Saturday 28 March 2020 05:05 PM IST

കൊറോണയ്ക്കും കടലിനും ഇടയിൽ 19 ദിവസം; ഭീതിയുടെ ദിനങ്ങൾ ഓർത്തെടുത്ത് ആഡംബര കപ്പലിലെ ഷെഫ് ബിറ്റ കുരുവിള!

Vijeesh Gopinath

Senior Sub Editor

Bitta-and-Team-in-Kitchen-Westerdam ഫോട്ടോ: സരുൺ മാത്യു

അമേരിക്കൻ ആഡംബരക്കപ്പലായ എംഎസ് വെസ്റ്റർ ഡാം ഹോങ്കോങ് തീരം വിടാൻ ഒരുങ്ങുന്നു. വിവിധ രാജ്യങ്ങളിലുള്ള 1452 അതിഥികൾ ആകാംക്ഷയുടെ തിരയെണ്ണി തുടങ്ങി. യാത്ര ചൈനയിലെ ഷാങ്ഹായിലേക്ക്...

കടൽത്തിരകൾ തൊട്ടിലാട്ടുന്ന കൊട്ടാരമാണ് വെസ്റ്റർഡാം. തലപ്പൊക്കം 936 അ ടി.  ആകെ 14 നിലകൾ. ഏകദേശം രണ്ടര ലക്ഷം മുതൽ 25 ലക്ഷം വരെ താരിഫുള്ള മുറികൾ. ആയിരത്തിലേറെ പേർക്ക് ഒരുമിച്ചു ഭക്ഷണം കഴിക്കാവുന്ന റസ്റ്ററന്റ്സ്. പെർഫ്യൂം മുതൽ ഡയമണ്ട്സ് വരെയുള്ള ഷോപ്പിങ് മാളുകൾ, തിയറ്ററുകൾ, കസിനോകൾ, ലൈവ് കിച്ചൺ ഷോകൾ, സ്പാ, പൂളുകൾ, അഡൽറ്റ്സ് ഒൺലി സൺഡെക്കുകൾ...  

ഉപ്പു മുതൽ വലിയ ഞണ്ടുകൾ വരെ സൂക്ഷിക്കാൻ 5000 സ്ക്വയർഫീറ്റിലധികമുള്ള മുറികളാണ്. അതിൽ പതിനാലു ദിവസത്തേക്ക് വേണ്ടി ഏകദേശം മൂന്നു കോടി രൂപയുടെ ഭക്ഷണസാധനങ്ങളുണ്ട്.   

തീരം വിടും മുൻപ് അവസാന പരിശോധനകൾ കഴിഞ്ഞ് എക്സിക്യൂട്ടീവ് ഷെഫ് ബിറ്റ കുരുവിള മുറിയിലേക്കു നടന്നു. ഭാര്യ രേഖാ ബിറ്റയേയും മകൻ ഏഴാംക്ലാസുകാരൻ ആൽബിയേയും ചെന്നൈയിൽ പഠിക്കുന്ന മകൾ ആമിയേയും വിഡിയോ കോൾ ചെയ്തു. പിന്നെ, ഡയറി തുറന്നു.

ഫെബ്രുവരി 1, ഹോങ്കോങ്

നാട്ടിൽ പോയി വന്നിട്ടേയുള്ളൂ. അച്ഛന്റെ അനിയന്റെ മകന്റെ കല്യാണം. കപ്പലിലെ ജോലിക്ക് സൗന്ദര്യം ഏറെയുണ്ട്. പക്ഷേ,  വീട്ടിൽ നടക്കുന്ന  ചടങ്ങുകൾക്കൊന്നും പോകാനാകില്ലെന്നു മാത്രം.  അതുകൊണ്ടാകാം  എന്നെ കണ്ടതും  എല്ലാവരും  ഒന്നു ഞെട്ടി. മടക്കയാത്രയിൽ അതൊക്കെയാണ് ഒാർത്തത്. പിന്നെ, രേഖയെയും മക്കളെയും കണ്ടതിന്റെ സന്തോഷവും മനസ്സിലുണ്ട്.  എങ്കിലും പേടിയുടെ കുഞ്ഞു കനലു വീണിട്ടുണ്ട്–കൊറോണ.

ഹോങ്കോങ്ങിലെ ഹോട്ടലിൽ നിന്ന് പോർട്ടിലേക്കുള്ള യാത്രയിൽ ടാക്സി ഡ്രൈവർ പറഞ്ഞതോർത്തു.‘‘ചൈനയിയിൽ മാസങ്ങൾക്കു മുൻപേ കൊറോണ പരന്നിട്ടുണ്ട്. ആരും   കാര്യമാക്കിയില്ല. ഇനി എന്താകുമെന്നറിയില്ല.’’ തിരക്ക് പരന്നൊഴുകുന്ന നഗരത്തിൽ വിരലിലെണ്ണാവുന്നവർ മാത്രം. ക ഴിഞ്ഞ വേനലവധിക്ക് രേഖയേയും മക്കളേയും കൊണ്ട് യാത്ര പോയ അതേ നഗരങ്ങൾ ഇന്ന് നിശ്ചലമാണ്.  അന്ന് ബെയ്ജിങ്ങിലേക്കു പോയ ബുള്ളറ്റ് ട്രെയിനുകൾ സർവീസ് നിർത്താൻ പോകുന്നുവെന്നു കേട്ടു.

ഞങ്ങളുടെ കപ്പലിൽ   മുറികൾ ബുക്ക് ചെയ്ത എഴുനൂറ്റി അന്‍പതോളം പേർ യാത്രയ്ക്കെത്തിയിട്ടില്ല. കൊറോണയാണ്  കാരണം. നാളെ എന്താകുമെന്നറിയില്ല.  

corona-ssgvhvgrs

ഫെബ്രുവരി 2, സൗത്ത് ചൈന കടൽ  

ക്യാപ്റ്റൻ അനൗൺസ് ചെയ്ത ആ വാർത്ത അതിഥികളെ അത്ര നിരാശരാക്കിയില്ല...

 ‘‘മുൻകൂട്ടി തയാറാക്കിയ വഴികളിലൂടെയല്ല നമ്മൾ യാത്ര ചെയ്യുന്നത്. കൊറോണ പടർന്നതിനാൽ ഷാങ്ഹായ് തീരത്ത്  എത്തില്ല. പകരം ജപ്പാനിലെ യോക്കോഹാമയിലേക്ക് പോകുന്നു. അതുപോലെ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിലായിരുന്നു ആദ്യ പോർട്ട്. അവിടെ അനുമതി ലഭിക്കാത്തതു കൊണ്ട് തയ്‌വാനിലേക്കു പോകുന്നു’’....

മനിലയിലെ ചരിത്രമുറങ്ങുന്ന പള്ളികളും തെരുവുകളും കാണേണ്ടതായിരുന്നു. യാത്ര തുടങ്ങിയതു കൊണ്ടാകാം ഈ രണ്ടുമാറ്റവും അതിഥികളെ  അത്ര ബാധിച്ചിട്ടില്ല. അവർ കപ്പലിലെ ആഡംബരങ്ങളിൽ ആനന്ദിക്കുന്നു.

ഇനി രണ്ടു ദിവസം കടലിൽ. ഷെഫ് ക്രൂവിലെ മലയാളികളായ മണിലാൽ, സിജോ, അനൂപ് എന്നിവരെയും കണ്ടു. കൊറോണ പേടി നാട്ടിൽ അത്ര ബാധിച്ചിട്ടില്ല. എല്ലാവരും വീട്ടിലേക്കു വിളിച്ച സന്തോഷവും പറഞ്ഞു. കപ്പലിലുള്ള യാത്രക്കാരിലും കൊറോണ പേടിയില്ല. ഹോങ്കോങ്ങിൽ നിന്ന് മെഡിക്കൽ സംഘം കപ്പലിൽ കയറിയിട്ടുണ്ട്. എല്ലാ യാത്രക്കാരുടെയും ടെംപറേച്ചർ അവർ പരിശോധിച്ചു. ആർക്കും പനിയില്ല,

145 വർഷത്തെ ചരിത്രമുള്ള ഹോളണ്ട് അമേരിക്ക കപ്പൽ കമ്പനിയുടെ ആദ്യ ഇന്ത്യൻ ഷെഫ് എന്ന സന്തോഷം ഒാരോ യാത്രയിലുമുണ്ട്... ഇപ്പോൾ 13 വർഷം. അന്നും ഇന്നും യാത്രക്കാരെ സന്തോഷിപ്പിക്കാൻ നല്ലത് ഭക്ഷണം തന്നെയാണ്.  കൊറോണ പേടിയും വിഭവങ്ങൾ കൊണ്ടു തന്നെ പരിഹരിക്കാവുന്നതേയുള്ളൂ. രണ്ടു മണിക്കൂറോളം സമയമെടുത്താണ് ഒരാൾ ആസ്വദിച്ച് ഡിന്നർ കഴിക്കുന്നത്. വരും ദിവസങ്ങളിൽ അവരെ രുചികൊണ്ട് അദ്ഭുതപ്പെടുത്തണം. തയ്‌വാനാണ് അടുത്ത തീരം.

രാത്രി ഏറെ വൈകി. ഗുഡ്നൈറ്റ്...

ഫെബ്രുവരി 5, കൗഷിങ്, തായ്‌വാൻ  

ഇന്ന് സമാധാനത്തിന്റെ  വിളക്കുകൾ അണഞ്ഞ ദിവസം. രാവിലെ തായ്‍വാനിലെ കൗഷിങ് പോർടിൽ അടുത്തു. അഞ്ചു ദിവസത്തിനു ശേഷം മണ്ണിൽ തൊട്ട  സന്തോഷത്തിലാണ് അ തിഥികൾ. ക്യാപ്റ്റന്റെ നിർദേശമുള്ളതിനാൽ ഞങ്ങൾ പുറ ത്തിറങ്ങിയില്ല,  

Guests-in-the-Ship

സ്ട്രീറ്റ് ആർട്ടിന്റെ തെരുവാണ് കൗഷിങ്. തെരുവിലെ വരകൾക്ക് പേരുകേട്ട സ്ഥലം. ചൈനീസ് പുതുവർഷം ആണ്. ന ല്ല  തിരക്ക് പ്രതീക്ഷിച്ചാണ് എല്ലാവരും കപ്പൽ വിട്ട് പുറത്തിറങ്ങിയത്. ആളനക്കമില്ലാത്ത തെരുവുകൾ.  എല്ലായിടത്തും  മാസ്ക് ധരിച്ച മുഖങ്ങൾ. ആ തെരുവിലൂടെ നടന്നപ്പോൾ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന സംശയം പലർക്കുമുണ്ടായി. ഡിന്നർ സമയത്തും കൊറോണ എന്ന വാക്കാണ് മുഴങ്ങികേട്ടത്. കാഴ്ചകളിൽ നിന്നു മാറി മിക്കവരും മൊബൈൽ വെളിച്ചത്തിൽ തല താഴ്ത്തി ഇരുന്നു.

പെട്ടെന്ന് ക്യാപറ്റൻ അറിയിച്ച ആ വാർത്ത ആധിയുടെ ക നൽ കോരിയിട്ടു. തൊട്ടടുത്ത് നങ്കൂരമിട്ട ജെന്റിങ് ഡ്രീംസ് എ ന്ന ക്രൂയിസ് ഷിപ്പിലെ 2500 യാത്രക്കാരിൽ അഞ്ചു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. അവരും ഹോങ്കോങ്ങിലും കൗഷിക്കിലും ഇറങ്ങിയിട്ടുണ്ട്. അതോടെ ഞങ്ങൾ എത്രയും വേഗം തീരം വിടാൻ തീരുമാനിച്ചു. അടുത്ത തീരം ഏതാണെന്ന് അറിയില്ല...

ഫെബ്രുവരി 10, കടൽ, പിന്നെയും കടൽ

ഇനി തീരം ഏതാണെന്നറിയില്ല എന്നെഴുതി നിർത്തിയത് സത്യമായിരിക്കുന്നു. ഞാൻ കര കണ്ടിട്ട് പത്ത് ദിവസം  കഴിഞ്ഞു.  അനിശ്ചിതത്തിന്റെ കാറും കോളും നിറഞ്ഞ ഇടമായി കപ്പൽ മാറി. കൗഷിങ്ങിൽ നിന്നു പിറ്റേ ദിവസം കീലൂങ്ങിലായിരുന്നു പോകേണ്ടിയിരുന്നത്, അവിടെ അനുമതി നിഷേധിച്ചു,

പിന്നെ, ജപ്പാനിലെ ഇഷിങ്ഹാക്കിയെന്ന സുന്ദരമായ ദ്വീപ്. ആദ്യം അനുമതി തന്നെങ്കിലും തൊ‌ട്ടടുത്തെത്തിയപ്പോഴേക്കും പോർട്ട്  നിരസിച്ചു, അപ്പോഴേക്കും ഞങ്ങളുടെ കപ്പലിൽ കൊറോണ വൈറസ് ബാധിച്ചെന്ന തെറ്റിധാരണ പുറംലോകത്തു പരന്നു. പിന്നീട് അടുക്കേണ്ടിയിരുന്ന ജപ്പാനിലെ നാഹയിൽ നിന്നു നിരാശപ്പെടുത്തുന്ന മറുപടിയാണ് കിട്ടിയത്.

അതിഥികളുടെ മനസ്സില്‍ നിന്ന് ഭയം പരമാവധി മായ്ച്ചു കളയാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. ഭക്ഷണം തന്നെ അതിനു ‘മരുന്നായി’ മാറ്റി. രുചികരമായ പല വിഭവങ്ങളും നിരത്തി. എത്ര ദിവസത്തേക്കാണെങ്കിലും ഭക്ഷണം സ്റ്റോക്കുണ്ടെന്ന് ബോധ്യപ്പെടുത്തി. ലൈവ് കുക്കറി ഷോകളും മറ്റ് തിയറ്റർ ഷോകളും നടത്തി. സൗജന്യമായി ഭക്ഷണവും വൈനും കൊടുത്തു.  

പലപ്പോഴും പോർട്ടുകളിൽ വലിയ കണ്ടെയ്നറുകളിൽ ഭ ക്ഷ്യവസ്തുക്കൾ കപ്പലിലേക്ക് കയറ്റാനുണ്ടാകും. അങ്ങനെ ആറ് കണ്ടെയ്നറുകൾ പോർട്ടുകളിലുണ്ടായിരുന്നു. അതൊന്നും എടുക്കാൻ പറ്റിയില്ല. എന്നിട്ടും ഭക്ഷണം തികയുമോ എ ന്ന പേടി എനിക്കില്ല. രുചിക്കും അളവിനും ഒരു കുറവുമില്ലാതെ ഞങ്ങൾ വിഭവങ്ങൾ തയാറാക്കിക്കൊണ്ടേയിരുന്നു.

ഫെബ്രുവരി 13, കംബോഡിയ യാത്ര

നാളെ പ്രണയിക്കുന്നവരുടെ ദിനമാണ്. പ്രണയകാലത്തുള്ള ധൈര്യമില്ലേ... എന്തു വന്നാലും നേരിടാം  എന്ന ധൈര്യം. അ താണിപ്പോൾ  മനസ്സിൽ. നാലോ അഞ്ചോ ദിവസം കൂടി മെനു അനുസരിച്ച് വിളമ്പാം, പക്ഷേ അതിലും വൈകിയാൽ... കംബോഡിയൻ തീരത്തും അനുമതി നിഷേധിച്ചാൽ....

യോക്കോഹാമ തീരത്ത് ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചു. അതിലെ  ഇന്ത്യൻ യാത്രക്കാർ രക്ഷയ്ക്കായി അപേക്ഷിക്കുന്ന വിഡിയോകൾ പ്രചരിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് രേഖ വിളിച്ചിരുന്നു. കുട്ടികളും പേടിച്ചു തുടങ്ങി. അവരോട് ധൈര്യമായിരിക്കാൻ പറഞ്ഞു. വി ഡിയോ കോൾ പറ്റുന്നതു കൊണ്ട് അത്രയും സമാധാനം.   

ഞങ്ങളുടെ കപ്പലിൽ ചുമയോ പനിയോ ഉള്ള ആരുമില്ല. എന്നിട്ടും ഒരു രാജ്യവും അനുമതി നൽകുന്നില്ല. പേടി എല്ലാവരുടെ മനസ്സിലും വളർന്നു തുടങ്ങി. ആരെങ്കിലും ഒന്നു ചുമച്ചാൽ അവരെ ഭയത്തോടെ നോക്കാൻ തുടങ്ങിരിക്കുന്നു. പ്രായമായ യാത്രക്കാർ വീടുകളെക്കുറിച്ച് ആലോചിച്ചു തുടങ്ങി.

ക്യാപ്റ്റന്റെ അനൗൺസ്മെന്റിനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും....

Bitta-with-wife-Rekha-Children-Aami-and-Albi

ഫെബ്രുവരി 14, കംബോഡിയൻ പോർട്ട്

പ്രണയദിനത്തിൽ സന്തോഷമുള്ള വാർത്ത.  ഒടുവില്‍ കംബോഡിയൻ സർക്കാർ കപ്പൽ അടുക്കാനുള്ള അനുമതി തന്നു. യാത്രക്കാരെല്ലാം ആഹ്ലാദത്തിലാണ്. കൊറോണ വൈറസ് ഉണ്ടോ എന്ന പരിശോധനയ്ക്കു ശേഷമാണ് രാജ്യത്ത് ഇറങ്ങാൻ അനുമതി നൽകിയത്.  പ്രധാനമന്ത്രി നേരിട്ടു വന്നാണ് ഒാരോ യാത്രക്കാരെയും സ്വീകരിച്ചത്. സ്രവ സാംപിളുകളുടെ റിസൽറ്റ് വരുന്നതിന് അനുസരിച്ചാണ് തിരിച്ചു പോകാനുള്ള അനുമതി. ആദ്യ നൂറോളം പേരുടെ സംഘം യാത്ര തിരിച്ചു ക ഴിഞ്ഞു. എന്റെ പരിശോധനാഫലം എത്തിയിട്ടില്ല. ദൈവം മറിച്ചൊന്നും വരുത്തില്ലെന്ന് പ്രാർഥിക്കുന്നു. മകൾ വിളിച്ചപ്പോഴും ഇതു തന്നെയാണ് പറഞ്ഞത്.  ഭയമില്ല എങ്കിലും...

ഫെബ്രുവരി 16, എംഎസ് വെസ്റ്റർ ഡാം

ഇതുവരെയുള്ള പ്രതീക്ഷകൾ അവസാനിക്കുകയാണോ? ഇന്നലെ ഷിപ്പിൽ നിന്നിറങ്ങി മലേഷ്യ വഴി യുഎസിലേക്കു പോയ 83 കാരിയായ വനിതയെ മലേഷ്യൻ എയർപോർടിൽ തടഞ്ഞു വച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. അവർക്ക് പനിയുണ്ടെന്നും കൊറോണയാണെന്ന സംശയവും മലേഷ്യൻ സർക്കാർ പറഞ്ഞു. അതോടെ കപ്പലിൽ സഞ്ചരിച്ച എ ല്ലാവർക്കും യാത്രാവിലക്കു വന്നു.

രേഖ  വിളിച്ചു. കരച്ചിൽ അടക്കിപ്പിടിച്ചു സംസാരിച്ചു.  ഇത്ര പേടിച്ച് കണ്ടിട്ടില്ല.  കേട്ട വാർത്ത ശരിയാണെങ്കിൽ ആർക്കൊക്കെ രോഗം ബാധിച്ചിട്ടുണ്ടെന്ന് അറിയില്ല. ഞാൻ എല്ലാ യാത്രക്കാരോടും സൗഹൃദത്തോടെ സംസാരിക്കുന്നതാണ്. ആ യാത്രക്കാരിയോടും സംസാരിച്ചിരിക്കാം. എന്താണ്  ചെയ്യേണ്ട തെന്ന് അറിയില്ല. കപ്പലിൽ നിന്ന് പുറത്തിറങ്ങാനുള്ള അനുമതിയില്ല. എയർടിക്കറ്റ് ബുക്ക് ചെയ്യാൻ  ശ്രമിക്കുമ്പോൾ കപ്പലിന്റെ പേരു കാണുമ്പോഴേ റിജക്ട് ചെയ്യുന്നു. ജീവിതം ആളില്ലാത്ത ദ്വീപിൽ പെട്ടതു പോലെ. എന്നാണ് നാട്ടിലേക്ക് എത്താനാകുക? ധൈര്യം ചോർന്നു പോകും പോലെ...

ഫെബ്രുവരി 24, ഡൽഹി എയർപോർട്

തിരിഞ്ഞു നോക്കുമ്പോൾ അനുഭവിച്ച ആധിയുടെ ചൂട് ആറിയിട്ടില്ല. ആർക്കും കൊറോണയില്ലെന്ന പരിശോധനാ ഫലം വ ന്നതോടെ യാത്രക്കാരെല്ലാം സ്വതന്ത്രരായി. മലേഷ്യൻ എയർപോർട്ടിൽ തടഞ്ഞുവച്ച സ്ത്രീക്കും  കൊറോണയില്ല. 19 ദിവസത്തെ രോഗപ്പേടി തടവിൽ നിന്ന് ഒടുവിൽ ഞാനും മോചിതൻ.

കടൽക്കാറ്റ് എത്രയോ യാത്രകളിൽ തഴുകിയിട്ടുണ്ട്. എങ്കിലും അസുഖമില്ലെന്ന പരിശോധനാ റിപ്പോർട്ട് കയ്യില്‍ ഇരുന്നു വിറച്ചു. അപ്പോൾ വീശിയ കാറ്റ് വാക്കുകൾക്കപ്പുറമുള്ള ആശ്വാസമായിരുന്നു. രോഗമില്ലെന്നറിയുമ്പോഴുള്ള ആനന്ദം. അത് എത്ര വലുതാണ്. എങ്കിലും രോഗബാധയുണ്ടോ എന്ന ഭയം കൊണ്ടുള്ള ഒറ്റപ്പെടുത്തൽ... അത് ഭീകരമായ അനുഭവം തന്നെയാണ്.

എയർപോർട്ടിൽ രേഖയും മക്കളുമുണ്ട്... തിരിച്ചുവരവിന്റെ സന്തോഷം.

കൊറോണ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചെയ്യേണ്ടത്

∙ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക. ആൽക്കഹോൾ അടിസ്ഥാനമായ ഹാൻഡ് റബ് ഉപയോഗിച്ചും കൈകൾ വൃത്തിയാക്കാം.

∙ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടവലോ ടിഷ്യൂവോ ഉപയോഗിച്ച് മൂക്കും വായും മൂടുക.

∙ ഒരിക്കൽ ഉപയോഗിച്ച ടിഷ്യൂ വീണ്ടും ഉപയോഗിക്കരുത്. ഉപയോഗശേഷം മൂടിയ ചവറ്റുകൊട്ടയിലിടുക.

∙ വലിയ ആൾക്കൂട്ടങ്ങളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുക.

∙ പനി, ശ്വാസതടസ്സം, ചുമ എന്നിങ്ങനെ ലക്ഷണങ്ങൾ തോന്നിയാൽ ഉടന്‍ വൈദ്യസഹായം തേടുക. ഡോക്ടറെ സന്ദർശിക്കുമ്പോൾ മാസ്ക് ഉപയോഗിച്ച് മൂക്കും വായും മൂടുക.

∙ രോഗസാധ്യതയുള്ളവരെ മറ്റുള്ളവരുമായി ഇടപഴകാതെ 28 ദിവസം മാറ്റിനിർത്തണം.

∙ തോർത്ത്, വസ്ത്രങ്ങൾ മുതലായവ ബ്ലീച്ചിങ് ലായനി (ഒരു ലീറ്റർ വെള്ളത്തിൽ മൂന്നു ചെറിയ സ്പൂൺ ബ്ലീച്ചിങ് പൗഡർ) ഉപയോഗിച്ചു കഴുകി വെയിലത്ത് ഉണക്കുക.

∙ രോഗിയെ പരിചരിക്കുന്നവർ മാസ്ക്, കയ്യുറ, തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം.

ചെയ്യരുതാത്തത്

∙ ചുമയോ പനിയോ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി അടുത്തിടപഴകരുത്.

∙ പൊതുസ്ഥലത്ത് തുപ്പരുത്.

Tags:
  • Spotlight