സോഷ്യൽ മീഡിയയിലെ ഏറ്റവും പുതിയ ട്രെൻഡാണ് സ്വയം പരിചയപ്പെടുത്തിക്കൊണ്ടുള്ള ഇൻട്രോ പോസ്റ്റ് ചെയ്യൽ. പുതുതായി ആരംഭിക്കുന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങൾ സ്വയം പരിചയപ്പെടുത്താൻ തങ്ങളെക്കുറിച്ച് പറയും. പേര്, നാട്, വയസ്, വിദ്യാഭ്യാസയോഗ്യത, ജോലി, രാഷ്ട്രീയം, ഇഷ്ടങ്ങൾ, അങ്ങനെ പലതും ഉൾപ്പെടുത്തി നിരവധി ഇൻട്രോകളാണ് ഓരോരുത്തരും പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ, അത്തരത്തിൽ വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ വന്നൊരു ഇൻട്രോ പോസ്റ്റാണ് വൈറലായി മാറിയത്. ജീവൻ ജീവ എരുവട്ടി എന്നയാളുടെ പോസ്റ്റിന് ഇതുവരെ 31,000 പേർ റിയാക്ട് ചെയ്തു കഴിഞ്ഞു.
ഇരുകൈകളിലെയും കൈപ്പത്തി ഇല്ലാത്ത നിലയിലുള്ള ജീവന്റെ ഫോട്ടോയും പോസ്റ്റിനൊപ്പം ഉണ്ട്. കണ്ണൂർ പിണറായി സ്വദേശിയായ ജീവൻ സ്വയം പരിചയപ്പെടുത്തുന്നത് താനൊരു ബി.എസ്.ഡബ്ല്യൂ വിദ്യാർഥി ആണെന്നാണ്. 2015ൽ നടന്ന ഒരു അപകടത്തിലാണ് ഇരു കൈപ്പത്തികളും തനിക്ക് നഷ്ടമായതെന്നും അതിനു ശേഷമുള്ള തന്റെ ജീവിതമൊരു പോരാട്ടമാണെന്നും ഇദ്ദേഹം പറയുന്നു.
കൈപ്പത്തി നഷ്ടമായ ആ അപകടത്തിനു ശേഷം പ്ലസ് ടൂ പരീക്ഷ എഴുതി പാസ്സായി, കംപ്യൂട്ടർ കോഴ്സ് പഠിച്ച് സർട്ടിഫിക്കറ്റ് വാങ്ങി, പി.എസ്.സി പരീക്ഷയ്ക്ക് പഠിക്കുന്നതും ഇപ്പോൾ ബി.എസ്.ഡബ്ല്യൂവിന് പഠിക്കുന്നതുമെല്ലാം പോരാട്ടമാണെന്ന് പറയുന്ന ജീവന്റെ പോസ്റ്റിന് വൻ വരവേൽപാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ ലഭിച്ചത്. എന്നാൽ പോസ്റ്റിൽ എവിടെയും ആ അപകടം എന്തായിരുന്നു എന്ന് മാത്രം പറയുന്നില്ല.

ഒടുവിൽ ഗ്രൂപ്പിലെ ചില അംഗങ്ങൾ തന്നെ അതിനുള്ള ഉത്തരം കണ്ടെത്തി. 2015ൽ, ജീവന് സംഭവിച്ച അപകടം അന്നത്തെ പത്രങ്ങളില്‍ വാർത്തയായിരുന്നു. 2015 ജനുവരി പതിനെട്ടാം തീയതി കതിരൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പൊട്ടൻപാറ എന്ന് സ്ഥലത്തു വച്ച് ബോംബ് നിർമിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ സി.പി.എം പ്രവർത്തകനായ ജീവൻ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. ഈ അപകടത്തിൽ ജീവന് ഇരു കൈപ്പത്തികളും നഷ്ടമായി.
സത്യാവസ്ഥ വെളിപ്പെടുത്തുന്ന പത്രവാർത്തകൾ ഉൾപ്പെടെയുള്ള തെളിവുകൾ കമന്റുകളായി പോസ്റ്റ് ചെയ്തപ്പോഴാണ് പലരും സത്യാവസ്ഥ മനസ്സിലാക്കിയത്. ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് കൈപ്പത്തി നഷ്ടമായതെന്ന വസ്തുത മറച്ചുവച്ചതിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളുടെ ഘോഷയാത്ര വന്നപ്പോൾ ഗ്രൂപ്പിന്റെ അഡ്മിൻസ് തന്നെ കമന്റ് ബോക്സ് പൂട്ടി. ഇതേക്കുറിച്ച് ജീവനാകട്ടെ പിന്നീട് പ്രതികരിച്ചതുമില്ല.