അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ യൂട്യൂബ് നോക്കി ആദ്യമായി കേക്കുണ്ടാക്കി. കുക്കിങ് അന്നേ ഇഷ്ടമായി. ഇടയ്ക്ക് വല്ലപ്പോഴുമൊക്കെ കേക്കുണ്ടാക്കി കൂട്ടുകാര്‍ക്കും അയല്‍പക്കത്തുമൊക്കെ കൊടുക്കുമെന്നേയുള്ളൂ. ഇത്രയും ആവശ്യക്കാരുണ്ടാകുമെന്നോ ഇതിലൂടെ വരുമാനം കിട്ടുമെന്നോ ഈ കൊച്ചുമിടുക്കി പ്രതീക്ഷിച്ചിരുന്നതേയില്ല. ലോക്ഡൗണ്‍ ശ്രീഷയ്ക്കു നല്‍കിയത് പുതിയൊരു വഴിത്തിരിവാണ്. തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീഷ ശ്രീജിത്തിനിപ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം.
ജനുവരിയില്‍ അമ്മാവന്റെ കല്യാണമായിരുന്നു.അന്നാണ് വലിയൊരു ചടങ്ങിനു വേണ്ടി ആദ്യമായി കേക്കുണ്ടാക്കുന്നത്. കല്യാണത്തിനെത്തിയവര്‍ക്കുള്ള പുഡിങ്ങും വലിയ രണ്ട് ചോക്ലെറ്റ് കേക്കും ശ്രീഷയുടെ വകയായി അന്ന് പന്തലിലെത്തി. അടിപൊളി എന്നു പറഞ്ഞ് എല്ലാവരും അഭിനന്ദിച്ചു. പിന്നെ ക്ലാസും പരീക്ഷയുമൊക്കെയായി തിരക്കിലായി. അതുകഴിഞ്ഞപ്പോള്‍ ലോക്ഡൗണ്‍ വന്നു. എല്ലാവരെയും പോലെ ചേച്ചിമാരുടെ കൂടെ കളിച്ചു ചിരിച്ചും കുറേ ദിവസങ്ങള്‍. ഒരു മാസം വെറുതെ പോയല്ലോ എന്നോര്‍ത്തപ്പോള്‍ വിഷമമായി. ഇങ്ങനെ പോയാല്‍ ശരിയാവില്ല എന്നൊരു തോന്നല്‍. വീണ്ടും യൂട്യൂബ് നോക്കി വെറൈറ്റി കേക്ക് റെസിപ്പികള്‍ കണ്ടുപിടിച്ചു.
മെയ് മാസത്തില്‍ അച്ഛന്റെ ചങ്ങാതിയുടെ വെഡിങ് ആനിവേഴ്‌സറിക്ക് കേക്കുണ്ടാക്കിക്കൊടുത്ത് രണ്ടാം എന്‍ട്രി ഗംഭീരമാക്കി. കേക്ക് ബിസിനസിന്റെ തുടക്കം അവിടെയായിരുന്നു. ദിവസം ഒരു ഓര്‍ഡറെങ്കിലും കിട്ടിത്തുടങ്ങി. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അഞ്ച് കേക്ക് വരെ ഉണ്ടാക്കിയ ദിവസങ്ങളും ഉണ്ടായിരുന്നു. ഒരു മാസത്തിനുള്ളില്‍ മുപ്പത്തഞ്ച്-നാല്‍പത് കേക്കുകളാണ് ശ്രീഷ ഉണ്ടാക്കിയത്.
ക്വാളിറ്റിയില്‍ ഒരു കോംപ്രമൈസിനും ശ്രീഷ റെഡിയല്ല. ഫസ്റ്റ് ക്വാളിറ്റി സാധനങ്ങള്‍ മാത്രമേ കേക്കുണ്ടാക്കാന്‍ ഉപയോഗിക്കുന്നുള്ളൂ. കേക്ക് മേക്കിങ്ങിന് വേണ്ട സാധനങ്ങള്‍ വാങ്ങാനുള്ള കട ഗൂഗിളില്‍ സെര്‍ച് ചെയ്തു കണ്ടുപിടിച്ചത് ശ്രീഷ തന്നെ. ബില്‍ഡിങ് കോണ്‍ട്രാക്റ്റര്‍ ആയ അച്ഛന്‍ ശ്രീജിത്ത് സാധനങ്ങളെല്ലാം വാങ്ങിക്കൊണ്ടു കൊടുക്കും. സ്‌പെഷ്യല്‍ ഓര്‍ഡറുകളെന്തെങ്കിലുമുണ്ടെങ്കില്‍ ചിലപ്പോള്‍ കുടുംബമായി തന്നെ പര്‍ച്ചേസിനു പോകും.
ചെറിയ തന്ത്രങ്ങള്‍ കൊണ്ടേ ബിസിനസ് മുന്നോട്ടു കൊണ്ടുപോകാനാകൂ എന്നറിയാവുന്നതു കൊണ്ട് തുടക്കത്തില്‍ 10 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കിയാണ് കേക്ക് വിറ്റത്. ഇപ്പോഴും ഓര്‍ഡര്‍ അനുസരിച്ച് ഡിസ്‌കൗണ്ട് കൊടുക്കുന്നുണ്ട്. അവനും ടേബിളുമൊക്കെ വാങ്ങിത്തന്നതും അച്ഛനാണ്. ആദ്യം കിട്ടിയ കുറച്ച് ഓര്‍ഡറുകളില്‍ നിന്നുള്ള പണം അച്ഛന് നല്‍കി ആ കടം വീട്ടി.
ആപ്രിക്കോട്ട് കേക്ക്, ഡ്രൈ ഫ്രൂട്ട് കേക്ക്, ആന്റീ ഗ്രാവിറ്റി കേക്ക് എന്നിങ്ങനെ ശ്രീഷയുടെ സ്‌പെഷ്യല്‍ ഇനങ്ങള്‍ കുറച്ചെണ്ണമുണ്ട്. അതുകൂടാതെ, കാരറ്റ് കേക്ക്, കപ്പ് കേക്കുകള്‍, ഡോണറ്റ്...എന്നിവയും ഉണ്ടാക്കിക്കൊടുക്കാറുണ്ട്. കുക്കീസിലും ചോക്ലെറ്റ്‌സിലും കൈവെക്കാനുള്ള തയാറെടുപ്പിലാണ്. ബി കോമിനു പഠിക്കുന്ന മൂത്ത ചേച്ചി ശ്രുതിയും പ്ലസ്ടുക്കാരിയായ ഇളയ ചേച്ചി ശ്രേയയും അടുക്കളയില്‍ സഹായത്തിനുണ്ടാകും. അപ്പൂപ്പന്‍ പരമേശ്വരനും അമ്മൂമ്മ പൊന്നമ്മയും അടക്കം എല്ലാവരും കട്ട സപ്പോര്‍ട്ട്. ആകെയൊരു കേക്ക് മയം ആയതുകൊണ്ട് എരൂരിലെ വീടിന് 'വൈബ് ഫ്രോസ്റ്റ് കേക്ക് വില്ല' എന്ന് പേരുമിട്ടു.
'അച്ഛനു നല്‍കി ബാക്കിയുള്ള സമ്പാദ്യം സൂക്ഷിച്ചുവച്ചിട്ടുണ്ട്. കൊറോണയൊക്കെ മാറിയിട്ട് വേണം കുറച്ച് ഡ്രസ് എടുക്കാന്‍. വീട്ടിലെ അടുക്കളയില്‍ തന്നെയാണ് ഇപ്പോള്‍ കേക്കുണ്ടാക്കുന്നത്. ബിസിനസ് വളരുമ്പോള്‍ കൂടുതല്‍ കേക്കുകള്‍ ഉണ്ടാക്കാനായി മുകളില്‍ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് കേക്കുണ്ടാക്കാന്‍ മാത്രമായി ഒരു കിച്ചണ്‍ ഉണ്ടാക്കണം. വേറെയും പ്ലാന്‍സ് ഉണ്ട്. അത് സീക്രട്ട്... ക്ലാസ് തുടങ്ങിയാലും എല്ലാം അമ്മ ബിന്ദുവിനെ ഏല്‍പിച്ച് കേക്ക് ബിസിനസ് തുടരാന്‍ തന്നെയാണു പ്ലാന്‍. നല്ലൊരു വരുമാനമാര്‍ഗമല്ലേ... വെറുതെ കളയേണ്ടല്ലോ...' ശ്രീഷയുടെ വാക്കുകളില്‍ ആത്മവിശ്വാസം. കുക്കിങ് കഴിഞ്ഞാല്‍ ഡാന്‍സും ക്രിക്കറ്റുമാണ് ശ്രീഷയുടെ പാഷന്‍സ്. നല്ലൊരു ക്രിക്കറ്റ് പ്ലെയര്‍ ആകണമെന്നതാണ് ജീവിതത്തിലെ വലിയ ആഗ്രഹം.
