Thursday 16 April 2020 04:53 PM IST

എന്നെന്നും ഓർത്തുവയ്ക്കാൻ ‘ലിറ്റിൽ തിങ്സ്’; അഴകേറും ബുക്ക്മാർക്കുകളുമായി ആതിരയുടെ കുഞ്ഞുലോകം

Lakshmi Premkumar

Sub Editor

athira0023

ഈ ബുക്ക്‌ മാർക്കിനൊക്കെ വേണ്ടി ഇത്രയും സമയം ചെലവഴിക്കേണ്ട ആവശ്യമുണ്ടോ... ഇതൊക്കെ ആരേലും വാങ്ങിക്കുമോ? ഇതാണ് ചോദ്യമെങ്കിൽ ആദ്യം ആതിരയുടെ വർക്കുകൾ ഒന്ന് കാണണം. മുറ്റത്തെ കരിയില മുതൽ അമ്മ കറി വെക്കാൻ എടുക്കുന്ന മൺചട്ടി വരെ ഈ കൊച്ച് കലാകാരിയുടെ ആയുധങ്ങളാണ്. ലിറ്റിൽ തിങ്സ് എന്ന് ലാളിത്യത്തോടെ പേരിട്ടു വിളിക്കുന്ന ആതിരയുടെ ബുക്ക്‌ മാർക്ക് സംരംഭം ഇന്ന് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്.

"ചെറുപ്പം മുതൽ വരക്കുമായിരുന്നു. അച്ഛൻ രാധനും അമ്മ മിനി രാധനും നാടക പ്രവർത്തകരാണ്. അതുകൊണ്ട് കല പണ്ട് മുതലേ വീട്ടിൽ ഹിറ്റ്‌ ലിസ്റ്റിൽ തന്നെയായിരുന്നു. എനിക്ക് ചിത്രങ്ങളോടും നിറങ്ങളോടുമായിരുന്നു കമ്പം കൂടുതൽ. പക്ഷെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷെ ലിറ്റിൽ തിങ്‌സിലേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്.

2018 ലാണ് ലിറ്റിൽ തിങ്സ് തുടങ്ങിയത്. അതിനു പിന്നിൽ ഒരു കഥയുണ്ട് . എന്റെ അനിയത്തി ആരതി ബി എസ് സി നഴ്സിംഗ് ന് പഠിക്കുകയാണ്.അവളുടെ ഒരു പ്രൊജക്റ്റ്‌ വർക്ക് ചെയ്യാനായി കുറച്ച് ഫ്ലാഷ് കാർഡ്‌സ് ഉണ്ടാക്കി തരാമോ എന്ന് ചോദിച്ചു. അങ്ങനെ കാർഡ്‌സ് ഉണ്ടാക്കി കഴിഞ്ഞപ്പോൾ നീളത്തിൽ നല്ല ചാർട്ട് പേപ്പറുകൾ ബാക്കിയായി. ക്രാഫ്റ്റിന്റെ കുറച്ച് അസുഖം ഉള്ളതുകൊണ്ട് ഒന്നും കളഞ്ഞില്ല. എല്ലാം എടുത്ത് സൂക്ഷിച്ചു. അപ്പൊ ഞാൻ വെറുതേ കയ്യിലിരിക്കുന്ന കളറുകളൊക്കെ വെച്ച് വെറുതെ വരച്ചു നോക്കി. അപ്പൊ നല്ല ഭംഗി. പെട്ടന്നാണ് തോന്നിയത് ഇതു കണ്ടാൽ ബുക്ക്‌ മാർക്ക്‌ പോലെയുണ്ടല്ലോ എന്ന്. അപ്പോൾ വെറുതെ കുറച്ച് സെർച്ച്‌ ചെയ്ത് നോക്കി. ബുക്ക്‌ മാർക്ക് ഉണ്ടാക്കുന്ന രീതിയൊക്കെ. അന്നാണ് ആദ്യമായിട്ട് ബുക്ക്‌ മാർക്കുകളെ കുറിച്ച് സെർച്ച്‌ ചെയ്യുന്നത്. വെറുതെ രണ്ടു മൂന്നെണ്ണം വരച്ച് ഫോട്ടോ എടുത്ത് ഫേസ് ബുക്കിൽ ഇട്ട് നോക്കി. അപ്പോൾ ഒരുപാട് പേര് നല്ല അഭിപ്രായം പറഞ്ഞു. ഒരു ആൾ മെസഞ്ചറിൽ വന്ന് ചോദിച്ചു ഇതു വിക്കുന്നുണ്ടോ എന്ന്. അന്നാണ് എനിക്ക് തലയിൽ ലഡ്ഡു പൊട്ടിയത്. എങ്കിൽ പിന്നെ ആ വഴിക്ക് ചിന്തിച്ചു കൂടെ എന്ന് ഞാനും കരുതി.

എന്റെ പേർസണൽ പേജിൽ ആയിരുന്നു ആദ്യമൊക്കെ പോസ്റ്റ് ചെയ്ത് തുടങ്ങിയത് അന്ന് ലിറ്റിൽ തിങ്സ് എന്ന് പേരൊന്നും ഇട്ടിട്ടില്ല. പക്ഷെ ഈ ബുക്ക്‌ മാർക്ക്‌ വാങ്ങുന്നവർ പറഞ്ഞു കേട്ട് കൂടുതൽ ആവശ്യക്കാർ എത്താൻ തുടങ്ങി. എത്രയോ പേർക്ക് ചെയ്ത് കൊടുത്തു. അവർ പറഞ്ഞ് അറിയുന്നവർ വഴി അടുത്ത ഓർഡർ കിട്ടി. അങ്ങനെ മൌത്ത് പബ്ലിസിറ്റിയിലൂടെയാണ് ലിറ്റിൽ തിങ്സ് വളർന്നത്. എങ്കിൽപ്പിന്നെ ഒരു പേജ് അങ്ങ് തുടങ്ങിക്കൂടെ എന്ന് വീട്ടുകാരും കൂട്ടുകാരും ചോദിച്ചു. പക്ഷെ പേജിനു ഒരു പേര് വേണ്ടേ? ഞാൻ എപ്പോഴും ചെറിയ കുഞ്ഞി കുഞ്ഞി മനുഷ്യരെയും പൂക്കളും ഒക്കെയാണ് വരക്കാറ്. അങ്ങനെ എങ്കിൽ 'ലിറ്റിൽ തിങ്സ് ' എന്നല്ലാതെ വേറെ ഏതു പേര് ചേരാൻ. അങ്ങനെ ഞാൻ ഫേസ് ബുക്കിൽ ഒരു പേജ് തുടങ്ങി. ഇൻസ്റ്റഗ്രാമിൽ ക്രഫ്റ്റ്‌സ് ഓഫ് ആദി എന്ന പേരിൽ ഒരു പേജും തുടങ്ങി. ഞാൻ ബി എഡിന് പഠിക്കുമ്പോഴാണ് ഈ പരിപാടികളൊക്കെ ചെയ്തത്. അന്നൊക്കെ ഒരു സൈഡ് എന്റർടൈൻമെന്റ് എന്ന് മാത്രേ ഉദ്ദേശിച്ചുള്ളൂ. പക്ഷെ ഓരോ ദിവസോം കഴിയും തോറും ആവശ്യക്കാർ കൂടി വന്നു.

little-things

കുറച്ച് സെലിബ്രിറ്റീസ് ഒക്കെ അവരുടെ പേജിൽ എന്റെ ബുക്ക്‌ മാർക്ക് ഷെയർ ചെയ്തതോടെ അത്യാവശ്യത്തിനു ഫോള്ളോവെർസ്നെയും കിട്ടി. അങ്ങനെയൊരു ദിവസം കോഴിക്കോടുള്ള പെൻഡുലം ബുക്സ് എന്ന പബ്ലിഷിംഗ് കമ്പനി എന്നോട് അവർക്ക് 50 ബുക്സ് മാർക്സ് അയച്ചു കൊടുക്കാമോ എന്ന് ചോദിച്ചു. ആ വർക്ക് ചെയ്ത ശേഷം ഒരു ബൊട്ടീക്കിനു വേണ്ടി ചെയ്ത് കൊടുത്തു. അവിടെയൊക്കെ ദൈവം സഹായിച് എന്റെ ഹാൻഡ് മെയിഡ് ബുക്ക്‌ മാർക്കുകൾ എല്ല്ലാർകും ഇഷ്ടായി. അതു തന്നെയാണ് ഒരു കലാ കാരിയെ സംബന്ധിച്ചു സന്തോഷവും. പലരും കരുതുന്നത് വായിക്കുന്നവർക്ക് മാത്രമാണ് ബുക്ക്‌ മാർക്കുകൾ ആവശ്യമെന്നാണ്. പക്ഷെ എന്റടുത്തു വരുന്ന ഓർഡറുകൾ പലതും പല ഉപയോഗത്തിനാണ്.ചുമരുകളിൽ ഒട്ടിക്കാനും, കാറിലെ മിററിൽ തൂക്കി ഇടാനും, പ്രിയപ്പെട്ടവർക്ക് എന്നെന്നും ഓർത്തു വെക്കാനുള്ള സമ്മാനമായിട്ടും ലിറ്റിൽ തിങ്സ് പറന്നെത്താറുണ്ട്.ഇപ്പോൾ ഹാൻഡ് മെയിഡ് വെഡിങ് കാർഡുകൾ ചെയ്യാറുണ്ട്, ബാഡ്ജ്, സേവ് ദി ഡേറ്റ് കാർഡ്, തുടങ്ങി പല തരം കാർഡുകൾ ചെയ്യുന്നുണ്ട്.പിന്നെ ഏതെങ്കിലും സോഷ്യൽ ഇഷ്യൂ ഉണ്ടാകുമ്പോൾ അവെയർനെസ് കാർഡുകൾ ചെയ്യുന്നുണ്ട്.ഇതൊക്കെ വിജയിക്കുന്നത് എന്റെ കുടുംബത്തിന്റെയും ഫാമിലിയുടെയും സ്‌പോർട്ട് കൊണ്ടാണ്.അച്ഛനും അമ്മയുമൊക്കെ എവിടെ പോയിട്ട് വന്നാലും എനിക്ക് വരയ്ക്കാൻ കഴിയുന്ന എന്തെങ്കിലുംകൊണ്ടുവന്നു തരും. അതു ചിലപ്പോൾ ഒരു കുന്നിക്കുരുവോ, ഉണങ്ങിയ ഇലയോ ആയിരിക്കും. പക്ഷെ ആ സ്നേഹത്തിലാണ് ലിറ്റിൽ തിങ്സ് മുന്നോട്ട് പോകുന്നത്. പിന്നെ സോഷ്യൽ മീഡിയയിലെ എണ്ണമറ്റ സുഹൃത്തുക്കളുടെ സപ്പോർട്ടും.

ഇന്നിപ്പോ എന്റെ ലിറ്റിൽ തിങ്സ് പൂർണമായും മെയിൻ സ്ട്രീമിലേക്ക് ഇറക്കിയാലോ എന്നാണു വിചാരിക്കുന്നത്. ഏതു ടെൻഷൻ ആയാലും ഇതു ചെയ്യുന്ന സമയത്ത് കിട്ടുന്ന ഒരു റിലാക്സേഷൻ അതൊന്നു വേറെ തന്നെയാ...

Tags:
  • Spotlight
  • Motivational Story