പരീക്ഷയ്ക്ക് നല്ല മാർക്ക് വാങ്ങണോ. അതോ മടുപ്പ് കൂടാതെ ജോലി മികവോടെ ചെയ്യണോ. എളുപ്പവഴിയുണ്ട്. ഹൃദ്യമായ സുഗന്ധം ആസ്വദിച്ചാൽ മാത്രം മതി. പഠിക്കുമ്പോഴും ഉറങ്ങുമ്പോഴും കൃത്യമായ രീതിയിൽ സുഗന്ധം ആസ്വദിച്ചാൽ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നാണ് അടുത്തിടെ നടന്ന ഗവേഷണങ്ങൾ തെളിയിക്കുന്നത്.
ചില ഗന്ധങ്ങൾ പ്രിയപ്പെട്ട പഴയ ഓർമകളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകാറില്ലേ... വികാരങ്ങളും ഓർമകളുമായി ബന്ധമുള്ള തലച്ചോറിന്റെ ഭാഗത്തെ ഉത്തേജിപ്പിക്കാൻ ഈ ഗന്ധങ്ങൾക്ക് കഴിയുന്നത് കൊണ്ടാണിത്. ഓരോരുത്തർക്കുമുണ്ടാകും ഇങ്ങനെ ഓർമകളുണർത്തും ഗന്ധം.
ഗവേഷണത്തിന്റെ ഭാഗമായി കുറച്ച് വിദ്യാർഥികൾക്ക് സുഗന്ധമുള്ള അന്തരീക്ഷത്തിൽ പഠിക്കാൻ സാഹചര്യം ഒരുക്കി. തുടർന്ന് നടത്തിയ പരീക്ഷയിൽ വിദ്യാർഥികൾ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. സുഗന്ധമില്ലാത്ത അന്തരീക്ഷത്തിൽ പഠിച്ചതിന് ശേഷം നടത്തിയ പരീക്ഷയിൽ അത്ര മികവ് പുലർത്തിയതുമില്ല.
സുഗന്ധമല്ലേ വേണ്ടത് എന്ന് കരുതി ശരീരം മുഴുവൻ പെർഫ്യൂമടിക്കുകയോ മുറിയിൽ റൂം ഫ്രഷ്നർ അടിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാം. പ്രകൃതിദത്തമായ സുഗന്ധം തിരഞ്ഞെടുക്കുകയാണ് വേണ്ടത്.
മുറ്റത്തെ റോസച്ചെടിയിൽ വിരിഞ്ഞ റോസയുടെ ഗന്ധം ആസ്വദിച്ചു നോക്കൂ... മനസ്സ് ഫ്രഷ് ആകുന്നത് അറിയാനാകും. റോസ മാത്രമല്ല മുല്ല, ചെമ്പകം, നാരങ്ങ, ഓറഞ്ച്, എസൻഷൽ ഓയിൽ ഇവയുടെയെല്ലാം ഗന്ധം ഓർമശക്തി വർധിപ്പിക്കും. രൂക്ഷമായ ഗന്ധമുള്ള പൂക്കൾക്ക് പകരം ഹൃദ്യമായ നറുഗന്ധമുള്ള പൂക്കൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. അപ്പോൾ ഇനി മുതൽ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ടേബിളിൽ സുഗന്ധമുള്ള പൂക്കൾ വയ്ക്കാം. ജീവിതത്തിന് സുഗന്ധമേറുന്നത് അനുഭവിച്ചറിയാം...