ് ആരംഭിക്കും. കൊമ്പ് പറ്റ്, കുഴൽപറ്റ്, പഞ്ചവാദ്യം എന്നിവയ്ക്ക് തിമില കലാകാരൻ ചോറ്റാനിക്കര വിജയൻ മാരാർ, മദ്ദള വിദഗ്ധൻ കുനിശ്ശേരി ചന്ദ്രൻ, വൈക്കം ചന്ദ്രശേഖരൻ മാരാർ, പല്ലാവൂർ ശ്രീധരൻ മാരാർ എന്നിവർ നേതൃത്വം നൽകും.

കിഴക്കൂട്ട് അനിയൻ മാരാരും നൂറോളം കലാകാരന്മാരും അണിനിരക്കുന്ന പാണ്ടിമേളവും ഉണ്ടായിരിക്കും. കുടമാറ്റവും വിവിധ കലാരൂപങ്ങളും അരങ്ങേറും. വൈവിധ്യമാർന്ന സ്റ്റാളുകളായിരിക്കും മറ്റൊരു പ്രത്യേകത. വാർത്താ സമ്മേളനത്തിൽ ഗോപിനാഥ് മേനോൻ, ഗോപകുമാർ, മഹേഷ് ചിറ്റിലഞ്ചേരി, ചന്ദ്രബോസ്, അജിത്ത്, മച്ചിങ്ങല്‍ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കൂടുതൽ വായനയ്‌ക്ക്