Monday 17 February 2020 06:52 PM IST

അജിതയുടെ മകൾ ഗാർഗി പറയുന്നു, നസീമ എന്റെ പ്രണയപ്പാതി, കബീറിന് ഞങ്ങൾ രണ്ടും അമ്മമാർ!

Binsha Muhammed

gargi

രണ്ട് മനസുകൾക്കു നടുവിലേക്ക് വലിച്ചുകെട്ടിയ സദാചാര വേലി പൊളിച്ചവരാണവർ. ലോകം എതിർപ്പിന്റെ തിരമാലയുമായി വന്നപ്പോൾ അതിനെതിരെ കൊതുമ്പു വള്ളവും തുഴഞ്ഞ് സ്വന്തം തീരം തേടിയവരാണവർ. സമൂഹം നട്ടു നനച്ച് വലുതാക്കിയ വിലക്കപ്പെട്ട കനിയുടെ നടുഭാഗം ഭക്ഷിച്ച് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയ ആ പെൺമണികളിലൊരാളുടെ പേര് ഗാർഗി, മറ്റൊരാൾ നസീമ നസ്രീൻ. സദാചാരക്കോട്ടകൾക്കു മേലെ പറന്നുയർന്ന് സ്വത്വവും സ്വാതന്ത്ര്യവും ഇഷ്ടവും ഉറക്കെ വിളിച്ചു പറഞ്ഞവർ. കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തലുകൾ അളന്നുകുറിച്ചിട്ട ലെസ്ബിയൻ ജോഡി!

എഴുത്തുകാരി, വിപ്ലവ പോരാളി അജിതയുടെ മകൾ എന്നീ മേൽവിലാസങ്ങൾക്കപ്പുറം ഗാർഗിയെ കേരളം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് അടുത്തിടെയാണ്. ലിവിങ് ടുഗെതർ ബന്ധം ഉപേക്ഷിച്ച അവർ ഇണയും തുണയുമായി ഒരു പെണ്ണിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഗാർഗിയുടെ നിലപാടുകളിലെ മൂർച്ചയറിയുന്നവർ അതിനെ ധീരമെന്ന് വിശേഷിപ്പിച്ചു. പെൺ സ്വാതന്ത്ര്യങ്ങളിലെ പുതിയ അധ്യായമെന്ന് വാഴ്‍ത്തി. പക്ഷേ മാറ്റങ്ങളെ ദഹിക്കാത്ത ചിലർക്ക് പതിവു പോലെ ഹാലിളകി. പൂച്ചെണ്ടുകളും പടവാളും ഒരുപോലെ എത്തിയപ്പോഴും ആ രണ്ട് മനസുകൾ മാത്രം കുലുങ്ങിയില്ല. കെട്ടഴിച്ചുവിട്ട സ്വാതന്ത്ര്യം മാനംമുട്ടെ പറക്കുന്നതും കണ്ട്... ജീവിതം ആസ്വദിച്ച് അവർ മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുന്നു. ആദ്യം മനസിനോടും പിന്നെ സമൂഹത്തിനോടും സധൈര്യം പ്രഖ്യാപിച്ച ഇഷ്ടവും ലൈംഗിക സ്വാതന്ത്ര്യവും സോഷ്യൽ മീഡിയ കൊണ്ടാടുമ്പോൾ ഗാർഗി ചേവായൂരിലെ വീട്ടിലിരുന്ന് മനസു തുറക്കുകയാണ്. ഇരുട്ടറയ്ക്കുള്ളിൽ കൊട്ടിയടച്ച ജീവിതത്തെ കെട്ടഴിച്ചു വിട്ട്, പ്രണയത്തിൻറെ പുതുകഥ പിറന്ന കഥ ഗാർഗി വനിത ഓൺലൈനോട് പറയുന്നു.

gargi-3

പുതിയ ജീവിതം, പുതിയ സ്വാതന്ത്ര്യം

ഹോമോ സെക്ഷ്വൽ, ലെസ്ബിയൻ, ഗേ.. ശരീരവും മനസും പങ്കിട്ടെടുക്കുന്ന സ്വാതന്ത്ര്യങ്ങൾക്ക് പേരുകൾ പലതാണ്. പക്ഷേ ഞാനെന്നെ അടയാളപ്പെടുത്തുന്നത് ബൈ സെക്ഷ്വൽ എന്നാണ്. സമൂഹത്തിൽ നിലനിൽക്കുന്ന ചട്ടക്കൂടുകൾക്കു മുന്നിൽ ആ മേൽവിലാസം എത്രമാത്രം സ്വീകാര്യമാണ് എന്ന് ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷേ ഞാനെന്ന വ്യക്തി ഇങ്ങനെയാണ്. എന്റെ ഇഷ്ടങ്ങൾ ഇങ്ങനെയാണ്. അതിനെ ചങ്ങല കൊണ്ട് പൂട്ടാൻ ആർക്കുമാകില്ല.– ഗാർഗിയുടെ ആമുഖം. ലിവ്ങ് ടുഗെതർ ജീവിതം നയിച്ചിരുന്നിവൾ പൊടുന്നനെ വെളിപാടുണ്ടായി ഇങ്ങനെയൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടതല്ല. എനിക്കൊരു മകനുണ്ട്, പേര് കബീർ.

ഏറ്റവും പ്രിയപ്പെട്ടവൾ

നസീമയുമായി പുതിയൊരു ജീവിതം തുടങ്ങുന്നത് പോലും അവിചാരിതമായി. ഒരു നിമിഷത്തിൽ മാറി മറിഞ്ഞ ഇഷ്ടവും അതിനു പിന്നാലെയെത്തിയ കൂട്ടുമല്ല എനിക്ക് നസീമ. ലിവിങ് ടുഗദർ ബന്ധം പിരിഞ്ഞ ശേഷം ഏറെ നാൾ ഞാൻ ഒറ്റയ്ക്കായിരുന്നു. ഇടയ്ക്ക് ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ഞങ്ങൾ കാണുന്നതും പരിചയപ്പെടുന്നതും. കേവലമൊരു സുഹൃദ്ബന്ധം രണ്ട് ഹൃദയങ്ങൾ തമ്മിലുള്ള ഇഴയടുപ്പമായി മാറിയത് അതിവേഗം. ലൈംഗിക താത്പര്യങ്ങളെ കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും സംസാരിച്ചു. അടുത്തറിഞ്ഞു. ഒടുവിൽ ജീവിതത്തിന്റെ ഒരു ക്രോസ് റോഡിൽ വച്ച് തിരിച്ചറിഞ്ഞു. നസീമയാണെന്റെ കൂട്ടെന്ന്. എന്റെ ചിന്തകളും രാഷ്ട്രീയവും ബോധ്യങ്ങളും അറിയുന്നവർക്ക് ഈ ബന്ധം പുതുമയല്ലായിരുന്നു. അജിതയുടെ മകൾ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഇത്തരം ഉറച്ച തീരുമാനങ്ങൾ എടുക്കുമെന്ന് പലർക്കും അറിയാമായിരുന്നു. പക്ഷേ നിലമ്പൂരിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നും വരുന്ന നസീമയുടെ വീട്ടുകാർക്ക് ബന്ധം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ മനസടുപ്പങ്ങൾക്കു മുന്നിൽ പതിയെ പതിയെ എതിർപ്പുകളുടെ മഞ്ഞുരുകാൻ തുടങ്ങി.

gargi-2

കബീറിന്റെ അമ്മമാർ

ഞങ്ങളുടെ സന്തോഷങ്ങളുടേയും സ്വപ്നങ്ങളുടേയും ആകെത്തുക കബീറാണ്. കബീറിന്റെ അമ്മമാരായി സസന്തോഷം ഞങ്ങൾ കോഴിക്കോട്ടെ ചേവായൂരിലെ വീട്ടിലുണ്ട്. യാതൊരു വിധ പരിഭ്രമങ്ങളോ, ആശയക്കുഴപ്പങ്ങളോ ഇല്ലാതെ നസീമ കബീറിന്റെ അമ്മയായി മാറിക്കഴിഞ്ഞു. പക്ഷേ അപ്പോഴും ഞങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നവർക്കാണ് പ്രയാസം. സാധാരണ കബീറിനെ സ്കൂളിൽ നിന്ന് വിളിക്കാൻ ഞാനാണ് പോകുന്നത്. ഒരിക്കൽ നസീമ പോയപ്പോൾ അവിടുത്തെ ആയയ്ക്ക് എന്തോ സംശയം. കബീറിന്റെ അമ്മ നിങ്ങളാണോ എന്ന് ചോദ്യമെറിഞ്ഞ അവരോട് ഇതും എന്റെ അമ്മയെന്ന് തന്റേടത്തോടെ വിളിച്ചു പറ‍ഞ്ഞു എന്റെ കുഞ്ഞ്. കബീറിന്റെ വളർച്ചയുടേയും ഉയർച്ചയുടേയും കാലഘട്ടത്തിലും ഞങ്ങള്‍ അവനൊപ്പം ഉണ്ടാകും. ഞങ്ങളുടെ മകൻറെ അമ്മമാരായി. കബീറിനും അതറിയാം. മറിച്ച് ചിന്തിക്കേണ്ട കാര്യമില്ലല്ലോ

gargi-4

മാറേണ്ടത് മനസുകൾ

ഞങ്ങൾ ഞങ്ങളായിരിക്കുമ്പോഴും അത് ദഹിക്കാത്ത എത്രയോ പേർ ചുറ്റുമുണ്ടെന്നോ? നിലനിൽപ്പിൽ തുടങ്ങി ഒരു വാടക വീട് തരപ്പെടുത്തുന്നതിലേക്ക് വരെ പലപ്പോഴും ഞങ്ങളുടെ പോരാട്ടം പലപ്പോഴും നീണ്ടു പോയിട്ടുണ്ട്. ഇപ്പോൾ താമസിക്കുന്ന വീട്ടില്‍ പോലും ഒരുമിച്ചാണെന്ന് അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. കുട്ടിയുള്ളത് കണ്ടാണ് ഞങ്ങൾക്ക് വീട് തന്നിരുന്നത്. പക്ഷേ ഏതോ മീഡിയയിൽ ഞങ്ങളെ പറ്റിയുള്ള വിഡിയോ കണ്ടതോടെ വീട്ടുകാരുടെ ഹാലിളകി. കോൺട്രാക്ട് തീരുന്ന മുറയ്ക്ക് ഇനി ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങണം.

gargi-1

പിന്നെ ഗേ വിവാഹങ്ങളും ട്രാൻസ്ജെൻഡർ വിവാഹങ്ങളും പതിയെ പതിയെ അംഗീകരിക്കുന്ന സമൂഹം ഞങ്ങളേയും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നസീമയെ കണ്ടപ്പോൾ തന്നെ എല്ലാ കാര്യങ്ങളെക്കുറിച്ചും തുറന്ന് സംസാരിച്ചിട്ടുണ്ട്. പിന്നെ മറ്റ് കുടുംബങ്ങളിൽ നിന്നും ഞങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യമെന്തെന്നാൽ ഇവിടെ ആൺ പെൺ റോളുകളില്ല. സ്നേഹവും ഇഷ്ടങ്ങളും തുല്യതയോടെ പങ്കിട്ട് ഞങ്ങൾ ജീവിക്കുന്നു. തനി നിലമ്പൂരുകാരിയായി മലബാർ വിഭവങ്ങൾ ആസ്വദിച്ച്... കുന്നോളം സ്നേഹം പങ്കിട്ട് ഞങ്ങൾ ജീവിക്കുന്നു സന്തോഷത്തോടെ.– ഗാർഗിയുടെ വാക്കുകളിൽ പ്രണയം.

Tags:
  • Relationship