നിര്യാതനായ പിതാവിന് അവസാനമായി ചെയ്യേണ്ട കർമങ്ങൾ സ്വയം ഏറ്റെടുത്ത് കലക്ടർ കെ.വാസുകി. ആചാരപ്രകാരം പെൺമക്കൾ അന്ത്യകർമങ്ങൾ ചെയ്യാറില്ലെങ്കിലും പ്രിയപ്പെട്ട അച്ഛനു വേണ്ടി മുതിർന്നവരുടെ അനുവാദപ്രകാരം വാസുകിയും സഹോദരി കലൈവാണിയും ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. വാസുകിയുടെ പിതാവ് കെ.കുപ്പുരാമ സുബ്രഹ്മണ്യൻ ശനിയാഴ്ച വൈകിട്ടാണ് നിര്യാതനായത്.

തമിഴ്നാട്ടിൽ നിന്ന് രണ്ടുദിവസം മുൻപാണ് അദ്ദേഹവും ഭാര്യ സരളയും മകളെ കാണാനെത്തിയത്. ആകസ്മികമായ നിര്യാണത്തിൽ ഉലഞ്ഞുപോയെങ്കിലും അന്ത്യകർമങ്ങൾ ചെയ്യാൻ വാസുകി താൽപര്യം പ്രകടിപ്പിക്കുകയായിരുന്നു. ആൺമക്കളില്ലെങ്കിൽ പേരക്കുട്ടികളോ മരുമക്കളോ അനന്തരവന്മാരോ ആണ് സാധാരണ കർമങ്ങൾ ചെയ്യാറുള്ളത്.

തങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കുന്നതായിരിക്കും അച്ഛൻ ആഗ്രഹിക്കുന്നതെന്നു പറഞ്ഞാണു വാസുകിയും കലൈവാണിയും കർമങ്ങൾ ഏറ്റെടുത്തത്. വീട്ടിലും ശാന്തികവാടത്തിലും നടന്ന തമിഴ് ആചാരപ്രകാരമുള്ള ചടങ്ങുകൾ ഇരുവരും ചേർന്നാണു നിർവഹിച്ചത്. വാസുകിയുടെ ഭർത്താവും കൊല്ലം കലക്ടറുമായ എസ്.കാർത്തികേയൻ, കലൈവാണിയുടെ ഭർത്താവ് ബാബു എന്നിവർ ചടങ്ങുകൾക്ക് ഇരുവർക്കും ഒപ്പമുണ്ടായിരുന്നു.

 

കൂടുതൽ വാർത്തകൾ