ഇതിപ്പോൾ മേഴ്സിഡസ് ബെൻസിന്റെ കളിപ്പാട്ടമാണോ, വെണ്ണക്കൽ പ്രതിമയാണോ അതോ ശരിക്കുള്ള കാർ തന്നെ നേരിട്ട് വന്നതാണോ? ആകെ കൺഫ്യൂഷനാകും അന്ന ഓസ്റ്റിൻ എന്ന വീട്ടമ്മയൊരുക്കുന്ന കേക്കുകൾ കണ്ടാൽ. കാർ മാത്രമല്ല, വാഹനപ്രേമികളുടെ ഒട്ടു മിക്ക വാഹനങ്ങളും, പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരും, സിനിമാതാരങ്ങളും, കാർട്ടൂൺ കഥാപാത്രങ്ങളും എന്നു വേണ്ട എന്തു വേണെമെന്ന് പറഞ്ഞാൽ മാത്രം മതി. ഒരാഴ്ചയ്ക്കുള്ളിൽ കേക്ക് തയാർ. കണ്ടാൽ കണ്ണെടുക്കാൻ കഴിയില്ല. രുചിയും അതുപോലെ തന്നെ.

ഹോബിയായി തുടങ്ങിയ നേട്ടം

‘‘ഹോബിയായി തുടങ്ങിയ കേക്ക് ആർട് ജീവിതത്തിലെ വരുമാന മാർഗമായി തീർന്നതും ചിത്രങ്ങളോടും, വരകളോടും പ്രണയം കൊണ്ടു തന്നെ. ചെറുപ്പം മുതൽ കല എന്നത് ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു. ഉപരിപഠനത്തിന് ചെന്നൈയിലെ സ്‌റ്റെല്ലാ മാരിസിൽ പഠിക്കാൻ ചേർന്നപ്പോള്‍ തിരഞ്ഞെടുത്ത വിഷയവും ഫൈൻ ആർട്സ് തന്നെ. സ്വർണ മെഡലോടെ മാസ്റ്റർ ബിരുദം പൂർത്തിയാക്കി. ചിത്രങ്ങളും ക്യാൻവാസുമായിരുന്നു എന്റെ ലോകം.

ഹോബിയായി ചെറിയ കേക്ക് പരീക്ഷണങ്ങളും. ഒരിക്കൽ ഏറ്റവും അടുത്ത സുഹൃത്ത് അവരുടെ കുഞ്ഞിന്റെ ജന്മദിനത്തിന്റെ കേക്ക് ബേക്ക് ചെയ്യാമോ എന്ന് ചോദിച്ചു. ഫാം ഹൗസായിരുന്നു തീം. ആ കേക്കാണ് ജീവിതത്തിൽ ഏറ്റവും കൗതുകത്തോടെയുണ്ടാക്കിയത്. അതു വൻവിജയമായി. പിന്നെ നിരവധി ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. പതുക്കെ കേക്ക് ആർട്ട് ജീവിതമായി മാറി. കേക്ക് കാൻവാസ് – ഹാപ്പിനസ് ഇൻ എ ബോക്സ് എന്നൊരു ഫെയ്സ് ബുക് പേജ് തുടങ്ങി. ഇൻസ്റ്റഗ്രാമിൽ ‘കേക്ക് ക്യാൻവാസ്’ എന്നാണ് പേജിന്റെ  പേര്. ഒരാഴ്ച ഒരു ഓർഡർ മാത്രമേ എടുക്കൂ. അപ്പോഴേ പൂർണമായും ശ്രദ്ധിച്ച് ചെയ്യാൻ കഴിയൂ.

രു‍ചിയുടെ പാരമ്പര്യം

കാഞ്ഞിരപ്പള്ളിയിൽ മുക്കാടൻ എന്നാണ് വീട്ടുപേര്. പണ്ടു തൊട്ടേ ഫുഡ് ഉണ്ടാക്കുന്നതും, കഴിപ്പിക്കുന്നതുമെല്ലാം വീട്ടിൽ വളരെ ഇഷ്ടപ്പെട്ട കാര്യങ്ങളാണ്. വിവാഹശേഷം കൊച്ചിയിൽ സെറ്റിൽഡായി. അന്നു മുതൽ  ഫ്ലാറ്റിൽ തന്നെയാണ് എല്ലാ കേക്കുകളും ഉണ്ടാക്കുന്നത്. ഏതു കേക്കാണോ ചെയ്യാൻ പോകുന്നത് അതിന്റെ രൂപം ആദ്യം മനസിൽ വരയ്ക്കും. ചോക്‌ലെറ്റും  ഐസിങ്ങും മാത്രമാണ് കേക്കിലെ ചേരുവകൾ. വില നിശ്ചയിക്കുന്നത് ഓരോ കേക്കിന്റേയും ആർട് വർക്ക് അനുസരിച്ചാണ്.

കേക്ക് മാസ്‌റ്റേഴ്സ് മാഗസിൻ നടത്തുന്ന കേക്ക് രൂപകൽപനയുടെ മത്സരമുണ്ട്. കേക്ക് ഓസ്കാർ, ഇതിന്റെ അവസാന പട്ടികയിലെത്തിയതാണ് ജീവിതത്തിൽ എപ്പോഴും അഭിമാനത്തോടെ ഓർക്കാൻ കഴിയുന്ന നേട്ടം. മോഡലിങ് എക്സലൻസ് അവാർഡിന്റെ ഫൈനൽ നാലു പേരിൽ എത്തുക എന്നത് സ്വപ്നമായിരുന്നു. അ താണ് യാഥാർഥ്യമായത്. ഇന്ത്യയിലെ കേക്കോളജി കേക്ക് ഫെസ്റ്റ് എന്ന ഇവന്റിൽ മോഡലിങ് എക്സലൻസിനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്.’’