പല റോഡുകളിലൂടെയും സഞ്ചരിക്കുമ്പോൾ പൊതുമരാമത്തുവകുപ്പിനേയും പണിയേറ്റെടുത്ത കരാറുകാരേയും നന്നായി ‘സ്മരിച്ചു’ പോകാറുണ്ട്. റോഡിന്റെയും ഓടകളുടെയും അറ്റകുറ്റപ്പണികൾ മുടങ്ങിക്കിടക്കുന്നതൊക്കെയാണ് കാരണം. എന്നാൽ ഇന്നു കോട്ടയത്തു വച്ചുണ്ടായ ഒരു നല്ല അനുഭവം ആരും അറിയാതെ പോകരുതെന്നു തോന്നി.
കഴിഞ്ഞ കുറച്ചു ദിവസമായി ഈരയിൽക്കടവ്–മണിപ്പുഴ ബൈപാസ് റോഡിലെ ഫുട്പാത്തിൽ രാവിലെ നടക്കാൻ പോകാറുണ്ട്. കോട്ടയത്തെ മനോഹരമായ പാതയെന്നതിലുപരി ശുദ്ധവായു ശ്വസിച്ച് സുരക്ഷിതമായി നടക്കാം എന്നതാണ് ഈ പ്രഭാത സവാരിയുടെ പ്രധാന ആകർഷണം. നടപ്പാതയിലേക്കു തണൽ വിരിച്ചു നിൽക്കുന്ന മുളങ്കുട്ടങ്ങളും പച്ചപ്പും ഇളങ്കാറ്റുമൊക്കെ ചേർന്ന അനുഭവമാണ് ഈ യാത്ര. കൊച്ചുകുട്ടികൾ മുതൽ നൂറോളം പേർ രാവിലെ മാത്രം നടക്കാനും ജോഗിങ്ങിനും ഒക്കെയായി ഈ നടപ്പാതയിലുണ്ടാകും. വൈകുന്നേരമാകട്ടെ അതിലുമേറെയുണ്ടാവും.
ഇക്കഴിഞ്ഞ ബുധനാഴ്ച, വൈകുന്നേരം കോട്ടയത്ത് ശക്തമായ കാറ്റുവീശി. അടുത്ത ദിവസം ഈ നടപ്പാതയിൽ പാതിവഴി പിന്നിട്ടപ്പോഴാണ്, തലേന്നത്തെ കാറ്റിൽ മുളങ്കൂട്ടം പാതയിലെ നടത്തം തടസ്സപ്പെടുംവിധം ചാഞ്ഞു നിൽക്കുന്നതു കണ്ടത്. ആ ഭാഗമെത്തുമ്പോൾ റോഡിലേക്ക് ഇറങ്ങി നടക്കണം. ഇന്നു രാവിലെയും അതു തന്നെയായിരുന്നു കാഴ്ച.
ഇന്നത്തെ പ്രഭാത നടത്തത്തിനിടയിലാണ് നടപ്പാതയോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ ബോർഡ് ശ്രദ്ധിച്ചത്. ‘ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്’– എന്ന കൗതുകകരമായ വാചകമാണ് ശ്രദ്ധയാകർഷിച്ചത്. ഈ നടപ്പാത 2026 വരെ പരിപാലിക്കാനുള്ള ചുമതലയുള്ള കോൺട്രാക്ടറുടേയും അസിസ്റ്റന്റ് എൻജിനീയറുടേയും പേരും ഫോൺ നമ്പരുമുണ്ട്. കോണ്‌ട്രാക്ടറുടെ പേരുമുണ്ട്–മനോജ് മാത്യു.

‘‘മറ്റാരെങ്കിലും അവരെ അറിയിച്ചിട്ടുണ്ടാകും, സർക്കാർ കാര്യമല്ലേ... സമയമെടുക്കും’’ എന്ന സാധാരണമായ ചിന്ത വന്നെങ്കിലും ഇനി എല്ലാരും ഇങ്ങനെ വിചാരിച്ചാൽ അവർ അറിയാനിടയില്ലല്ലോ. എന്ന മറുചിന്തയോടെ ആ ഫോൺ നമ്പരുകൾ സേവ് ചെയ്തു. മനോജ് മാത്യുവിന്റെ നമ്പരിൽ വാട്സാപ്പുണ്ട് എന്നു മനസ്സിലായപ്പോൾ, ആദ്യം ആ ബോർഡിന്റെ ഫോട്ടോയും പിന്നാലെ നടപ്പാത തടസ്സപ്പെടുത്തി നിൽക്കുന്ന മുളങ്കൂട്ടത്തിന്റെയും ഫോട്ടോയും അയച്ചു. അവ അയയ്ക്കുന്നത് രാവിലെ ഏഴുമണിയോടെയാണ്. ചിത്രങ്ങളല്ലാതെ ഒരു അക്ഷരം പോലും വാട്സാപ്പിൽ കുറിച്ചില്ല. മറുപടിപോലും പ്രതീക്ഷിച്ചില്ലെങ്കിലും അരമണിക്കൂറിമുള്ളിൽ ദേ മറുപടി– ‘‘Noted, Rectify Cheyyam’’. എന്നു മാത്രം. മറുപടി പറഞ്ഞതിലുള്ള നന്ദി അറിയിച്ചു. നടക്കുമെന്നു പ്രതീക്ഷ തോന്നിയതുമില്ല.
ഒട്ടും വൈകാതെ, രാവിലെ പത്തരമണിയോടെ തന്നെ വാട്സാപ്പിൽ നാലു ചിത്രങ്ങളെത്തി, ചാഞ്ഞുനിന്ന മുളങ്കുട്ടം നീക്കം ചെയ്ത് നടക്കാൻ യോഗ്യമാക്കിത്തീർത്ത നടപ്പാതയുടെ ചിത്രങ്ങളാണ്. ഒപ്പം ‘Rectified’ ഒന്ന ഒറ്റ വാക്കു മറുപടിയും. ഇന്നത്തെ ദിവസം എനിക്കു എറ്റവും സന്തോഷവും കൃതജ്ഞതയും തോന്നിയ നിമിഷമായിരുന്നു അത്. ആരെന്നോ എന്തെന്നോ പറയാതെ കിട്ടിയ സന്ദേശം, അതു പരിഹരിക്കുക തന്റെ ചുമതലയാണെന്ന ബോധ്യത്തോടെ ഒരൽപവും വൈകാതെ നടപ്പിലാക്കിയ കോൺട്രാക്ടർ മനോജ് മാത്യുവിന് അഭിനന്ദനങ്ങൾ.
മനോജ് മാത്യുവിനോട് നന്ദിയും അഭിനന്ദനവും അറിയിക്കാനായി ഫോണിൽ വിളിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ്. നടപ്പാതയിൽ വിരിച്ചിരിക്കുന്ന ടൈലുകളുടെ സംരക്ഷണത്തിനാണ് മനോജ് മാത്യുവിന് ചുമതലയുള്ളത്. എന്നാൽ വാട്സാപ്പിൽ അയച്ച ചിത്രം കണ്ടപ്പോൾ നടപ്പാത ഉപയോഗിക്കുന്നവരുടെ ബുദ്ധിമുട്ടു മനസ്സിലാക്കിയാണ് തടസ്സം നീക്കിയതെന്നും, ഇതിനു മുൻപും ഇങ്ങനെ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘‘നമുക്കു ചെയ്യാൻ പറ്റുന്ന കാര്യമാണെങ്കിൽ അതു ചെയ്യുക, അത്രയേ ഉള്ളൂ’’–ഇതൊരു വാർത്തയാകുമെന്നു പോലും അറിയാതെ അദ്ദേഹം പറഞ്ഞു. ഇതുകേട്ടപ്പോൾ മനസ്സിൽ വന്നത് ഒരു സിനിമാ ഡയലോഗായിരുന്നു–‘നിങ്ങൾ പൊന്നപ്പനല്ല, തങ്കപ്പനാ തങ്കപ്പന്‍!’
ഇതൊക്കെ പറയാനും മാത്രമുള്ള കാര്യമാണോ എന്നു ചിന്തിക്കുന്നവരുണ്ടെങ്കിൽ, ഇങ്ങനെയുള്ള കാര്യങ്ങളല്ലേ നമ്മുടെ ജീവിതത്തെ സന്തോഷമുള്ളതാക്കുന്നത്. ഇങ്ങനെയൊക്കെയുള്ള സന്തോഷകരമായ ലോകത്തിനായി നമുക്കു ചുറ്റും ഒരുപാട് മനോജ് മാത്യുമാരുണ്ടാകട്ടെ, നമുക്കും അവരിലൊരാളാവാം. വഴിയിൽ ഒരു പ്രശ്നമുണ്ടായാൽ, ‘‘പറഞ്ഞിട്ട് ഒരു ഗുണവുമില്ല, ഒന്നും ശരിയാകാൻ പോകുന്നില്ല, ഞാൻ ചെയ്തില്ലേലും മറ്റുള്ളവർ ചെയ്തുകൊള്ളും..’’ എന്നൊക്കെയുള്ള നമ്മുടെ തോന്നലുകളെ തിരുത്താനും ശ്രമിക്കാം.
