Friday 01 November 2019 04:23 PM IST

അനിൽ മതം പറഞ്ഞ് ആക്ഷേപിച്ചിട്ടില്ല, നിബന്ധന വച്ചതു സത്യം; ബിനീഷിന്റേത് എല്ലാം അറിഞ്ഞു കൊണ്ടുള്ള നാടകം! യൂണിയൻ ചെയർമാൻ ആദ്യമായി പ്രതികരിക്കുന്നു

Binsha Muhammed

bineesh-basti-issue

പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർഥിയാണ് യൂണിയൻ ചെയർമാൻ കൂടിയായ വൈഷ്ണവ്. എസ്എഫ്‌ഐയുടെ നേതൃത്വത്തിലുള്ള കോളജ് യൂണിയൻ ഭാരവാഹിയെന്ന നിലയിൽ നടക്കുന്ന അവസാന പരിപാടി വിവാദമായതിൽ ഏറ്റവുമധികം വേദനിക്കുന്നതും വൈഷ്ണവ് തന്നെയാണ്. മികച്ച രീതിയിൽ കോളജ് ഡേയും മാഗസിൻ പ്രകാശനവും നടത്താൻ ആഗ്രഹിച്ചു ക്ഷണിച്ച അതിഥികൾ തന്നെ വിവാദത്തിന് കാരണമായതിന്റെ വേദനയിലാണ് ഈ വിദ്യാർഥി. ‘വനിത ഓൺലൈനു’മായി സംസാരിക്കുമ്പോൾ വൈഷ്ണവിന്റെ ഫോണിൽ വന്ന കോളുകളിൽ ഏറെയും ഇതേക്കുറിച്ച് വിശദീകരണം തേടിയുള്ളതായിരുന്നു. അനിൽ രാധാകൃഷ്ണ മേനോൻ – ബിനീഷ് ബാസ്റ്റ്യൻ വിവാദത്തിൽ വൈഷ്ണവിന്റെ വിശദീകരണം ഇതാണ്.

‘എന്റെ സിനിമകളിൽ ചാൻസ് ചോദിച്ചു നടന്നവനാണ് ബിനീഷ്! അവനൊപ്പം വേദി പങ്കിടുന്നതിൽ എനിക്ക് താത്പര്യമില്ല. ബിനീഷ് വേദിയിലുണ്ടെങ്കിൽ ഞാനവിടെ ഉണ്ടാകില്ല. ഉറപ്പ്!’ – മാഗസിൻ പ്രകാശനം ചെയ്യുന്നതിന് മുഖ്യാതിഥിയായി ക്ഷണിക്കാൻ എത്തിയപ്പോൾ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞത് ഇങ്ങനെയാണ്. അതല്ലാതെ ബിനീഷ് ബാസ്റ്റിന്റെ ജാതിയെയും മതത്തെയും പറ്റിയൊന്നും അദ്ദേഹം പറഞ്ഞില്ല. ഇക്കാര്യം അറിയിച്ചപ്പോൾ പ്രകാശന ചടങ്ങിനു ശേഷം അനിൽ രാധാകൃഷ്ണ മേനോൻ പോയിക്കഴിഞ്ഞ് കോളജ് ദിനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്ക് എത്താം എന്ന് ഇങ്ങോട്ടു നിർദേശിച്ചത് ബിനീഷാണ്. എന്നിട്ട് അപ്രതീക്ഷിതമായി അദ്ദേഹം വികാര പ്രകടനം നടത്തുകയായിരുന്നു. ചുരുക്കി പറഞ്ഞാൽ ഒരാളുടെ ഈഗോയും രണ്ടാമന്റെ എടുത്തു ചാട്ടവും കൂടി ഞങ്ങളുടെ പരിപാടി കുളമാക്കുകയായിരുന്നു.’– വൈഷ്ണവിന്റെ വാക്കുകളിൽ നിസ്സഹായത.

കേട്ടതല്ല സത്യം

മാഗസിൻ പ്രകാശനം, കോളജ് ദിനം ഉദ്ഘാടനം എന്നീ രണ്ടു പരിപാടികളും ഒരു ദിവസം തന്നെയാണ് നിശ്ചയിച്ചത്. രണ്ട് പരിപാടികൾക്കായി രണ്ട് വിശിഷ്ട വ്യക്തികൾ. പരിപാടിക്ക് ഗസ്റ്റിനെ നിശ്ചയിക്കാൻ ഞാനും മറ്റു യൂണിയൻ ഭാരവാഹികളും ഓട്ടപ്പാച്ചിലിലായിരുന്നു. ഇത്രയും ചെറിയ സമയത്തിനുള്ളിൽ ഒരു അതിഥിയെ പരിപാടിക്ക് എത്തിക്കുന്നതിലെ ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ? പരിപാടിയുടെ തലേന്ന് വൈകുന്നേരത്തോടെ അനിൽ സാറിനെ കണ്ടു. വളരെ നിർബന്ധിച്ച് അദ്ദേഹത്തിന്റെ സമയം വാങ്ങി. മാഗസിൻ പ്രകാശനത്തിനാണ് അതിഥിയായി ക്ഷണിച്ചത്. ‘താൻ എത്തുന്ന സമയത്ത് മറ്റാരെങ്കിലും പരിപാടിക്ക് എത്തുമോ’ എന്ന് അപ്പോൾ തന്നെ അദ്ദേഹം ചോദിച്ചിരുന്നു. തനിക്കൊപ്പം ആരെങ്കിലും വേദി പങ്കിടുമോ എന്നാണ് ചോദ്യത്തിന്റെ ധ്വനി. അഥവാ ഉണ്ടെങ്കിൽ അദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമില്ല. കോളജ് ഡേ ഉദ്ഘാടനത്തിന് അപ്പോൾ അതിഥിയെ ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ മറ്റാരുമില്ല എന്ന് ഞങ്ങൾ പറയുകയും ചെയ്തു.

എന്നാൽ അന്നു തന്നെ രാത്രിയോടെ ബിനീഷ് ബാസ്റ്റിൻ ചടങ്ങിന് എത്താമെന്നറിയിച്ചു. രാത്രി വൈകിയതു കൊണ്ട് അനിൽ സാറിനെ ഇക്കാര്യം വിളിച്ച് അറിയിക്കാൻ സാധിച്ചില്ല. പറഞ്ഞത് പിറ്റേ ദിവസം രാവിലെ. പിറ്റേന്ന് അനിൽ രാധാകൃഷ്ണ മേനോനോട് ബിനീഷിന്റെ കാര്യം അറിയിച്ചപ്പോഴാണ് ബിനീഷ് തീരെ ജൂനിയർ ആണെന്ന മട്ടിൽ സംസാരിച്ചതും മറ്റൊരാളുമായി വേദി പങ്കിടാനില്ലെന്ന നിലപാട് ആവർത്തിച്ചതും. ‘മറ്റൊരാൾ ആ വേദിയിലെത്താൻ പാടില്ല എന്നത് നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നില്ലേ’ എന്ന ചോദ്യം ആവർത്തിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ ഈഗോ അംഗീകരിച്ച് മാഗസിൻ പ്രകാശന സമയത്ത് രണ്ടാമതൊരാൾ വേദിയിലെത്തില്ല എന്നു ഞങ്ങൾ നൽകിയ ഉറപ്പിലാണ് അദ്ദേഹം പങ്കെടുക്കാമെന്ന് സമ്മതിച്ചത്. രണ്ടു പരിപാടിയും രണ്ടു സമയങ്ങളിലായി നടത്തിയാൽ വേദി പങ്കിടുന്ന പ്രശ്നം ഒഴിവാക്കാമെന്ന് ഞങ്ങളും കരുതി. സിനിമയിൽ സീനിയറായ അദ്ദേഹത്തിന് ജൂനിയർ താരത്തോടൊപ്പം വേദി പങ്കിടാനുള്ള വൈമുഖ്യം മാത്രമായാണ് ഞങ്ങൾ അതിനെ കണ്ടത്. ഇപ്പോൾ ഉയർന്ന ജാതി വിവാദമൊന്നും അപ്പോൾ ആരും ചിന്തിച്ചിട്ടു പോലുമില്ല. പിന്നീട് അനിൽ സാറിന്റെ നിബന്ധന ബിനീഷ് ബാസ്റ്റിനെ ധരിപ്പിച്ചു.

അപ്രതീക്ഷിത ട്വിസ്റ്റ്

ചാനലുകാരും സോഷ്യൽ മീഡിയയും പറയും പോലെ ‘അനിൽ സാറിനൊപ്പം വേദി പങ്കിടാൻ അങ്ങോട്ടേക്ക് വരേണ്ട’ എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ സാഹചര്യം വിശദീകരിച്ചു കൊടുത്തു. അനിൽ സാർ ഇങ്ങനെയൊരു നിബന്ധന വച്ചു ചേട്ടാ... ഞങ്ങൾ നിസഹായരാണ്, എന്തു ചെയ്യണം എന്നു ചോദിച്ചു. അതെല്ലാം കേട്ട് ബിനീഷ് ബാസ്റ്റിൻ ഓകെ ആയിരുന്നു. ‘അനിൽ സാർ അദ്ദേഹത്തിന്റെ പരിപാടി കഴിഞ്ഞ് പോട്ടേ, നമ്മുടെ പരിപാടി നമുക്ക് അടിപൊളിയാക്കാം. ഞാനുണ്ട് കൂടെ...പരിപാടി കുളമാകില്ല’ എന്നൊക്കെ പറഞ്ഞ മനുഷ്യന് പിന്നെ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. പരിപാടി തുടങ്ങിയതിനു പിന്നാലെ ഞൊടിയിടയിൽ ഭാവം മാറിയ ബിനീഷ് സ്റ്റേജിലേക്ക് പോയേ തീരൂ എന്ന് ശഠിക്കുകയായിരുന്നു. അത് ആരോ ഒരാൾ ഒപ്പം നടന്ന് വിഡിയോയിൽ പകർത്തുന്നുമുണ്ടായിരുന്നു. പിന്നീട് നടന്നത് എല്ലാവരും കണ്ടതാണ്. കുത്തിയിരിക്കുന്നു.. ആരോ എഴുതി കൊടുത്ത പേപ്പറിലെ വാചകങ്ങൾ നോക്കി സ്റ്റേജിൽ വായിക്കുന്നു... ആകെ സീൻ... അതു വരെ തികച്ചു സന്തോഷവാനായിരുന്ന ബിനീഷ് പരിപാടിയുടെ ഇടയിലേക്ക് ഇങ്ങനെ കടന്നു വന്ന് പ്രതിഷേധിച്ചതു പിന്നിലുള്ള കാരണമെന്താണ് എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ജാതി മതം മനുഷ്യൻ എന്നൊക്കെ പറഞ്ഞ് വികാരാധീനനാകേണ്ട ഒരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല. എല്ലാം ബിനീഷ് ബാസ്റ്റിന്‍ സമ്മതിച്ചതാണ്. എന്നിട്ടും...

bb-c

ഇതിനിടെ അവിടുന്ന് എടുത്ത വിഡിയോ പുറത്തു വിട്ട് സോഷ്യല്‍ മീഡിയയിൽ പ്രചരിപ്പിച്ചത് ആരാണ് എന്നും അറിയില്ല. ഇതെല്ലാം കാണേണ്ട താമസം സോഷ്യൽ മീഡിയ കാടടച്ച് വെടി വയ്ക്കാനിറങ്ങി. ജാതി, മതം, എന്നൊക്കെ പറഞ്ഞ് ആകെ പുകിലായി. കോളേജിനെ വരെ അപമാനിച്ചു. ഞാൻ വീണ്ടും പറയുന്നു, ബിനീഷിനോട് ‘‘അനിൽ സാറിന് നിങ്ങളുമായി വേദി പങ്കിടാൻ കഴിയില്ല’ എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്, ‘എന്ത് ചെയ്യും’ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. അത് ഇത്രയും വിവാദമാക്കിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അനിൽ രാധാകൃഷ്ണ മേനോന്റെ ഈഗോയും ബിനീഷ് ബാസ്റ്റ്യന്റെ എടുത്തു ചാട്ടവുമാണ് ഞങ്ങളുടെ പരിപാടി അലങ്കോലമാക്കിയത്. ജാതിയും മതവും പറഞ്ഞു കൊണ്ടുള്ള സമൂഹ മാധ്യമങ്ങളിലെ ചർച്ച കാണുമ്പോൾ ഇതിനു പിന്നിൽ എന്തൊക്കെയോ നിഗുഢതയുണ്ടെന്ന സംശയം മാത്രം ബാക്കി. – വൈഷ്ണവ് പറയുന്നു.

Tags:
  • Social Media Viral