പ്രിയപ്പെട്ടവരുടെ സമ്മതത്തോടെ തനിക്ക് ഇഷ്ടപ്പെട്ട ആളെ വിവാഹം ചെയ്യാൻ മാത്രമാണ് അഴകർസ്വാമിയുടെ മകൾ ഷൈല ആഗ്രഹിച്ചത്. എന്നാൽ അതിന്റെ പേരിൽ ഒരു കുടുംബം ഒന്നടങ്കം ജനിച്ചുവളർന്ന നാട്ടിൽനിന്ന് ഊരുവിലക്കപ്പെട്ട്, ഒരായുസ്സിന്റെ അധ്വാനഫലമായ വീടും അന്നോളം പ്രിയപ്പെട്ടതായിരുന്ന സർവവും ഉപേക്ഷിച്ച് വാടകവീടിന്റെ പരിമിതിയിലേക്ക് തള്ളപ്പെട്ടു. മക്കളുടെ ഇഷ്ടങ്ങൾക്ക് മറ്റെന്തിനെക്കാളും വില കൽപിച്ച ആ അച്ഛൻ സ്വയം ഊരുവിലക്ക് ഏറ്റുവാങ്ങി. ഊരുവിലക്കെന്ന പ്രാകൃതനിയമത്തിന്റെ ഇരകളാകേണ്ടിവന്ന കുടുംബത്തിന്റെ ഇന്നോളം ലോകമറിയാത്ത കഥ ഈ ലക്കം വനിതയിലൂടെ നിങ്ങളിലേക്ക്.

ഇടുക്കി കാന്തല്ലൂരിലുള്ള സൂസനിക്കുടി ഗ്രാമത്തിലെ നടരാജനും കുടുംബവുമാണ് ഊരുവിലക്കിന്റെ പേരിൽ സ്വന്തം മണ്ണിൽ നിന്ന് പറിച്ചെറിയപ്പെട്ടത്. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോകാത്ത ഊരിലെ സമുദായാംഗങ്ങൾക്കിടയിൽ അഴകർസ്വാമിയുടെ മക്കൾ വ്യത്യസ്തരായി. ആറാം ക്ലാസ് വരെ മാത്രം പഠിച്ച അച്ഛന്റെ വാശി. മൂത്ത മകൾ ഷൈല നഴ്സിംഗ് കഴിഞ്ഞു. തൊട്ട് താഴെയുള്ള ലളിത ആലുവ യുസി കോളേജിൽ നിന്ന് ബിഎസ്‌സി ബോട്ടണിയിൽ ബിരുദം പൂർത്തിയാക്കി. ഇളയവൾ സുശീല എറണാകുളം മഹാരാജാസിൽ നിന്ന് ബിഎ ഹിസ്റ്ററിയിൽ ബിരുദം കരസ്ഥമാക്കി.

shyla3
സുശീല, കന്നിയമ്മ, അഴകർസ്വാമി, ലളിത

ഷൈലയുടെ പഠനം പൂർത്തിയായപ്പോൾ തന്നെ ബിഹാറിൽ ജോലി ശരിയായിരുന്നു. അവിടെ വച്ച് റാം പ്രവേശ് എന്ന യുവാവുമായി പ്രണയത്തിലായി. ഇവർ തമ്മിലുള്ള വിവാഹമാണ് പിന്നീട് കുടുംബത്തിന്റെ തന്നെ ഊരു വിലക്കിലേക്ക് എത്തിച്ചത്. മകളുടെ ആഗ്രഹത്തിന് വീട്ടുകാർക്ക് എതിർപ്പുമുണ്ടായിരുന്നില്ല. എന്നാൽ സമുദായം എതിർത്തു. മുതുവാൻ സമുദായത്തിന് പുറത്ത് നിന്ന് ആരും വിവാഹം കഴിക്കാൻ പാടില്ല എന്നൊരു നിയമമുണ്ട്. ഈ നിയമം ഉള്ളതുകൊണ്ട് തന്നെ ഷൈലയുടെ പ്രണയത്തെ കുറിച്ച് അറിഞ്ഞ ഊരിലുള്ളവർ അവൾക്ക് വേണ്ടി സമുദായത്തിലെ ഒരാളെ കണ്ടെത്തുകയും പെട്ടെന്ന് വിവാഹം നടത്താൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ പ്രാഥമിക വിദ്യാഭ്യാസം പോലും നേടിയിട്ടില്ലാത്ത അയാളുമായുള്ള വിവാഹം മകളുടെ ജീവിതം തകർക്കും എന്നറിയാവുന്ന അച്ഛന്‍ അതിനെ എതിർത്തു. അങ്ങനെ മകളുടെ ആഗ്രഹത്തിനൊപ്പം നിന്നു. ഫലം, സമുദായത്തിൽനിന്ന് ഭ്രഷ്ട്, ഊരുവിലക്ക്.

ഒന്നുകിൽ മകളെ എന്നന്നേക്കും ഉപേക്ഷിക്കുക, അല്ലെങ്കിൽ ഊരു വിട്ടുപോവുക. ഇവയിൽ ഏതെങ്കിലും ഒന്ന് ശിക്ഷയായി സ്വീകരിക്കേണ്ട അവസ്ഥയായി അഴകർ സ്വാമിക്കും കുടുംബത്തിനും. സ്വന്തം മകളെ ഉപേക്ഷിക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും അവളെ കാണാനോ സംസാരിക്കാനോ ബന്ധം പുലർത്താനോ പാടില്ല. കുടുംബത്തിൽ ആരെങ്കിലും മരിച്ചാൽ പോലും മകൾക്ക് വന്ന് കാണാനുള്ള അവകാശമുണ്ടാകില്ല. അങ്ങനെ സൂസനിക്കുടിയിലെ വീടുപേക്ഷിച്ച് 2013 ൽ അഴകർസ്വാമി ഭാര്യയോടും രണ്ടു പെൺമക്കളോടുമൊപ്പം ഊരുപേക്ഷിച്ചിറങ്ങി. ഇപ്പോൾ നാല് വർഷം കഴിഞ്ഞിരിക്കുന്നു. ഷൈലയ്ക്ക് ഒരു കുഞ്ഞായി. അഴകർസ്വാമിയും കുടുംബവും ഇപ്പോൾ വാടക വീട്ടിലാണ് താമസം.

shyla1
ഷൈല ഭർത്താവ് റാംപ്രവേശിനും മകൻ ഋത്വിക്കിനുമൊപ്പം

പരിഷ്കൃത സമൂഹമെന്ന് മേനി നടിക്കുന്ന കേരളത്തിൽ നടന്ന ഈ സംഭവം ആരും അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ അറിഞ്ഞതായി നടിക്കുന്നില്ല. ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ഇത്തരം ദുരാചാരങ്ങളെക്കുറിച്ചു കേൾക്കുമ്പോൾ മൂക്കത്തു വിരൽ വയ്ക്കുന്ന മലയാളി അറിയണം, ഈ കൊച്ചു കേരളത്തിലും സ്ഥിതി മെച്ചമല്ല. അടുത്ത തവണ സമൂഹമാധ്യങ്ങളിൽ ‘കേരളം നമ്പർ വൺ’ എന്നു പ്രൊഫൈൽ പിക്ചർ ഇടുമ്പോൾ ഈ കഥ കൂടി മനസ്സിൽ വയ്ക്കണം. അല്ലെങ്കിൽ അതിനു മുൻപ് ഈ കുടുംബത്തിനെങ്കിലും നീതി വാങ്ങിക്കൊടുക്കാൻ മുന്നിട്ടിറങ്ങണം.

അഴകർ സ്വാമിയുടെ തീവ്രാനുഭവങ്ങൾ വായിക്കാം, ഈ ലക്കം 'വനിത'യിൽ..