‘നിനക്ക് ഈ പണി വേണോ മോളേ... നാട്ടിൽ വേറെ എന്തെല്ലാം ജോലികളുണ്ട്...കാറും സ്കൂട്ടിയും ഓടിക്കുന്ന പോലല്ല കേട്ടോ...വലിയ വണ്ടികൾ റേഡിലിറക്കാൻ ഇച്ചിരി പാടാ...’
വളയിട്ട കൈകൾ വളയം പിടിച്ചപ്പോഴൊക്കെ ഉയർന്നു കേട്ട കമന്റുകള്‍ ഇവിടെയും കേട്ടും. എല്ലാം എരിവും പുളിയും ഒട്ടും കുറയാതെ ദീപയുടെ കാതുകളിലുമെത്തി. വണ്ടിയും വള്ളവും ആൺപിള്ളേർക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന് വാദിക്കുന്ന അലിഖിത നിയമക്കാർ ആവോളം പറഞ്ഞു നോക്കി. പക്ഷേ ഡ്രൈവിംഗിനെ ജീവശ്വാസമാക്കിയ ഈ ‘ഹെവി ലേഡി ഡ്രൈവറുണ്ടോ’ കേൾക്കുന്നു. ഉപദേശക്കമ്മിറ്റിക്കാരെ സീബ്രാലൈനിലേക്ക് മാറ്റിനിർത്തി യൂ ടേണടിച്ച് മുന്നോട്ട്...മുന്നോട്ട്...
പിന്നെ ദീപയെ കണ്ടത് ദുരന്തമുഖത്താണ്. പ്രളയക്കടലിനു നടുവിൽ ദിശയും ദിക്കുമറിയാതെ ഒറ്റപ്പെട്ടു പോയവർക്കു മുന്നിൽ അവൾ ആംബുലൻസ് ഡ്രൈവറായി. ചെങ്കുത്തായ മലനിരകളിൽ ചങ്കൂറ്റത്തോടെ ടിപ്പറോടിക്കുന്ന ഡ്രൈവറായി. ആ കരുത്തും അനുഭവവും ഇന്ന് ദീപയ്ക്ക് നകിയിരിക്കുന്നത് കോളജ് ബസ് ഡ്രൈവറുടെ പുതിയ വേഷം. പുളിയാവ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബസിലെ ഡ്രൈവറുടെ സീറ്റിൽ ദീപയെന്ന മുപ്പത്തിനാലുകാരിയെ കാണാം.

40,000 രൂപ വരെ ശമ്പളം മേടിച്ചിരുന്ന റെസ്റ്റോറന്റ് മാനേജർ പണി കളഞ്ഞ് വളയം പിടിക്കാൻ ദീപയെത്തിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വെമ്പുന്ന ഒരു പെണ്ണൊരുത്തിയുടെ കഥ കൂടി ഒളിഞ്ഞു കിടപ്പുണ്ട്. മലപ്പുറം ജില്ലയിലെ ആദ്യത്തെ ഹെവി ലൈസൻസ് ഡ്രൈവർ, കേരളത്തിലെ ആദ്യത്തെ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ബസ് ഡ്രൈവർ, മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിലെ അസോസിയേറ്റ് ഡയറക്ടർ, കരാട്ടെ ബ്ലാക്ക് ബെൽറ്റ് ഹോൾഡർ...ജീവിതം പകുത്തു നൽകിയ മേൽവിലാസങ്ങൾക്കു നടുവിൽ നിന്ന് ദീപ ജോസഫ് എന്ന ഹെവിഡ്രൈവർ കഥപറയുന്നു...വളയിട്ട കൈകളിലേക്ക് വളയമെത്തിയ ജീവിത കഥ...വനിത ഓൺലൈൻ വായനക്കാർക്കായി...
മേൽവിലാസം മാറുന്നു
ഡ്രൈവിംഗ് ഹോബിയാണ്...പാഷനാണെന്നു സ്റ്റൈലായി പറയുന്നവരോട് ഈ ‘പ്രസ്ഥാനം’ എനിക്കെന്റെ ജീവശ്വാസമാണെന്ന് പറയാനാണ് എനിക്കിഷ്ടം. ജീവിതം വഴിമുട്ടും...വരുമാനം നിലയ്ക്കും എന്നു തോന്നിയടത്തു നിന്ന് എന്നെ കൈപിടിച്ചു കയറ്റിയ ഈ ഉപജീവനത്തെ അതിനുമപ്പുറം എന്ത് വിശേഷിപ്പിക്കാൻ–ഫ്ലാഷ്ബാക്കിലേക്ക് റിവേഴ്സ് ഗിയറിട്ട് ദീപ പറഞ്ഞു തുടങ്ങു തുടങ്ങുകയാണ്.

ഭർത്താവ് അനിൽ കുമാറിന് വർക് ഷോപ്പിലാണ് ജോലി. ഞങ്ങൾക്ക് രണ്ട് മക്കൾ, എൽബിനും ഏയ്ഞ്ചലും. ചേട്ടന്റെ മാത്രം ജോലി കൊണ്ട് കുടുംബം സ്മൂത്തായി സ്മൂത്തായി നീങ്ങില്ലെന്ന് കണ്ടപ്പോഴാണ് ജോലി തേടിയിറങ്ങുന്നത്. ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചിറങ്ങിയ എനിക്ക് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ റെസ്റ്റോറന്റ് മാനേജർ ആയി ജോലി കിട്ടി. 40,000 രൂപ വരെ ശമ്പളം. 7 വർഷം വരെ ആ ഫീൽഡിൽ ജോലി നോക്കി. പക്ഷേ കുറച്ചു ദൂരം പോയപ്പോൾ ഉത്തരവാദിത്തങ്ങൾ എന്നെ ആ ജോലിയിൽ നിന്ന് പിന്നാക്കം വലിച്ചു. കുടുംബം കുട്ടികൾ...അവരുടെ പഠിത്തം എന്നീ കാര്യങ്ങൾ പരിഗണിച്ചപ്പോൾ ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാൽ ആ ജോലി നൽകുന്ന വർക് പ്രഷർ, ഓവർ ടൈം എല്ലാം കൂടി ആയപ്പോൾ മാനേജർ പണിയോട് ഗുഡ്ബൈ പറഞ്ഞു. ഉത്തരവാദിത്തമുള്ള വീട്ടമ്മയായി വീട്ടിലേക്ക്.

ഡ്രൈവിംഗ് ജീവശ്വാസം
പതിനഞ്ചു വർഷം മുമ്പ് കൈകളിലേക്ക് വന്ന നാലു ചക്ര വാഹന ലൈസൻസ് തലയിൽ ബൾബ് കത്തിക്കുന്നത് അപ്പോഴാണ്. ഉയിരു പോലെ ജീവിതത്തിൽ ചേർന്നു നിൽക്കുന്ന ഇഷ്ടം എന്തു കൊണ്ട് ഉപജീവനമാക്കി കൂടാ എന്ന് ചിന്തിച്ചു. വണ്ടികളെ പ്രണയിച്ച നല്ലപാതിക്കും നൂറുവട്ടം സമ്മതം. ഡ്രൈവിംഗ് സീറ്റിലേക്ക് ആദ്യമായി പിച്ചവയ്ക്കുന്നത് അങ്ങനെയാണ്. ജീപ്പ്, വാൻ എന്നീ കുഞ്ഞൻ വണ്ടികളിൽ തുടക്കം. ആ അനുഭവം മിനിലോറിയിലേക്കുള്ള ഗ്രീൻ സിഗ്നലായി. ഹൈറേഞ്ചിന് സമാനമായ റോഡുകളിലൂടെ ലോറിയിൽ ലോഡുമായെത്തിയത് എന്റെ കോൺഫിഡൻസ് ഒന്നു കൊണ്ട് മാത്രമാണെന്ന് ഞാൻ പറയും. ഇതിനിടെ മാർബിൾ കമ്പനിയിൽ ലോറി ഡ്രൈവർ. വേഷങ്ങൾ മാറി മറിഞ്ഞു. ഒന്നു മാത്രം മാറിയില്ല...ആ സ്റ്റീയറിംഗ് വീൽ മാത്രം. ഇതിനിടെ ഒരു കുടുംബ സുഹൃത്ത് മുഖേന പുളിയാവ് ആർട്സ് ആൻഡ് സയൻസ് കോളേജ് ഡ്രൈവറുടെ സീറ്റിലെത്തിച്ചു. പെൺകുട്ടികളെ കൊണ്ടു പോകാൻ ഒരു ലേഡി ഡ്രൈവറെ അവർ അന്വേഷിച്ചു നടക്കുകയായിരുന്നു. ഉള്ളതു പറയാല്ലോ മുൻപ് ജോലി ചെയ്തിരുന്നതിനെ അപേക്ഷിച്ച് തുച്ഛമായ ശമ്പളത്തിനാണ് ഞാൻ ജോലി ചെയ്തിരുന്നതെന്നത് സത്യമാണ്. പക്ഷേ ഇഷ്ടപ്പെട്ട ജോലി നൽകുന്ന സംതൃപ്തിയുടെ അത്രയും വരില്ലല്ലോ.

നെഞ്ചിലുണ്ട് ആ സ്വപ്നം
ഒരു ശരാശരി മലയാളി കുടുംബം നേരിടുന്ന പരിമിതികൾ ഞങ്ങളുടെ കുടുംബത്തിലുമുണ്ട്. വാടക വീട്ടിലാണ് താമസം. സ്വന്തമായി വീടെന്ന സ്വപ്നം പോലും അകലെ. അപ്പോഴും ഒരു സ്വപ്നം എന്റെ നെഞ്ചിൽ കെടാതെ കിടപ്പുണ്ട്. ആരോരുമില്ലാത്ത അനാഥക്കുട്ടികൾക്കായി ഒരു തണലൊരുക്കണം. പിന്നെ രണ്ടാമത്തെ സ്വപ്നം...ഒരു ദിവസമെങ്കിൽ ഒരു ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം നമ്പർ വണ്ടിയുടെ ഡ്രൈവറാകണം. അതൊക്കെ വഴിയേ നടക്കുമെന്നേ...റോഡിലെന്ന പോലെ ഗ്രീൻ സിഗ്നലും റെഡ് സിഗ്നലും ജീവിതത്തിലും മാറി മാറി വീഴും. ബ്രേക്ക് ഡൗണായിപ്പോകാതെ നമ്മൾ എല്ലാം നേരിട്ട് മുന്നോട്ടു പോകണം അത്ര തന്നെ.

എന്റെ കഠിനാദ്ധ്വാനം കാണുമ്പോൾ...ബുദ്ധിമുട്ടുകൾ കാണുമ്പോൾ പലരും ചോദിക്കും. 40,000 രൂപ ശമ്പളത്തിൽ നിന്നും 10000 രൂപ മാത്രം കിട്ടുന്ന ഡ്രൈവറായി ‘പ്രൊമോഷൻ’ കിട്ടിയപ്പോൾ എന്ത് ബോണസ് ആണും കിട്ടിയതെന്ന്? എന്റെ ഭർത്താവിനും മക്കൾക്കും ഒപ്പം അവർ ആഗ്രഹിക്കുന്ന സമയത്തൊക്കെ എനിക്ക് ഓടിയെത്താൻ കഴിയും എന്നത് തന്നെയാണ് ഈ ജോലിയുടെ എന്റെ ബോണസ്. പിന്നെ ജോലിയുടെ ഗ്ലാമർ...ഗ്ലാമർ ജോലി ചെയ്ത് അഞ്ചക്ക ശമ്പളം വാങ്ങുന്നവർക്ക് എത്രത്തോളം സംതൃപ്തിയുണ്ടെന്ന് അവരോട് തന്നെ ചോദിച്ചു നോക്കൂ. ഞാൻ വീണ്ടും പറയുന്നു, എന്റെ ഈ ജോലിയിൽ ഞാൻ ഹാപ്പിയാണ്...ഡബിൾ ഹാപ്പി.–ദീപ വാക്കുകൾക്കും സഡൻബ്രേക്കിട്ടു.
