ആളുകൾ റിട്ടയർ ചെയ്യുന്ന പ്രായത്തിൽ ഗായത്രി വിജയലക്ഷ്മി ചിന്തിച്ചത് സ്വന്തമാക്കാൻ ആഗ്രഹിച്ചിട്ടു നടക്കാതെ പോയ മറ്റൊരു കരിയർ സ്വന്തമാക്കുന്നതിനെക്കുറിച്ചാണ്. അമ്പത്തിരണ്ടാം വയസ്സിൽ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊഫഷണൽ നർത്തകിയായി മാറിയ എൻജിനീയറിങ് പ്രൊഫസർ ഗായത്രി വിജയലക്ഷ്മിയുടെ കഥ ആരെയും പ്രചോദിപ്പിക്കും. ലക്ഷ്യബോധത്തിന് മുന്നിൽ പ്രായം മുട്ടുകുത്തും എന്നു തെളിയിക്കുകയാണ് ഗായത്രി ടീച്ചർ.
‘‘ഒമ്പതാം വയസ്സിലാണ് നൃത്തപഠനം തുടങ്ങിയത്. ഹരിപ്പാടായിരുന്നു അന്ന് വീട്. അവിടെ നിന്നും കൊല്ലത്തു വന്നാണ് അക്കാലത്ത് നൃത്തം പഠിച്ചിരുന്നത്. അച്ഛനാണ് നൃത്ത ക്ലാസിൽ എന്നെ കൊണ്ടുവിടുന്നതും തിരികെ വിളിച്ചുകൊണ്ടു പോകുന്നതും. അതൊരു പ്രൊഫഷനായി എടുക്കാൻ വീട്ടിൽ സമ്മതമില്ലായിരുന്നു. എങ്കിലും മത്സരങ്ങൾക്കെല്ലാം പങ്കെടുക്കാൻ അനുവദിച്ചിരുന്നു. ജില്ലാ തല മത്സരങ്ങളിൽ സമ്മാനങ്ങളും നേടിയിട്ടുണ്ട്.’’
പഠിക്കാൻ മിടുക്കിയായിരുന്ന ഗായത്രി പ്രീഡിഗ്രി തൊണ്ണൂറു ശതമാനം മാർക്കോടെ പാസായി കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ പ്രവേശനം എളുപ്പത്തിൽ നേടിയെടുത്തു. ‘‘ ഇലട്രിക്കൽ എൻജിനീയറിങ് ആണ് ചെയ്തത്. ബിടെക് കാലത്ത് യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്തിരുന്നു. രണ്ടു തവണ സ്റ്റേറ്റ് സെലക്ഷൻ കിട്ടിയ അഞ്ചുപേരിൽ ഒരാളായി. ബിടെക് പൂർത്തിയാക്കിയതിനു പിന്നാലെ വിവാഹം കഴിഞ്ഞു. അതോടെയാണ് നൃത്തം മാറ്റിവച്ചത്.’’
‘‘വിവാഹശേഷം തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോഴാണ് എംടെക്കിന് പോകുന്നത്. തിരുവന്തപുരം കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ. 1986 ൽ പിജി പാസായതിനൊപ്പം തന്നെ ബി ടെക്കിന് പഠിച്ച ടികെഎം എൻജിനീയറിങ് കോളജിൽ അധ്യാപികയായി നിയമനം ലഭിച്ചു.’’
ഇക്കാലയളവിൽ മകൾ ഉണ്ണിമായയുടെയും മകൻ യദുകൃഷ്ണന്റെയും ജനനം. അധ്യാപനം എന്നീ തിരക്കുകൾക്കിടയിലും ദൂരദർശനിൽ അനൗൺസർ ജോലി ചെയ്യുകയും ‘ഒരു മണ്ണാങ്കട്ടിയുടെ കഥ ’ എന്ന ടെലിഫിലിം അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഗായത്രി. പക്ഷേ, നൃത്തം പൂർണമായി നിന്നു. അധികം വൈകാതെ ഡിവോഴ്സ് എന്ന കയ്പ്പുനീരും കുടിക്കേണ്ടി വന്നു ഗായത്രിയ്ക്ക്. പിന്നീടങ്ങോട്ട് കുഞ്ഞുങ്ങളുടെയും കോളജിലെ വിദ്യാർത്ഥികളുടെയും ഭാവിയിൽ മാത്രമായി ശ്രദ്ധ. താമസം കൊല്ലത്തേക്ക് മാറി. മകളുടെയും മകന്റെയും വിവാഹം കഴിഞ്ഞു.
‘‘മകളുടെ ഭർത്താവ് അനീഷ് കുമാർ. മകന്റെ ഭാര്യ ദേവിജ. മകൾക്ക് ഇപ്പോൾ ഒരു കുഞ്ഞുണ്ട്. പേര് നിരഞ്ജൻ. നൃത്തം നിന്നതിലോ, അധ്യാപനത്തിലേക്ക് എത്തിയതിലോ എനിക്ക് പരാതിയോ പരിഭവമോ ഇല്ല. ഇഷ്ടപ്പെട്ടു തന്നെയാണ് ഞാൻ അധ്യാപനം ചെയ്തത്. കോളജിലെ കുട്ടികളോട് വളരെ നല്ല ഇഴയടുപ്പം ഉണ്ടാക്കിയെടുക്കാനായി. മക്കളെ ഒറ്റയ്ക്ക് വളർത്തിയതും ആസ്വദിച്ചു തന്നെ ചെയ്തു. 2015 ൽ ഞാൻ ടികെഎം കോളജിലെ സീനിയർ അഡ്വൈസറായിരിക്കെ എൻജിനീയറിങ് ആദ്യ പതിനൊന്ന് റാങ്കുകളിൽ പത്തെണ്ണവും ടികെഎം കോളജിന് ലഭിച്ചു എന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. നാലാം റാങ്ക് ഒഴിച്ച് ബാക്കിയെല്ലാം എന്റെ കുട്ടികൾ നേടിയെടുത്തു എന്നതിൽ കവിഞ്ഞ് ഒരു അധ്യാപികയ്ക്ക് എന്ത് സന്തോഷമാണ് വേണ്ടത്.’’
‘‘ടികെഎമ്മിൽ എന്റെ കൂടെ പഠിച്ചവരുടെ മക്കൾ പഠിക്കാനെത്തിയപ്പോഴാണ് ഞാൻ നൃത്തം ചെയ്തിരുന്നു എന്ന വിവരം എന്റെ കുട്ടികളറിയുന്നത്. അതോടെ അവർ ‘ടീച്ചർ നൃത്തം ചെയ്യണം’ എന്നു നിർബന്ധിക്കാൻ തുടങ്ങി. സെന്റ് ഓഫിന് കളിക്കാം എന്ന് ഞാനുറപ്പ് കൊടുക്കുകയും ചെയ്തു. അങ്ങിനെ 2015 മുതൽ പ്രാക്റ്റീസ് ചെയ്തു തുടങ്ങി. സെന്റ് ഓഫിന് ‘ശ്വേതാംബര ധരേ ദേവീ’ എന്ന ഗാനം സ്വയം ചുവടുകൾ ചിട്ടപ്പെടുത്തി ചെയ്തു. മൂന്നു മിനിറ്റേ ഉണ്ടായിരുന്നുള്ളു അത്. അത് എന്റെ മകൻ റെക്കോർഡ് ചെയ്ത വിഡിയോ കണ്ടപ്പോഴാണ് നൃത്തം വീണ്ടെടുക്കണം എന്നു തോന്നിയത്.’’
തിരുവനന്തപുരം മിഥിലാലയ ഡാൻസ് അക്കാദമിയിൽ ചേർന്ന് വീണ്ടും നൃത്തപഠനം ആരംഭിച്ചു. 2015 ലെ നവരാത്രിക്ക് മിഥിലാലയയുടെ പരിപാടിയിൽ നൃത്തം ചെയ്തു. നൃത്തത്തിലെ നിലവാരം കണ്ട മിഥിലാലയയിലെ എന്റെ ഗുരു മൈഥിലി ടീച്ചർ ‘എന്തുകൊണ്ട് ഒറ്റയ്ക്കു ചെയ്തുകൂടാ’ എന്നു ചോദിക്കുന്നത്. അതിനുശേഷം പരിശീലനം കൂട്ടി. 2019 ൽ ഒന്നേകാൽ മണിക്കൂർ ഭരതനാട്യ കച്ചേരി അവതരിപ്പിച്ചു. അതോടെ ആത്മവിശ്വാസം ഏറി.
അമ്പത്തിയാറാം വയസ്സിൽ റിട്ടയർമെന്റോടെ നൃത്തത്തിൽ കൂടുതൽ ശ്രദ്ധിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ കേരള ടൂറിസം ഓണാഘോഷം, ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് നൃത്താസ്വാദക സദസ്സ്, കടവല്ലൂർ അന്യോന്യം , പദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപം, ആറ്റുകാൽ പൊങ്കാല, രാജ്യാന്തര ഡാൻസ് ഫെസ്റ്റുകൾ തുടങ്ങി അമ്പതിലധികം പ്രമുഖ വേദികളിൽ ഭരതനാട്യക്കച്ചേരി അവതരിപ്പിച്ചു കഴിഞ്ഞു ഗായത്രി.