'പരസ്യങ്ങളില്‍ക്കൂടിയൊക്കെ എന്റെ ശബ്ദം കേട്ടിട്ടുണ്ടാകും. പക്ഷെ, അന്നൊന്നും കിട്ടാത്ത റെക്കഗ്നിഷന്‍ ആണ് കൊറോണ സന്ദേശത്തിലൂടെ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്.' ഡല്‍ഹിയിലെ സാംസ്‌കാരികസദസ്സുകള്‍ക്ക് പരിചിതമായ മലയാളിശബ്ദം ടിന്റുവിന്റെ വാക്കുകള്‍ക്ക് ആഹ്ലാദസ്പര്‍ശം. ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന കൊറോണ പ്രതിരോധ സന്ദേശത്തിനു സ്വരം പകര്‍ന്നത് ടിന്റുമോള്‍ ജോസഫ് എന്ന ഈ വോയ്‌സ് ഓവര്‍ ആര്‍ട്ടിസ്റ്റാണ്.
ജനിച്ചത് നാട്ടിലാണെങ്കിലും പലയിടങ്ങളിലായാണ് പഠിച്ചത്. ഹൈസ്‌ക്കൂള്‍ മുതലുള്ള പഠനം മംഗളുരുവിലായിരുന്നു. എന്നാലും ഞങ്ങള്‍ മലയാളത്തിലാണ് വേദപാഠം പഠിച്ചതും കുര്‍ബാന ചൊല്ലുന്നതുമൊക്കെ. പോരാത്തതിന് ആഴ്ചയിലൊരിക്കല്‍ ടൗണില്‍ പോയി പപ്പ ഒരാഴ്ചത്തെ പത്രവും വനിതയും ബാലരമയും പൂമ്പാറ്റയുമെല്ലാം ഒരുമിച്ചു വാങ്ങിക്കൊണ്ടു വരും. അതെല്ലാം കുത്തിപ്പിടിച്ചിരുന്ന് വായിക്കും. അങ്ങനെ മലയാളം നല്ല വശമായി. കന്നഡയും അറിയാമായിരുന്നു. മംഗളുരു സെന്റ് ആഗ്നസ് കോളജില്‍ നിന്ന് ഹിസ്റ്റി, ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിഎ കഴിഞ്ഞ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തരബിരുദം ചെയ്യാനായി ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെത്തി. അതു കഴിഞ്ഞ് റിസെര്‍ച് അസിസ്റ്റന്റ് ജോലിയും ഒപ്പം ഐഎഎസ്, യുപിഎസ് സി പരീക്ഷകള്‍ക്കുള്ള തയാറെടുപ്പുമായി കഴിയുകയായിരുന്നു. ട്രാന്‍സ്ലേഷന്‍- ഇന്റര്‍പ്രട്ടേഷന്‍ വര്‍ക്കുകള്‍ ചെയ്തും ചെറിയ പ്രോജക്റ്റുകള്‍ക്ക് വോയ്‌സ് ഓവര്‍ നല്‍കിയുമാണ് അക്കാലത്ത് ജീവിതച്ചെലവുകള്‍ക്കുള്ള പണം കണ്ടെത്തിയത്.
അപ്രതീക്ഷമായി എത്തിയ കരിയര്‍
നീ നന്നായി മലയാളം സംസാരിക്കുമല്ലോ, മലയാളത്തില്‍ ശബ്ദം കൊടുക്കാന്‍ ആളെ ആവശ്യമുണ്ട് എന്നു പറഞ്ഞ് ജെഎന്‍യുവിലെ കന്നട ചെയര്‍ ചെയര്‍മാനായ പ്രഫസര്‍ പുരുഷോത്തം ബിലിമാലി സാര്‍ ആണ് കന്നഡ വോയ്‌സ് ഓവര്‍ ആര്‍ടിസ്റ്റ് കൃഷ്ണഭട്ടിനെ പരിചയപ്പെടുത്തിയത്.അദ്ദേഹം വഴി മലയാളം വോയ്‌സ്ഓവര്‍ ആര്‍ട്ടിസ്റ്റുമാരായ കലാഭവന്‍ പ്രജിത്തിനെയും ശ്വാസകോശം ഫെയിം ഗോപന്‍ നായരെയുമൊക്കെ പരിചയപ്പെട്ടു. ഗോപന്‍ സാറിനൊപ്പം കേന്ദ്രസര്‍ക്കാറിന്റെ 'ബേട്ടി പഠാവോ ബേട്ടി ബചാവോ', 'ശൗചാലയം' പോലുള്ള കുറേ പരിപാടികളില്‍ ശബ്ദം കൊടുത്തു. തുടര്‍ന്ന് റേഡിയോ പ്രോഗ്രാമുകള്‍, ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനു വേണ്ടി ബാലവേലയ്‌ക്കെതിരെയുള്ള കുറച്ച് റേഡിയോ നാടകങ്ങള്‍, പോളിയോ, ഇന്‍ഷ്വറന്‍സ്, സ്വച്ഛ് ഭാരത് പദ്ധതി, വാക്‌സിനേഷന്‍ തുടങ്ങി സര്‍ക്കാറിന്റെ വിവിധ മന്ത്രാലയങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും റേഡിയോ-ടിവി പരസ്യങ്ങള്‍...എന്നിവയ്ക്ക് സ്വരം പകര്‍ന്നു. ഡിഡി മലയാളത്തില്‍ പ്രധാന്‍മന്ത്രി ആവാസ് യോജ്‌നയുടെ 'ഗ്രാമം വികസനത്തിലേക്ക്' എന്ന പരിപാടിയുടെ 36 എപ്പിസോഡുകളില്‍ അവതാരകയായി. കുറച്ചു സമയം കൊണ്ട് അത്യാവശ്യം ജീവിതച്ചെലവിനുള്ള പണം കണ്ടെത്താനുള്ള നല്ലൊരുവഴി എന്നതുകൊണ്ട് ഈ മേഖലയങ്ങ് ഇഷ്ടമായി. കഴിഞ്ഞ രണ്ടരവര്‍ഷം കൊണ്ട് വോയ്‌സ് ഓവര്‍ എന്റെ കരിയറായി മാറി എന്നു വേണം പറയാന്‍.
ഒരു ദിവസം പ്രജിത്ത് സാര്‍ വിളിച്ച് കൊറോണയുടെ അനൗണ്‍സ്‌മെന്റ് ട്രാന്‍സ്ലേറ്റ് ചെയ്ത് ശബ്ദം കൊടുക്കാന്‍ ചെല്ലാന്‍ പറഞ്ഞു. മാര്‍ച്ച് 11 ന് ആദ്യ വെര്‍ഷന്‍ റെക്കോഡിങ്. നോവല്‍ കൊറോണ വൈറസ് പകരാതെ തടയാനാകും....എന്നു തുടങ്ങുന്നതായിരുന്നു അത്. ട്രാന്‍സ്ലേഷനും റെക്കോഡിങ്ങും എല്ലാം അരമണിക്കൂറില്‍ തീര്‍ന്നു. മാര്‍ച്ച് 18ന് മിനിസ്ട്രിയുടെ ഫൈനല്‍ അപ്രൂവല്‍ കിട്ടി. നോവല്‍ കൊറോണ വൈറസ് അല്ലെങ്കില്‍ കോവിഡ് 19 പടരാതെ തടയുവാന്‍ നാം വീടുകള്‍ക്കുള്ളില്‍ത്തന്നെ കഴിയേണ്ടതാണ്...എന്നു തുടങ്ങുന്ന രണ്ടാമതൊരു സന്ദേശം കൂടി പിന്നീട് ചെയ്തു. മൂന്നാമത് ശബ്ദം നല്‍കിയ സന്ദേശമാണ് മെയ് 1 മുതല്‍ കേള്‍ക്കുന്നത്.തുടക്കത്തില്‍ ബിഎസ്എന്‍എല്ലിന്റെതായി മറ്റൊരു സന്ദേശം വന്നിരുന്നു.അതും എന്റെ ശബ്ദമാണോ എന്നു പലരും ചോദിച്ചു.രണ്ടു സന്ദേശങ്ങളും വെവ്വേറെയാണ്. അതിനു ശബ്ദം കൊടുത്തത് അവരുടെ തന്നെ ഒരു ഉദ്യോഗസ്ഥയാണ്.
അഭിനേത്രി, നര്‍ത്തകി, അവതാരക
പ്രജിത്ത് സാറും വേറെയും കുറേ മലയാളികളായ നാടകപ്രവര്‍ത്തകരും അംഗങ്ങളായി ഡല്‍ഹിയില്‍ രംഗവേദി എന്നൊരു ഗ്രൂപ്പ് ഉണ്ട്. അവരുടെ നാടകങ്ങളിലും ചില കാര്‍ട്ടൂണുകളിലും ശബ്ദം കൊടുക്കാനും വിളിക്കാറുണ്ടായിരുന്നു. റിസെര്‍ച്ച് സമയങ്ങളിലല്ലാത്തപ്പോള്‍ ഞാന്‍ ഫ്രീ ആയതുകൊണ്ട് എപ്പോള്‍ വിളിച്ചാലും പോകും. അങ്ങനെ കൂടുതല്‍ ഡ്രാമ വര്‍ക്കുകള്‍ കിട്ടിത്തുടങ്ങി. ചെന്നൈ, മുംബൈ, കല്‍ക്കത്ത, ഡല്‍ഹി പോലുള്ള സ്ഥലങ്ങളിലെ മലയാളികള്‍ക്ക് വേണ്ടി കേരള സംഗീതനാടക അക്കാദമി നാടകമത്സരങ്ങള്‍ നടത്താറുണ്ട്. ഡല്‍ഹി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയിലെ ഡ്രാമ ആര്‍ട്ടിസ്റ്റ് അജിത് ജി മണിയന്‍ സാര്‍ 2017ല്‍ ഈ മത്സരത്തിനായി ചെയ്ത നാടകത്തില്‍ എനിക്കും വേഷം കിട്ടി. ഡല്‍ഹി സോണില്‍ മികച്ചനടി ആയി ഞാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിലും ഇതേ നേട്ടം തേടിയെത്തി. 2018ല്‍ കെപിഎസി ലളിതാമ്മയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനായി സംഗീതനാടക അക്കാദമിയില്‍ വന്നിരുന്നു.

നാടകവുമായി ബന്ധപ്പെട്ട റിസര്‍ച്ച് പ്രോഗ്രാമുകളില്‍ സുമേഷ് ഗുരുക്കള്‍ സാറിന്റെ അസിസ്റ്റന്റ് ആണിപ്പോള്‍. അദ്ദേഹത്തില്‍ നിന്നു തന്നെ കളരിയും പാര്‍വതി നായര്‍ എന്ന അധ്യാപികയില്‍ നിന്ന് കുച്ചിപ്പുഡിയും പഠിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന കളരി മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ട്. ജനസംസ്‌കൃതി പോലുള്ള സാംസ്‌കാരിക പരിപാടികളില്‍ അവതാരകയായി ഇടയ്ക്ക് പോകും. ജെഎന്‍യുവിലെ കലാസാംസ്‌കാരിക പരിപാടികളില്‍ ലൈവ് ആങ്കറിങ്ങ്, കള്‍ച്വറല്‍ കോ ഓഡിനേറ്റര്‍, ഡാന്‍സ് ക്ലബ് ഇന്‍സ്ട്രക്ടര്‍ എന്നിങ്ങനെയും പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂട്യൂബിലേക്കും മറ്റുമായി മലയാളം സിനിമകള്‍ ഹിന്ദിയിലേക്ക് ട്രാന്‍സ്ലേറ്റ് ചെയ്യാറുണ്ട്. അച്ഛന്‍ കോട്ടയം പാലക്കാരനായ ടി വി ജോസഫ്. അമ്മ മരങ്ങാട്ടുപിള്ളിക്കാരി ആലിസ്. മസ്‌ക്കറ്റിലെ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയില്‍ അസോസിയേറ്റ് അക്കൗണ്ടന്റ് ആണ് സഹോദരന്‍ ടിബിന്‍. 24 വര്‍ഷം മുമ്പ് കൃഷി ചെയ്യാനായി കര്‍ണാടകത്തിലെ സുള്ളിയയിലേക്ക് കുടിയേറിയതാണ് ടിന്റുവിന്റെ കുടുംബം.