Wednesday 15 April 2020 12:00 PM IST

മൂന്നര വയസ്സുകാരനെ രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിമാരാക്കി അമ്മയുടെ ലോക് ഡൗൺ പരീക്ഷണങ്ങൾ! ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Binsha Muhammed

kutty

ചന്തുവിനെ തോല്‍പ്പികാനാകില്ല കോവിഡേ...ഉറക്കെ പ്രഖ്യാപിച്ച് ലോക് ഡൗണിനെ നേരിടുകയാണ് വീട്ടമ്മമാര്‍. ലോക്കിട്ടപ്പോള്‍ ഡൗണായിപ്പോയ കെട്ട്യോന്‍മാര്‍ക്ക് വേണ്ടി പാചക പരീക്ഷണങ്ങള്‍ നടത്തിയും, കുഞ്ഞുകുട്ടി പരാധീനകകള്‍ക്കിടയില്‍ വഴിയില്‍ കളഞ്ഞു പോയ കലാമികവുകളെ പൊടിതട്ടിയെടുത്തും ലോക് ഡൗണ്‍ കാലത്തും ആക്റ്റീവാണ് നമ്മുടെ വീട്ടമ്മമാര്‍. എന്തിനേറെ പറയണം, പാവം കെട്ട്യോന്‍മാരുടെ മീശ കളഞ്ഞ് പെണ്ണായി രൂപാന്തരപ്പെടുത്തി തങ്ങളുടെ മേക്ക് അപ് വൈഭവം പുറത്തെടുക്കുക വരെ ചെയ്തു ചില വീട്ടമ്മമാര്‍. പക്ഷേ ഇവിടെയിതാ ഒരു വീട്ടമ്മ കണ്ടു പരിചയിച്ച പരീക്ഷണങ്ങളില്‍ നിന്നെല്ലാം ഒരു പടി കൂടി മുന്നിലേക്കിറങ്ങി. കെട്ട്യോന്‍മാരുടെ മീശയെടുത്ത് പെണ്ണായി ഒരുക്കിയ ഭാര്യമാര്‍ക്ക്് ബദലായി സ്വന്തം മകനെ പെണ്ണായി ഒരുക്കി കൈയടി നേടുകയാണ് ജെബിന ബഷീര്‍ എന്ന പ്രവാസി വീട്ടമ്മ. രാജാ രവി വര്‍മ്മയുടെ വിഖ്യാതമായ പെയിന്റിംഗ് കടംകൊണ്ട് അത് മകനില്‍ പരീക്ഷിച്ചപ്പോള്‍ സുന്ദരക്കുട്ടപ്പന്റെ സ്ഥാനത്ത് ദേ ഒരു സുന്ദരിപ്പെണ്ണ്. സോഷ്യല്‍ മീഡിയ കണ്ണുവച്ച ആ ചിത്രത്തിന് മകന്‍ അഹമ്മദ് ആഹില്‍ നഫ്രാസ് മോഡലായ കഥ ചമയക്കാരിയായ അമ്മ  ജെബിന ബഷീര്‍ പറയുന്നു. മകനെ സുന്ദരിയാക്കിയ 'സുന്ദരചിത്രം' പിറന്നതിങ്ങനെ...

'സുന്ദരിക്കുട്ടന്‍' അഹമ്മദ്

എന്ന കൊടുമൈ സാര്‍ ഇത്... എന്ന് ചിത്രം കണ്ട് സ്‌നേഹത്തോടെ പറയുമ്പോള്‍ ഒരു സന്തോഷമുണ്ട്. അല്ലെങ്കിലും പരീക്ഷണങ്ങള്‍ നമ്മുടെ സ്വന്തം പ്രോപ്പര്‍ട്ടികളില്‍ അല്ലേ പരീക്ഷിക്കാനാകൂ. ഈ ചിത്രം ഇങ്ങനെയാക്കാന്‍ സഹിച്ച് ക്ഷമിച്ചിരുന്ന എന്റെ ചക്കരയ്ക്കാണ് സകല ക്രെഡിറ്റും- ജെബിന പറഞ്ഞു തുടങ്ങുകയാണ്.

മലയാളി മോംസ് മിഡില്‍ ഈസ്റ്റ് എന്ന പ്രവാസി വീട്ടമ്മമാരുടെ കൂട്ടായ്മയില്‍ നിന്നാണ് ഈ ആശയം ഇതള്‍ വിരിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ കാണുന്നത് മാതിരുയുള്ള ഒരു ചലഞ്ച്. രവി വര്‍മ്മ ചിത്രങ്ങള്‍ നല്‍കും. ഓരോരുത്തര്‍ക്കും നല്‍കുന്ന ചിത്രങ്ങള്‍ മാതിരി അണിഞ്ഞൊരുങ്ങി ഫൊട്ടോയ്ക്ക് പോസ് ചെയ്യുക അതാണ് രീതി. ഓരോ അമ്മമാരും അവരവരുടെ പെണ്‍കുട്ടികളെ വച്ചാണ് ഫൊട്ടോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു കൊണ്ടിരുന്നത്. എല്ലാം കിടു ഫൊട്ടോസ്. ഇതൊക്കെ കണ്ട് ഞാനെങ്ങനാ ചുമ്മാതിരിക്കുന്നത്. പ്രശ്‌നമെന്തെന്നാല്‍ എനിക്ക് പെണ്‍കുട്ടിയില്ല താനും. പക്ഷേ വിട്ടു കൊടുത്തില്ല. എന്റെ മകനെ വച്ച് എന്ത് കൊണ്ട് ഒരു മേക്ക് ഓവര്‍ നടത്തിക്കൂടാ എന്ന് ചിന്തിച്ചു. ആ ചിന്തയാണ്, ഇങ്ങനെയൊക്കെ ആയിതീര്‍ന്നത്.

എന്റെ കൊച്ചും വൈറലായേ...

കാണുന്നത് പോലെ അത്ര ഈസിയൊന്നും ആയിരുന്നില്ല. മൂന്നര വയസാണ് അവന്റെ പ്രായം. അവന്‍ ഒരുങ്ങാന്‍ അടങ്ങിയിരിക്കും എന്ന് തോന്നുന്നുണ്ടോ? ഇക്കണ്ട വേഷങ്ങളും തൊങ്ങലും മേക്കപ്പുമൊക്കെ ഇട്ട് തുടങ്ങിയപ്പോഴേ അവന്‍ അസ്വസ്ഥനായി. ഒരു ചിത്രം കാണിച്ചിട്ട് ദേ... ഈ ആന്റിയെപ്പോലെ ഒരുങ്ങണ്ടേ എന്നൊക്കെ പറഞ്ഞു നോക്കി. നോ രക്ഷ... ഒടുക്കം എന്റെ പതിനെട്ടാമത്തെ അടവ് പുറത്തെടുത്തു. ടോയ്‌സും ചോക്ലേറ്റും ഒക്കെ പറഞ്ഞ് കക്ഷിയെ കൂളായി. പക്ഷേ സംഭവം ക്ലൈമാക്‌സിലേക്കടുത്തപ്പോള്‍ പുള്ളിക്കാരന് മടുത്തു. പക്ഷേ ഇച്ചിരി...സാഹസികത കാണിച്ചെങ്കിലും സംഭവം ഓകെയായി. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തപ്പോഴേ വമ്പന്‍ റെസ്‌പോന്‍സ് ആണ് കിട്ടിയത്. അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ ഇതിലും സ്വീകാര്യത കിട്ടും എന്നുറപ്പായിരുന്നു. ആ കണക്കു കൂട്ടല്‍ തെറ്റിയില്ല. ആണ്‍കുട്ടിയെ ഇങ്ങനെ ഒരുക്കുമ്പോള്‍ ആളുകള്‍ സ്വീകരിക്കില്ല എന്ന് പേടിയുണ്ടായിരുന്നു, പക്ഷേ പ്രതീക്ഷിച്ചതിലും നല്ല അഭിപ്രായമാണ് കിട്ടിയത്. കെട്ട്യോന്‍ നഫ്രാസും നല്ല അഭിപ്രായമാണ്. സാധാരണ ആണ്‍കുട്ടികളെ പെണ്‍വേഷത്തിലാക്കുന്നതിനോട് പുള്ളിക്കാരന് വല്യ താത്പര്യം ഇല്ലായിരുന്നു. പക്ഷേ രവി വര്‍മ്മ ചിത്രത്തിന് മോഡലായതും പരീക്ഷണവും കണക്കിലെടുത്ത് പുള്ളിക്കാരന്‍ കട്ടയ്ക്ക് കൂടെ നിന്നു. മകന്‍ നിന്നു തന്നല്ലോ...ക്ഷമയോടെ കാത്തിരുന്നല്ലോ എന്ന കമന്റാണ് കൂടുതലും കിട്ടിയത്. ഫൊട്ടോ എടുത്ത എനിക്കും കിട്ടി നല്ല കമന്റ്‌സ്. എല്ലാവരോടും നന്ദിയുണ്ട്...പരീക്ഷണം ആണെങ്കില്‍ കൂടി എന്റെ കൊച്ചും വൈറലായല്ലോ?