നടൻ സി.ജെ. കുഞ്ഞുകുഞ്ഞിന്റെ മരണത്തിനു കാരണം തെറ്റായ രോഗ നിർണയത്തെത്തുടർന്നു കീമോ തെറപ്പി ചെയ്തതാണെന്ന സംശയവുമായി കുടുംബം. തന്റെ ഭർത്താവിനു കാൻസറായിരുന്നുവെന്നു കരുതുന്നില്ലെന്നും സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു സർക്കാരിനു പരാതി നൽകുമെന്ന് കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മേഴ്സി പറഞ്ഞു. ന്യുമോണിയ ബാധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ഫെബ്രുവരി 24നാണ് നടൻ കുഞ്ഞുകുഞ്ഞ് മരിച്ചത്. ഈ.മ.യൗ, സ്വാതന്ത്ര്യം അർധരാത്രിയിൽ തുടങ്ങിയ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടനാണു കുഞ്ഞുകുഞ്ഞ്. കഴിഞ്ഞ വർഷം മാർച്ചിൽ വിട്ടുമാറാത്ത ചുമയെത്തുടർന്നു പള്ളുരുത്തിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കൂടുതൽ പരിശോധനയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചു. ഇവിടെനിന്നു ഹരിയാനയിലെ സ്വകാര്യ ലാബിലേക്ക് അയച്ചു നടത്തിയ ബയോപ്സി പരിശോധനയിൽ ശ്വാസകോശാർബുദം അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നുവെന്നു കണ്ടെത്തി.ചികിത്സയ്ക്ക് 15 ലക്ഷം രൂപയോളം ചെലവു വരുമെന്നാണ് ആശുപത്രി അറിയിച്ചത്. എത്രയും വേഗം കീമോ ചെയ്താൽ ആയുസ്സ് കുറച്ചു കാലംകൂടി നീട്ടിക്കിട്ടുമെന്നും ഡോക്ടർമാർ പറഞ്ഞു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലെത്തി മാർച്ച് മുതൽ ഒക്ടോബർ വരെ ആറു തവണ കീമോ തെറപ്പിക്കു വിധേയനായി.ഒക്ടോബറിൽ നടത്തിയ പരിശോധനയിൽ അർബുദത്തിന്റെ ഒരു തെളിവുമില്ലെന്നായിരുന്നു റിപ്പോർട്ട്. കീമോ തെറപ്പി മൂലം മുടി നഷ്ടപ്പെട്ടതൊഴിച്ചാൽ ക്ഷീണമൊന്നും കുഞ്ഞുകുഞ്ഞിന് ഉണ്ടായില്ല.
അർബുദം അവസാന ഘട്ടത്തിലെത്തിയ ഒരാൾക്ക് ആറു തവണ കീമോ തെറപ്പി ചെയ്താൽ രോഗം മാറുമെന്ന് അന്നേ വിശ്വസിക്കാനായിരുന്നില്ലെന്ന് മേഴ്സി പറഞ്ഞു.എന്നാൽ, ഈ വർഷം ഫെബ്രുവരിയിൽ ന്യുമോണിയ ബാധിച്ചു ചികിത്സയിലിരിക്കേ കുഞ്ഞുകുഞ്ഞ് മരിച്ചു. തെറ്റായ ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കീമോ തെറപ്പി മൂലം രോഗപ്രതിരോധ ശേഷി നഷ്ടപ്പെട്ടതാണു കുഞ്ഞുകുഞ്ഞിന്റെ മരണകാരണം എന്നാണു കുടുംബം ഇപ്പോൾ സംശയിക്കുന്നത്. തന്റെ ഭർത്താവിനു കാൻസർ രോഗമുണ്ടായിരുന്നുവെന്നു കരുതുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയാണെങ്കിലും സത്യം പുറത്തു കൊണ്ടുവരണമെന്നും മേഴ്സി പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പരാതി നൽകും.