കോവിഡിനെതിരേയുള്ള പോരാട്ടത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നാലാവുന്ന ആ സംഭാവന നൽകുമ്പോൾ   വയനാട്ടിൽ മുള്ളൻകൊല്ലിയിലെ കർഷകൻ ഷെ‌ൽജന്റെ മനസ്സിൽ മകൾ സാനിയയുടെ മുഖമായിരുന്നു.

പതിനഞ്ചാം വയസ്സിൽ, അപൂർവമായ കാൻസർ രോഗം കവർന്നെടുത്ത തന്റെ ഓമനമകളുടെ മുഖം.  

അന്ന് മുള്ളൻകൊല്ലി ഗ്രാമം മുഴുവൻ തന്റെ മകൾക്കായി പ്രാർഥിച്ചു. അവൾ രോഗം ഭേദമായി തിരിച്ചു വരണേയെന്നാശിച്ചു. അവളുടെ ചികിൽസയ്ക്കായുള്ള തുക സമാഹരിക്കാൻ ഓരോരുത്തരും പരിശ്രമിച്ചു. കാരണം ഗ്രാമത്തിനു മുഴുവനും അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു സാനിയ എന്ന മിടുക്കിക്കുട്ടി. 

നാട്ടുകാർ തന്റെ മകളോടു കാട്ടിയ അളവറ്റ കാരുണ്യത്തിനോടുള്ള കടപ്പാട്, ഈ കോവിഡ് കാലത്ത് മറ്റൊരു രൂപത്തിൽ തിരിച്ചു നൽകാനാശിക്കുകയാണ് ഷെൽജൻ ചാലയ്ക്കൽ.

'എന്റെ സാനിയമോളുടെ ഓർമയ്ക്കായാണിത്. മോൾ പോയിട്ട് 2019 ഡിസംബർ 11-ന് ഒരു വർഷം തികഞ്ഞു. അവളുടെ ചികിൽസയ്ക്കായുള്ള ചെലവ് എന്നെ കൊണ്ട് താങ്ങാൻ പറ്റില്ലെന്നറിഞ്ഞപ്പോൾ എന്റെ ഗ്രാമം മുഴുവനും എന്നെ സഹായിച്ചിരുന്നു. മോൾ പഠിച്ച സ്കൂളിന്റെ അധികൃ‍തർ, അധ്യാപകർ, സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മകൾ, പള്ളി ഇടവക, നാട്ടുകാർ, ഗൾഫിലുള്ള സുഹൃത്തുക്കൾ, അയൽക്കാർ, എന്റെ കുടുംബക്കാർ അങ്ങനെയെല്ലാവരും. മ‍ജ്ജ മാറ്റി വയ്ക്കൽ ശ സ്ത്രക്രിയയിലൂടെ മാത്രമേ മോളെ രക്ഷിക്കാനാവൂ എന്നറിഞ്ഞ്, അതിനുള്ള വലിയ ചെലവ് എങ്ങനെ താങ്ങുമെന്നു ചിന്തിച്ച് ഞാനും കുടുംബവും വിഷമിച്ചു നിന്ന സമയം. നാട്ടുകാർ മോളുടെ പേരിലേക്കുള്ള ചികിൽസയ്ക്കായി ഒരു അക്കൗണ്ട് തുറന്നു. അന്ന്, ഇവിടുത്തെ 11 ബസുകൾ ഒരു ദിവസത്തെ ഓട്ടത്തിന്റെ വരുമാനം മുഴുവനും മോളുടെ ചികിൽസയ്ക്കായുള്ള അക്കൗണ്ടിലേക്ക്  സംഭാവനയായി തന്നു. അങ്ങനെ എല്ലാവരും ചേർന്ന്  നാൽപതു ലക്ഷത്തോളം രൂപയാണ് ചികിൽസാ ചെലവിനായി സമാഹരിച്ചു തന്നത്. എല്ലാവരുടെയും മനസ്സിൽ ഒരേയൊരു പ്രാർഥനയായിരുന്നു. രോഗം ഭേദമായി പുഞ്ചിരിയോടെ അവൾ മടങ്ങി വരണമെന്ന്...  പക്ഷേ, ഞങ്ങളുടെയെല്ലാം പ്രാർഥനകളെ വിഫലമാക്കി അവൾ പോയി.  ദൈവത്തിന്റെ തീരുമാനം അതാവും... പക്ഷേ, ഇന്ന് കോവിഡ് മഹാമാരിക്കെതിരേ എല്ലാവരും പോരാടുന്ന ഈ സമയത്ത് എനിക്കു തോന്നി, അന്നു ഞങ്ങൾ രോഗത്തിനെതിരെ പോരാടുമ്പോൾ ചുറ്റും നിന്നവർ കാട്ടിയ സ്നേഹത്തിന്റെ ഒരംശമെങ്കിലും തിരിച്ചു കൊടുക്കണമെന്ന്.. ഞാനൊരു സാധാരണ കർഷകനാണ്. വലിയ തുകയൊന്നും സംഭാവന നൽകാൻ എന്നെക്കൊണ്ട് സാധിക്കില്ല. അതുകൊണ്ടാണ് എന്റെ കൃഷിയിടത്തിൽ വിളവെടുത്ത കുരുമുളകിൽ നിന്നൊരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത്.  

ഇതിലും കൂടുതലെന്തെങ്കിലും ചെയ്യണം, കൂടുതൽ പേരെ സഹായിക്കണം അങ്ങനെയാക്കെ ആഗ്രഹമുണ്ട്. പക്ഷെ, എന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതല്ലേ പറ്റൂ.  ഈ തുക കൊണ്ട് പത്ത് കോവിഡ് രോഗികളെയെങ്കിലും ചികിൽസിക്കാൻ സാധിച്ചാൽ അത് ഞങ്ങളുടെ മകളുടെ ഓർമയ്ക്കായി ചെയ്യാൻ പറ്റുന്ന പുണ്യമാവും... '

ഷെൽജൻ ഒരച്ഛന്റെ നീറുന്ന ദു:ഖത്തോടെ പറയുന്നു.

അറുപതിനായിരം രൂപ വിലമതിക്കുന്ന രണ്ടു ക്വിന്റൽ കുരുമുളകാണ് സാധാരണ കർഷകനായ ഷെൽജൺ ചാലയ്ക്കൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുള്ളൻകൊല്ലി പഞ്ചായത്ത് പതിനാറാം വാർ‍ഡ് മെംബർ കൂടിയാണ് ഷെൽജൻ.

കൂത്താട്ടുകുളത്തു നിന്ന് വർഷങ്ങൾക്കു  മുൻപ് വയനാട്ടിലേക്ക് കുടിയേറിയതാണ് ഷെൽജന്റെ കുടുബം. കൃഷിയോടുള്ള സ്നേഹം ഷെൽജനു പാരമ്പര്യമായി കിട്ടിയതാണ്.

''എന്റെ ചാച്ചൻ (കുര്യൻ) 13 വയസ്സുള്ളപ്പോൾ മുള്ളൻകൊല്ലിയിലെത്തിയതായിരുന്നു. മുപ്പത്തിയാറാം വയസ്സിൽ ചാച്ചൻ പെട്ടെന്ന് മരണമടഞ്ഞപ്പോൾ അമ്മച്ചിയും ഞങ്ങൾ അ‍ഞ്ചു മക്കളും തനിച്ചായി. അന്നെനിക്ക് 12 വയസ്സേയുള്ളൂ. മൂത്ത മകനായിരുന്നു. അതിനാൽ കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കാനായി പഠിത്തം നിർത്തേണ്ടി വന്നു. ചാച്ചൻ പറമ്പിൽ കൃഷി ചെയ്യുന്നതു കണ്ടാണ് ഞങ്ങൾ മക്കൾ വളർന്നത്. ചാച്ചൻ പോയതോടെ പിന്നെ ഞാൻ ആ സ്ഥാനം ഏറ്റെടുത്തു...  അന്ന് തൊട്ട് തുടങ്ങിയതാണ് കൃഷിയോടുള്ള സ്നേഹം.

പിന്നീട് കുടുംബം നല്ല നിലയിൽ നോക്കി. അനിയന്മാരുടെയും അനിയത്തിമാരുടെയും കല്യാണമൊക്കെ നടത്തി. പിന്നെ, കുടുംബത്തിൽ നിന്ന് വീതം കിട്ടിയ നാലരയേക്കർ സ്ഥലത്ത് വീട് വച്ച് കൃഷിയുമായി കഴിയുകയായിരുന്നു. കാപ്പി, ഇഞ്ചി, കുരുമുളക്,  അടയ്ക്ക, റബർ, പച്ചക്കറികൾ, വാഴ, തെങ്ങ്, ഓറഞ്ച്..... അങ്ങനെ വയനാട്ടിൽ വളരുന്നതെന്തും.. കുടകിലും കൃഷിയുണ്ടായിരുന്നു. ഭാര്യ ഡയാനയും മൂന്ന് പെൺമക്കളും (സാനിയ, ഡാനിയ, എൽന)  അടങ്ങുന്ന കുടുംബവുമായി സന്തോഷത്തോടെ കഴിയുകയായിരുന്നു. ആ സന്തോഷമാണ് പെട്ടെന്ന് രോഗം ഒരു ദുരന്തമായി വന്ന് കെടുത്തിക്കളഞ്ഞത്. 

മൂത്ത മോളായിരുന്നു സാനിയ. അവൾ നല്ല മിടുക്കിയായിരുന്നു. നന്നായി പഠിക്കും. ചിത്രം വരയ്ക്കും. മോൾ പത്തിലേക്ക് ജയിച്ചു കഴിഞ്ഞ സമയത്തായിരുന്നു അസുഖത്തിന്റെ തുടക്കം. അതിനു മുൻപേ മോൾക്ക് വല്ലപ്പോഴുമൊക്കെ  തലകറക്കം വരാറുണ്ടായിരുന്നെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ല. മോൾക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. കാഴ്ചയിൽ ഒരു ക്ഷീണവും തോന്നുമായിരുന്നില്ല.

ആ ജൂൺ മാസത്തിൽ മോൾക്ക് പെട്ടെന്ന് വയ്യാതായി. ആദ്യം അടുത്തുള്ള ഹോസ്പിറ്റലിലും പിന്നെ മെഡിക്കൽ കോളജിലും കൊണ്ടു പോയി. മെഡിക്കൽ കോളജിലെ പരിശോധനയിലാണ് രോഗം തിരിച്ചറിയുന്നത്. അപ്ലാസ്റ്റിക് അനീമിയ എന്ന അപൂർവമായ ഗുരുതര രോഗമായിരുന്നു മോൾക്ക്. മലബാർ ക്യാൻസർ സെന്ററിലും ചികിൽസിച്ചിരുന്നു. വേഗം വെല്ലൂർക്ക് കൊണ്ടു പൊയ്ക്കോളാൻ ഞങ്ങളോടു പറഞ്ഞു.  മജ്ജ മാറ്റി വയ്ക്കൽ ശസ് ത്രക്രിയയിലൂടെ (ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ)  മാത്രമേ മോളെ രക്ഷിക്കാനാവൂ എന്നും പറഞ്ഞു. അമ്പതു ലക്ഷത്തോളം രൂപയാകും ചെലവ്.

ചികിൽസയുടെ തുടക്കത്തിൽ ഞങ്ങൾ കൈയിലുള്ള പണമെല്ലാം ചെലവാക്കിയിരുന്നു. ആദ്യ സമയത്ത് മറ്റാരുടെയും സഹായം തേടിയിരുന്നില്ല. ഞങ്ങളുടെ കൈയിലുള്ളതെല്ലാമെടുത്ത് ചികിൽസാ ചെലവ് സ്വരൂപിക്കാം എന്നൊക്കെയാണ് വിചാരിച്ചത്. 2018 -ലെ പ്രളയം കഴിഞ്ഞ് എന്റെ കൃഷിയെല്ലാം നശിച്ചിരിക്കുന്ന സമയം. കിടപ്പാടം വിറ്റ് പണം സ്വരൂപിക്കാൻ ശ്രമിച്ചെങ്കിലും അതും നടന്നില്ല.  എന്നെക്കൊണ്ട്  വിചാരിച്ചാൽ ഒരിക്കലും ഇത്ര വലിയ ചെലവ് താങ്ങാൻ പറ്റില്ലല്ലോയെന്നോർത്ത് ആകെ സങ്കടപ്പെട്ടു. അപ്പോഴാണ് ഇതറിഞ്ഞ്  നാട്ടുകാർ ഒന്നാകെ സമാധാനിപ്പിക്കുന്നത്- 'വിഷമിക്കാതിരിക്ക്...  സാനിയ മോളെ ചികിൽസിക്കാൻ ഞങ്ങളെ കൊണ്ടാവുന്നതെല്ലാം ചെയ്യാം. അവൾ ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട കുട്ടിയല്ലേ...  ' ആ സ്നേഹം കണ്ട് ഞങ്ങൾ കണ്ണീർ തുടച്ചു...

മ‍ജ്ജ മാറ്റി വയ്ക്കാൻ ഫുൾ മാച്ചുള്ള  ‍ഡോണറെ കിട്ടിയിരുന്നില്ല. എന്റെയും ഭാര്യയുടെയും ബ്ലഡ് നോക്കിയപ്പോൾ പകുതി മാച്ച് എന്നാണ് കണ്ടത്. ഫുൾ മാച്ചുള്ള ഡോണറെ കിട്ടാൻ കുറേ നോക്കിയെങ്കിലും നടന്നില്ല.

ചെന്നൈ അപ്പോളോയിലേക്ക് പിന്നെ ട്രീറ്റ്മെൻറിനു കൊണ്ടു പോയി. ഹാഫ് മാച്ച് ആണെങ്കിലും അവിടെ വച്ച്   ഞങ്ങളുടെ ബോൺ മാരോ വച്ച് ട്രാൻസ്പ്ലാന്റേഷൻ നടത്തി നോക്കിയെങ്കിലും ആ ചികിൽസ വിജയകരമായില്ല. മോൾ ഞങ്ങളെ വിട്ടു പിരിഞ്ഞു. 

shil

അവളുടെ വേർപാടിന്റെ ദു:ഖം ഇന്നും ഒരു തരി പോലും കുറഞ്ഞിട്ടില്ല.

ഇപ്പോൾ രണ്ടു പ്രളയങ്ങളും കഴിഞ്ഞ് എന്റെ കൃഷിയൊക്കെ ആകെ നഷ്ടം വന്നിരിക്കുന്ന സമയമാണ്. പിന്നാലെ കോവിഡിന്റെ വരവും... അല്ലെങ്കിൽ തന്നെ വയനാട്ടിലെ കർഷകന്റെ ജീവിതത്തിൽ ഏറെ കഷ്ടപ്പാടുകളാണ്. ഇപ്പോഴാവട്ടെ, കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ പോലും പറ്റുന്നില്ല. എങ്കിലും കോവിഡ് എന്ന രോഗത്തിനെ തോൽപിക്കാൻ നാടു മുഴുവനും യുദ്ധം ചെയ്യുന്നതു കാണുമ്പോൾ നമ്മുടേതായൊരു എളിയ പങ്കാളിത്തമെങ്കിലും നൽകണമെന്നു തോന്നി. പൊലീസും സന്നദ്ധ പ്രവർത്തകരും ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമൊക്കെ എത്ര കഠിനമായിട്ടാണ് പ്രയത്നിക്കുന്നത്.

സംഭാവന നൽകാൻ ആഗ്രഹിക്കുന്ന കാര്യം പൊതു പ്രവർത്തകനായ എം. എസ്. സുരേഷ്, പുൽപ്പള്ളി പഞ്ചായത്ത് മെംബർ മുഹമ്മദ് തുടങ്ങിയവരെ അറിയിച്ചു.  അവർ വഴി കൽപറ്റ എം എൽ എയെ വിവരമറിയിച്ചപ്പോൾ അദ്ദേഹം വന്ന് കുരുമുളക് ഏറ്റുവാങ്ങി. പിന്നീട് അത്  വിറ്റിട്ട് അക്കൗണ്ടിലേക്ക് പണം ഇട്ടു കൊടുക്കുകയായിരുന്നു.

 

 

രോഗത്തിന്റെ കഠിനമായ നാളുകളിലൂടെ ഒരിക്കൽ ഞാനും കുടുംബവും നടന്നിട്ടുള്ളതാണ്. ആ വേദന അടുത്തറി‍ഞ്ഞിട്ടുള്ളതാണ്.  അന്ന് നാട്ടുകാർ സഹായിച്ചിരുന്നില്ലെങ്കിൽ കിടപ്പാടം പോലും ഞങ്ങൾക്കു വിൽക്കേണ്ടി വന്നേനേ. അന്ന് മറ്റുള്ളവർ ഞങ്ങളോടും മോളോടും കാട്ടിയ അനുകമ്പയുടെ ഒരംശമെങ്കിലും തിരിച്ചു കൊടുക്കണ്ടേ.. ഈ കാര്യം പറഞ്ഞപ്പോൾ ഭാര്യയ്ക്കും മക്കൾക്കും പൂർണ സമ്മതമായിരുന്നു.. 'പപ്പേ അതു  നല്ല കാര്യമാ' എന്നാണ് അവർ പറഞ്ഞത്. 

കുറച്ച് കോവിഡ് രോഗികളുടെയെങ്കിലും രോഗചികിൽസയ്ക്ക് ആ തുക പ്രയോജനപ്പെട്ടെങ്കിൽ..  അതു നല്ല കാര്യമല്ലേ... !

അങ്ങകലെ എവിടെയോ ഇരുന്ന് ഞങ്ങളുടെ സാനിയമോളുടെ ആത്മാവ് ഇത് കണ്ടു സന്തോഷിക്കുന്നുണ്ടാവണം. !''

ഒരച്ഛന്റെ തീരാ നൊമ്പരത്തിനൊപ്പം ഒരു ഗ്രാമീണ കർഷകന്റെ നിഷ് കളങ്കതയും നന്മയും നിറയുന്നുണ്ട് ഷെ‍ൽജന്റെ വാക്കുകളി