Saturday 01 September 2018 04:10 PM IST

കേരളത്തെ വിറപ്പിക്കുന്ന ഡെങ്കിപ്പനിയെക്കുറിച്ച് മനസ്സിലാക്കാം; ഈ കൊലയാളി പനിയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ഇതാ

Rakhy Raz

Sub Editor

dengue1

കേരളമാകെ പടർന്ന പനിയുടെ ഭീതി ഇനിയും അകലുന്നില്ല. ആരോഗ്യവിഭാഗത്തിന്റെ കഴിഞ്ഞ ആറുമാസത്തെ കണക്കനുസരിച്ച് കേരളത്തിലെ ഇരുപത്തിമൂന്നു വീടുകളിൽ ഒന്ന് എന്ന കണക്കിൽ പകർച്ചവ്യാധിയുടെ ദുരിതം അനുഭവിക്കുന്നു. നല്ല ആരോഗ്യമുള്ളവരെ പോലും ദിവസങ്ങൾക്കുള്ളിൽ കിടക്കയിലാക്കുന്ന ‍ഡെങ്കിപ്പനി തന്നെയാണ് പ്രധാന വില്ലൻ. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും പനി ബാധിച്ച് ആശുപത്രിയിലായ സംഭവങ്ങൾ നിരവധി. പനിയല്ലേ, സാരമില്ല ഒരാഴ്ച കൊണ്ട് മാറിക്കൊള്ളും എന്ന് കരുതിയിരിക്കാൻ വയ്യ. 14 പേരുടെ ജീവനാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി കവർന്നത്.

 

1. എന്താണ് ഡെങ്കിപ്പനി ?

കൊതുകുകൾ പരത്തുന്ന വൈറസ് പനിയാണ് ഡെങ്കി. ഈഡിസ് ഈജിപ്തി, ഈഡിസ് ആൽബോ പിക്റ്റസ് എ ന്നീ ശുദ്ധജലത്തിൽ പെരുകുന്ന കൊതുകുകളാണ് ഇത് പരത്തുന്നത്. ആൽബോ വൈറസ് എന്ന വൈറസ് ബാധമൂലമാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. രോഗിയുടെ രക്തം കുടിക്കുമ്പോൾ വൈറസ് കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ എത്തുകയും രോഗം ഇല്ലാത്ത ഒരാളെ കടിക്കുമ്പോൾ വൈറസ് അയാളിലേക്കും പകരുകയും ചെയ്യും.

 

2. ഡെങ്കിപ്പനിയുടെ തുടക്കം എങ്ങനെ ?

സാധാരണ പനിയായാണ് ഡെങ്കിപ്പനിയും തുടങ്ങുക. പനി കാര്യമായില്ലെങ്കിലും കടുത്ത ശരീരവേദന, തലവേദന, കൺപോളകൾക്ക് വേദന ഇവയുണ്ടാകും. വൈറൽ പനികളുടെ പൊതുവേയുള്ള ലക്ഷണമാണ് ഇതെന്നതിനാൽ പലപ്പോഴും സാധാരണ ചികിത്സയായിരിക്കും ഈ ഘട്ടത്തിൽ ലഭിക്കുക. രണ്ടു ദിവസത്തേക്കു പനി നിൽക്കുന്നതോടെ പലരും രോഗവിമുക്തരായി എന്ന് ധരിക്കും. ഈ ഘട്ടത്തിലും ശരീരവേദന ഉണ്ടാകും. അതിശക്തമായി വീണ്ടും പനി വരികയാണ് അടുത്ത ഘട്ടം. ഈ ഘട്ടത്തിലെ ശരീരവേദന അതികഠിനമായതിനാൽ ബ്രേക്ക് ബോൺ ഫീവർ എന്നൊരു പേരും ഡെങ്കിപ്പനിക്കുണ്ട്. പനി ഇത്രയേറെ ശക്തമാണെങ്കിലും ചുമയോ ജലദോഷമോ ഉണ്ടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ആദ്യ ആഴ്ച കഴിയുമ്പോഴേക്ക് അൽപം ഗുരുതരം എന്ന് പറയാവുന്ന ഘട്ടത്തിലേക്ക് ഡെങ്കിപ്പനി കടക്കും. ശരീരത്തിൽ ഹെമറാജിക് ഫോർബ്സ് എന്ന് പറയുന്ന ചുവന്ന പാടുകൾ പ്രത്യക്ഷപ്പെട്ടുവെന്ന് വരും. ശരീരത്തിലെ ചെറിയ രക്തക്കുഴലുകൾക്ക് നാശം സംഭവിക്കുന്നതിനാലാണ് ശരീരത്തിൽ പലയിടത്തും രക്തം കട്ടപിടിച്ച പോലുള്ള ചുവന്ന പാടുകൾ കാണുന്നത്. നിൽക്കാൻ കഴിയാത്തവിധം അതികഠിനമായ ക്ഷീണം അനുഭവപ്പെടും.

dengue2

വയറുവേദന, വെളിച്ചത്തോട് പേടി, ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിൽ കൂടുതലായുള്ള വേദന തുടങ്ങി പലരിലും പല ലക്ഷണങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്. രക്തസമ്മർദം കുറയുക, ഡെങ്കിപ്പനി കരളിനെ ബാധിക്കുന്നതിനാൽ മഞ്ഞപ്പിത്തം, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങൾ, പല്ലിന് അടിഭാഗം, മൂക്ക്, മലദ്വാരം, നഖങ്ങളുടെ ഇടഭാഗം എന്നിവിടങ്ങളിൽ നിന്നും രക്തസ്രാവം ഉണ്ടാകുക, രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് തീരെ കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. യഥാസമയം ചികിൽസ സ്വീകരിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടാം.

3. ലക്ഷണങ്ങൾ ശ്രദ്ധിക്കാം

മഞ്ഞപ്പിത്തം, മൂത്രക്കുറവ്, ജന്നി തുടങ്ങിയ ലക്ഷണങ്ങൾ പനി തീവ്രമാകുന്നതിന്റെ സൂചനയാകാം. രക്തത്തിന് കട്ട പിടിക്കാനുള്ള ശേഷി കുറയുന്നതും അതുമൂലമുള്ള ആന്തരിക രക്തസ്രാവവുമാണ് ഡെങ്കിപ്പനിയെ സങ്കീർണമാക്കുന്നത്. പനി നീണ്ടുനിന്നാലും ശ്രദ്ധിക്കണം. ഏതൊരു പനി വന്നാലും ഡെങ്കിപ്പനി നിർണയത്തിനുള്ള രക്തപരിശോധന നടത്താനുള്ള പ്രവണത ഒഴിവാക്കുകയാണ് നല്ലത്. പരിശോധനകൾ ഡോക്ടറുടെ നിർദേശപ്രകാരം മതി.

4 ഡെങ്കിപ്പനിക്ക് ചികിൽസ എങ്ങനെ ?

ഡെങ്കിപ്പനി മൂന്നു തരമുണ്ട്. സാധാരണ ഡെങ്കിപ്പനി, രക്തസ്രാവത്തോടു കൂടിയ പനി, ആഘാതാവസ്ഥയിലുള്ള പനി. ഈ മൂന്നു തരത്തിനുസരിച്ച് ചികിൽസ വ്യത്യസ്തമാണ്. വൈറസ് മൂലമുള്ള പനി ആയതിനാൽ ആന്റിബയോട്ടിക്കുകൾ ചികിൽസയ്ക്ക് ഉപയോഗിക്കാറില്ല. സാധാരണ ഡെങ്കിപ്പനി ധാരാളം പാനീയങ്ങൾ കുടിക്കുകയും പൂർണ വിശ്രമം എടുക്കുകയും ചെയ്താൽ ഭേദമാകും. പനി കുറയുന്നതിന് പാരസെറ്റാമോൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

പനി പലപ്പോഴും ഗുരുതരമാകുമെന്നതിനാൽ സ്വയം ചികിത്സ നല്ലതല്ല. പാരസെറ്റാമോൾ ഒഴികെയുള്ള പനിമരുന്നുകളും വേദനസംഹാരികളും ഡെങ്കിപ്പനി ബാധിതർക്ക് വിപരീത ഫലം ഉണ്ടാക്കും. ആമാശയത്തിലും മറ്റും രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുണ്ട്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ, ശരീരത്തിലെ ജലാംശം ഇവ സാധാരണ നിലയിലാണെങ്കിൽ ആശുപത്രിയിൽ കിടത്തി ചികിത്സിക്കണം. ഡെങ്കി വൈറസിനെ നശിപ്പിക്കാൻ ഒരു മരുന്നും പ്രായോഗികമല്ല, ജലാംശം നിലനിർത്താൻ റീ ഹൈഡ്രേഷൻ, പ്ലേറ്റ്‌ലെറ്റുകൾ കൂട്ടാൻ പ്ലേറ്റ്‌ലെറ്റ് ട്രാൻസ്ഫ്യൂഷൻ തുടങ്ങിയവയാണ് പ്രതിവിധി. രോഗം വന്നവർ നല്ല വിശ്രമവും ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതുണ്ട്.

5. പ്ലേറ്റ്‌ലെറ്റ് കുറഞ്ഞാൽ ഡെങ്കിപ്പനിയെന്ന് ഉറപ്പിക്കാമോ ?

ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കുറയുന്നത്. എന്നാൽ പ്ലേറ്റ്‌െലറ്റ് കുറഞ്ഞു എന്നതു കൊണ്ടു മാത്രം ഡെങ്കിയാണെന്ന് ഉറപ്പിക്കാനാകില്ല. എലിപ്പനിയിലും പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയാം.

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം, ചുവന്ന രക്താണുക്കളുടെ ഒരുമിച്ചുള്ള വ്യാപ്തം ( പി.വി.സി) തുടങ്ങിയ പരിശോധനകളിലൂടെ രക്തസ്രാവത്തിനുള്ള സാധ്യത അറിയാം. സാധാരണ ഒരു മില്ലിലീറ്റർ രക്തത്തിൽ 1.5 ലക്ഷത്തിലധികം പ്ലേറ്റ് ലെറ്റുകളാണുള്ളത്. എന്നാൽ ഡെങ്കിപ്പനി ബാധിതരിൽ ഇതു പതിനായിരമോ അതിൽ താഴെയോ എത്താം. പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഒരു പരിധിയിലും താഴ്ന്നാൽ രക്തമോ, രക്തകോശങ്ങളോ നൽകി രക്തസ്രാവം തടയേണ്ടി വരും.

6 പപ്പായയുടെ തളിരില പ്ലേറ്റ്‌ലെറ്റ് കൂട്ടുമോ ?

ഡെങ്കിപ്പനി കാരണം പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞാൽ കൗണ്ട് കൂട്ടുന്ന തരം ഭക്ഷണം കഴിക്കണം. എന്നാൽ പപ്പായയുടെ തളിരില തിന്നുന്നത് പ്ലേറ്റ്‌ലെറ്റ് കൂട്ടുമെന്നതിന് ശാസ്ത്രീയമായ പഠനങ്ങളൊന്നും ഇതു വരെ നടന്നിട്ടില്ല. മാത്രമല്ല, വൃക്കകൾക്ക് നേരത്തെയോ, ഡെങ്കിപ്പനി മൂലമോ തകരാറുണ്ടെങ്കിൽ പപ്പായയുടെ ഇലയുടെ നീര് കഴിക്കുന്നത് പ്രതികൂലമായ ഫലം ഉണ്ടാക്കിയേക്കും. പഴവർഗങ്ങൾ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മാതളം , കിവി പോലെയുള്ള പഴങ്ങൾ പ്ലേറ്റ്‌ലെറ്റ് സംഖ്യ ഉയർത്തും എന്ന വിശ്വാസത്തിനു ശാസ്ത്രീയ പിന്തുണ ഇല്ലെങ്കിലും പഴങ്ങൾക്ക് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കഴിവുണ്ട് എന്നത് സത്യമാണ്. ഒപ്പം ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

7 ഗുരുതരമാകുന്നത് എങ്ങനെ ?

ഡെങ്കി വൈറസ് ചെറിയ രക്തക്കുഴലുകൾക്ക് നാശമുണ്ടാക്കി അവയിൽ നിന്നും ജലാംശവും പ്രോട്ടീനും പുറത്തേക്ക് കളയുന്നു. ഇവ വയറിലും ശ്വാസകോശത്തിലും ത്വക്കിലും ഉൾപ്പെടെ ശരീരത്തിലെ വിവിധയിടങ്ങളിൽ നീരായി കെട്ടിക്കിടക്കും. ചിലപ്പോൾ ഹൃദയത്തിലേക്ക് പമ്പു ചെയ്യേണ്ട രക്തത്തിന്റെ അളവ് കുറയുകയും ഷോക്ക് എന്ന അവസ്ഥ ഉണ്ടാകുകയും ചെയ്യും. രക്തസമ്മർദം വളരെയധികം കുറഞ്ഞ് മറ്റ് അ വയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഇത് മരണകാരണമായേക്കാം. ഡെങ്കിപ്പനി തലച്ചോറിനേയും ഹൃദയത്തേയും ബാധിക്കുന്ന ഡെങ്കി എൻസഫലൈറ്റിസ്, ഡെങ്കി മയോ കാർഡൈറ്റിസ് എന്നീ അവസ്ഥകളും മരണകാരണമാകാം.

മറ്റൊന്ന് ഡെങ്കി ഹെമറാജിക് ഫീവർ ആണ്. രക്തസ്രാവമുണ്ടാക്കുന്ന തരത്തിലുള്ള ഡെങ്കിപ്പനിയാണിത്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളെ നശിപ്പിച്ച് തലച്ചോറിലും വയറിനുള്ളിലും കണ്ണിലും തുടങ്ങി എവിടെ വേണമെങ്കിലും രക്തസ്രാവമുണ്ടാകുന്ന അവസ്ഥയ്ക്കു കാരണമാകുന്നു.

8 എങ്ങനെ പ്രതിരോധിക്കും ?

ഡെങ്കിപ്പനിക്കെതിരേയുള്ള പ്രതിരോധ വാക്സിനുകൾ പരീക്ഷണഘട്ടത്തിലാണ്. കൊതുകു നിർമാർജനവും പരിസര ശുചിത്വവും വ്യക്തി ശുചിത്വവുമാണ് പ്രതിരോധം. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽ സമയങ്ങളിലാണ് കടിക്കുന്നത് എന്നതിനാൽ പകൽ കൊതുകു കടിയേൽക്കാതെ ശ്രദ്ധിക്കണം. വീട്ടിലും പരിസരത്തും കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. ശുദ്ധ ജലത്തിൽ പെറ്റു പെരുകുന്ന കൊതുകായതിനാൽ കെട്ടി നിൽക്കുന്ന ചെറിയ അളവ് വെള്ളം പോലും കൊതുകു പെരുകാനുള്ള വഴിയാകും.

പാത്രങ്ങൾ വെള്ളം നിറച്ച് തുറന്ന് വയ്ക്കരുത്. ഉപയോഗമില്ലാത്ത കുപ്പികളും പാട്ടകളും വീപ്പകളും വലിച്ചെറിയാതെ നശിപ്പിച്ചു കളയണം. വീടിനടുത്ത് മരപ്പൊത്തുകളിലും ചെടിച്ചട്ടിയിലും മറ്റും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക. രാവിലെയും വൈകുന്നേരങ്ങളിലും വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ ശരീരം മൂടുന്ന തരം വസ്ത്രങ്ങൾ ഉപയോഗിക്കുകയോ കൊതുകിൽ നിന്നും രക്ഷ തരുന്ന ലേപനങ്ങൾ ഉപയോഗിക്കുകയോ ചെയ്യുക. രോഗമുള്ളവർ അസുഖം മാറുന്നതു വരെ കൊതുകുവല ഉപയോഗിക്കണം. ഇത് കൂടുതൽ പേരിലേക്ക് രോഗം പകരുന്നത് തടയും.

9 പ്രതിരോധം കൂട്ടും ഭക്ഷണം

തീർച്ചയായും. പ്രതിരോധ ശേഷി കൂട്ടിയെടുക്കുകയാണ് മരുന്നുകളെക്കാൾ ഡെങ്കിപ്പനിയുടെ പ്രതിരോധം എന്നതിനാൽ ആഹാരം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. പരമാവധി വെള്ളം കുടിക്കുക പ്രധാനമാണ്. ആഹാരവും നന്നായി കഴിക്കണം. ഡെങ്കിപ്പനി വിശപ്പ് കെടുത്തുകയും നാവിന്റെ രുചി കെടുത്തുകയും, വായിൽ കയ്പുണ്ടാക്കുകയും ചെയ്യുമെന്നതിനാൽ രോഗിക്ക് ഭക്ഷണത്തോട് ഇഷ്ടമുണ്ടാകില്ല. കരിമ്പ് നീര്, കരിക്കിൻ വെള്ളം, നാരങ്ങാനീര്, ഓറഞ്ച് നീര് എന്നിവയും മറ്റേത് പഴച്ചാറുകളും നൽകുന്നത് നല്ലതാണ്. പഴങ്ങളുടെ സത്തും വെള്ളവും ഇതിലൂടെ നൽകാനാകും. അധികം മസാല ചേർക്കാത്ത സൂപ്പുകൾ വിശപ്പ് കൂട്ടാൻ സഹായിക്കും.

പനി കുറഞ്ഞ് ദഹനം സാധാരണ നിലയിലായാൽ പ്രോട്ടീൻ സമ്പന്നമായ ആഹാരങ്ങളും പാലുൽപന്നങ്ങളും, മുട്ട, മീൻ, ചിക്കൻ, തുടങ്ങിയ ഭക്ഷണളും കഴിക്കാം. പനി മാറിയാലും നീണ്ടു നിൽക്കുന്ന ക്ഷീണവും ആരോഗ്യക്കുറവും പരിഹരിക്കാൻ പോഷകപ്രദമായ എന്ത് ഭക്ഷണവും കഴിക്കാം.

young woman drinking with waterglass

10 പനി രണ്ടാമത് വന്നാൽ ?

ഡെങ്കിപ്പനിക്ക് കാരണമായ ഡെങ്കി വൈറസിന് നാലു വകഭേദങ്ങളുണ്ട്. ഇതിലേതെങ്കിലും ഒന്നു കാരണം പനി വന്നിട്ടുള്ള ആൾക്ക് മറ്റൊരു വൈറസ് ബാധിച്ച് വീണ്ടും പനി വരാം. രണ്ടാമത് ബാധിച്ചാൽ ഡെങ്കി സങ്കീർണമാകുന്നതായാണ് കാണുന്നത്. കാരണം ആദ്യത്തെ ഡെങ്കു ബാധയിൽ ആ വൈറസിനെതിരായി ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികൾ രണ്ടാമത് മറ്റൊരു വൈ

റസ് ബാധിക്കുമ്പോൾ അതിനെതിരെ പ്രവർത്തിക്കുന്നില്ല എന്ന് മാത്രമല്ല അതിനെ കൂട്ടാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു തവണ പനി വന്നവർ പ്രതിരോധ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. കേരളത്തിൽ ഈ നാലു തരം വൈറസുകളും വ്യാപിക്കുന്നുണ്ട് അതിനാൽ രണ്ടാമത് വരാനുള്ള സാധ്യത ഗൗരവത്തോടെ കാണണം.

11 കുട്ടികളിലും മുതിർന്നവരിലും വരുന്ന ഡെങ്കിപ്പനിയിൽ വ്യത്യാസമുണ്ടോ ?

കുട്ടികൾക്കും മുതിർന്നവർക്കും വരുന്ന ഡെങ്കിപ്പനിക്ക് വ്യത്യാസമൊന്നുമില്ല. പലപ്പോഴും ആദ്യം ഡെങ്കിപ്പനി വരുന്നത് തിരിച്ചറിയാതെ പോകുകയും രണ്ടാമത് വരികയും ചെയ്യുന്നതാണ് അവസ്ഥ ഗുരുതരമാക്കുന്നത്. 15 വയസ്സിന് താഴെയുള്ള കുട്ടികളിൽ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല എന്നതാണ് കുട്ടികളെ സംബന്ധിച്ച് ഡെങ്കിപ്പനി അപകടകരമാകുന്നതിന് ഒരു കാരണം. അതിനാൽ കുട്ടികൾക്ക് വരുന്ന ചെറിയ പനി പോലും ശ്രദ്ധാപൂർവം ചികിത്സിക്കുക.

 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ടി.പി വിജയൻ, കൺസൾട്ടന്റ് ഫിസിഷ്യൻ, ജനറൽ ഹോസ്പിറ്റൽ, എറണാകുളം