Tuesday 23 January 2018 04:04 PM IST

ഫൊട്ടോഗ്രഫർ, സാഹിത്യകാരൻ, സ്കൂൾ പ്രിൻസിപ്പൽ; ജീവിതത്തിൽ പത്രോസച്ചന് വേഷങ്ങൾ പലത്!

Nithin Joseph

Sub Editor

fp5

കൃത്യം നാലു മണിയായപ്പോൾ ബെന്നിചേട്ടൻ ബെല്ലടിച്ചു. ദേശീയഗാനം ജയഹേയിൽ എത്തിയതും പിള്ളേരെല്ലാം ക്ലാസ്മുറിക്ക് വെളിയിലേക്ക്. കൂട്ടത്തിൽ ചില വിരുതൻമാർ ഒച്ചയുണ്ടാക്കി പായുന്നു. നീളൻതാടിയിൽ വിരലോടിച്ചുകൊണ്ട് വരാന്തയിലൂടെ നടന്നുവരുന്ന പ്രിൻസിപ്പൽ പത്രോസച്ചനെ കണ്ടതും സ്വിച്ചിട്ടതുപോലെ ഒ ച്ച നിന്നു. വരിവരിയായി സ്കൂൾബസ്സിൽ കയറി എല്ലാവരും പോയ പുറകെ അച്ചനുമിറങ്ങി. വലിയ ക്യാമറാബാഗും തോളത്തിട്ട്, ബൈക്കിൽ കയറി ഒറ്റപ്പോക്ക്. അടുത്തുള്ള കോൾപാടങ്ങളിൽ വിരുന്നു വന്ന ദേശാടനക്കിളികളെ തേടിയാണ് യാത്ര. നേരം ഇരുട്ടിക്കഴിഞ്ഞിട്ടേ ഇനി മടക്കമുള്ളൂ. തിരിച്ചു ചെല്ലുമ്പോഴേക്കും കഥകളി ക്ലബിന്റെ മീറ്റിങ്ങിന് സമയമായിട്ടുണ്ടാകും. കുന്നംകുളം ബഥനി ആശ്രമത്തിലെ പത്രോസച്ചന്റെ ദിനചര്യ ഇങ്ങനെയാണ്. പറവയെപ്പോലെ പല വഴി പറക്കുകയാണ് ഈ വൈദികൻ.

ഇടുക്കി ജില്ലയിലെ മാവടിയിൽ കളംപാലയിൽ വീട്ടിലെ ജോയിയുടേയും അച്ചാമ്മയുടേയും രണ്ടു മക്കളിൽ ഇളയവനായ സുനീഷ് പരാജയത്തോടെയാണ് പഠനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഒന്നാം ക്ലാസിൽത്തന്നെ ആദ്യ തോൽവി. എന്നാൽ, പുസ്തകത്തിനൊപ്പം  ചോറ്റുപാത്രത്തിൽ  അപ്പച്ചൻ നിറച്ച ചോ റും കടലത്തോരനും കൈയിലെടുത്ത്, ചേട്ടൻ സുഭാഷിനൊപ്പം മാവടിയിലെ പള്ളിസ്കൂളിലേക്കുള്ള നടത്തത്തിന് വിലങ്ങനെ വേലി കെട്ടാനുള്ള ധൈര്യമൊന്നും ഒരു തോൽവിക്കും ഉ ണ്ടായിരുന്നില്ല. വീണ്ടും പരാജയം നേരിട്ടത് ഏഴാം ക്ലാസിൽ. പിന്നീട് ദിവസവും  ഇരുപത് കിലോമീറ്റർ നടന്ന് നെടുങ്കണ്ടത്തെ സർക്കാർ പള്ളിക്കൂടത്തിൽ ഹൈസ്കൂൾ പഠനം. തപ്പിത്തടഞ്ഞ് പത്താം ക്ലാസിലെത്തിയെങ്കിലും തോൽവി പ്രേതബാധ കണക്കെ സുനീഷിന്റെ പുറകെ കൂടി.

fp4

പതിനേഴാം വയസ്സിലാണ് ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. അത്തവണയും തോറ്റു. അടുത്ത കൊല്ലം  എഴുതിയപ്പോഴും ഫലം  തോൽവി തന്നെ. വീണ്ടും ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് എഴുതിയത്. ഇരുപതാം വയസ്സിൽ പത്താം ക്ലാസ് പാസ്സായി. അങ്ങനെ ഇരിക്കുമ്പോഴാണ് നെടുങ്കണ്ടം  ഓർത്തഡോക്സ് പള്ളിയിലെ മാത്യു ജോണച്ചൻ സുനീഷിനോട് ആശ്രമത്തിൽ ചേരുന്നോ എന്ന് ചോദിക്കുന്നത്. രണ്ടാമതൊന്ന് ആലോചിക്കാതെ സമ്മതം മൂളി. കാര്യം അറിഞ്ഞ പാടേ അമ്മച്ചിയും  ചേട്ടായിയും  വാളെടുത്തെങ്കിലും തീരുമാനം മാറിയില്ല. അങ്ങനെ പെരുനാട് ബഥനി ആശ്രമത്തിലെ ജീവിതം തുടങ്ങി. പ്ലസ് വണ്ണിൽ ചേരാൻ തീരുമാനിക്കുമ്പോൾ പ്രായം ഇരുപത്തിയൊന്ന്.

പതിനഞ്ച് വയസ്സുള്ള കൊച്ചു പിള്ളേരുടെ കൂടെ എങ്ങനെ ഇയാളെ ഇരുത്തുമെന്നായിരുന്നു പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ ടീച്ചർമാരുടെ സംശയം. അവിടുന്ന് നേരേ പോയി സെനിത്ത് ട്യൂട്ടോറിയൽ കോളജിൽ ഗംഗാധരൻ സാറിന്റെ ക്ലാസ്സിൽ ഇരുന്നു. പ്രതീക്ഷയുടെ ഭാരമൊന്നും ചുമലിൽ ഇല്ലായിരുന്ന സുനീഷ് ഫസ്റ്റ് ക്ലാസ്സോടെ പ്ലസ്ടൂ പാസ്സായ നാൾ മുതൽ മാവടിയിലെ നാട്ടുകാരും ആശ്രമത്തിലെ അന്തേവാസികളും  അദ്ഭുതങ്ങളിൽ വിശ്വസിക്കാൻ തുടങ്ങി.

fp3

അപ്പോഴേക്കും സുനീഷ് എന്ന പേരിന് ബ്രദർ വർഗീസ് എന്ന സ്ഥാനക്കയറ്റവും കിട്ടി. അടുത്ത കടമ്പ ഡിഗ്രിയാണ്. കട്ടിയുള്ള വിഷയങ്ങൾ എടുത്താൽ രക്ഷപ്പെടില്ലാത്തതുകൊണ്ട് ഹിസ്റ്ററി പഠിക്കുന്നതാണ് ഉത്തമം  എന്ന് തോന്നി. പക്ഷേ, ഹിസ്റ്ററി പഠിച്ച് പാസ്സാകണമെങ്കിലും പ്രശ്നമുണ്ട്, ഒരുപാട് വർഷങ്ങളും തീയതികളും ഓർത്തിരിക്കണം. അത് ശരിയാകില്ല. അതുകൊണ്ട്, ബ്രദറിനു പറ്റിയത് മലയാളം തന്നെ. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ബി.എ മലയാളത്തിന് ചേരാ ൻ പറ‍ഞ്ഞത് ആശ്രമത്തിലെ സ്റ്റീഫനച്ചനാണ്. കോളജിൽ പഠിക്കുമ്പോൾ കലാ–കായിക മൽസരങ്ങളിലെല്ലാം സജീവസാന്നിധ്യമായി. വീട്ടിൽ വരുന്ന അതിഥികൾക്ക് മുഖം കൊടുക്കാനോ, അവരോട് സംസാരിക്കാനോ പോലും പേടിച്ചിരുന്ന ബ്രദർ എം.ജി യൂണിവേഴ്സിറ്റിയുടെ  പ്രസംഗ മൽസരത്തിൽ ഒന്നാം സ്ഥാനം നേടി. കോളജ് മാഗസിൻ എഡിറ്ററായതും, തുടർച്ചയായി രണ്ട് വർഷങ്ങളിൽ കോളജിലെ മികച്ച വിദ്യാർഥിയായി തിരഞ്ഞെടുക്കപ്പെട്ടതും മണ്ടനെന്ന് മുദ്ര കുത്തപ്പെട്ടിരുന്ന സുനീഷായിരുന്നു. വീണ്ടും എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബി.എ പാസ്സായി, അതും ഫസ്റ്റ് ക്ലാസ്സോടെ.

പഠനത്തിലും കലയിലും മാത്രമല്ല, സമരങ്ങൾക്കും മുന്നി ൽ നിന്നിട്ടുണ്ട് ബ്രദർ. ഫൈനൽ ഇയർ പഠിക്കുന്ന സമയം. കൺസഷൻ ചോദിച്ചതിന്റെ പേരിൽ കോളജിലെ വിദ്യാർഥിയെ പ്രൈവറ്റ് ബസ്സിലെ തൊഴിലാളികൾ ഉപദ്രവിച്ചു. ഉടൻ തന്നെ മറ്റ് വിദ്യാർഥികളെയെല്ലാം വിളിച്ചുകൂട്ടി സമരത്തിന് ആഹ്വാനം നടത്തിയതും, മുന്നിൽ നിന്ന് സമരം വിജയിപ്പിച്ചതും ബ്രദർ വർഗീസ് തന്നെ. ഡിഗ്രി കഴിഞ്ഞയുടൻ ശെമ്മാശനായി സ്ഥാനക്കയറ്റം കിട്ടി. കാതോലിക്കേറ്റ് കോളജിൽത്തന്നെ എം.എ മലയാളത്തിന് ചേർന്നു. പി.ജി പഠന കാലഘട്ടത്തിൽ അച്ചനായി. പഠനം പൂർത്തിയാക്കി കുന്നംകുളം ബഥനി ആശ്രമത്തിൽ എത്തുന്നത് ഫാദർ പത്രോസ് ആയിട്ടാണ്.

fp1

ഓർമചിത്രങ്ങൾ

ബാല്യത്തെക്കുറിച്ചുള്ള ഓർമകൾ കോർത്തെടുക്കാൻ വാക്കുകളല്ല, ദൃശ്യങ്ങളാണ്  പത്രോസച്ചന് കൂട്ട്. അച്ചന് ഏറെ പരിചയമുള്ള ഭാഷയും  അതു തന്നെ. മാത്യു ചേട്ടന്റെ പറമ്പിൽ കൂലിപ്പണിക്ക് പോകുന്ന അമ്മച്ചി കൈലികൊണ്ട് തൊട്ടിലുണ്ടാക്കി സുനീഷിനെ അതിൽ കിടത്തിയിട്ടാണ് പണി ചെയ്യുന്നത്. പെരുമഴ പെയ്യുന്ന നടപ്പാതയിലൂടെ ഒറ്റക്കുടയിൽ ചേട്ടനുമൊത്ത്, പാതി നനഞ്ഞും പാതി നനയാതെയുമാണ് പള്ളിക്കൂടത്തിലേക്കുള്ള യാത്ര. മഴയത്ത് വഴിയിലെ ചെളിവെള്ളം വെള്ള നിറത്തിലുള്ള യൂണിഫോം ഷർട്ടിന്റെ പിന്നിലാകമാനം പുള്ളികൾ പൂശിയിട്ടുണ്ടാകും. മേലാകെ നനഞ്ഞ് ക്ലാസ്സിലെത്തി, ബെഞ്ചിലിരിക്കുമ്പോൾ പല്ലുകളെല്ലാം കിടുകിടാന്ന് പഞ്ചാരി കൊട്ടും.

കുത്തിയൊലിക്കുന്ന കാലവർഷക്കാലത്ത് ഓരോ രാത്രിയും ഉറങ്ങാൻ കിടക്കുന്നത് പേടിയോടെയാണ്. നേരം വെളുക്കുമ്പോൾ ചിലപ്പോൾ തൊട്ടടുത്തുള്ള വീടുകളിൽ പലതും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയിട്ടുണ്ടാകാം. സ്കൂളിൽ പഠിക്കുന്ന കാലത്ത് ആരോടും പറയാതെ വീടു വിട്ടിറങ്ങും. എന്നിട്ട്  നേരെ സെമിത്തേരിയിൽ പോയി, ആരുടേയും ശല്യമില്ലാതെ അവിടെ കിടന്നുറങ്ങും. പേടിയില്ലേ എന്ന് ചോദിച്ചാൽ, സിബിച്ചൻ മാസ്റ്ററുടെ കരാട്ടേ ക്ലാസ്സിൽ ആറു വർഷം പഠിച്ച് ബ്ലാക്ബെൽറ്റും നേടിയ വീരന് രാവും പകലും കാടും വീടുമെല്ലാം ഒരുപോലെയാണ്.

fp2

മഴയോടും പുഴയോടും  മലയോടും കിളിയോടുമുള്ള പ്രേമം ചെറുപ്പത്തിലേ തുടങ്ങിയതാണ്. പച്ചപ്പ് തന്നെയായിരുന്നു അച്ചന്റെ ലോകം. ‘മാവടിയിലെ വീടിനു ചുറ്റും ഒത്തിരി കുന്നുകളുണ്ട്. അവിടമാണ് എനിക്കേറെ പ്രിയപ്പെട്ടത്. കുന്നിന്‍മുകളിലേക്ക് മൽസരിച്ചോടാൻ ‘റോജർ’ എന്ന നായയാണ് കൂട്ട്. റോജറിനെ തോൽപിച്ച് മുന്നിലെത്തി പാറക്കെട്ടുകൾക്കിടയിലും മരത്തിനു മുകളിലുമെല്ലാം ഒളിച്ചിരിക്കും. അവൻ അടുത്തെത്താറാകുമ്പോൾ അടുത്ത പാറയിലേക്ക് ചാടിക്കയറും. അവിടുന്ന് തൊട്ടടുത്ത മരത്തില്‍ വലിഞ്ഞുകയറും. എന്നിട്ട്, മിണ്ടാതിരുന്ന് അവന്‍ എന്താണ് ചെയ്യുന്നതെന്ന് ക്ഷമയോടെ നോക്കും.’ വർഷങ്ങൾ കഴിഞ്ഞ് ക്യാമറയുമായി കാട്ടിലേക്കിറങ്ങി, വ്യൂഫൈൻഡറിൽ കണ്ണുകൾ ചേർത്തുവച്ച് മണിക്കുറുകളോളം ഇരിക്കുമ്പോഴും ഈ ക്ഷമയാണ് അച്ചനെ സഹായിക്കുന്നത്.

‘കുന്നിൻമുകളിൽ കയറിനിന്ന് നോക്കിയാൽ അങ്ങ് ദൂരെ തമിഴ്നാട് കാണാൻ പറ്റും. കാഴ്ചകൾ കുറച്ചുകൂടി അടുത്ത് കാണാൻ ഒരു ബൈനോക്കുലർ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ക്യാമറ ഉപയോഗിക്കുന്നത്, അമ്മച്ചിയുടെ അനിയന്‍ വക്കച്ചനങ്കിളിന്റെ കൈയിലെ നിറം മങ്ങിയ പഴഞ്ചൻ യാഷിക ഫിലിം ക്യാമറ. ഒരു റോൾ ഫിലിം വാങ്ങിയാൽ 32 ഫോട്ടോ എടുക്കാം. പക്ഷേ, ഫിലിമിന് അന്ന് 95 രൂപയാണ് വില. ഫിലിം വാഷ് ചെയ്ത് ഫോട്ടോ ആക്കണമെങ്കിൽ പിന്നെയും കാശ് കുറെ മുടക്കണം. ബേബി ചേട്ടന്റെ പറമ്പിൽ രണ്ടാഴ്ച പണിക്ക് പോയാലേ അപ്പന് 95 രൂപ കിട്ടത്തുള്ളൂ. അതുകൊണ്ട് ഫിലിം വാങ്ങി ഫോട്ടോ എടുക്കൽ അത്ര എളുപ്പം ആയിരുന്നില്ല. ഏങ്കിലും അന്നു മുതൽക്കേ ഫൊട്ടോഗ്രഫിയും ക്യാമറയും മനസ്സിൽ കയറിയിരുന്നു.’

fp7

2011 ലാണ് പത്രോസച്ചൻ കുന്നംകുളത്തെ ബഥനി ആശ്രമത്തിൽ എത്തുന്നത്. വിവേകാനന്ദ ട്രെയിനിങ് കോളജിൽനിന്ന് ബി.എഡ് കഴിഞ്ഞ് ബഥനി സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂളിന്റെ പ്രിൻസിപ്പൽ സ്ഥാനം ഏറ്റെടുത്തു. പത്തനംതിട്ടയിലെ ആശ്രമത്തിലെ സക്കറിയ അച്ചന്റെ കൈയിലുണ്ടായിരുന്ന ചെറിയ ഡിജിറ്റൽ ക്യാമറ കുറച്ച് കാലം ഉപയോഗിച്ചിരുന്നു പത്രോസച്ചൻ. കുന്നംകുളത്ത് എത്തിയപ്പോൾ ഫൊട്ടോഗ്രഫിയോടുള്ള താൽപര്യം കണ്ട്, സുഹൃത്തായ ഹാരിഷ് ആണ് ചെറിയൊരു ഡിഎസ്എൽആർ ക്യാമറ സമ്മാനമായി കൊടുക്കുന്നത്. ക്യാമറയുമായി ആദ്യം പോയത് ദേശാടനപ്പക്ഷികളുടെ പടമെടുക്കാന്‍. ക്യാമറയ്ക്ക് സൂമിങ് കുറവായതിനാൽ നല്ല ചിത്രങ്ങൾ എടുക്കാൻ സാധിച്ചില്ല. വീണ്ടും ഹാരിഷിന്റെ സഹായത്തോടെ പുതിയൊരു ക്യാമറ വാങ്ങി. പലരോടായി ചോദിച്ച്, പതിയെ ഫൊട്ടോഗ്രഫി പ ഠിച്ചു. ഫൊട്ടോഗ്രഫിയെ ഗൗരവത്തോടെ കാണാൻ തുടങ്ങിയപ്പോൾ കൈയിലുണ്ടായിരുന്നത് നുള്ളിപ്പെറുക്കിയും, ബാക്കി കടം വാങ്ങിയും പുതിയൊരു ക്യാമറ വാങ്ങി.

പക്ഷികളുടെ ചിത്രങ്ങളെടുക്കാനാണ് അച്ചന് കൂടുതൽ താൽപര്യം. അനങ്ങാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴല്ല, ഉയരത്തിൽ ചിറകടിച്ച് പറക്കുമ്പോഴും പ്രണയിക്കുമ്പോഴും കലഹിക്കുമ്പോഴും ഇര പിടിക്കുമ്പോഴുമാണ് പക്ഷികൾക്ക് ഭംഗി ഏറുന്നത്. അച്ചന്റെ ഭാഷയിൽ പറ‍ഞ്ഞാൽ, പറക്കുന്ന മഴവില്ലുകളാണ് പക്ഷികൾ. ഓരോ ഫോട്ടോയിലും കാണാം, വർണങ്ങളിൽ കുളിച്ചുനിൽക്കുന്ന മഴവില്ലുകളെ. അച്ചനെടുത്ത ഫോട്ടോകൾ ഉൾപ്പെടുത്തി നിരവധി എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ മുമ്പ് കാണാതിരുന്ന രണ്ടിനം പക്ഷികളേയും അച്ചന്റെ ക്യാമറ തേടിപ്പിടിച്ചിട്ടുണ്ട്.

ഒരിക്കൽ അച്ചനെ തേടി വലിയൊരു പാഴ്സൽ ആശ്രമത്തി ൽ എത്തി. അയച്ച ആളിന്റെ പേരോ വിലാസമോ പെട്ടിയിൽ ഉണ്ടായിരുന്നില്ല. പൊതി വാങ്ങി അഴിച്ചപ്പോൾ ശരിക്കും ഞെട്ടി. അഞ്ചു ലക്ഷത്തോളം രൂപ വില വരുന്ന നിക്കോൺ ഡി5 ക്യാമറയായിരുന്നു അജ്ഞാതനായ ഏതോ സുഹൃത്തിന്റെ സമ്മാനം. സുഹൃത്തുക്കളുടെ സ്നേഹം പലപ്പോഴും അപ്രതീക്ഷിതമായിട്ടാണ് അച്ചനെ തേടിയെത്തുന്നത്. ഇപ്പോൾ കൈയിലുള്ള വലിയ ടെലി ലെൻസ് സമ്മാനിച്ചത് ‘ഉള്ളാട്ടിൽ അച്ചു’ എന്ന ആത്മസുഹൃത്താണ്. നാടു ചുറ്റാനും കാട് കയറാനും അച്ചന് കൂട്ടായി നിരവധിപ്പേരുണ്ടാകും. ഫൊട്ടോഗ്രഫറായ മനൂപ് ചന്ദ്രൻ, പക്ഷിനിരീക്ഷകന്‍ പാൽപാണ്ടി, പ്രകൃതിസ്നേഹികളായ റഹീം, അർഷാദ്, വിഷ്ണു, എന്നിങ്ങനെ നീളും, ആ വലിയ ലിസ്റ്റ്.

ക്യാമറയുമായി പത്രോസച്ചൻ കയറാത്ത കാടുകൾ കുറവാണ്. കാഴ്ചകളോടുള്ള കൗതുകം കൊണ്ട് ഹിമാലയം കാണാൻ പോയിട്ട്, അവിടെ നിന്നും കാട്ടിലൂടെ നടന്ന് രാജ്യത്തിന്റെ അതിർത്തിക്കപ്പുറം നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡു വരെ സഞ്ചരിച്ചിട്ടുണ്ട്, ഈ വൈദികൻ. ഭാഷ പോലും അറിയാതെയുള്ള ആ സാഹസിക യാത്രയ്ക്കിടയിൽ കൈയിൽ തിരിച്ചറിയൽ രേഖകളൊന്നും ഇല്ലായിരുന്നുവെന്നത് കൗതുകത്തിന്റെ തീവ്രത വെളിവാക്കുന്നു.

fp6

മറ്റൊരിക്കൽ ബന്ദിപൂരിലൂടെയുള്ള യാത്രയ്ക്കിടയിൽ കണ്ട കരടിയുടെ മുന്നിലേക്ക് ക്യാമറയുമെടുത്ത് ഒറ്റച്ചാട്ടം. ആവശ്യത്തിന് ചിത്രങ്ങളെടുത്ത് തിരിഞ്ഞു നടക്കുമ്പോൾ നേരിടേണ്ടി വന്നത് കൂട്ടുകാരുടേയും ഫോറസ്റ്റ് വാച്ചർമാരുടേയും വക ശകാരവർഷം. കരടിയെ ക്യാമറയിലാക്കിയ നിമിഷങ്ങൾ അച്ചന്റെ ഓർമകളിൽ ചിരി പടർത്തുമ്പോൾ കൂട്ടത്തിലുണ്ടായിരുന്നവർക്ക് ഇന്നും പേടിപ്പെടുത്തുന്ന ഓർമയാണത്.

ഇത്രയേറെ കാര്യങ്ങൾ ഒരേ സമയം ചെയ്യുമ്പോഴും ഉത്തരവാദിത്തങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും അച്ചൻ തയാറല്ല. പള്ളിയിലേയും സ്കൂളിലേയും കടമകള്‍ കഴിഞ്ഞിട്ടുള്ള സമയങ്ങളാണ് കലയ്ക്കും ക്യാമറയ്ക്കുമൊപ്പം ചെലവഴിക്കുന്നത്. വൈകുന്നേരങ്ങളിൽ സ്കൂളിലെ അവസാന വിദ്യാർഥിയും പോയതിനു ശേഷമേ പത്രോസച്ചൻ സ്കൂൾ വിടൂ. ഫോട്ടോഗ്രഫിക്കും യാത്രകൾക്കുമായി മാറ്റി വയ്ക്കുന്നത് അവധി ദിവസങ്ങളാണ്. കുന്നംകുളം അയ്നൂർ പള്ളിയിലെ പ്രാർഥനാകർമങ്ങൾക്ക് യാതൊരു മുടക്കവും വരുത്താറില്ല.

മലയാളത്തിലും സംസ്കൃതത്തിലും ബിരുദാനന്തരബിരുദം നേടിയിട്ടുള്ള അച്ചൻ ഇംഗ്ലിഷിൽ വീണ്ടുമൊരു പിജി ചെയ്യാനുള്ള ഒരുക്കത്തിലാണ്. വലിയ സുഹൃദ്‌വലയത്തിനുടമയാണെങ്കിലും സ്കൂളിൽ കർക്കശക്കാരനായ പ്രിൻസിപ്പലാണ്. അധ്യാപകർ വിദ്യാർഥികളുടെ അടുത്ത് ഒരുപാട് കൂട്ടു കൂടുന്നത് നല്ല ശീലമായി അച്ചൻ കരുതുന്നില്ല. ശാസിക്കേണ്ട സമയത്ത് ശാസിക്കുകയും ശിക്ഷിക്കേണ്ട സമയത്ത് ശിക്ഷിക്കുകയും ചെയ്യും.  അതിൽ ഒരിക്കലും വിട്ടുവീഴ്ചകൾ  വരുത്താറില്ല. ആകാശത്തിലെ പറവയെപ്പോലെ പല വഴി പായുമ്പോഴും സംരക്ഷണം നൽകി വഴി കാട്ടാൻ അത്യുന്നതനായ ദൈവം കൂടെയുണ്ടെന്ന ധൈര്യം ഈ വൈദികന്റെ ചിറകുകൾക്ക് വേഗത നൽകുന്നു.

സദാ പുഞ്ചിരിയോടെ- റഫീഖ് അഹമ്മദ്

"കുന്നംകുളത്ത് എനിക്ക് നൽകിയ സ്വീകരണചടങ്ങിൽ വച്ചാണ് അച്ചനെ പരിചയപ്പെടുന്നത്. ഒരു വൈദികൻ എന്നതിലുപരി, സാഹിത്യത്തിൽ ഏറെ താൽപര്യമുള്ള സഹൃദയനായ വ്യക്തി എന്ന നിലയിലാണ് ‍ഞങ്ങൾ തമ്മിലുള്ള സൗഹൃദം. ഏത് സാഹചര്യത്തിൽ ചെന്നു പെട്ടാലും അവിടം  പൊസിറ്റീവ് ആക്കി മാറ്റാനുള്ള കഴിവുള്ള ആളാണ്. തമ്മിൽ കാണുമ്പോഴെല്ലാം  മുഖത്തൊരു പുഞ്ചിരി  ഉണ്ടാകും. അഞ്ചു മിനിറ്റു നേരം കൊണ്ട് ആരെയും കൂട്ടുകാരാക്കി മാറ്റാനുള്ള മാജിക്കുണ്ട് അച്ചന്റെ കൈയിൽ. സുഹൃത്തുക്കളുടെയെല്ലാം ജന്മദിനം കൃത്യമായി ഓർത്ത്, എത്ര ദൂരത്താണെങ്കിലും രാത്രി പന്ത്രണ്ട് മണിയാകുമ്പോൾ കേക്കും സമ്മാനങ്ങളുമായി പത്രോസച്ചൻ എത്തും."

വായനയും കഥകളിയും- വി.കെ. ശ്രീരാമൻ

"സാഹിത്യകാരൻ സി.വി ശ്രീരാമന്‍ അനുസ്മരണ യോഗത്തിലാണ് അച്ചനെ ഞാൻ ആദ്യം കാണുന്നത്. താരതമ്യം ചെയ്യാൻ മുൻ മാതൃകകളില്ലാത്ത വ്യക്തിത്വം. മന്ദതയിലായിരുന്ന കുന്നംകുളത്തെ സാഹിത്യപ്രവർത്തനങ്ങളെ ഊർജസ്വലമാക്കിയത് അച്ചനാണ്. ഒരിക്കൽ അച്ചൻ എന്നെ വിളിച്ചിട്ട് കുന്നംകുളത്തെ വായന അൽപം വളർത്തണമെന്ന് പറഞ്ഞു. ആ തലയിലുദിച്ച ആശയമാണ് ഞങ്ങളുടെ ‘റീഡേഴ്സ് ഫോറം’. പിന്നീട് ഇവിടുത്തെ കഥകളി ക്ലബിന്റെ അമരത്തും അച്ചൻ എത്തി. സാധാരണ വൈദികരെപ്പോലെ പള്ളിയും പ്രാർഥനയുമായിട്ട് മാത്രം ഒതുങ്ങിക്കൂടുന്ന വ്യക്തിയല്ല അദ്ദേഹം. സന്തോഷത്തിന് വരവുചെലവു കണക്കുകൾ സൂക്ഷിക്കാത്ത, ചുറ്റുമുള്ളതിനോടെല്ലാം കൗതുകം സൂക്ഷിക്കുന്ന അദ്ഭുത മനുഷ്യൻ."