‘‘ആരും അധികം ചെയ്യാത്ത ബിസിനസ് തുടങ്ങണം. അതായിരുന്നു പണ്ടേയുള്ള ആഗ്രഹം. എന്നാൽ അവിചാരിതമായാണ് കസ്റ്റമൈസ്ഡ് കാർപെറ്റ് എന്ന ആശയത്തിലേക്ക് എത്തിയത്.’’ ആശയത്തിന്റെ പുതുമ ബിസിനസ് വിജയം എളുപ്പമാക്കിയ കഥ പറയുന്നു ശാലിനി. 

എത്ര വലിയ വീടാണെങ്കിലും അതിനു മാച്ചിങ്ങായ കാർപെറ്റുകൾ കൂടി ലഭിച്ചാൽ മാത്രമേ  പൂർണത കിട്ടൂ എന്നാണ് ശാലിനിയുടെ വിശ്വാസം. ഒൻപത് കൊല്ലമായി കസ്റ്റമൈസ്ഡ് കാർപെറ്റ് ബിസിനസ്സിൽ സജീവമാണ് കൊച്ചി സ്വദേശിനി ശാലിനി ജോസ്‌ലിൻ.

ദ് കാർപെറ്റ് ബാൺ 

‘‘വർഷങ്ങൾക്കു മുൻപ് സുഹൃത്തിന്റെ ഹൗസ്‌വാമിങ്ങിനു പോയി. വീടും ഇന്റീരിയറും എല്ലാം ഗംഭീരം. പക്ഷേ, എന്തോ ഒന്ന് മുഴച്ചു നിൽക്കും പോലെ തോന്നി. അത് ആ വീട്ടിൽ ഉപയോഗിച്ചിരുന്ന കാർപെറ്റുകൾ ആയിരുന്നു. ഹോം ഡെക്കോറുമായി യാതൊരു ബന്ധവുമില്ലാത്ത കാർപെറ്റ്. അവസാന നിമിഷം ഓടിപ്പോയി കാർപെറ്റ് വാങ്ങാൻ നോക്കിയപ്പോള്‍ മനസിൽ വിചാരിച്ചതൊന്നും കിട്ടാനില്ല. ഒടുവിൽ ആഗ്രഹങ്ങളെ മറന്ന് കയ്യിൽ കിട്ടിയതുമായി മടങ്ങുകയായിരുന്നു. 

ഓരോ വീടിനും ചേരുന്ന വീട്ടുകാരുടെ ഇഷ്ടം അനുസരിച്ചുള്ള കാർപെറ്റുകൾ കിട്ടിയാൽ നല്ലതാണല്ലോ എന്ന ചിന്തിച്ചു. അതിൽ നിന്നാണ് ഈ ബിസിനസ് ഐഡിയ തോന്നിയത്. അങ്ങനെ കസ്റ്റമൈസ്ഡ് കാർപെറ്റുകൾക്കായി കൊച്ചിയിൽ ‘ദ് കാർപെറ്റ് ബാൺ’  എന്ന ഷോപ് തുടങ്ങി. പക്ഷേ, ആദ്യം നേരിട്ട വെല്ലുവിളി മാർക്കറ്റിങ് ആയിരുന്നു. കേരളത്തിൽ കാർപെറ്റ് ബിസിനസ്  അത്ര ശക്തമായിരുന്നില്ല. കാർപെറ്റുകൾക്കു മാത്രമായുള്ള ഷോപ്പുകളും കുറവ്. നമ്മൾ ഇത്രയും റിസ്ക് എടുത്ത് ബിസിനസ് തുടങ്ങിയിട്ട് അത് വിപണിയിൽ ചലനം ഉണ്ടാക്കിയില്ലെങ്കിൽ കഷ്ടമാകില്ലേ. എങ്ങനെ വിപണിയിൽ സജീവമാകാം എന്നത് പഠിക്കാൻ തുടങ്ങി. 

കൊച്ചി തന്ന കരുത്ത്

കൊച്ചി പോലൊരു സ്ഥലത്ത് എത്രയോ കൺസ്ട്രഷനും വീടുകളും നിർമിക്കുന്നു. അവർക്കൊക്കെ കാർപെറ്റ് ആവശ്യമല്ലേ എന്ന ചിന്ത മുന്നോട്ട് നയിച്ചു. വിപണി വളരുന്ന സമയത്ത് ബിസിനസ് തുടങ്ങാനായി എന്നത് എനിക്ക് ഗുണമായി. ഇതേകുറിച്ച് കൂടുതൽ പഠിക്കാൻ ഇന്ത്യയിൽ പല സ്ഥലങ്ങളിൽ സഞ്ചരിച്ചു. വാരണസി, പാനിപ്പത്ത്,  ജയ്പൂർ, ഇവിടെയെല്ലാമാണ് കാർപെറ്റുകളുടെ ലോകം.

കൂടുതലും ഹാൻഡ് മെയ്ഡ് കാർപ്പെറ്റുകളാണ് ഞാൻ ചെയ്യുന്നത്. കസ്റ്റമേഴ്സിന്റെ ആവശ്യാനുസരണം മാത്രം മെഷീൻമെയ്ഡ് ചെയ്യും. വൂള്‍, സിൽക്, ആർട് സിൽക് , ജൂട്ട്, കോട്ടൻ, സിന്തറ്റിക്, നൈലോൺ ഇങ്ങനെ വിവിധ തരത്തിൽ കാർപെറ്റുകൾ ലഭ്യമാണ്. നിങ്ങൾക്ക് ഇഷ്ടമുള്ള ഡിസൈൻ എനിക്ക് തരൂ. ഞാൻ നിങ്ങൾക്ക് അതേ കാർപെറ്റ് നൽകാം എന്നാണ് ഞാൻ എല്ലാവരോടും പറയാറുള്ളത്.’’