കുരച്ച പട്ടിയുടെ ചോരവീഴ്ത്തി പ്രതികാരം തീർക്കാൻ മാത്രം പക മനസിൽ സൂക്ഷിച്ച മനുഷ്യൻമാരുണ്ടോ? തിരുവല്ലയിൽ നടന്ന സംഭവം കണ്ണില്ലാത്ത ക്രൂരതയുടെ നേർസാക്ഷ്യം. പട്ടികുരച്ചെന്ന കാരണത്താൽ വെട്ടുകത്തിയുമായി പാഞ്ഞടുത്ത അയൽപക്കക്കാരൻ പട്ടിയെ വെട്ടിപ്പരുക്കേൽപ്പിച്ചു. തടയാൻ ശ്രമിച്ച വീട്ടുടമയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ മർദ്ദിക്കുകയും ഗൃഹോപകരണങ്ങളും പോർച്ചിൽ കിടന്ന വാഹനവും നശിപ്പിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയയിലെ മൃഗസ്നേഹികൾ ഉൾപ്പെടെയുള്ളവർ പങ്കുവച്ച ഞെട്ടിപ്പിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം മനുഷ്യന്റെ മൃഗീയതയുടെ ഒടുവിലത്തെ ഉദാഹരണം. തിരുവല്ല നന്നൂരിലെ മണ്ണിൽ കാലായിൽ വീട്ടിൽ അജി, അനുജൻ അനില്‍ എന്നിവരാണ് ഈ ‘സൈക്കോ ഗുണ്ടാവിളയാട്ടത്തിന്’ പിന്നിൽ. നന്നൂർ ഐശ്വര്യഭവനിലെ സന്തോഷിന്റെ പട്ടിയെയയാണ് ഇരുവരും നിഷ്കരുണം വെട്ടിവീഴ്‍ത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി തിരുവല്ല പൊലീസ് സ്റ്റേഷൻ എഎസ്ഐ ഉണ്ണി ‘വനിത ഓൺലൈനോടു’ പറഞ്ഞു. എസ്ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പൊലീസ് പറയുന്നത്;
നന്നൂർ ഐശ്വര്യ ഭവനിലെ സന്തോഷിന്റെ വീട്ടിലെ വളർത്തു പട്ടിയുടെ കുരയാണ് ആക്രമണത്തിലേക്ക് നയിച്ചത്. സന്തോഷിന്റെ വീടിനു സമീപമുള്ള വഴിയാണ് അയൽക്കാരായ അജിയും അനുജൻ അനിലും ഉപയോഗിക്കുന്നത്. അജി ഇതു വഴി കടന്നു പോകുമ്പോൾ പട്ടി നിർത്താതെ കുരച്ചതാണ് പ്രകോപനത്തിന് കാരണം. പട്ടിയുടെ കുര കേട്ട് പ്രകോപിതനായ അജി വീടിന്റെ സിറ്റൗട്ടില്‍ പൂട്ടിയിട്ടിരുന്ന പട്ടിയെ ആദ്യം വടിയുമായി ചെന്ന് പലതവണ അടിച്ചു. വീട്ടിലുണ്ടായിരുന്ന സന്തോഷിനേയും വടി കൊണ്ട് അടിച്ച ശേഷം തിരികെ പോയി. അരമണിക്കൂര്‍ കഴിഞ്ഞ് പത്തോളം ആളുകളുമായി സഹോദരന്‍ അനിലിനോടൊപ്പം ഇയാള്‍ സന്തോഷിന്റെ വീടിനുമുന്നിലേക്ക് ഇരച്ചെത്തി. തുടര്‍ന്ന് മഴു, കോടാലി, വെട്ടുകത്തി തുടങ്ങിയ മാരകായുധങ്ങളുമായി കയറിച്ചെന്നായിരുന്നു ആക്രമണം. പട്ടിയെ നിഷ്ക്കരുണം വെട്ടിപ്പരിക്കേൽപ്പിച്ചു. ചോരയിൽ കുളിച്ച പട്ടി പ്രാണരക്ഷാർത്ഥം പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിനടിയിലേക്ക് ഒതുങ്ങി അഭയം തേടി. അജി കൈയിലിരുന്ന വെട്ടുകത്തികൊണ്ട് അഞ്ചുതവണ പട്ടിയെ വെട്ടി മുറിവേല്‍പ്പിച്ചെന്ന് പരാതിക്കാരനായ സന്തോഷ് പറയുന്നു. പൂട്ടിയിട്ടിരുന്നതു കാരണം ഇതിന് ഓടി രക്ഷപ്പെടാനും കഴിഞ്ഞില്ല. കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴേക്കും പട്ടി ചോരയിൽ കുളിച്ച് ജീവനുവേണ്ടി പിടയുകയായിരുന്നു.

പട്ടിയെ ആക്രമിക്കുന്നതിനിടെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടു കാറുകൾ അക്രമികൾ നശിപ്പിച്ചു. മഴുകൊണ്ട് രണ്ടു കാറുകളിലും വെട്ടി. മുന്‍വശത്തെ ചില്ലുകള്‍ തകര്‍ത്തു. കണ്ണാടികളും ബമ്പറുകളും നശിപ്പിച്ചു. ഇതിനിടെ ഒരു കൂട്ടം പേർ വീടിനുള്ളിലേക്ക് ഇരച്ചു കയറി. ടി.വി.യും കസേരകളും ലൈറ്റുകളും അടിച്ചുതകര്‍ത്തു. ജനാലകള്‍ക്കും നാശം വരുത്തി. ഈ സമയം സന്തോഷിന്റെ ഭാര്യ സലിയും ഇവരുടെ പ്രായമായ അച്ഛനമ്മമാരുമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
ആക്രമണത്തിൽ സാരമായി പരുക്കേറ്റ പട്ടി ഇപ്പോൾ സമീപത്തെ വെറ്ററിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി വരികയാണ്. കേസിലെ പ്രതികളായ അജി സഹോദരൻ, അനിൽ എന്നിവർ ഒളിവിലും. പട്ടി കുരച്ചതിന്റെ പേരിലാണ് അക്രമം കാട്ടിയതെന്നും ഇവര്‍ തമ്മില്‍ മുമ്പ് പ്രശ്‌നമെന്തെങ്കിലും ഉണ്ടായിരുന്നതായി അറിവില്ലെന്നും തിരുവല്ല പൊലീസ് പറയുന്നു.
