Wednesday 25 November 2020 04:09 PM IST

‘ഇനി ചുരുണ്ട മുടിയെ കളിയാക്കിയാൽ കളി മാറും’; പരാതികളുടെ പെരുമഴയ്ക്ക് ബൈ ബൈ, ഇത് മുടിയഴകിന്റെ ഫെയ്സ്ബുക് ‌കൂട്ടായ്മ

Lakshmi Premkumar

Sub Editor

curly-hairs332

‘ഈ ചുരുണ്ട മുടി ഒന്ന് മാറിയിരുന്നെങ്കിൽ’ ഇങ്ങനെ ഒരുവട്ടം എങ്കിലും ആലോചിക്കാത്ത പെൺകുട്ടികൾ വിരളമായിരിക്കും. അതായത് ജന്മനാ ചുരുണ്ട മുടിയുള്ളവരുടെ കാര്യമാണ് കേട്ടോ പറയുന്നത്. ഒന്ന് വൃത്തിക്ക് കെട്ടി വെക്കാൻ വയ്യ, സ്കൂളിൽ പോകുമ്പോൾ രണ്ടു വശവും പിന്നിയാൽ ഒരു ഭംഗി കിട്ടുന്നില്ല തുടങ്ങി പരാതികളുടെ പെരുമഴയാണ്. എന്നാൽ ആ കാലം ദേ ഇൻബോക്സിൽ നിന്നും അങ്ങ് എന്നുന്നേക്കുമായി മായിച്ചു കളയുകയാണ് ഒരു കൂട്ടം ചുരുണ്ട മുടിയുള്ള പെൺകുട്ടികൾ. അഴകാണ് ചുരുണ്ട മുടി എന്ന പുതിയ വാചകത്തിനൊപ്പമാണ് അവരുടെ യാത്ര. 

curly664jj

എട്ടു പെൺകുട്ടികൾ, ചുരുണ്ടമുടിയുടെ പ്രശ്നങ്ങളും കെട്ടുപൊട്ടലുകളും അത്യാവശ്യം കളിയാക്കലുകളും എല്ലാം കേട്ടു വളർന്നവർ. അവർ സോഷ്യൽ മീഡിയയിലൂടെ കണ്ടുമുട്ടി, ചുരുണ്ട മുടിയിൽ നിന്നും ഒരു സൗഹൃദ വലയം നെയ്തെടുത്തു. മേഘ, അശ്വതി, സുനിത, അമ്മു, വിജി, നീതു, രഞ്ജു, അനിഷ ഇവരാണ് കേർളി കൂട്ടിലെ താരങ്ങൾ. മെസഞ്ചറിലൂടെയുള്ള സൗഹൃദത്തിൽ നിന്നും ഒരു ഗ്രൂപ്പ് തുടങ്ങിയാലോ എന്ന് ചിന്തിച്ചു.അങ്ങനെയാണ് 'കേരള കേർളി സുന്ദരീസ്' എന്ന സോഷ്യൽമീഡിയ ഹിറ്റ്‌ ഗ്രുപ്പിന്റെ പിറവി. ഇപ്പോൾ അയ്യായിരത്തോളം മെമ്പർമാർ ഗ്രുപ്പിലുണ്ട്. ചുരുണ്ട മുടിയിൽ ചെയ്യാൻ കഴിയുന്ന സംരക്ഷണം, ചുരുളുകൾ മനോഹരമായി നിലനിർത്താൻ കഴിയുന്ന ടെക്‌നിക്സ്, അങ്ങനെ നിരവധി ഈസി പൊടിക്കൈകളാണ് ഗ്രുപ്പിന്റെ ഹൈലൈറ്റ്. 

curly3334

"ആദ്യം വാട്സ്ആപ്പ് വഴി ആയിരുന്നു ഞങ്ങൾ എട്ടുപേർ സംസാരിച്ചിരുന്നത്. ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ക്രീയേറ്റീവ് ആയിട്ടുള്ള ആളാണ്‌ രഞ്ജു. ചേച്ചിയാണ് ഒരു ഫെയ്സ്ബുക് ‌കൂട്ടായ്മ എന്ന ആശയം പങ്കുവച്ചത്. കേട്ടപ്പോൾ എല്ലാവർക്കും അത് ഉചിതമായി തോന്നി. കാരണം പലപ്പോഴും ഞങ്ങൾ ഇടുന്ന ഫോട്ടോകളുടെയെല്ലാം താഴെ സ്ഥിരമായി കാണാറുള്ള ചോദ്യമാണ് മുടി എങ്ങനെ പരിപാലിക്കുന്നു എന്ന്. എങ്കിൽ പിന്നെ എല്ലാവർക്കും സഹായമായിക്കോട്ടെ എന്ന് കരുതിയാണ് ഗ്രൂപ്പ് തുടങ്ങിയത്. വളരെ പെട്ടന്നാണ് നാലായിരത്തോളം മെംബേർസ് ഗ്രുപ്പിലേക്ക് എത്തിയത്. ഒരൊരുത്തരും ഓരോ രീതിയിലായിരിക്കും മുടി കെയർ ചെയ്യുന്നത്. മാത്രമല്ല പല സീക്രെട് ടെക്‌നിക്കുകളും കിട്ടുകയും ചെയ്യും. ഗ്രൂപ്പിലെ അഡ്മിൻ മെമ്പർ ആയ വിജിയുടെ വാക്കുകൾ. 

curgghg55

കാര്യമെന്തായാലും തങ്ങളുടെ ചുരുണ്ട മുടി ഐഡന്റിറ്റി ആണെന്നാണ് കേർളി സുന്ദരീസ് പറയുന്നത്. ചുരുണ്ട മനോഹരമായി മെയിൻറ്റൈൻ ചെയ്യാനുള്ള ചെറിയൊരു ടെക്നിക്ക് കേട്ടോളൂ... ഷാംപൂ ഉപയോഗിക്കുന്നതിന് പകരം കണ്ടീഷണറിനെ പ്രണയിക്കുക. കേളുകൾ കളയാതെ മൃദുവായി കഴുകി കണ്ടീഷണർ പുരട്ടി വീണ്ടും കഴുകി, ഡ്രയർ ഉപയോഗിക്കാതെ ഉണക്കി കുറച്ചു നാച്ചുറൽ ഓയിൽ കൊണ്ട് ഒന്ന് തലോടിയാൽ മതി.

Tags:
  • Spotlight