സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ മനോരമ ന്യൂസ് സോഷ്യല്‍ സ്റ്റാര്‍. സമൂഹമാധ്യമങ്ങളില്‍ പലമട്ടില്‍ നിറസാന്നിധ്യമായവരില്‍ നിന്ന് പ്രേക്ഷക സമൂഹം വോട്ടെടുപ്പിലൂടെയാണ് ഫിറോസിനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട 12 പേര്‍. സാമൂഹ്യ രാഷ്ട്രീയ സാഹിത്യ സിനിമാ മേഖലകളില്‍ തിളങ്ങി സമൂഹമാധ്യമങ്ങളില്‍ വാര്‍ത്താനായകരായവര്‍. രണ്ട് മാസത്തോളം ആവേശപൂര്‍വ്വം നടന്ന വോട്ടെടുപ്പ്. ലക്ഷങ്ങള്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ ഒടുവ‌ില്‍ വിജയിയായി ഫിറോസ് കുന്നംപറമ്പില്‍.

ഒറ്റ സെല്‍ഫോണും ഒരു ഫെയ്സ്ബുക്ക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരന്‍ തീര്‍ക്കുന്നത് കാരുണ്യത്തിന്റെയും നന്‍മയുടെയും വലിയ ലോകം. രോഗവും ദാരിദ്ര്യവും മൂലം കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടിലെത്തി ലോകത്തോട് ആ ദുരിതങ്ങള്‍ ഫിറോസ് വിളിച്ചുപറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍‌ നിന്നുള്ളവരുടെ സഹായം അങ്ങനെ ഫിറോസ് വഴി ജനങ്ങളിലെത്തി.ഈ മഹാമാതൃകയ്ക്കാണ് സോഷ്യല്‍ സ്റ്റാര്‍ പുരസ്കാരലബ്ധി. മനോരമ ന്യൂസ് ഡോട്ട് കോം വഴി നടത്തിയ വോട്ടെടുപ്പില്‍ പത്ത് ലക്ഷത്തോളം പേര്‍ പങ്കെടുത്തു.