കോവിഡ് മഹാമാരിയിൽ രാജ്യം നിശ്ചലമായ ദിനങ്ങളിൽ നിമിഷങ്ങൾ കൊണ്ട് ജീവിതം കൈയ്യിൽ നിന്നും വഴുതിപ്പോയവരായിരുന്നു അതിഥി തൊഴിലാളികൾ. പല സർക്കാരുകളും അവരുടെ ദുരിതങ്ങളോട് കണ്ണടച്ചപ്പോൾ സന്മനസ്സുള്ളവരുടെ സംഘങ്ങളാണ് അവർക്ക് കൈത്താങ്ങായത്. ഇത്തരം സഹായ സംരംഭങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയ സംഘമായിരുന്നു കോവിഡ് ഔട്ട് റീച്ച് ഗോവ എന്ന സംഘടന. തികച്ചും ഫലപ്രദമായി പ്രവർത്തിച്ച കോവിഡ് ഔട്ട് റീച്ച് ഗോവ എന്ന സംഘത്തിന്റെ രൂപീകരണത്തിനും പ്രവർത്തനത്തിനും ചുക്കാൻ പിടിച്ചതാകട്ടേ മിറിയം കോശി എന്ന മലയാളി പെൺകുട്ടിയും.
‘‘പുതിയ ഹൈക്കോടതി സമുച്ചയം പണിതുകൊണ്ടിരുന്ന ഇരുന്നൂറോളം തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട്, ഭക്ഷണമോ അവശ്യ സാധനങ്ങളോ ലഭിക്കാതെ, നാട്ടിൽ തിരിച്ചു പോകാനാകാതെ ദുരിതത്തിലകപ്പെട്ടു നിൽക്കുന്നു എന്ന വിവരം അറിയുന്നത് ഞാൻ ബിസിനസ് മാനേജ്മെന്റ് പഠിച്ച ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ്. ഇതു വായിച്ചു കഷ്ടം പറയുകയോ മറ്റൊരു ഗ്രൂപ്പിലേക്ക് വാർത്ത പങ്കുവയ്ക്കുകയോ അല്ല വേണ്ടത് എന്ന് തോന്നി. ഉടനടി എന്തെങ്കിലും പ്രവർത്തിക്കണം. അതിനോടൊപ്പം കാര്യങ്ങൾ സർക്കാറിന്റെ ശ്രദ്ധയിലെത്തിക്കുകയും വേണം. ഞാൻ എന്റെ ചിന്ത സുഹൃത്തുക്കളോട് പങ്കുവച്ചു. ഞങ്ങൾ സഹായത്തിനും സഹകരണത്തിനുമായി പരിചയക്കാരോടും സുഹൃത്തുക്കളോടും അപേക്ഷിച്ചു. പലരും അവശ്യ വസ്തുക്കൾ നൽകി സഹായിച്ചു.
ഗോതമ്പ് പൊടി, പയർ, പരിപ്പ് പച്ചക്കറി തുടങ്ങിയ അത്യാവശ്യ സാധനങ്ങൾ, ഡെറ്റോൾ സോപ്പ്, എന്നിവ സംഭരിച്ച് റീ പാക്ക് ചെയ്താണ് നൽകിയത്. കാരണം ഒന്നിച്ച് നൽകിയാൽ ചിലപ്പോൾ എല്ലാവർക്കും ലഭ്യമാകാതെ വന്നേക്കും. ചിലർക്ക് അധികം കിട്ടിയേക്കാം. സ്ത്രീകൾക്ക് നൽകിയ കിറ്റിൽ സാനിറ്ററി നാപ്കിൻ കൂടി ഉൾപ്പെടുത്തിയിരുന്നു. ഇത് ആ ഇരുന്നൂറു പേർക്ക് എത്തിച്ചു നൽകി. അതായിരുന്നു കോവിഡ് ഔട്ട് റീച്ച് ഗോവയുടെ പ്രവർത്തനത്തിന്റെ തുടക്കം.’’
‘‘സഹായം വേണ്ടവർ ഇനിയും ധാരാളമുണ്ടെന്ന് മനസിലായതോടെ വൊളന്റിയർമാരെ ക്ഷണിച്ചു. പല കമ്പനികളും സംരംഭങ്ങളും വേണ്ട സാധനങ്ങൾ നൽകി. ‘ഡെല്ലിവറി’ എന്ന ലോജിസ്റ്റിക് കമ്പനി ട്രക്കുകൾ വിട്ടു തന്നു. വൊളന്റിയർമാരുടെ മടുപ്പില്ലാത്ത പ്രവർത്തനം അതായിരുന്നു യഥാർത്ഥ മൂലധനം. എന്റെ ഭർത്താവ് ജാക്കും പതിനാലും പന്ത്രണ്ടും വയസ്സുള്ള എന്റെ മക്കൾ അവ്നീതയും ആരവും പോലും അവർക്ക് കഴിയുന്ന വിധത്തിൽ എന്നെ പിന്തുണയ്ക്കുന്നു എന്നതാണ് ഏറ്റവും സന്തോഷമുളള കാര്യം. ’’
മിറിയത്തിന്റെ വീട് സാധനങ്ങൾ സംഭരിക്കാനുള്ള ഗോ ഡൗണായി മാറി. ഇരുന്നൂറു പേരെ സഹായിക്കാൻ ഇറങ്ങിയ ഗ്രൂപ്പിന് ആറായിരത്തിലധികം പേരിലേക്ക് സഹായം എത്തിക്കാൻ കഴിഞ്ഞു. കോവിഡ് ഔട്ട് റീച്ച് എന്ന സംഘടനയുടെ സുതാര്യവും ഫലപ്രദവുമായ പ്രവർത്തനത്തെ പത്രങ്ങളും മറ്റു സംഘടനകളും പുകഴ്ത്തി. അവശ്യ വസ്തുക്കളായും പണമായും ലഭിച്ച സഹായങ്ങൾ ശരിയായി വിതരണം ചെയ്യാനായി എന്നതായിരുന്നു മിറിയത്തിന്റെ ഗ്രൂപ്പിനെ മറ്റു ഗ്രൂപ്പുകളിൽ നിന്നും വേറിട്ടു നിർത്തിയത്.
‘‘ആവശ്യക്കാരായ ആളുകൾ തമ്പടിച്ചിരിക്കുന്നയിടത്തെ സാന്ദ്രതയനുസരിച്ച്, അത് കണക്കാക്കിയാണ് ഞങ്ങൾ പ്രവർത്തിച്ചത്. വണ്ടി എത്തുമ്പോഴേക്ക് ആളുകൾ വണ്ടിക്കു ചുറ്റും തിക്കും തിരക്കും ഉണ്ടാക്കുമായിരുന്നു. അത് വേണ്ടവിധം കൈകാര്യം ചെയ്യാനായി.’’
‘‘ആദ്യ ഘട്ടത്തിൽ ഭക്ഷണം, അവശ്യവസ്തുക്കൾ എന്നിവ എത്തിക്കുകയായിരുന്നു ആവശ്യം. അതു കഴിഞ്ഞപ്പോഴാണ് ഇതു കൊണ്ട് മാത്രം മതിയാകില്ല എന്നു മനസിലായത്. കാരണം അവരിൽ പലരുടെയും തൊഴിൽ നഷ്ടപ്പെട്ടിരുന്നു. നാട്ടിലേക്ക് തിരിച്ചു പോയാലും തൊഴിൽ ലഭിക്കില്ല. ഈ തിരിച്ചറിവാണ് അതിഥി തൊഴിലാളികളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ച് അത് അവർക്ക് തൊഴിൽ കണ്ടെത്തിക്കൊടുക്കുന്നതിനായി കൂടി പ്രയോജനപ്പെടുത്താനാകുമോ എന്ന് ചിന്തിപ്പിച്ചത്.’’
അതിനായി അതിഥി തൊഴിലാളികളുടെ വ്യക്തി വിവരങ്ങൾ, അവരുടെ കഴിവുകൾ എന്നിവ അടങ്ങുന്ന വെബ്സൈറ്റായ covidoutreachgoa.in രൂപീകരിച്ചു. പെയിന്റിങ്, മരപ്പണി, ഗൃഹോപകരണ റിപ്പയറിങ്, കാർ മെക്കാനിസം, ഫർണിച്ചർ റിപ്പയർ തുടങ്ങി വിവിധ തൊഴിലുകൾ അറിയുന്നവരുടെ വിവരങ്ങൾ വെബ് സൈറ്റിലുണ്ട്. ഇതോടെ കോവിഡ് ഔട്ട് റീച്ച് ഗോവ എന്ന സംഘടന തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്ക് ഉയർന്നു. ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ പലർക്കും തൊഴിലാളികളെ ആവശ്യമായിത്തുടങ്ങുകയും ചെയ്തു. അതിനോടൊപ്പം സർക്കാറിന്റെ സഹായങ്ങളും അവർക്ക് ലഭിച്ചു തുടങ്ങി. അതിഥി തൊഴിലാളികൾക്ക് വേണ്ടി സർക്കാർ പ്രഖ്യാപിക്കുന്നതും ലഭ്യമാക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും ഗ്രൂപ്പ് അതിഥി തൊഴിലാളികൾക്ക് വിവരം നൽകുകയും പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്നു.
അന്യരുടെ ദുരിതം കാണാൻ, പാവപ്പെട്ടവർക്ക് കൈത്താങ്ങാകാൻ മനുഷ്യരെ മനുഷ്യരായി കാണാനുള്ള മനസ്സു മാത്രം മതി എന്നു തെളിയിക്കുകയാണ് ചിത്രകാരി കൂടിയായ മിറിയം കോശി.