ആറ് എന്ന സംഖ്യ പകർത്തിയെഴുതുമ്പോൾ ഒൻപതാകും. ബി എഴുതുമ്പോൾ ഡി ആകും. ആൾമാറാട്ടവുമായി ഉത്തരക്കടലാസിൽ നിരക്കുന്ന അക്കങ്ങളും അക്ഷരങ്ങളും കാണുമ്പോൾ അധ്യാപകരുടെ നെറ്റി ചുളിയും. നീല മഷിയിലെഴുതിയ ഉത്തരങ്ങളിലേറെയും ചുവന്ന വട്ടത്തിൽ കുടുങ്ങുന്നത് കൊണ്ട് കിട്ടുന്ന മാർക്ക് ഒന്ന് അല്ലെങ്കിൽ രണ്ട്. ‘പഠിക്കാൻ മണ്ടി' എന്ന ലേബലിൽ ഒരു വിദ്യാർഥിയെ തളച്ചിടാൻ ഇത് ധാരാളം. നിവേദിത എന്ന പെൺകുട്ടി ഒൻപതാം ക്ലാസ് വരെയുള്ള കാലം താണ്ടിയത് ഇങ്ങനെയാണ്. പത്താം ക്ലാസ് പാസാകുമോ എന്ന് അധ്യാപകരിൽ പലരും സംശയിച്ച ആ പെൺകുട്ടി ഇന്ന് എറണാകുളം കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഇംഗ്ലിഷ് വിഭാഗത്തിൽ പി എച്ച് ഡി റിസർച്ച് സ്കോളറാണ്. ഡിസ്‌ലെക്സിയയെ തോൽപിച്ച് തിളക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയ നിവേദിത ബി. വാരിയർ ഡിസ്എബിലിറ്റി സ്റ്റഡീസ് എന്ന വിഷയമാണ് പ്രബന്ധം തയാറാക്കുന്നതിന് തിരഞ്ഞെടുത്തത്. “ അക്ഷരങ്ങളും അക്കങ്ങളും വായിക്കാനും എഴുതാനുമുള്ള ബുദ്ധിമുട്ടാണ് ഡിസ്‌ലെക്സിയ. പലരും ഇതൊരു അസുഖമാണെന്നാണ് കരുതുന്നത്. ശാസ്ത്രീയമായ രീതികൾ പിന്തുടരുകയും മികച്ച പിന്തുണയും കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ഡിസ്‌ലെക്സിയയെ മറികടന്ന് അക്കാദമിക തലത്തിൽ വിജയം സ്വന്തമാക്കാനാകും. " നിവേദിത പറയുന്നു.

വെളിച്ചത്തിലേക്ക് കൈ പിടിച്ച അധ്യാപിക

‘സംഖ്യകൾ തന്റെ മുന്നിൽ നൃത്തം ചെയ്യുന്നു’വെന്ന് മാത്രമേ കുട്ടിക്കാലത്ത് നിവേദിതയ്ക്ക് മനസ്സിലായുള്ളൂ. മറ്റുള്ള കുട്ടികളെപ്പോലെ എഴുതാനും വായിക്കാനും കഴിയാത്തത് കൊണ്ട് ‘ പഠിക്കാൻ മണ്ടി' ആയ വിദ്യാർഥി ഒറപ്പെട്ടു. ആരോടും കൂട്ട് കൂടാതെ ഒതുങ്ങിക്കൂടിയ വിദ്യാർഥിയെ ഒൻപതാം ക്ലാസിലാണ് തൃശൂർ പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപികയായ എം.പി. വസന്തകുമാരി ശ്രദ്ധിച്ചത്. നിവേദിതയുടെ പുസ്തകങ്ങൾ പരിശോധിക്കുകയും പെരുമാറ്റം നിരീക്ഷിക്കുകയും ചെയ്ത അധ്യാപികയ്ക്ക് ഡിസ്‌ലെക്സിയ ആണ് തന്റെ ശിഷ്യയെ വലയ്ക്കുന്നതെന്ന് മനസ്സിലായി.

ഡിസ്‌ലെക്സിയ വെള്ളിത്തിരയിൽ പകർത്തിയ‘ താരേ സമീൻ പർ' എന്ന ചിത്രത്തിൽ നടൻ അമീർ ഖാൻ അവതരിപ്പിച്ച രാം ശങ്കർ നികുംഭ് എന്ന അധ്യാപകൻ ഇഷാൻ അവാസ്തി എന്ന വിദ്യാർഥിക്ക് വഴികാട്ടിയായത് പോലെ വസന്തകുമാരി ടീച്ചർ നിവേദിതയുടെ ജീവിതത്തിന് വെളിച്ചമേകി.ഡിസ്‌ലെക്സിയ

ആണ് പ്രശ്നം എന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിന് വേണ്ടി നിവേദിതയെ കൗൺസലിങ്ങിന് അയച്ചു.

രണ്ട് സൈക്കോളജിസ്റ്റുകൾ നടത്തിയ വിലയിരുത്തലിൽ നിവേദിതയ്ക്ക് ഡിസ്‌ലെക്സിയ ഉണ്ടെന്ന് വ്യക്തമായി.

മുന്നോട്ടുള്ള പഠനം എങ്ങനെ എന്ന് ആകുലപ്പെട്ട ശിഷ്യയ്ക്ക് സഹായവുമായി വസന്ത കുമാരി ടീച്ചറെത്തി. ക്ലാസ് കഴിഞ്ഞ് ടീച്ചർ നിവേദിതയെ വീട്ടിൽ കൊണ്ട് പോയി പഠിപ്പിച്ചു. “ ഡിസ്‌ലെക്സിയ ഉള്ളവർക്ക് ഉത്തരമെഴുതുമ്പോൾ മുഴുവൻ വാചകം എഴുതാൻ പറ്റണമെന്നില്ല. ഓരോ പാരഗ്രാഫിലെയും പ്രധാന പോയിന്റ്സ് എഴുതുന്ന രീതി ടീച്ചർ പഠിപ്പിച്ചു. എനിക്ക് കംഫർട്ടബിൾ ആയ രീതിയിൽ പഠിക്കാൻ പരിശീലിപ്പിച്ചു." നിവേദിത ഓർമിക്കുന്നു.

“കൂടുതൽ ശ്രദ്ധ കിട്ടിയതോടെ പഠനത്തിൽ മെച്ചപ്പെടാനായി. പക്ഷേ, സംഖ്യകൾ വല്ലാതെ കുഴക്കി. പത്താം ക്ലാസിൽ ജയിക്കണമല്ലോ. ഡിസ്‌ലെക്സിയ ഉള്ളവർക്ക് ഏറ്റവും പ്രയാസമേറിയ വിഷയം ഒഴിവാക്കി മറ്റൊരു വിഷയം തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ സിബിഎസ്ഇ നൽകുന്നുണ്ട്. അങ്ങനെ ഞാൻ കണക്ക് ഒഴിവാക്കി ഡ്രോയിങ് തിരഞ്ഞെടുത്തു. പരീക്ഷയ്ക്ക് തയാറെടുക്കാൻ ഡ്രോയിങ് ടീച്ചർ എൻ.ബി. ലതാദേവി നന്നായി സഹായിച്ചു. തൃശൂർ കാഞ്ഞാണി ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പ്രിൻസിപ്പൽ ആയ വല്യമ്മ ബീന വിജയന്റെയും വടക്കാഞ്ചേരി ശ്രീ വ്യാസ എൻ എസ് എസ് കോളജ് റിട്ടയേഡ് അസോഷ്യേറ്റ് പ്രഫസർ ആയ വല്യച്ഛൻ എൻ. വിജയന്റെയും ഒപ്പമാണ് കുട്ടിക്കാലം മുതൽ ഞാൻ താമസിക്കുന്നത്. അവരുടെ പിന്തുണയും എനിക്ക് ആത്മവിശ്വാസമേകി. അങ്ങനെ പത്താം ക്ലാസ് 78 ശതമാനം മാർക്കോടെ പാസ്സായി.

niveditha-2

പ്ലസ് ടു വിന് സിഐഎസ് സിഇ സിലബസിൽ ഹ്യുമാനിറ്റീസ്ആണ് തിരഞ്ഞെടുത്തത്. ഹരിശ്രീ വിദ്യാനിധി സ്കൂളിലെ അധ്യാപകർ നൽകിയ പരിഗണന വലിയ ആത്മവിശ്വാസം നൽകി. അത് കൊണ്ട് നല്ല മാർക്കോടെ പാസ്സായി.

ഫങ്ഷണൽ ഇംഗ്ലിഷ് വിത്ത് ജേണലിസം ബിരുദ വിഷയമായി തിരഞ്ഞടുത്ത് തൃശൂർ വിമലാകോളജിൽ ചേർന്നപ്പോൾ ഡിസ്‌ലെക്സിയ എന്ന അവസ്ഥയുണ്ടെന്ന് വെളിപ്പെടുത്തേണ്ട എന്ന് ഞാൻ തീരുമാനിച്ചു. പ്രത്യേക പരിഗണന കൂടാതെ പഠിക്കാൻ ശ്രമിക്കാനായിരുന്നു എന്റെ ശ്രമം. തോൽക്കാൻ വരെ സാധ്യതയുള്ളതിനാൽ വീട്ടുകാർ വിയോജിച്ചു. എന്നിട്ടും ഞാൻ ആ തീരുമാനത്തിൽ ഉറച്ചു നിന്നു. പ്ലസ് ടു പഠനകാലത്ത് അധ്യാപകർ നൽകിയ ആ ത്മവിശ്വാസമായിരുന്നു ഊർജം. ദിവസം നാല് മണിക്കൂർ മാത്രമാണ് ആ സമയം ഞാൻ ഉറങ്ങിയിരുന്നത്. പഠിക്കുന്നതിലും എഴുതുന്നതിലും മറ്റ് കുട്ടികളേക്കാൾ സ്ലോ ആയതിനാൽ കൂടുതൽ സമയം ചെലവഴിക്കേണ്ടി വന്നു.” നിവേദിത പറയുന്നു.

തന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ച് 85.50 ശതമാനം മാർക്ക് നേടിയാണ് നിവേദിത ഡിഗ്രി പാസ്സായത്. തുടർന്ന് തൃശൂർ ലിറ്റിൽ ഫ്ലവർ കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ പിജി ചെയ്തു. ആ കാലത്ത് പഠനേതര പ്രവർത്തനങ്ങളിൽ മുന്നിലായ നിവേദിത യൂണിയൻ ചെയർപേഴ്സണായി തിരഞ്ഞെടുത്തപ്പെട്ടു. അക്കാദമിക മികവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും പരിഗണിച്ച് ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റിനുള്ള പുരസ്കാരവും ‘ സ്റ്റാർ ഓഫ് ലിറ്റിൽ ഫ്ലവർ കോളജ്' പുരസ്കാരവും നേടിയത് നിവേദിതയുടെ പ്രിയപ്പെട്ട നിമിഷമാണ്. പിജി കഴിഞ്ഞ് മദ്രാസ് ഐഐടിയിൽ നിന്ന് മൈനർ റിസർച്ച് ഫെലോഷിപ്പ് നേടി. തുടർന്ന് എറണാകുളം സെന്റ് തെരേസാസിൽ നിന്ന് എംഫിൽ പൂർത്തിയാക്കി. കൂടുതൽ പഠിക്കാനുള്ളപ്പോൾ പ്രയാസവുമേറി. എംഫിൽ സമയത്ത് പരീക്ഷ കൂടുതൽ സമയം അനുവദിച്ചു കിട്ടിയത് ഗുണമായി. ഇതിനിടെ നെറ്റും ജെ ആർ എഫും നേടി

ആലപ്പുഴ എസ് ഡി കോളജിൽ ആറ് മാസം ഗസ്റ്റ് ഫാക്കൽറ്റിയായി അധ്യാപന രംഗത്തും ചുവട് വച്ചു .“വളരെ നല്ല ഓർമകളാണ് അധ്യാപന കാലത്തെക്കുറിച്ച്. ഡിസ്കഷൻ രീതിയിലാണ് പാഠങ്ങളെടുത്തത്. എന്നെപ്പോലെ പഠനത്തിൽ ബുദ്ധിമുട്ടുള്ളവരെ സഹായിക്കാൻ കഴിഞ്ഞു. പഠനത്തിൽ പിന്നിലായിരുന്ന കുട്ടികൾ പോലും പാസ്സായി എന്നറിഞ്ഞപ്പോഴാണ് ഏറെ സന്തോഷം തോന്നിയത്. ” നിവേദിത പറയുന്നു. ഭിന്നശേഷിയുളവർക്ക് വേണ്ടി പ്രവർത്തിക്കുന്ന OSAAT എന്ന സന്നദ്ധസംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട് ഈ മിടുക്കി. പഠനവൈകല്യങ്ങൾ ഉള്ളവർക്ക് ആത്മവിശ്വാസം പകരാൻ തന്റെ അതിജീവനത്തിന്റെ കഥ പുസ്തകമാക്കണമെന്ന മോഹമുണ്ട് ഈ മനസ്സിൽ. തൃശൂർ ചാവക്കാട് അമ്യത വിദ്യാലയം കെജി അധ്യാപിക ആതിര ബാബുവിന്റെയും പൊതുപ്രവർത്തകനായ ബാബു ആർ. വാരിയരുടെയും മകളാണ് നിവേദിത.